ഇന്ത്യയിൽ ബിസിനസ് മാനേജ്മെന്റ് പഠനത്തിനു തുടക്കമിട്ടത് ജംഷഡ്പുർ എക്സ്എല്‍ആര്‍ഐയിലെ ഈശോ സഭാ വൈദികർ ആണെങ്കിൽ അവിടെ ഗുരുവായി തിളങ്ങിയത് ഒരു മലയാളിയാണ്, പ്രഫ.ജെ. ഫിലിപ്പ്. 63 വർഷമായി ഇന്ത്യയിലെ മാനേജ്മെന്റ് പഠനത്തിന്റെ ആചാര്യനായ ഇദ്ദേഹം ഇന്ത്യയിലും വിദേശത്തും നൂറുകണക്കിനു മാനേജർമാരെ സൃഷ്ടിച്ചുകഴിഞ്ഞു. ഫിലിപ്പ് സാറിന്റെ ശിഷ്യർ മാനേജർമാരായി ഇല്ലാത്ത വന്പൻ കന്പനികൾ ചുരുക്കം. അദ്ദേഹം സ്ഥാപിച്ച സൈം ഇന്നു മാനേജ്മെന്റ് പഠനത്തിൽ മുൻനിര സ്ഥാപനം. ഇപ്പോൾ അദ്ദേഹം ജന്മനാടിനായി മറ്റൊരു സമ്മാനം ഒരുക്കിയിരിക്കുന്നു.
‘എല്ലാ ഉത്തരങ്ങളും ഞങ്ങളുടെ പക്കലില്ല. എന്നിരുന്നാലും ശരിയായ ചോദ്യങ്ങള്‍ എങ്ങനെ ചോദിക്കാമെന്ന് ഞങ്ങള്‍ നിങ്ങളെ പഠിപ്പിക്കുന്നു.' മാനേജ്മെന്റ് പഠനരംഗത്ത് രാജ്യത്തെ ഒന്നാംനിര സ്ഥാപനമായ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റർ പ്രണര്ഷിപ്പിന്റെ (സൈം) വെബ്സൈറ്റ് പേജിലെ സന്ദേശവാചകം ഇങ്ങനെ.
ബംഗളൂരുവിലും ചെന്നൈയിലും കൊച്ചിയിലും കാമ്പസുകളുള്ള സൈമിന്റെ സ്ഥാപകനും സാരഥിയുമായ പ്രഫ.ജെ. ഫിലിപ്പ് പറയുന്നു, ശരിയായ ചോദ്യങ്ങള്‍ ശരിയായി ചോദിക്കുമ്പോള്‍ ഉത്തരങ്ങളിലേക്കു നമുക്കൊരു വഴി തെളിയും. പരിമിതികളില്‍ സാധ്യതകളെ കണ്ടെത്തി അതു വിജയത്തിലെത്തിക്കുന്ന വ്യക്തിയാണ് മാനേജര്‍.
ചങ്ങനാശേരി എസ്ബി കോളജില്‍നിന്നു ബിരുദവും എറണാകുളം ലോ കോളജില്‍നിന്നു നിയമബിരുദവും നേടിയ ശേഷമാണ് 1960ല്‍ ജംഷഡ്പുരില് അമേരിക്കയില്‍നിന്നുള്ള ഈശോസഭാ വൈദികരുടെ സേവ്യര്‍ ലേബര്‍ റിലേഷന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് (എക്സ്എല്‍ആര്‍ഐ) എന്ന സ്ഥാപനത്തെക്കുറിച്ച് അറിയുന്നത്.
