ഡാളസ്: കേരള ലിറ്റററി സൊസൈറ്റിയും ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും സംയുക്തമായി വിന്റർ ഹേവൻ റാഞ്ചിൽ മലയാളം ലിറ്റററി ക്യാന്പ് സംഘടിപ്പിച്ചു. ഈ മാസം 10, 11, 12 തീയതികളിലാണ് ക്യാന്പ് നടന്നത്. കെഎൽഎസ് പ്രസിഡന്റ് ഷാജു ജോണിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ചലച്ചിത്രതാരവും എഴുത്തുകാരനുമായ തമ്പി ആന്റണി ഉദ്ഘാടനം ചെയ്തു.
തുടർന്ന് തമ്പി ആന്റണി പ്രധാന കഥാപാത്രമായി അഭിനയിച്ചതും കേരള ക്രിട്ടിസ് അവാർഡ് നേടിയതുമായ "ഹെഡ്മാസ്റ്റർ' (മണ്മറഞ്ഞ സാഹിത്യകാരൻ കാരൂർ നീലകണ്ഠപിള്ളയുടെ പ്രശസ്ത നോവലായ പൊതിച്ചോറാണ് മൂലകഥ) എന്ന സിനിമ പ്രദർശിപ്പിച്ചു.
സിനിമ ഒരു സാഹിത്യ ആശയവിനിമയ മാധ്യമം കൂടിയായതിനാൽ നക്ഷത്രരാവ് എന്ന പേരിൽ സിനിമ ചർച്ചകളുമുണ്ടായിരുന്നു. ചർച്ചയിൽ എല്ലാവരും തന്നെ സജീവമായി പങ്കെടുത്തു അഭിപ്രായങ്ങളും വിശേഷങ്ങളും പങ്കുവച്ചു.
11ന് രാവിലെ നടത്തപ്പെട്ട സൂം മീറ്റിംഗിൽ അമേരിക്കയിലെ വിവിധ ഭാഗങ്ങളിലെ ലാന അംഗങ്ങൾ പങ്കെടുത്തു. പ്രശസ്ത ചെറുകഥാകൃത്ത് അർഷാദ് ബത്തേരി മുഖ്യാതിഥിയായിരുന്നു. നവോഥാന കല സാഹിത്യ കൃതികളുടെ ചരിത്രവും അത് മലയാള സാഹിത്യത്തിൽ ഉണ്ടാക്കിയ പ്രതിഫലനവും അദ്ദേഹം വിശദീകരിച്ചു.
ജോലിക്ക് അനുസരിച്ച് അധ്യാപകര്ക്ക് വേതനം കിട്ടാതിരുന്ന ഒരു കാലത്തിന്റെ കഥ പറയുന്ന പൊതിച്ചോറ് ആസ്പദമാക്കി കാരൂർ കഥകളിലൂടെ അർഷാദ് ബത്തേരി നടത്തിയ പ്രഭാഷണം തീർച്ചയായും ഒരു വേറിട്ട അനുഭവമായിരുന്നു.
കെഎൽഎസ് ഏർപ്പെടുത്തിയ മനയിൽ ജേക്കബ് കവിത അവാർഡ് 2023 കാലിഫോണിയ നിന്നുമുള്ള കവിയത്രിയും അഭിനേത്രിയുമായ ടി.ജി. ബിന്ദു അർഹയായി. കെഎൽഎസ് സ്ഥാപക നേതാക്കളിലൊരാളും ആദ്യപ്രസിഡന്റുമായിരുന്ന മണ്മറഞ്ഞ മനയിൽ ചാക്കോച്ചന്റെ പേരിലുള്ളതാണ് പുരസ്കാരം.
സിനിമ സംവിധായകൻ എം. ഷാജിയിൽ നിന്നും ഫലകവും പ്രശസ്തി പത്രവും കെഎൽഎസ് ട്രഷറർ സി.വി. ജോർജിൽ നിന്ന് കാഷ് അവാർഡും ബിന്ദു ടിജി ഏറ്റുവാങ്ങി. തുടർന്ന് കവിതാ ചർച്ചയും സംഘടിപ്പിച്ചു. എഴുത്തുക്കാരൻ അനിലാൽ ശ്രീനിവാസന്റെ "ഫിത്ർ സകാത്ത് 'എന്ന പുസ്തകം തമ്പി ആന്റണിക്ക് നൽകി പ്രകാശനം ചെയ്തു. ലാനാ പ്രസിഡന്റ് ശങ്കർ മന സാന്നിധ്യം വഹിച്ചു.
