1223... വിശുദ്ധ ഫ്രാൻസിസ് അസീസി ലോകത്തിലെ ആദ്യത്തെ പുൽക്കൂട് ഒരുക്കിയ വർഷം. ആ മഹാസംഭവത്തിന് ഈ ക്രിസ്മസ് ദിനത്തിൽ 800 വർഷം പൂർത്തിയാകുന്നു. അതിനു ശേഷം പുൽക്കൂട് ഒരുങ്ങാതെ ഒരു ക്രിസ്മസും കടന്നുപോയിട്ടില്ല. ഗ്രേച്ചിയോയിലെ ആ പുൽക്കൂട് ഇന്നു ലോകമെന്പാടും നിറഞ്ഞിരിക്കുന്നു. അസീസിക്കൊപ്പം ഗ്രേച്ചിയോയിലെ ആ പുൽക്കൂട്ടിലേക്കു വായനക്കാരെ കൂട്ടിക്കൊണ്ടു പോവുകയാണ് സൺഡേ ദീപിക.
ഡിസംബറിൽ ഗ്രേച്ചിയോയുടെ സൗന്ദര്യം ഇരട്ടിച്ചിരിക്കുന്നതായി ഫ്രാൻസിസ് അസീസി കണ്ടു. കണ്ണുകളിലൂടെ മാത്രമല്ല പ്രകൃതിയുടെ സൗന്ദര്യം മനുഷ്യനെ തൊടുന്നത്. അവന്റെ എല്ലാ ഇന്ദ്രിയങ്ങളിലൂടെയും ആ സൗന്ദര്യം അവനെ ഉരുമ്മുന്നു. അതു ദൈവത്തിന്റെ തലോടലാണ്.
ഈ ഡിസംബർ തന്നതിന്, ഡിസംബറിലെ ഒരു ദിവസമെങ്കിലും തരുന്നതിന്, ദൈവത്തിന് എത്രമേൽ നന്ദി പറയണം.
ആശ്രമത്തിൽനിന്നുയരുന്ന ഗ്രിഗോറിയൻ സ്തോത്രങ്ങളോടു ചേർന്നു ധ്യാനനിമഗ്നമാണ് മരങ്ങളും പക്ഷികളുമെല്ലാം. ഉപവാസവ്രതം അനുഷ്ഠിക്കുന്ന സന്യാസിമാർ വിശപ്പ് അനുഭവിക്കുന്നതായി തോന്നുകയില്ല, അവർ സ്തോത്രഗാനങ്ങൾ പാടുന്നതു കേൾക്കുന്പോൾ.
ക്രിസ്മസിലേക്ക് ഇനി രണ്ടാഴ്ചയേ അകലമുള്ളൂ. ആയിരത്തി ഇരുനൂറു വർഷം മുന്പ് ഈശോ പിറക്കുന്പോൾ ബേത്ലഹേം ഗ്രേച്ചിയോ ഗ്രാമം പോലെ മനോഹരമായിരുന്നില്ലേ? ഏതായാലും ഈശോ പിറന്ന രാത്രി അതീവ മനോഹരമായിരുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും മനോഹരമായ രാത്രി അതാണെന്നതിനു ഫ്രാൻസിസ് അസീസിക്കു സംശയമില്ല. ദൈവം മനുഷ്യശിശുവായി പിറക്കുക എന്ന മനുഷ്യബുദ്ധിക്ക് അതീതമായ പ്രതിഭാസം സംഭവിച്ച രാത്രി. അതിന് ആകാശത്തൊരു അപരിചിത നക്ഷത്രം അടയാളംനിന്ന രാത്രി. മാലാഖമാർ ഭൂമിയിൽ ഇറങ്ങിവന്നു മനുഷ്യരുടെ മുന്പിൽ ദൈവസ്തുതി പാടിയ രാത്രി.