അവിടെ ഹ്യൂമന്‍ റിസോഴ്സില്‍ പഠനം പൂര്‍ത്തിയാക്കി മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് ഈ സ്ഥാപനം അമേരിക്കയിലെ ഹാര്‍വാഡ് ബിസിനസ് സ്കൂളിലേക്ക് എംബിഎ പഠനത്തിന് ഫിലിപ്പിനെ അയച്ചത്. ഒപ്പമുണ്ടായിരുന്ന അമേരിക്കന്‍ ജസ്യൂട്ട് വൈദികന് ഫാ. ജിം കോളിന്‍സിനെ ബോസ്നന് സര്‍വകലാശാലയിലേക്കും ഇതേ വിഷയത്തില്‍ പഠനത്തിന് അയച്ചു. ജംഷഡ്പുരിലെ എക്സ്എല്‍ആര്‍ഐയില്‍ എംബിഎ കോഴ്സ് തുടങ്ങുകയായിരുന്നു ഇശോസഭാ വൈദികരുടെ ലക്ഷ്യം. നൂറ്റാണ്ട് തികച്ചതിന്റെ അഭിമാനത്തിലാണിപ്പോൾ എക്സ്എൽആർഐ.
ഇന്ത്യയിൽ ആദ്യമായി
ഹാര്‍വാഡില്‍ പഠിച്ചു മടങ്ങിവന്ന ശേഷമാണ് 1968ല്‍ എക്സ്എല്‍ആര്‍ഐയില്‍ പ്രഫ. ഫിലിപ്പിന്റെയും ഫാ. ജിമ്മിന്റെയും നേതൃത്വത്തില്‍ എംബിഎ കോഴ്സിന്റെ ആരംഭം. ബിസിനസ് മാനേജ്മെന്റ് എന്ന വിഷയത്തില്‍ ഇന്ത്യയിലെ വിദ്യാസമ്പന്നര്‍ക്കു പോലും വലിയ ഗ്രാഹ്യം അക്കാലത്തില്ല. ഹാര്‍വാഡിലെ എംബിഎ സിലബസും പുസ്തകങ്ങളും പരിശീലനരീതിയും ജംഷഡ്പുരിലും അവിടെ പ്രഫസറും ഡീനുമായിരുന്ന ഫിലിപ്പ്സാര് ആവിഷ്കരിക്കുകയായിരുന്നു.
ഇവര്‍ക്കൊപ്പം ഐഐഎം അഹമ്മദാബാദ്, ഐഐഎം കല്‍ക്കട്ട എന്നിവിടങ്ങളില്‍നിന്നുള്ള പ്രഗല്ഭരായ ബിരുദധാരികളെ അധ്യാപകരായി നിയമിച്ചു. ഇവരെക്കൂടാതെ എംബിഎ പഠനത്തില്‍ എക്സ്എല്‍ആര്‍ഐയിലെ ഹ്യൂമന്‍ റിസോഴ്സ്, ഇക്കണോമിക്സ്, സ്റ്റാസ്റ്റിറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റുകളും സഹകരിച്ചു.
പുതിയ രംഗത്തേക്ക്
ആറ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 36 വിദ്യാര്‍ഥികളായിരുന്നു ജംഷഡ്പുരിലെ ആദ്യ എംബിഎ ബാച്ച്. ഇക്കാലത്ത് അസോസിയേഷന് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റ് സ്കൂള്‍സ് (എഐഎംഎസ്) തുടങ്ങിയതും അതിന്റെ പ്രഥമ അധ്യക്ഷനായതും പ്രഫ.ജെ. ഫിലിപ്പാണ്. ജംഷ്ഡ്പുരിലെ ഈ വിഖ്യാത സ്ഥാപനത്തില്‍ 11 വര്‍ഷം അദ്ദേഹം എംബിഎ പരിശീലനത്തിനു ചുക്കാന്‍ പിടിച്ചു. അടുത്തതായി അദ്ദേഹം നീങ്ങിയത് വ്യവസായ മേഖലയിലേക്കായിരുന്നു. 1971 ഒക്ടോബറില്‍ റാഞ്ചിയിലുള്ള സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ (സെയില്‍)യുടെ മാനേജ്മെന്റ് ഡെവലപ്മെന്റ് സെന്ററിന്റെ പ്രിന്‍സിപ്പലായി.
