കേരളത്തിൽ ബാലഭിക്ഷാടനം ഇല്ലാതാക്കാനുള്ള ചരിത്രപരമായ യത്നത്തിൽ മുഖ്യപങ്കുവഹിച്ചത് അരനൂറ്റാണ്ട് മുന്പ് ആരംഭിച്ച കൊച്ചി പള്ളുരുത്തിയിലെ ഡോൺബോസ്കോ സ്നേഹഭവൻ. ഭിക്ഷാടനത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും വീണ് തെരുവിന്റെ മക്കളായി ഇരുളിൽ ഒടുങ്ങുമായിരുന്ന ആയിരക്കണക്കിനു കുട്ടികളുടെ ജീവിതത്തിനു വെളിച്ചം പകരാൻ സ്നേഹഭവനു കഴിഞ്ഞു. ആ വെളിച്ചത്തിൽ നടന്ന് ഉന്നത നിലയിലെത്തിയ ചിലരെ പരിചയപ്പെടാം.
പുസ്തകങ്ങളുടെ ഗന്ധവും ആഴവുമറിഞ്ഞു ഗ്രന്ഥശാലയിൽ നിശബ്ദനായിരിക്കുന്പോൾ, മണി മാനുവലിന്റെ ഓർമത്താളുകളിൽ മങ്ങാത്ത മയിൽപ്പീലിപോലെ ആ "സ്നേഹവീട്'. അനാഥബാലനായി ആരുടെയോ കൈപിടിച്ച് ആ വീട്ടിലേക്കു കയറിച്ചെല്ലുന്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മനസിലായിരുന്നില്ല.
മനസിൽ സങ്കടങ്ങളുണ്ടെങ്കിലും പറയാൻ അരികിൽ ആരുമില്ലാത്തതിനാൽ തികഞ്ഞ നിസംഗത. അപരിചിതത്വത്തിൽ ആദ്യമൊന്നു പകച്ചെങ്കിലും അതൊരു സ്നേഹവീട് തന്നെയാണെന്നു വൈകാതെ മനസിലായി. ഇതുവരെ കിട്ടാതിരുന്ന സ്നേഹവും പരിചരണവും അവന്റെ മനസിനെ ഉണർത്തി.
ഭീതിയും അപകർഷതാബോധവും വിശപ്പും അരക്ഷിതാവസ്ഥയുമായിരുന്നു തെരുവിന്റെ മുഖങ്ങൾ. എന്നാൽ, ഇവിടെ സന്തോഷമുണ്ട്, കഴിക്കാൻ ആഹാരമുണ്ട്, സമാധാനത്തോടെ കിടക്കാൻ ഇടമുണ്ട്, സ്നേഹത്തോടെ ചേർത്തുപിടിക്കാൻ ആളുകളുണ്ട്... ഇരുണ്ട തന്റെ ജീവിതത്തിലേക്ക് ആരോ വെളിച്ചം നിറച്ചതുപോലെ.. മണി മാനുവൽ മാറുകയായിരുന്നു.
സ്നേഹവീട് കുടുംബമായി മാറിയപ്പോൾ തെരുവിൽ നഷ്ടപ്പെട്ട പഠനം തിരികെ കിട്ടി. ഉന്നതബിരുദങ്ങളുടെ പടവുകളും കടന്ന് ഇന്ന് അഭിമാനത്തോടെ ലൈബ്രേറിയൻ എന്ന ജോലിയിൽ സംതൃപ്തൻ. ഇപ്പോൾ സുവർണജൂബിലി ആഘോഷിക്കുന്ന കൊച്ചി പള്ളുരുത്തി ഡോൺബോസ്കോ സ്നേഹഭവൻ ഇല്ലായിരുന്നെങ്കിൽ തന്റെ ജീവിതം എന്തായി മാറിയേനെയെന്ന് മണി മാനുവൽ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അതുകൊണ്ട് ജീവിതത്തിൽ കടപ്പാട് എന്ന് അടയാളപ്പെടുത്തി സൂക്ഷിക്കുന്ന ഇടമാണ് സ്നേഹഭവൻ.