ബേത്ലഹേം സന്ദർശനം
ഫ്രാൻസിസ് ബേത്ലഹേം സന്ദർശിച്ചിട്ടുണ്ട്. കുറച്ചു വർഷം മുന്പ്. അവിടെ ഗുഹാസമാനമായ ഒരു സ്ഥലത്ത് ഉണ്ണിയേശുവിന്റെ തിരുസ്വരൂപം സ്ഥാപിച്ചിരുന്നു. ആയിരത്തി ഇരുനൂറു വർഷമായി ഉണ്ണിയേശു അവിടെ ശയിക്കുകയായിരുന്നുവെന്ന് അപ്പോൾ ഫ്രാൻസിസിനു തോന്നി. ഉണ്ണിയേശു തന്നെ കാത്തിരിക്കുകയായിരുന്നുവെന്ന് അവിടെ എത്തിയ ഓരോരുത്തർക്കും തോന്നിയിട്ടുണ്ടായിരിക്കുമെന്നും.എന്നും കാത്തിരിക്കുന്നവനാണ് ദൈവം.
നന്നേ തണുത്ത ഒരു കാറ്റ് ഫ്രാൻസിസിനെ പൊതിഞ്ഞുപിടിച്ചുനിന്നു. പതുക്കെ അത് ഊർന്നിറങ്ങി താഴെ എവിടേയ്ക്കോ പോയി. ഉണ്ണിയേശുവിനെ എല്ലാവർക്കും കാണണം. മനുഷ്യരെ സ്നേഹിച്ചു സ്നേഹിച്ചു സ്നേഹിച്ചു മനുഷ്യരുടെ പാർപ്പിടത്തിൽ എത്തിയ യേശുവിനെ ആ നിലയിൽ എല്ലാ മനുഷ്യരും കാണണം. ആ ദൃശ്യാനുഭവം മനുഷ്യരിൽ ദൈവത്തോടു സ്നേഹം ഉണർത്താതിരിക്കില്ലെന്ന് ഫ്രാൻസിസിനു ബോധ്യമുണ്ട്.
ബേത്ലഹേമിലെ തിരുപ്പിറവിയുടെ ദൃശ്യം, ബേത്ലഹേമിൽ ഒരിക്കലും പോകാനിടയില്ലാത്ത ആളുകൾക്കു മുന്പിൽ ഒരുക്കിവയ്ക്കാൻ കഴിഞ്ഞാൽ അത് എല്ലാവർക്കും ഭാഗ്യാനുഭവമായിരിക്കും. അങ്ങനെയൊരു രംഗസൃഷ്ടിക്ക് അനുവാദം തരണമെന്നു മാർപാപ്പയോടു ഫ്രാൻസിസ് അപേക്ഷിക്കുകയും മാർപാപ്പ അനുവദിക്കുകയും ചെയ്തിരുന്നു.ഇനി ക്രിസ്മസിലേക്ക് ഏറെ ദിവസങ്ങൾ ഇല്ല. കാലിത്തൊഴുത്തും അതിലെ ദൃശ്യങ്ങളും നിർമിക്കാൻ ഇനി വൈകരുത്.
ഓക്ക് മരങ്ങൾക്കിടയിലേക്കു തണുപ്പും നേർത്ത ഇരുട്ടും ഒരു സാന്ധ്യപ്രാർഥനയുടെ ശാന്തതയോടെ കടന്നുവന്നു.“കർത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഉപകരണമാക്കണേ,’’ പുല്ലുകൾ പൊതിഞ്ഞ പാറകളിലൂടെ നടക്കുന്പോൾ ഫ്രാൻസിസ് പ്രാർഥിച്ചു.
കാത്തുനിന്നയാൾ
ആശ്രമത്തിൽ എത്തിയപ്പോൾ അവിടെ ഒരാൾ കാത്തുനിൽപ്പുണ്ടായിരുന്നു. ജിയോവാനി വെലിറ്റ പ്രഭു. കുതിരയെ താഴെ എവിടെയോ നിർത്തിയിട്ടു പാറകൾ കയറിവന്നിരിക്കുകയാണു ഫ്രാൻസിസിന്റെ സുഹൃത്ത്. ഗ്രേച്ചിയോയോടു ചേർന്ന് ഓക്ക് വനത്തിന്റെ നല്ലൊരു ഭാഗത്തിന്റെയും ഉടമ.
ഇത്തവണ ക്രിസ്മസിനു ഫ്രാൻസിസും സഹസന്യാസികളും പ്രഭുവിന്റെ വീട്ടിൽ ഭക്ഷണം കഴിക്കണം. ക്ഷണം നിരസിക്കരുത്. അതു പറയാനാണ് പ്രഭു വന്നത്. ഫ്രാൻസിസ് പറഞ്ഞു:
“മെസേർ ജിയോവനി,..’’