രാജ്യത്തെ മുന്‍നിര വ്യവസായ സ്ഥാപനമായ സ്റ്റീല്‍ അഥോറിറ്റിയുടെ വിവിധ യൂണിറ്റുകളിലെ മാനേജര്‍മാര്‍ക്കു കാലോചിത തുടര്‍പരിശീലനം നല്കുന്ന സ്ഥാപനമാണിത്. രണ്ടു വര്‍ഷ കരാറിലാണ് ചുമതലയേറ്റതെങ്കിലും എട്ടു വര്‍ഷം തുടര്‍ന്നു. രണ്ടേകാല്‍ ലക്ഷം ജീവനക്കാരുണ്ടായിരുന്ന സ്റ്റീല്‍ അഥോറിറ്റിയിലെ പന്തീരായിരത്തോളം മാനേജര്‍മാര്‍ക്ക് ഇദ്ദേഹം പരിശീലനം നല്കി.
അങ്ങനെയിരിക്കയാണ് ഒബ്റോയ് ഹോട്ടല്‍ ഗ്രൂപ്പില്‍നിന്നു വന്‍ പ്രതിഫലത്തോടെ ക്ഷണമെത്തുന്നത്. 1980 ജനുവരി മുതല്‍ 1985 ഏപ്രില്‍ വരെ ഒബ്റോയ് ഗ്രൂപ്പിന്റെ ഹ്യൂമന്‍ റിസോഴ്സ് വിഭാഗം വൈസ് പ്രസിഡന്റായി. ഇന്ത്യയിലെ മുന്‍നിര നഗരങ്ങളില്‍ മാത്രമല്ല ഓസ്ട്രേലിയ, ഈജിപ്ത്, സിംഗപ്പൂര്‍, ഇന്തോനേഷ്യ, കുവൈറ്റ് ഉള്‍പ്പെടെ സ്വദേശത്തും വിദേശത്തുമായുള്ള നാല്പതിലേറെ ഹോട്ടലുകളിലെ ഇരുപതിനായിരത്തിലേറെ ജീവനക്കാരുടെ പഴ്സണല്‍ മേധാവി.
ഒബ്റോയി ഗ്രൂപ്പിലെ എച്ച്ആര്‍ പ്രവര്‍ത്തനത്തിൽ കൂടുതല്‍ പ്രഫഷണലിസം നടപ്പാക്കി. ഇതിനു ശേഷം സമുന്നതമായ മറ്റൊരു പദവിയിലേക്കായിരുന്നു നിയോഗം. കേന്ദ്ര മാനവശേഷി വകുപ്പിനു കീഴില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) ബംഗളൂരുവിന്റെ ഡയറക്ടറായി ചുമതലയേറ്റു. 1985 ഏപ്രില്‍ മുതല്‍ 1991 ജനുവരി വരെ ഈ പദവിയില്‍ തിളങ്ങി.
സൈം പിറക്കുന്നു
അന്‍പത്തിയഞ്ചാം വയസില്‍ ബംഗളൂരു ഐഐഎമ്മില്‍നിന്നു കരാര്‍ സേവനം പൂര്‍ത്തിയാക്കിയ ശേഷം സ്വന്തമായി മാനേജ്മെന്റ് സംരംഭം എന്ന സ്വപ്നത്തിലേക്കു ചുവടുവച്ചു. അങ്ങനെയാണ് 1991 മേയില്‍ ബംഗളൂരുവില്‍ സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റർ പ്രണര്ഷിപ്പിനു(സൈം) തുടക്കമായത്.
തികച്ചും പരിമിതമായ സാഹചര്യങ്ങളിലായിരുന്നു അവിടെ തുടക്കം. 1986ല്‍ അപകടത്തില്‍ മരിച്ച മകള്‍ മരിയ ഫിലിപ്പ് പിതാവിന്റെ മനസില്‍ വിതച്ച ഒരു ആഗ്രഹത്തിന്റെ സാഫല്യം കൂടിയായിരുന്നു ഈ സംരംഭം.