കടത്തിണ്ണയിൽനിന്ന്
കൊച്ചി നഗരത്തിലെ തെരുവും കടത്തിണ്ണകളുമായിരുന്നു നാലര വയസുവരെ തന്റെ "വീടുകൾ' എന്നു മണി മാനുവൽ. കിട്ടുന്നതെല്ലാം പെറുക്കിയും യാചിച്ചുമൊക്കെ അലഞ്ഞു നടന്നു.
രാത്രികളിൽ ആലിൻതറകളിലും തെരുവോരത്തും റെയിൽവേ പുറന്പോക്കിലും അന്തിയുറക്കം.. നാളത്തെ വിശപ്പകറ്റാനുള്ള വഴിയെക്കുറിച്ചുള്ള ആകുലതകൾ ഉള്ളിലൊതുക്കി, ആകാശത്തെ നക്ഷത്രങ്ങളോടു കുഞ്ഞുവർത്തമാനങ്ങൾ പറഞ്ഞു കിടന്നുറങ്ങും.
ഒരുനാൾ കോർപറേഷൻ അധികൃതരും പോലീസും ചേർന്നു മണിയെയും കൂട്ടുകാരെയും കണ്ടെത്തി. ബാലഭിക്ഷാടനം നിരോധിക്കുന്നതിന്റെ ഭാഗമായിരുന്നു കോർപറേഷൻ അധികൃതർ തെരുവുകളിലലഞ്ഞ കുട്ടികളെ കണ്ടെത്തി പുനരധിവസിപ്പിക്കാൻ ആരംഭിച്ചത്. ആദ്യം കൊച്ചിയിലെ റിലീഫ് സെറ്റിൽമെന്റിലേക്ക്.വൈകാതെ ആദ്യബാച്ചിലെ അംഗമായി പള്ളുരുത്തി സ്നേഹഭവനിലേക്ക്.
സ്നേഹഭവന് ഊടും പാവും പകർന്ന ഫാ. വർഗീസ് മേനാച്ചേരിയുടെ വാത്സല്യത്തണലിൽ മണി പുതിയ സ്വപ്നങ്ങൾ കാണാൻ തുടങ്ങുകയായിരുന്നു. പഠിക്കാനും കളിക്കാനും അവിടെ അവസരമൊരുങ്ങി. പഠനത്തിൽ താത്പര്യമുണ്ടായിരുന്ന മണിക്ക് അച്ചൻ എല്ലാ പ്രോത്സാഹനവും നൽകി. നാലാം ക്ലാസിനു ശേഷം ഡോൺബോസ്കോ ബോയ്സ് ഹോമിലെത്തി.
ബിരുദങ്ങൾ വന്ന വഴി
തേവര സേക്രഡ് ഹാർട്ടിൽ പ്രീഡിഗ്രി യും സെന്റ് ആൽബർട്സിൽ ബിഎസ്സി കെമിസ്ട്രിയും പൂർത്തിയാക്കി. ഇനിയും പഠിക്കണമെന്ന ആഗ്രഹത്തെ സ്നേഹഭവൻ അധികൃതർ പിന്തുണച്ചു. ലൈബ്രറി സയൻസിൽ ബിരുദം, കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ, ഹ്യൂമൻ റിസോഴ്സ് പഠനത്തിൽ എംബിഎ, എൻവയൺമെന്റൽ ഡിസാസ്റ്റർ മാനേജ്മെന്റിൽ മാസ്റ്റേഴ്സ്... മണി സ്വന്തമാക്കിയ അക്കാദമിക് മികവുകളേറെ.
സ്നേഹഭവൻ എന്ന പഠനക്കളരി നൽകിയ നല്ല പാഠങ്ങളെ നെഞ്ചേറ്റിയ മണി, മുന്നിലെത്തിയ അവസരങ്ങളെല്ലാം ഉപയോഗിച്ചു.മണി രൂപകല്പന ചെയ്ത വിവിധ കംപ്യൂട്ടർ സോഫ്റ്റ് വെയറുകൾ ഇന്നു പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്നുണ്ട്.