ഫ്രാൻസിസ് വളരെപ്രധാനപ്പെട്ടതെന്തോ സംസാരിക്കാൻ തുടങ്ങുകയാണെന്നു പ്രഭുവിനു മനസിലായി.
“നിങ്ങൾക്ക് എന്നെ സഹായിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇത്തവണത്തെ ക്രിസ്മസ് ഏറ്റവും മനോഹരമാക്കാം. ഇക്കാണുന്ന വനം നിങ്ങളുടേതാണല്ലോ?’’.
“ദൈവാനുഗ്രഹം,’’ പ്രഭു പറഞ്ഞു.
“വനത്തിൽ എവിടെയെങ്കിലും ഒരു കാലിത്തൊഴുത്ത് ഒരുക്കിത്തരുമോ? ഈശോ പിറന്ന ബേത്ലഹം തൊഴുത്തുപോലെയൊന്ന്. ഒരു കാളയും ഒരു കഴുതയും തൊഴുത്തിലുണ്ടാവണം. ഉണ്ണിയേശുവിന്റെ രൂപം തടികൊണ്ട് ഉണ്ടാക്കിയാൽ മതി.’’
“ ഉണ്ടാവും, ഫ്രാൻസിസ്കോ അച്ചാ... ക്രിസ്മസ് രാത്രിയോടെ..’’
“ഭക്ഷണം നമുക്കു കാട്ടിലിരുന്നു കഴിക്കാം, പുൽക്കൂടു കാണാനെത്തുന്ന എല്ലാവരും ചേർന്ന്.’’
ഇരുട്ടിലും ആസ്വദിക്കാവുന്നത്ര മൂർത്തമായിരുന്നു വനത്തിന്റെ സൗന്ദര്യം. ഫ്രാൻസിസ്കോയും ജിയോവാനിയും ആ സൗന്ദ്യര്യത്തിലൂടെ നടന്നു.
“എവിടെയാവണം പുൽത്തൊഴുത്ത്?’’ ജിയോവാനി ചോദിച്ചു.
അതുവഴി ഒരു ഇടയബാലൻ നടന്നുവരുന്നുണ്ടായിരുന്നു. രണ്ടു പാറക്കഷണങ്ങൾ കൂട്ടിയുരച്ചു തീയുണ്ടാക്കി ഫ്രാൻസിസ് ഒരു മരക്കന്പിൽ തീ പകർന്നു. അതു ബാലന്റെ കൈയിൽ കൊടുത്തു ഫ്രാൻസിസ് പറഞ്ഞു: “ഇതു ചുഴറ്റി നീ എവിടേക്കെങ്കിലും എറിയൂ.’’
അവൻ എറിഞ്ഞു. കുറെ ദൂരെയൊരിടത്ത് തീക്കൊള്ളി വീണ സ്ഥലത്ത് അവർ ചെന്നു. ഒരു വലിയ പാറയായിരുന്നു അവിടെ. അവർ പാറ ചുറ്റി നടന്നു പരിശോധിച്ചു. കാടുമൂടിയ ഒരു ഗുഹ അവർ കണ്ടു.
ഫ്രാൻസിസ് മുട്ടുകുത്തി ദൈവത്തെ സ്തുതിച്ചു. “ഞങ്ങൾക്കായി ദൈവമേ നീ ഈ ഗുഹ കാത്തുസൂക്ഷിക്കുകയായിരുന്നോ?’’
ജിയോവാനി പറഞ്ഞു: “ഇത് 1223. ഇത്തവണത്തെ എന്റെ ക്രിസ്മസ് ഇതുവരെ ഞാൻ ആഘോഷിച്ച എല്ലാ ക്രിസ്മസുകളിൽനിന്നും വ്യത്യസ്തമായിരിക്കും.’’
