സന്ദേശവിനിമയരംഗത്തെ ഇളക്കിമറിച്ച ഒന്നാണ് മൊബൈൽ ഫോണിന്റെ കണ്ടുപിടിത്തം. കൊണ്ടുനടക്കാവുന്ന തരം ഫോണുകൾ വന്നതോടെ ലോകം കൈപ്പിടിയിലൊതുങ്ങുന്ന അവസ്ഥയായി.
ഗ്രഹാംബെല്ലിന്റെ ടെലിഫോണിൽനിന്ന് മൊബൈൽ ഫോണിലേക്കെത്തിയപ്പോൾ എവിടെനിന്നും ആശയവിനിമയം നടത്താമെന്ന അവസ്ഥ സംജാതമായി. ദീർഘദൂരഫോണ്സന്ദേശരംഗത്ത് വൻ പരിവർത്തനമാണ് മൊബൈൽ ഫോണുകൾ കൊണ്ടുവന്നത്. ഏതൊരാളെയും അയാളെവിടെ നിൽക്കുന്പോഴും നമുക്ക് ബന്ധപ്പെടാനുള്ള അവസരം അത് ഒരുക്കിത്തരുന്നു.
ഇന്ന് ഗാനങ്ങൾ കേൾക്കാനും വീഡിയോ കാണാനും ചിത്രങ്ങളെടുക്കാനും സൗകര്യമുള്ള മൊബൈൽ ഫോണുകൾ രംഗത്തുണ്ട്. ടെലിവിഷൻ വാർത്താവിതരണരംഗത്തിന്റെ വേഗം വർധിപ്പിക്കുന്നതിനും അതു കാരണമായി.
മൊബൈൽഫോൺ ഉപയോഗിച്ച് ഇന്റർനെറ്റിലൂടെ വിജ്ഞാനം ചികഞ്ഞു കണ്ടുപിടിക്കുകയും ചെയ്യാം. കത്തുകൾ അയയ്ക്കുക, ചർച്ചകൾ നടത്തുക, സല്ലാപം നടത്തുക എന്നിവയ്ക്കു പുറമെ ഉത്പന്നങ്ങളെക്കുറിച്ച് പരസ്യം ചെയ്യാനും അവ നേരിട്ടു കാണാതെതന്നെ വിപണനം ചെയ്യാനും ഇതവസരമൊരുക്കുന്നു. ഓണ്‍ലൈൻ ആയി ഇങ്ങനെ വ്യാപാരം നടത്തുവാനും ബാങ്കിംഗ് ഇടപാടുകൾ നടത്തുവാനും ഇതിലൂടെ സാധിക്കുന്നു.
റെയിൽവേ ടിക്കറ്റ്, പിഎസ്സി പരീക്ഷാ തീയതി തുടങ്ങിയ വിവരങ്ങൾ ഇപ്പോൾ മൊബൈൽ ഫോണിൽ സന്ദേശങ്ങളായി വരുന്നുണ്ട്. കുറ്റവാളികളെ എളുപ്പം കണ്ടുപിടിക്കുന്നതിനും അഴിമതിക്കാരെ പിടികൂടാനും മൊബൈൽ ഫോണുകൾ ഇന്ന് ഉപയോഗിക്കുന്നുണ്ട്.
ഇതൊക്കെയാണെങ്കിലും അത് സ്വകാര്യത നശിപ്പിക്കുന്നു എന്നതാണ് യാഥാർഥ്യം. അതോടൊപ്പം നിരവധി ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. അവ എന്തെന്ന് നമുക്ക് നോക്കാം.