സ്നേഹഭവൻ വിട്ടശേഷം, നാഗാലാൻഡിൽ ഏറെക്കാലം അധ്യാപകനായി ജോലി ചെയ്തു. നാടോടികളായ കുട്ടികളെ പുനരധിവസിപ്പിക്കുന്ന പ്രോജക്ടുമായി രാജ്യമെന്പാടും സഞ്ചരിച്ചു. 20 വർഷമായി തിരുവല്ലയിലെ ഇന്ത്യ ബൈബിൾ കോളജിൽ ലൈബ്രേറിയനാണ്.
തിരുവല്ലയിലെ ടിഎംഎം ആശുപത്രിയിൽ എക്സറേ ടെക്നീഷനാണു ഭാര്യ ബീന. തെരുവിൽനിന്നു കൈപിടിച്ചു തന്റെ ജീവിതത്തിനു നിറം പകർന്ന പള്ളുരുത്തി സ്നേഹഭവനെ ഓർമിച്ചു മകൾക്കു പേരിട്ടു - സ്നേഹ. ഓസ്ട്രിയയിൽ മാസ്റ്റേഴ്സ് വിദ്യാർഥിനിയാണു സ്നേഹ.
വിജയത്തിന്റെ ഉയരങ്ങളിൽ കുതിക്കുന്പോഴും ഇന്നും തന്റെ മേൽവിലാസം പള്ളുരുത്തി ഡോൺബോസ്കോയാണെന്നു മണി അഭിമാനത്തോടെ പറയും."എസ്എസ്എൽസി ബുക്കിൽ രക്ഷാകർത്താവിന്റെ കോളത്തിൽനിന്നു സ്നേഹഭവൻ ഡയറക്ടറുടെ പേര് ഇനിയും മായ്ക്കാൻ തോന്നിയിട്ടില്ല. അത്രമേൽ ഇഴയടുപ്പമാണ് ആ സ്ഥാപനവുമായി എനിക്കുള്ളത്.
കാരണം മറ്റൊന്നല്ല; എവിടെയെങ്കിലും അലഞ്ഞുതിരിഞ്ഞു തീരുമായിരുന്ന എന്നെ പ്രത്യാശാഭരിതമായ ജീവിതത്തിലേക്കു ചേർത്തുവച്ചതു സ്നേഹഭവനാണ്. അതാണെനിക്ക് അഭിമാനത്തിന്റെ മേൽവിലാസം...' - മണിയുടെ സ്നേഹാർദ്രമായ വാക്കുകൾ.
ആറു വയസുകാരന് അഭയം
കുട്ടികളുടെ ക്ഷേമത്തിനായി വർഷങ്ങളായി സേവനരംഗത്തുള്ള ബ്രദർ മാവുരൂസാണ് അന്നൊരുനാൾ ആറു വയസുള്ള ബാലു ഗണേഷിന്റെ കൈപിടിച്ച്, സ്നേഹഭവന്റെ വാതിലിൽ മുട്ടിയത്. അന്നു തുറന്നതു ബാലുവിന്റെ ജീവിതത്തിലെ വഴിത്തിരിവിന്റെ വാതിൽ കൂടിയായിരുന്നു. ആശ്രയമില്ലാതെ ഒറ്റപ്പെട്ടുപോയ ആറു വയസുകാരന് സ്നേഹഭവൻ അഭയമായി.
ആറു വയസിനിടെ പട്ടിണിയറിഞ്ഞ ദിനങ്ങളേറെ താണ്ടിയ ബാലുവിനു സ്നേഹഭവൻ നല്ല ഭക്ഷണവും പരിചരണവും മറ്റു സൗകര്യങ്ങളുമൊക്കെ നൽകി. മിടുക്കനായി പഠിക്കാൻ സ്കൂളും.