ഒരുക്കം തുടങ്ങുന്നു
പ്രഭു മടങ്ങി. അപ്പോൾത്തന്നെ പുൽക്കൂടു നിർമാണത്തിന് ഒരുക്കങ്ങൾ തുടങ്ങി. ക്രിസ്മസ് ആർഭാടബഹുലമായ ലൗകികാഘോഷമായി മാറിയിരിക്കുന്നതിൽ “അസീസിയിലെ ദരിദ്രൻ’’ വളരെ ദുഃഖിക്കുന്നതായി ജിയോവാനിക്ക് അറിയാം. യേശു എത്ര ദരിദ്രമായ സാഹചര്യത്തിലാണു പിറന്നത് എന്ന് ആളുകൾ കണ്ടറിയണം എന്നത് ആ സന്യാസിയുടെ ആഗ്രഹമാണ്. പുൽക്കൂടു നിർമാണത്തിന്റെ ഉദ്ദേശ്യവും മറ്റൊന്നല്ല.
ഇറ്റലിയിലെ ഹേമന്തം വടക്കൻ പ്രദേശങ്ങളിൽ മാത്രമേ കടുത്തതാകാറുള്ളൂ. മധ്യഇറ്റലിയിൽ സബീനി പർവതം മഞ്ഞുറഞ്ഞു കിടക്കുന്നതും പിഞ്ചുകുഞ്ഞുങ്ങൾ മുട്ടിലിഴയുന്നതുപോലെ മേഘങ്ങൾ നീങ്ങുന്നതും ശിശിരത്തെ വെല്ലുവിളിച്ച് ഓക്ക് മരങ്ങളും ബീച്ച് മരങ്ങളും ഇലകളാർന്നു നിൽക്കുന്നതും ആരെയും ഉറക്കാൻ പോന്ന താരാട്ടുപോലെ ഹൃദയംഗമമാണ്. ദൈവത്തെ സ്പർശിക്കാൻ ഭൂമിയുടെ ശ്രമങ്ങളാണ് പർവതങ്ങളെന്നു ഫ്രാൻസിസ് അസീസിക്കു തോന്നിയിട്ടുണ്ട്. പർവതത്തിന്റെ ഏകാന്തതയിൽ യേശുവുമായി സംവദിക്കുകയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സന്തോഷം.
സന്തോഷത്തിലേക്കുള്ള വഴി
പ്രാർഥനയിൽ ഫ്രാൻസിസ് സന്തോഷിച്ചു. കഠിനമായ ഉപവാസത്തിൽ സന്തോഷിച്ചു. ദാരിദ്ര്യത്തിൽ സന്തോഷിച്ചു. സഹനത്തിൽ സന്തോഷിച്ചു. മറ്റുള്ളവരുമായി ചേർന്നു ദൈവത്തെ സ്തുതിക്കുന്നതിൽ സന്തോഷിച്ചു.
സന്തോഷമായിരുന്നു ഫ്രാൻസിസിന്റെ ജീവിതം. ദൈവത്തിലേക്ക് എത്തുക എന്ന അനിർവചനീയ സന്തോഷത്തിലേക്കുള്ള വഴിയാത്ര. ഗ്രേച്ചിയോയിലെ ആശ്രമത്തിൽനിന്ന് എപ്പോഴും സന്യാസിമാരുടെ ദൈവസ്തോത്രങ്ങൾ ഉയർന്നുകൊണ്ടിരുന്നു. ഇടയ്ക്കിടെ തമാശയും പൊട്ടിച്ചിരിയും. പർവതത്തിന്റെ ചെരിവിൽ പറ്റിപ്പിടിച്ചിരിക്കുന്നതുപോലെയാണ് ആശ്രമം.
തന്റെ ലോകജീവിതം ഇനി ഏറെ നീളുകയില്ലെന്ന് അറിയാമായിരുന്ന ഫ്രാൻസിസ് ജീവിതത്തിന്റെ അവസാനകാലം ചെലവഴിക്കാനും സഹസന്യാസികൾക്ക് ഏകാന്തതയുടെ ദിവ്യാന്തരീക്ഷം ലഭ്യമാക്കാനുമാണ് മലകളും കാടുകളും പുറംലോകത്തിൽനിന്നു വേർപെടുത്തിയിട്ടിരിക്കുന്ന ഗ്രേച്ചിയോയിൽ ആശ്രമം സ്ഥാപിച്ചത്. ഒരു കാറ്റടിച്ചാൽ പാറക്കെട്ടിൽനിന്ന് ആഴത്തിലേക്കു വീണു പോകുമെന്നു തോന്നിക്കുന്ന ആശ്രമം. കാറ്റു വീശുന്പോൾ ദൈവസ്തുതി പാടുന്ന ഇലച്ചാർത്തുകൾ. മാലാഖമാർക്കു നഭസിൽനിന്നു ഭൂമിയിലേക്കിറങ്ങുന്നതിനു കല്പടവുകളാകാൻ പോന്നവിധം പർവതങ്ങൾ.