നോണ്‍ അയോണൈസിംഗ് റേഡിയേഷൻ വിദഗ്ധനും വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുമായ ഡോ. ഹെൻട്രിലാ തലച്ചോറിലെ കോശങ്ങൾ നശിക്കത്തക്ക വിധത്തിലുള്ള മാറ്റങ്ങൾക്ക് സെൽഫോണ്‍ റേഡിയേഷൻ കാരണമാകുന്നുവെന്ന് കണ്ടെത്തി. ഓർമശക്തി നഷ്ടപ്പെടുന്നതും പ്രതിരോധശേഷി കുറയുന്നതുമാണ് ഗുരുതരമായ മറ്റു പ്രത്യാഘാതങ്ങൾ. അൽസ്ഹൈമേഴ്സ്, പാർക്കിൻസണ്‍സ്, കാൻസർ എന്നീ രോഗങ്ങൾ മൊബൈൽ ഫോണിന്റെ ദീർഘകാലമായുള്ള ഉപയോഗംമൂലം ഉണ്ടാകുമെന്ന് വിദഗ്ധർ പറയുന്നു.
ദീർഘനാളുകളായി മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നവരുടെ കോശങ്ങളിലെ ഡിഎൻഎയിലും ആർഎൻഎയിലും ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങൾ വ്യത്യാസം വരുത്തുമെന്നാണ് ചില പഠനങ്ങളിലൂടെ തെളിയുന്നത്. സെല്ലുലാർ മ്യൂട്ടേഷനുകൾ എന്നാണ് ഇതറിയപ്പെടുന്നത്. ദിവസം രണ്ടുമണിക്കൂറിൽ കൂടുതൽ മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നവരിലാണ് ബ്രെയിൻ ട്യൂമറിനുള്ള സാധ്യത കണ്ടെത്തിയത്.
തലച്ചോറിനെ മാത്രമല്ല, മറ്റു ശരീരഭാഗങ്ങളെയും റേഡിയേഷൻ ബാധിച്ചു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. അപസ്മാരമുള്ളവർ തുടർച്ചയായി മൊബൈൽ ഫോണ്‍ ഉപയോഗിച്ചാൽ രോഗത്തിന്റെ കാഠിന്യം കൂടാൻ സാധ്യതയുണ്ട്. തലച്ചോറിലെ രക്തചംക്രമണത്തെ റേഡിയേഷൻ പ്രതികൂലമായി ബാധിക്കുന്നതാണു കാരണം. മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന കുഞ്ഞുങ്ങളുടെ ചെവിയിൽ വരെ മൊബൈൽ ഫോണ്‍ ചേർത്തുവയ്ക്കുന്ന മാതാപിതാക്കളുണ്ട്. ഇതു കൂടുതൽ അപകടമാണ്. കൊച്ചു കുഞ്ഞുങ്ങളുടെ തലച്ചോർ ഫോണ്‍ ഉപയോഗിക്കാൻ തക്ക ക്ഷമതയുള്ളതല്ല.
വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് മൊബൈൽ ഫോണ്‍ തടസമുണ്ടാക്കുന്നു. മൊബൈൽ ഫോണിൽനിന്നുള്ള മൈക്രോവേവ് റേഡിയേഷൻ ഇന്റൻസീവ് കെയർ യൂണിറ്റിലും ഓപ്പറേഷൻ തിയറ്ററിലുമുള്ള പല ഉപകരണങ്ങളുടെയും പ്രവർത്തനം തകരാറിലാക്കുന്നു.
വിമാനയാത്രക്കാർ നിർബന്ധമായും യാത്രയ്ക്കിടയിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കരുത്. ഈ ഫോണുകളുടെ ഇലക്ട്രോമാഗ്നറ്റിക് സിഗ്നലുകൾ വിമാനത്തിന്റെ ഭൂമിയുമായുള്ള നിയന്ത്രണ ബന്ധത്തെ തകരാറിലാക്കുന്നതും അപകടമുണ്ടാകാനുള്ള സാധ്യത വിളിച്ചുവരുത്തുന്നതുമാണ്.
എങ്കിലും മൊബൈൽ ഫോണ്‍ വളരെ ജനകീയമായിട്ടുണ്ടെന്ന വസ്തുത നാം വിസ്മരിക്കരുത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും വാർത്താവിനിമയം വേഗതയേറിയതും ലളിതവുമാക്കാനും ലോകപുരോഗതിയെത്തന്നെ ത്വരിതപ്പെടുത്താനും ഇത് സഹായിക്കുന്നു.
ഉണ്ണി അമ്മയന്പലം