കൈക്കരുത്തിൽ വഴിത്തിരിവ്
കുട്ടികളുടെ അഭിരുചികളെ തിരിച്ചറിഞ്ഞു പ്രോത്സാഹിപ്പിക്കുന്നതിൽ സ്നേഹഭവൻ അധികൃതർ എക്കാലവും ശ്രദ്ധിച്ചിരുന്നു. ബോക്സിംഗിൽ താത്പര്യമുണ്ടായിരുന്ന ബാലുവിന് അതിൽ പ്രത്യേകം പരിശീലനം നൽകി. നിശ്ചിതദിവസങ്ങളിൽ സ്നേഹഭവനിലെത്തുന്ന മാസ്റ്ററായിരുന്നു പരിശീലകൻ. ഫാ. മേനാച്ചേരി ബാലുവിനു ബോക്സിംഗിൽ കൂടുതൽ പരിശീലനങ്ങൾക്ക് അവസരങ്ങളൊരുക്കി.
ബോക്സിംഗ് മത്സരങ്ങളിലെല്ലാം മികവറിയിച്ചു. ബിരുദപഠന കാലയളവിൽ ദേശീയതലത്തിൽ മെഡൽ നേടി. 2007ലും 2011ലും നടന്ന ദേശീയ ഗെയിംസുകളിൽ ഇദ്ദേഹം ശ്രദ്ധേയ പ്രകടനം നടത്തി.ഇന്നു കേരളത്തിലെ അറിയപ്പെടുന്ന ബോക്സിംഗ് കോച്ചാണ് ബാലു ഗണേഷ്.
കുട്ടികൾക്കു ബോക്സിംഗ് പരിശീലനം നൽകുന്ന സംസ്ഥാന സർക്കാരിന്റെ യുവജന, കായിക മന്ത്രാലയത്തിനു കീഴിലുള്ള പഞ്ച് പദ്ധതിയിൽ പരിശീലകൻ. കാക്കനാട് ഫിറ്റ്നസ് സെന്ററിലും ബോക്സിംഗ് പരിശീലനം നൽകുന്നുണ്ട്.
ഭാര്യ ദിവ്യയും ഫിറ്റ്നസ് ട്രെയ്നറാണ്. എൽകെജി വിദ്യാർഥിയായ മകനുണ്ട്. ഇരിങ്ങാലക്കുടയിൽ വീടു നിർമിച്ചെങ്കിലും ജോലി സൗകര്യത്തിനു കൊച്ചി കടവന്ത്രയിലാണു താമസം.
ബോക്സിംഗ് റിംഗിലും പുറത്തും വിജയങ്ങൾ സ്വന്തമാക്കുന്പോൾ, സ്നേഹഭവൻ പകർന്നുതന്ന കരുതലിന്റെ ഊർജം മറക്കാനാവില്ലെന്നു ബാലു പറയുന്നു.
അനാഥബാല്യത്തിൽ അഭയം മാത്രമായിരുന്നില്ല സ്നേഹഭവൻ, വളർച്ചയുടെ ഘട്ടങ്ങളിൽ അഭിരുചിയറിഞ്ഞു ജീവിതം പണിതുയർത്താൻ പ്രചോദനവും കരുത്തുമായിരുന്നു, മറക്കില്ല...!! - ബാലുവിന്റെ വാക്കുകൾ.
മണിയും ബാലുവും
മണി, ബാലു... തീരുന്നില്ല... കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സ്നേഹഭവൻ അഭയമായവർ ആയിരക്കണക്കിനാണ്. കഴിഞ്ഞ അന്പതു വർഷത്തിനിടെ സ്നേഹഭവൻ തണലൊരുക്കി, തലോടി, ജീവിതവിജയത്തിന്റെ പുതിയ ഉയരങ്ങളിലേക്കെടു ത്തുയർത്തിയവർ എത്രയോ പേർ.