കാത്തിരുന്ന താഴ്വര
പ്രകൃതിയിലെവിടെയും ദൈവത്തെ കണ്ടുമുട്ടുന്ന ഫ്രാൻസിസ് ഗ്രേച്ചിയോയെയും ശുദ്ധരായ ഗ്രാമീണർ പാർക്കുന്ന റിയേത്തി താഴ്വരയെയും വിശുദ്ധ സ്ഥലങ്ങൾ എന്നാണു വിളിച്ചിരുന്നത്. അവിടത്തെ പക്ഷികളും മൃഗങ്ങളും ഫ്രാൻസീസിനോടെന്നപോലെ ഗ്രാമീണരോടും വളരെ ഇണക്കമുള്ളവയായിരുന്നു.
ക്രിസ്മസിനു വേണ്ടി പ്രകൃതി ഗ്രേച്ചിയോയെ കൂടുതൽ രമണീയവും കുളിർമയുള്ളതും ആക്കിക്കൊണ്ടിരുന്നു. ഫ്രാൻസിസച്ചൻ ബേത്ലഹമിലെ പുൽക്കൂടു പുനഃസൃഷ്ടിക്കാൻ പോകുന്നുവെന്നു താഴ്വരയിലെങ്ങും വാർത്തയൊഴുകി. ഗ്രാമീണർ ആകാംക്ഷയോടെ ക്രിസ്മസിനുവേണ്ടി കാത്തിരുന്നു. ഡിസംബർ 24 സായംസന്ധ്യയിൽ പർവതമുകളിൽ പൂർണചന്ദ്രൻ മുഴുവൻ തേജസോടെ വന്നുനിന്നു. ഗ്രേച്ചിയോ ആശ്രമത്തിൽനിന്നു സാന്ധ്യപ്രാർഥനയ്ക്കു മണിമുഴങ്ങി.
പർവതച്ചെരിവുകളിൽ തട്ടിത്തട്ടി മണിമുഴക്കം താഴ്വരയിലേക്കു പടർന്നു. ഗ്രേച്ചിയോയും താഴ്വരയും പ്രാർഥനാനിരതമായി. രാകേന്ദുവിന്റെ തേജസിൽ വനം മുങ്ങി. രാത്രി കൂടുതൽ കൂടുതൽ തണുത്തുകൊണ്ടിരിക്കേ താഴ്വരയിൽനിന്നും പർവതച്ചെരുവിൽനിന്നും ആളുകൾ പർവതം കയറിക്കൊണ്ടിരുന്നു. അവരുടെ കൈകളിലെ മെഴുകുതിരികളുടെയും പന്തങ്ങളുടെയും വെളിച്ചം അരുവികളിൽ നിലാവുമായി കൂടിക്കുഴഞ്ഞു. ഒറ്റത്തടിപ്പാലങ്ങളിലൂടെ വേച്ചുവേച്ച് ആളുകളുടെ നിരകൾ പർവതത്തിലേക്കു നീങ്ങി.
ജിയോവാനി എല്ലാം ഒരുക്കിയിരുന്നു. ഗുഹയിൽ എത്തുംമുന്പുള്ള ഒരു പാറക്കുന്നിൽ ഫ്രാൻസിസും മറ്റു സന്യാസിമാരും മുട്ടുകുത്തിനിന്നു പ്രാർഥിക്കുന്നുണ്ടായിരുന്നു.
പാതിരാകുർബാനയ്ക്കു പള്ളിമണി മുഴങ്ങിയപ്പോൾ എല്ലാവരും ഗുഹയിലേക്കു നടന്നു. ഫ്രാൻസിസ് അസീസി വൈദികന്റെ വേഷത്തിലായിരുന്നില്ല, ഡീക്കന്റെ വേഷത്തിലായിരുന്നു.