ഡാളസ് ഭരതകലാ തീയറ്റഴ്സിന്റെ ബാനറിൽ സന്തോഷ് പിള്ള തിരക്കഥ എഴുതിയ ഹരിദാസ് തങ്കപ്പൻ, ജയ് മോഹൻ സംവിധാനം ചെയ്ത എഴുത്തച്ഛൻ നാടകത്തിന്റെ വീഡിയോ റിക്കാർഡ് പ്രദർശിപ്പിച്ചു. സാഹിത്യകാരൻ സി. രാധാകൃഷ്ണന്റെ “തീക്കടൽ കടഞ്ഞ് തിരുമധുരം” എന്നനോവലാണ് നാടകത്തിന്റെ അടിസ്ഥാനം.
പ്രദർശത്തിനുശേഷം കാണികളുടെ ചോദ്യങ്ങൾക്ക് സഞ്ചാരസാഹിത്യകാരനും കെഎൽഎസ് അംഗവുമായ സന്തോഷ് പിള്ള ഉത്തരം നൽകി. സിനിമാ ഗാനരചയിതാവ് ജോ പോൾ, യൂണിവേഴ്സിറ്റി ഓഫ് ആസ്റ്റിൻ പ്രഫസർ ദർശന മനയത്ത്, കവയത്രി പ്രിയ ഉണ്ണി കൃഷ്ണൻ, ഐപിസിഎൻടി പ്രസിഡന്റ് സണ്ണി മാളിയേക്കൽ, പി.പി ചെറിയാൻ, സംവിധായകൻ ജിജി പി. സ്കറിയ എന്നിവർ ക്ഷണിക്കപ്പെട്ട അതിഥികളായിരുന്നു.
കവി ജോസ് ഓച്ചാലിൽ, മീനു എലിസബത്ത്, അനുപ, ബാജി ഓടംവേലി, സാറ ടീച്ചർ തുടങ്ങിയവർ സജീവമായി പങ്കെടുത്തു. കെഎൽഎസ് അംഗങ്ങൾ സകുടുംബം തന്നെ പങ്കെടുത്തു. മദേർസ് ഡേയും നേഴ്സസ് ഡേയും ചടങ്ങിൽ ആഘോഷിച്ചു.
ചാക്കോ വർക്കിയുടെ (ഷാജി) നേതൃത്വത്തിൽ കരോക്കെ ഗാനമേളയും അരങ്ങേറി. പരിപാടിയുടെ പ്രധാനസംഘാടകത്വം ലാനയെ പ്രതിനിധീകരിച്ച് ലാന സെക്രട്ടറി സാമുവൽ യോഹന്നാനും കേരളാലിറ്റററി സൊസൈറ്റിക്കുവേണ്ടി സെക്രട്ടറി ഹരിദാസ് തങ്കപ്പനും നിർവഹിച്ചു.
ലാന പ്രസിഡന്റ് ശങ്കർ മന, കെഎൽഎസ് പ്രസിഡന്റ് ഷാജു ജോൺ, വൈസ് പ്രസിഡന്റ് സിജു വി. ജോർജ്, ട്രഷറർ സി.വി ജോർജ്, ജോയിന്റ് ട്രഷറർ അനശ്വർ മാമ്പിള്ളി, ഫുഡ് കമ്മിറ്റി ചെയർ മീനു എലിസബത്ത്, അനുപാ, ആൻസി ഓച്ചാലിൽ, ഡോ. നിഷ ജേക്കബ്, അൽഫോൻസാ ഷാജു എന്നിവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു. ട്രഷറർ സി. വി. ജോർജ് നന്ദി പറഞ്ഞതോടെ പരിപാടി സമാപിച്ചു.
ഷിജു എബ്രഹാം ഫിനാഷ്യൽ സർവിസസ്( ഷിജു എബ്രഹാം), കേറ്റർ ടു യു ഹോം ഹെൽത്ത് കെയർ, ടെക്സസ് ഹോസ്പിസ് സെർവിസ് ഹെൽത്ത് കെയർ, (ഷാജു ജോൺ), എംഎസ്എൽ ഹെൽത്ത് കെയർ(റോയി പി.ടി ആൻഡ് ലീലാമ്മ ഐസക്), ടൊയോട്ട ഓഫ് പ്ളാനോ(അൻവർ അച്ചൻകുഞ്ഞ്), ന്യൂയോർക്ക് ലൈഫ് (സാമുവൽ യോഹന്നാൻ), ഇമ്പാക്ട് ടാക്സ് ( സുബിൻ മാത്യൂസ് സിപിഎ), ടെക്സസ് പ്രോപ്പർട്ടി ബ്രോക്കേഴ്സ് (അനിൽ മാത്യു) എന്നിവർ പരിപാടിക്ക് സാമ്പത്തിക സഹായങ്ങൾ നൽകി.
ചെറിയാൻ ചൂരനാട് എയർ കണ്ടീഷൻ, ജോജോ കാർ റിപ്പയർ (ജോജോ കോട്ടക്കൽ), സണ്ണി ജോർജ് എ സി റിപ്പയർ തുടങ്ങിയവർക്ക് സംഘാടകർ നന്ദി അറിയിച്ചു.
|