അതിൽ അധ്യാപകർ, പ്രഫഷണലുകൾ, അഭിഭാഷകർ, ഐടി വിദഗ്ധർ, വൈദികർ, സാമൂഹ്യപ്രവർത്തകർ... സ്നേഹഭവനിലൂടെ വളർന്നു സമൂഹത്തിന്റെ നാനാമേഖലകളിൽ പ്രതിഭകളായവർ കേരളത്തിലും പുറത്തുമുണ്ട്. അനാഥത്വവും പ്രതിസന്ധികളും ഒന്നിന്റെയും അവസാനമല്ലെന്നും സ്നേഹഭവനുകളും സ്നേഹമുള്ളവരും ഉണ്ടെങ്കിൽ നഷ്ടമായ ജീവിതങ്ങളെ തിരിച്ചുപിടിക്കുക അസാധ്യമല്ലെന്നുമാണ് അവരെല്ലാം ഇന്നു ലോകത്തോടു വിളിച്ചുപറയുന്നത്.
1974ൽ തുടക്കം
സലേഷ്യൻ വൈദികരുടെ ദർശനധാരകളിൽ പിറവിയെടുത്ത ജീവകാരുണ്യസ്ഥാപനമാണു പള്ളുരുത്തി ഡോൺബോസ്കോ സ്നേഹഭവൻ. അനാഥരായ കുട്ടികളുടെയും യുവാക്കളുടെയും പുനരധിവാസത്തിനായി 1974ലാണു തുടക്കം. കുട്ടികളോട് എന്നും വാത്സല്യവും കരുതലുമുണ്ടായിരുന്ന വിശുദ്ധ ഡോൺബോസ്കോയുടെ ചൈതന്യം, കൊച്ചിക്കും കേരളത്തിനും അതുവഴി പുതുലോകത്തിനും സമ്മാനിക്കുകയായിരുന്നു നിയോഗം.
കുട്ടികളുടെയും യുവാക്കളുടെയും ഭിക്ഷാടനം 1970കളിൽ കൊച്ചിയുടെ തെരുവുകളിലെ സങ്കടക്കാഴ്ചകളായിരുന്നു. തുറമുഖവും തലപ്പൊക്കമുള്ള കെട്ടിടങ്ങളുമൊക്കെയായി മഹാനഗരമായി കൊച്ചി വളരുന്പോഴും അതിന്റെ ഉപോത്പന്നംപോലെ തെരുവിലെ ബാലഭിക്ഷാടനം തുടർന്നു.
കൊച്ചി കോർപറേഷൻ മേഖലയിൽ ബാലയാചക നിരോധനം പ്രഖ്യാപിച്ചത് 1973ൽ. ഇതിന്റെ ഭാഗമായി ഭിക്ഷാടനത്തിനും മറ്റുമായി തെരുവുകളിൽ തന്പടിച്ച കുട്ടികളെയെല്ലാം പള്ളുരുത്തിയിൽ കോർപറേഷൻ നടത്തിയ റിലീഫ് സെറ്റിൽമെന്റിലേക്കെത്തിച്ചു പാർപ്പിച്ചു. കുട്ടികളും യുവാക്കളും മാനസിക വെല്ലുവിളി നേരിടുന്നവരും കുഷ്ഠരോഗികളുമെല്ലാം ഒരുമിച്ചുള്ള സെറ്റിൽമെന്റിലെ വാസം വൈകാതെ അപകടകരമായി. ഈ സാഹചര്യത്തിലാണ് പള്ളുരുത്തി ഡോൺബോസ്കോ സ്നേഹഭവന്റെ പിറവി.
റിലീഫ് സെറ്റിൽമെന്റിലെ കുട്ടികളും യുവാക്കളുമടങ്ങുന്ന 110 പേരുമായി, 1974 മേയ് 26നു ഡോൺബോസ്കോ സ്നേഹഭവൻ പ്രവർത്തനം തുടങ്ങി.സലേഷ്യൻ വൈദികരായ ഫാ. വർഗീസ് മേനാച്ചേരി, ഫാ. ഗെസൂ എന്നിവർക്കൊപ്പം അന്നത്തെ മേയർ ടി. കെ. ഹംസക്കുഞ്ഞും സ്നേഹഭവൻ സ്ഥാപിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ഫാ. മേനാച്ചേരിയാണു സ്ഥാപനത്തിനു സ്നേഹഭവൻ എന്ന പേരിട്ടത്.