പുൽക്കൂടിനു സമീപം ഒരുക്കിയിരിക്കുന്ന അൾത്താരയിൽ ദിവ്യബലി അർപ്പിക്കേണ്ട വൈദികനോടു ഫ്രാൻസിസ് പറഞ്ഞു: ""അച്ചൻ പ്രസംഗിക്കണം.’’
""അല്ല, സുവിശേഷ വായനയും പ്രസംഗവും ഫ്രാൻസിസ് ചെയ്യണം’’ -വൈദികൻ പറഞ്ഞു.
""ഞാൻ കരഞ്ഞുപോകും’’ - ഫ്രാൻസിസിന്റെ കണ്ഠമിടറി.
""ഇല്ല പ്രസംഗിക്കാനുള്ള കരുത്തു പരിശുദ്ധാത്മാവ് തരും.’’
സന്യാസിമാരോടൊപ്പം ഗ്രാമീണരും ഗുഹയിലേക്കു പ്രവേശിച്ചു. അവിടെ ഒരു കാളയും ഒരു കഴുതയും ഉണ്ടായിരുന്നു. അവിടവിടെ കച്ചിക്കൂന്പാരങ്ങൾ. പുൽക്കൂടു കാണാനെത്തിയ ഒരു സ്ത്രീയെയും ഒരു പുരുഷനെയും ജിയോവാനി പരിശുദ്ധ മറിയത്തിന്റെയും യൗസേപ്പിതാവിന്റെയും വേഷത്തിലാക്കി. ഉണ്ണിയേശുവിന്റെ തിരുസ്വരൂപം വൈദികൻ കൈകളിൽ അരുമയായി എടുത്ത് വൈക്കോൽ വിരിപ്പിൽ കിടത്തി. യൗസേപ്പിതാവും മാതാവും ഉണ്ണിയെ പുതപ്പിക്കാൻ ഒരു തുണിക്കഷണം തെരഞ്ഞു. ഒടുവിൽ അവർ സ്വന്തം വസ്ത്രം കീറിയെടുത്ത് കുഞ്ഞിനെ പുതപ്പിച്ചു.
കണ്ണീരൊഴുകുന്നു
അപ്പോഴേക്കും തണുപ്പു കനത്തിരുന്നു. പുറത്തുനിന്നു ശീതക്കാറ്റ് ഗുഹക്കുള്ളിലേക്ക് അതിക്രമിച്ചു. ഫ്രാൻസിസ് അസീസിയുടെ കണ്ണുകൾ ഉണ്ണിയേശുവിന്റെ രൂപത്തിൽ തറഞ്ഞിരിക്കുകയായിരുന്നു. ബ്രഹ്മാണ്ഡത്തിന്റെ സ്രഷ്ടാവ് നിസഹായനായ ഒരു മനുഷ്യശിശുവായി ഏറ്റവും ദരിദ്രമായ സാഹചര്യത്തിൽ പിറന്നതോർത്ത് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പല സന്യാസിമാർക്കും ചില കാഴ്ചക്കാർക്കും കണ്ണീരൊതുക്കാനായില്ല.
ദിവ്യബലിക്കിടയിൽ സുവിശേഷം വായിക്കുന്പോൾ ഫ്രാൻസിസ് അസീസി പലവട്ടം വിതുമ്മി. മനുഷ്യരെ അത്രമേൽ സ്നേഹിക്കയാൽ മനുഷ്യന്റെ എല്ലാ നിസഹായതകളിലൂടെയും വേദനകളിലൂടെയും മുപ്പത്തിമൂന്നു വർഷം ചരിച്ച ഈശോ.
പ്രസംഗത്തിൽ ഈശോ എന്ന പേര് ഉച്ചരിക്കേണ്ടി വന്നപ്പോഴെല്ലാം ഫ്രാൻസിസിന്റെ സ്വരമിടറി. അതിനാൽ അപ്പോഴൊക്കെ അദ്ദേഹം ""ബേത്ലഹമിലെ... ഉണ്ണി...’’ എന്നു മാത്രം പറഞ്ഞു. ഇടയ്ക്ക് ഉണ്ണീശോയെ, ഒട്ടുമേ നോവാത്തവിധം കൈയിലെടുത്തു നെഞ്ചോടു ചേർത്തു.