മാനേജർമാരുടെ മാനേജർ!
കഠിനാധ്വാനവും ആത്മാര്‍ഥതയും ദൈവാനുഗ്രഹവും സത്യസന്ധതയുമാണ് എല്ലാ വിജയങ്ങളുടെയും അടിസ്ഥാനമെന്നു പ്രഫ. ജെ. ഫിലിപ്പ് വിശ്വസിക്കുന്നു. ബംഗളൂരു സൈം മാനേജ്മെന്റ് പരിശീലനരംഗത്തു മുന്‍നിരസ്ഥാപനമായി ദേശീയതലത്തില്‍ വളര്‍ന്നതോടെ ചെന്നൈയിലും കൊച്ചിയിലും സെന്ററുകള്‍ തുടങ്ങി. ഇന്ന് ഈ മൂന്നു സ്ഥാപനങ്ങളിലുമായി വര്‍ഷം 570 വിദ്യാര്ഥികള്എംബിഎ പഠനം പൂര്‍ത്തിയാക്കുന്നു.
ഇതിനകം 27 എംബിഎ ബാച്ചുകളിലായി നാലായിരം എംബിഎക്കാര്‍ പഠിച്ചിറങ്ങി മികച്ച ശന്പളത്തോടെ മുൻനിര കന്പനികളിൽ മാനേജര്‍മാരായി ജോലി ചെയ്യുന്നുവെന്നതില് ഈ അധ്യാപക ശ്രേഷ്ഠന് ചാരിതാർഥ്യം.
മികച്ച കമ്പനികളും സ്ഥാപനങ്ങളും കാമ്പസിലെത്തി ഇവിടത്തെ വിദ്യാര്‍ഥികളെ ജോലിക്കായി തെരഞ്ഞെടുക്കുന്നു. എല്ലാ അര്‍ഥത്തിലും ഒരു ഇന്സ്റ്റിറ്റ്യൂഷന് ബില്‍ഡറാണ് പ്രഫ.ജെ. ഫിലിപ്പ്. അതും ക്വാളിറ്റി എഡ്യൂക്കേഷന്‍ എന്ന ഏകശിലയില്‍ അടിയുറച്ചുനിന്നുകൊണ്ടുതന്നെ.
കേരളത്തിനൊരു സമ്മാനം
കേരളത്തിനൊരു മാതൃകാ വിദ്യാലയം എന്നതു പ്രഫ. ഫിലിപ്പിന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു. ഈ എണ്‍പത്തിയേഴാം വയസിലും കര്‍മശേഷിയും കാഴ്ചപ്പാടും കൈമുതലാക്കി ഇദ്ദേഹം കോട്ടയം പേരൂരില്‍ ഏഴര ഏക്കര്‍ കാമ്പസില്‍ എക്സ്ഐഎംഇ ഇന്റര്‍നാഷണല്‍ സ്കൂളിനു തുടക്കമിട്ടിരിക്കുന്നു. ചങ്ങനാശേരി അതിരൂപത ഇതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി. സിബിഎസ്ഇ സിലബസില്‍ അടുത്ത വര്‍ഷം ജൂണില്‍ നഴ്സറി മുതല്‍ മൂന്നാം ക്ലാസുവരെ ക്ലാസുകള്‍ തുടങ്ങും.
തുടര്‍ന്ന് ഓരോ വര്‍ഷവും ഉയര്‍ന്ന ക്ലാസുകള്‍. 22 കോടി രൂപ ചെലവിട്ടാണ് ബഹുനില കെട്ടിട സമുച്ചയവും അതില്‍ സ്മാര്‍ട്ട് ക്ലാസ് മുറികളും ഒരുക്കി ഏറ്റവും മികച്ച അധ്യാപകരെ നിയമിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ സമഗ്രവികസനമാണ് എക്സ്ഐഎംഇ ഇന്റര്‍നാഷണല്‍ സ്കൂള്‍ ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിലെതന്നെ ഏറ്റവും മികച്ച സ്കൂള്‍ എന്നതാണ് പ്രഫ. ഫിലിപ്പിന്റെ സ്വപ്നം.