ഇതു കുടുംബം
ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളാണ് ഇന്നു സ്നേഹഭവനിലെ കുടുംബാംഗങ്ങൾ. അവർക്കു നഷ്ടമായ സ്നേഹോഷ്മള കുടുംബാന്തരീക്ഷത്തിനാണു പ്രഥമ പരിഗണന. ആഹാരം, വസ്ത്രം, പാർപ്പിടം, തുടർ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കുമുള്ള അവസരങ്ങൾ എന്നിവ സ്നേഹഭവൻ ഒരുക്കുന്നു.
കുട്ടികളുടെ സമഗ്ര പുനരധിവാസമാണു ലക്ഷ്യം. കാലത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാൻ പ്രാപ്തമാക്കുന്ന വ്യക്തിത്വ വികസന പരിശീലന പരിപാടികളും കലാ-കായിക- സംഗീത പരിശീലനങ്ങളും സ്നേഹഭവനിലെ സ്നേഹശീലങ്ങളിലുണ്ട്. സ്നേഹഭവന്റെ ബാൻഡ് സംഘം ഒരുകാലത്തു മധ്യകേരളത്തിനു സുപരിചിതമായിരുന്നു. സാങ്കേതിക വിദ്യാഭ്യാസത്തിനും പരിശീലനത്തിനും സ്നേഹഭവനിൽ പ്രത്യേകം സൗകര്യങ്ങളുണ്ട്.
അന്പതു വർഷം
ഡോൺബോസ്കോ സ്നേഹഭവന് അനുബന്ധമായി അന്പതു വർഷത്തിനിടെ വിവിധ സ്ഥാപനങ്ങളും ആരംഭിച്ചു. വിവിധ ഘട്ടങ്ങളിലുള്ള കുട്ടികൾക്കും യുവാക്കൾക്കും സുരക്ഷിതമായ ജീവിതം ക്രമപ്പെടുത്താൻ സൗകര്യങ്ങളൊരുക്കുകയാണു ലക്ഷ്യമെന്നു ഡോൺബോസ്കോ സ്നേഹഭവന്റെ ഇപ്പോഴത്തെ എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.പി.ഡി. തോമസ് പറയുന്നു.
ഡോൺ ബോസ്കോ ഭവൻ, ബോസ്കോ നഗർ, ബോസ്കോ നിവാസ്, സ്നേഹഭവൻ അനക്സ്, വാത്സല്യഭവൻ, എസ്ബിഒ ലൈബ്രറി, സൈക്കോ സോഷ്യൽ സപ്പോർട്ട് സെന്റർ, ഡോൺ ബോസ്കോ വെൽഫെയർ സെന്റർ, കേരള ഇന്റർ സ്റ്റേറ്റ് മൈഗ്രന്റ്സ് അലൈൻസ് ഫോർ ട്രാൻസ്ഫോർമേഷൻ എന്നിവയെല്ലാം സ്നേഹഭവന്റെ വളർച്ചയിൽ മുളച്ചു വളർന്ന ശാഖകളാണ്.
അന്പതാം വയസിന്റെ സുവർണശോഭ തൂകിനിൽക്കുന്ന സ്നേഹഭവന്റെ വിശാലമായ ആകാശങ്ങളിൽ, മണി മാനുവലിനെപ്പോലെ, ബാലു ഗണേഷിനെപ്പോലെ അനേകം നക്ഷത്രങ്ങൾ പ്രകാശം പരത്തുന്നുണ്ട്. സ്നേഹഭവനുകളുടെ ആകാശങ്ങളും അതിന്റെ നന്മയറിഞ്ഞ നക്ഷത്രങ്ങളുമൊക്കെ പുതിയ കാലത്തിന്റെയും സ്നേഹചിഹ്നങ്ങളാണ്.
സിജോ പൈനാടത്ത്