കാഴ്ചക്കാർക്കു ബേത്ലഹമിലെ പിറവി കാണുന്ന അനുഭൂതിയായിരുന്നു. നിറയാത്ത കണ്ണുകൾ കുറവായിരുന്നു. ഇടയന്മാരായി ജിയോവാനി നിയോഗിച്ച ഇടയബാലന്മാർ ഉണ്ണീശോയെ തൊഴുത് ജന്മസാഫല്യം കൈവന്നതുപോലെ നിന്നു.
മാലാഖമാരുടെ പാട്ടുകൾ എല്ലാവരും ചേർന്നു പാടി. അതങ്ങനെ നീണ്ടു. ആ പാട്ടുകൾ വനത്തിലും സബീനി പർവതത്തിന്റെ ശിഖരങ്ങളിലും മാറ്റൊലിക്കൊണ്ടുകൊണ്ടിരുന്നു.
അത് അതുവരെയില്ലാത്ത രാത്രിയായിരുന്നു. പുലരുംമുന്പേ എല്ലാവരും ഗുഹയ്ക്കു മുന്പിലും മരങ്ങൾക്കു കീഴിലുമൊക്കെയായി ഭക്ഷണം കഴിച്ചു.
പുൽക്കൂടുകൾ
നീഹാരശീകരങ്ങളിൽ കുളിച്ച്, പിൻനിലാവിലൂടെ അവർ സ്വന്തം വീടുകളിലേക്കു മടങ്ങി-ഉണ്ണിയേശുവിനെ നേരിൽക്കണ്ട നിർവൃതിയോടെ; ബ്രഹ്മാണ്ഡാധിപൻ ഭൂമിയിൽ വന്നപ്പോൾ സ്വീകരിച്ച ദാരിദ്ര്യം തൊട്ടറിഞ്ഞ അനുഭവ വിശേഷത്തോടെ. ഫ്രാൻസിസ് അസീസിയെ ഗ്രേച്ചിയോയിലേക്ക് അയച്ച ദൈവത്തെ സ്തുതിച്ചുകൊണ്ട്.
***
പിറ്റേവർഷം ഇറ്റലിയിലെ പല പള്ളികളിലും പുൽക്കൂടുകൾ നിർമിക്കപ്പെട്ടു. പക്ഷേ, ജീവനുള്ള കഥാപാത്രങ്ങൾക്കു പകരം മരംകൊണ്ടോ മണ്ണുകൊണ്ടോ മെനഞ്ഞ രൂപങ്ങളാണു പുൽക്കൂട്ടിൽ നിരത്തിയത്.
ഗ്രേച്ചിയോ പുൽക്കൂടിന്റെ പിറ്റേ വർഷം, 1224ൽ, ലാ വെർണാ പർവതത്തിൽ ധ്യാനത്തിൽ ആണ്ടിരിക്കേ ഫ്രാൻസിസ് അസീസി പഞ്ചക്ഷത ധാരിയായി. കൈകാലുകളിലെയും നെഞ്ചിലെയും മുറിവുകളുടെ കഠിനവേദനയോടെ രണ്ടു വർഷം ജീവിച്ച അദ്ദേഹം 1226ൽ താൻ എത്രയോ കാലമായി, എത്രയോ തീവ്രമായി, ആഗ്രഹിച്ച യേശുസവിധത്തിലേക്കു യാത്രയായി. വയസ് 44. അസീസിയിലായിരുന്നു അവസാന നാളുകൾ. 1228ൽ ഗ്രിഗറി ഒന്പതാം മാർപാപ്പ ഫ്രാൻസിസ് അസീസിയെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഗ്രേച്ചിയോയിൽ ഫ്രാൻസിസിന്റെ ആഗ്രഹപ്രകാരം പുൽക്കൂടു നിർമിച്ച സ്ഥലത്ത് 1228ൽത്തന്നെ ഒരു ചെറിയ പള്ളി സ്ഥാപിക്കപ്പെട്ടു.
ശൈലസാനുവിലെ ആ ദേവാലയത്തിൽ ക്രിസ്മസ് രാത്രികളിൽ ആളുകൾ കിടപ്പാടമില്ലാത്ത ഉണ്ണിയേശുവിന്റെ രൂപം കണ്ണുകൾക്കൊണ്ടും അസീസിയിലെ ദരിദ്രനെ മനസുകൊണ്ടും കാണുന്നു.
ജോണ് ആന്റണി