കൈപിടിച്ചവരെ മറക്കാതെ
എന്നെ രൂപപ്പെടുത്തിയതും പരിശീലിപ്പിച്ചതും ഉയരങ്ങളിലേക്കു കൈപിടിച്ചു നയിച്ചതും അമേരിക്കന്‍ ജസ്യൂട്ട് വൈദികരാണ്. ആ കടപ്പാടിനുളള പ്രതിനന്ദി എന്റെ നാടിനു നല്‍കുകയെന്നത് ആഗ്രഹവും ദൗത്യവുമായി കണ്ടാണ് സ്കൂള്‍ സംരംഭത്തിനു തുടക്കം കുറിച്ചിരിക്കുന്നത്- പ്രഫ. ഫിലിപ്പ് പറയുന്നു. ഓരോ കുട്ടിയുടെയും കഴിവും സാധ്യതകളും കണ്ടെത്തി അത് അവര്‍ക്കും നാടിനും നേട്ടമാക്കി മാറ്റും.
നേട്ടങ്ങൾ
ഇന്ത്യയിലെ മാനേജ്മെന്റ് വിദ്യാഭ്യാസത്തിൽ ആജീവനാന്ത സംഭാവനയ്ക്കുള്ള ജെ. മത്തായി നാഷണല്‍ ഫെല്ലോ അവാര്‍ഡ് (1999), എക്സ്എല്‍ആര്‍ഐ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് (2010), എഐഎംഎ (നാഷണല്‍ മാനേജേഴ്സ് അസോസിയേഷന്), മാനേജ്മെന്റ് വിദ്യാഭ്യാസത്തിലെ അക്കാദമിക് ലീഡര്‍ഷിപ്പിനുള്ള ഡല്‍ഹി കേവല്‍ നോഹ്രിയ അവാര്‍ഡ് (2011 ), മൗറീഷ്യസിലെ മാറ്റിനല് എഡ്യൂക്കേഷണല്‍ ലീഡര്ഷിപ് അവാര്‍ഡ് (2011) തുടങ്ങി ഒട്ടേറെ ബഹുമതികള്‍ക്കും ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്.
മാനേജ്മെന്റ് മേഖലയിലെ നിരവധി ഈടുറ്റ പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ് കുട്ടനാട് പുളിങ്കുന്ന് സ്വദേശിയായ ജെ. ഫിലിപ്പ്. ഭാര്യ തോട്ടയ്ക്കാട് കൊണ്ടോടി കുടുംബാംഗമായ ലീലാമ്മ ഇദ്ദേഹത്തിന്റെ സംരംഭങ്ങളില്‍ സഹകാരിയായി ഒപ്പമുണ്ട്. മകന് അനില്‍ ജെ. ഫിലിപ്പ് സൈം സൊസൈറ്റിയുടെ നിലവിലെ പ്രസിഡന്റാണ്. മകള്‍ ഷീബ അമേരിക്കയില്‍ ഡോക്ടറാണ്.
എന്തിന് മാനേജ്മെന്റ് പഠിക്കണം?
63 വര്‍ഷത്തെ അനുഭവത്തില്‍നിന്നു പറയാം. എന്റെ അഭിപ്രായത്തിൽ മറ്റെല്ലാ മാസ്റ്റര്‍ കോഴ്സുകളും മാനേജ്മെന്റ് പഠനത്തിനു താഴെയാണ്. മാനേജരും മാനേജ്മെന്റുമില്ലാതെ പ്രസ്ഥാനവും രാജ്യവും സമ്പദ്വ്യവസ്ഥയും മുന്നോട്ടുപോകില്ല. മികച്ച മാനേജ്മെന്റില്ലാതെ ഒരു രാജ്യത്തിനും വളരാനാവില്ല. അതിനാൽ മാനേജ്മെന്റ് പഠനത്തിന് എക്കാലവും സാധ്യതയുണ്ട്.
പീപ്പിള്‍, പ്രോഫിറ്റ്, പ്ലാനറ്റ് (പരിസ്ഥിതി) എന്നതാണ് ഈ രംഗത്തെ മൂന്നു പ്രസക്ത ഘടകങ്ങള്‍. ഇതില്‍ പരിസ്ഥിതി ബോധനം ഇക്കാലത്തു വളരെ പ്രധാനം. കാല്‍നൂറ്റാണ്ടു മുന്‍പു പരിസ്ഥിതി വലിയൊരു ഘടകമായിരുന്നില്ല. സാങ്കേതികവിദ്യ അതിവേഗം മാറുന്നതനുസരിച്ചു മാനേജ്മെന്റ് വൈദഗ്ധ്യവും മാറണം.
സ്ത്രീകള്‍ മാനേജ്മെന്റില്‍ ശോഭിക്കില്ലെന്നതു പഴഞ്ചന്‍ ധാരണയാണെന്നു ഞങ്ങളുടെ സ്ഥാപനം തെളിയിച്ചു. ബംഗളൂരുവില്‍ ഞങ്ങളുടെ ഒന്നാം എംബിഎ ബാച്ചില്‍ 42 ശതമാനം പെണ്‍കുട്ടികളായിരുന്നു. തുടര്‍ വര്‍ഷങ്ങളില്‍ 56 ശതമാനവും. മികവിന്റെ പട്ടിക നോക്കിയാല്‍ ആദ്യ പത്തു ശതമാനത്തില്‍ മുന്നില്‍ പെണ്‍കുട്ടികളാണ്.
മാനേജ്മെന്റ് പരിശീലന സ്ഥാപനങ്ങൾ ഏറെയുണ്ടെങ്കിലും പലതും നിലവാരം പുലർത്തുന്നവയല്ല. സംസാരിക്കാനുള്ള കഴിവും ഇംഗ്ലീഷില്‍ മികവും തീരുമാനം എടുക്കാനുള്ള കഴിവും നല്ല സ്ഥാപനത്തിലേ ലഭിക്കൂ.
എംബിഎ അമേരിക്കന്‍ പ്രോഡക്ടാണ്, ഒപ്പം അന്താരാഷ്ട്ര പ്രോഡക്ടുമാണ്. ഞങ്ങളുടെ കാമ്പസുകള്‍ റെസിഡന്‍ഷല്‍ സ്ഥാപനങ്ങളായതിനാല്‍ കുട്ടികള്‍ സമഗ്രപരിശീലനം നേടും. പരിമിതികളെ അതിജീവിക്കാന്‍ സാധിക്കുംവിധം ഞങ്ങള്‍ പരിശീലനം നല്കുന്നു. നീതി, സത്യം തുടങ്ങിയ ധാര്‍മിക മൂല്യങ്ങള്‍ മാനേജ്മെന്റ് പഠനത്തില്‍ പ്രധാനമാണ്.
ചെറിയ പ്രായത്തില്‍, ഏറെക്കുറെ ഒമ്പതാം വയസ് മുതൽ കുട്ടികളെ മാനേജ്മെന്റ് സ്കില്‍ ശീലിപ്പിക്കണം. ഒരു വീട് മാനേജ് ചെയ്യാനും സ്കില്‍ ആവശ്യമുണ്ട്. അടുക്കള നോക്കാന്‍ വീട്ടമ്മയ്ക്കും മാനേജീരിയില്‍ സ്കില്‍ വേണം. ഇക്കാലത്തെ കുട്ടികളെ മാനേജ് ചെയ്യുന്നതിൽ പോലും സ്കില്‍ പ്രധാനമാണ്.
റെജി ജോസഫ്