നൂറടി താഴ്ചയുള്ള കൽക്കരി ഖനിയിൽനിന്ന് ഒരു രൂപം കിട്ടുന്നു. അതു കാളിദേവിയാണെന്നു ധരിച്ച് ഒരു മുറിയിൽ പ്രതിഷ്ഠിച്ചു നാട്ടുകാർ പൂജയും ഭജനുമൊക്കെ നടത്തുന്നു. അതിനിടയിൽ ഒരു അപ്രതീക്ഷിത വഴിത്തിരിവ്. ഇതു കാളിദേവിയല്ല, കന്യാമറിയമാണെന്ന് അവർ തിരിച്ചറിയുന്നു. ജാർഖണ്ഡിന്റെ കറുത്ത മുത്ത് എന്നറിയപ്പെടുന്ന ധോരിമാതാവിന്റെ നാട്ടിലേക്ക് ഒരു യാത്ര.
1956 ജൂണ്‍ 21. ജാർഖണ്ഡിലെ ഖനി മേഖലയായ ജറണ്ടിയിലെ ധോരിയിൽ നൂറുകണക്കിനു തൊഴിലാളികൾ കൽക്കരി കുഴിച്ചെടുക്കുന്ന ജോലിയിൽ വ്യാപൃതരായിരിക്കുകയായിരുന്നു. പതിവുപോലെ രൂപാ സത്മാനി എന്ന ഖനിത്തൊഴിലാളി തന്റെ കിണറിൽ ഏകനായിനിന്ന് പിക്കാസ് ഉപയോഗിച്ചു കൽക്കരി വെട്ടിയെടുക്കുന്ന തിരക്കിലായിരുന്നു. പെട്ടെന്നു സമീപത്തെവിടെനിന്നോ ഒരു സ്ത്രീശബ്ദം. "മൃദുവായി വെട്ടുക, ഞാനിവിടെയുണ്ട്''.. ഇങ്ങനെ കേട്ടതായിട്ടാണ് രൂപാ സത്മാനി പറയുന്നത്.
ആ ശബ്ദം കേട്ടതും അദ്ദേഹം ഭയന്നുപോയി. കാരണം നൂറടിയോളം താഴ്ചയുള്ള കിണറിൽ ജോലി ചെയ്യാൻ സ്ത്രീകൾക്ക് അനുവാദമില്ല. അവർ അങ്ങനെ ജോലിചെയ്യുകയുമില്ല. പിന്നെയെങ്ങനെയാവും കിണറിൽ ഒരു സ്ത്രീശബ്ദം മുഴങ്ങിയത്? അടുത്ത ചിന്തയിൽ അയാൾ വിറച്ചുപോയി... ഭൂതമായിരിക്കുമോ? പിന്നെ ഒരു നിമിഷം അവിടെ നിൽക്കാനുള്ള ധൈര്യമില്ലായിരുന്നു. സമീപത്തു ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളെ വിളിച്ചുകൊണ്ടുവന്നു. അവരോടു കാര്യം പറഞ്ഞു.
കൽക്കരിക്കുള്ളിൽ
നിന്റെ തോന്നലായിരിക്കുമെന്നൊക്കെ പറഞ്ഞ് അവർ കളിയാക്കിയെങ്കിലും ശബ്ദം കേട്ടെന്നു സത്മാനി ഉറപ്പിച്ചു പറഞ്ഞ ഭാഗത്തെ കൽക്കരിയിൽ അവർ പിക്കാസുകൊണ്ട് ആഞ്ഞുകൊത്തിയടർത്തി. അടുത്ത നിമിഷം കുറെ കൽക്കരിക്കൊപ്പം ഒരു രൂപം ഇളകിയെത്തി. അതെന്താണെന്നറിയാൻ അവർ വീണ്ടും വെട്ടിയതോടെ ആ പ്രതിമയുടെ ഒരു കൈ മുറിഞ്ഞുപോയി. കരിയിൽ പൊതിഞ്ഞിരുന്ന ആ രൂപം അവർ എടുത്തു. കറുത്ത നിറത്തിലുള്ള ഒരു സ്ത്രീശില്പം. ഇതു കാളീദേവിയാണെന്ന് ഒരാൾ പറഞ്ഞു. കഷ്ടകാലത്തു തങ്ങളെ അനുഗ്രഹിക്കാൻ എത്തിയ കാളിദേവിയാണ് ഇതെന്ന് അവർ വിശ്വസിച്ചു. കാളിമയ്യാ എന്നും ദുർഗാദേവി എന്നുമൊക്കെ പേരു വിളിച്ച് അവർ അതിനുമുന്നിൽ ആരാധനയും തുടങ്ങി.
ഖനിപ്രദേശത്തെ ഉപേക്ഷിക്കപ്പെട്ട ഒരു മുറി വൃത്തിയാക്കി ദുര്ഗമയ്യയെ അവിടെ പ്രതിഷ്ഠിച്ചു. പിന്നെ എല്ലാ ദിവസവും പൂജയും ഭജനയും കീര്‍ത്തനങ്ങളും ആരാധനയുമൊക്കെയായി അവിടം സജീവമായി. ഖനിമേഖലയുടെ ദേവിയായി ദുർഗമയ്യയുടെ കീർത്തി വളരെ വേഗം പ്രചരിച്ചു. ആളുകൾ ഒഴുകിയെത്തി. എന്നാൽ, യഥാർഥ ട്വിസ്റ്റ് വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഖനിത്തൊഴിലാളികളുടെ ആ കാളിദേവി ജാർഖണ്ഡിലെ കറുത്ത മുത്ത് എന്നറിയപ്പെടുന്ന ധോരി മാതാവ് ആയി മാറിയതായിരുന്നു പിന്നീട് സംഭവിച്ച അദ്ഭുതം.
കൽക്കരി നാട്
നേപ്പാൾ യാത്ര കഴിഞ്ഞാണ് ഞാൻ ജാർഖണ്ഡിലേക്ക് എത്തിയത്. ധോരിമാതാവിനെക്കുറിച്ചു കേട്ടറിഞ്ഞപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു അവിടെ പോകണമെന്ന്. കേരളത്തിൽ ബഹുഭൂരിപക്ഷം പേരും ഈ പേരു പോലും കേട്ടിട്ടില്ലെന്നതാണ് സത്യം. ധോരിമാതാവിന്റെ കപ്പേളയിലേക്ക് എന്നെ വഴികാട്ടിയതും വിശേഷങ്ങൾ വിവരിച്ചുതന്നതും ജറണ്ടി മഠത്തിലെ സിസ്റ്റര്‍ ഷെറിന് ജോസഫ് ആയിരുന്നു.
2000 നവംബർ 15നാണ് ബിഹാറും അതിനോടു ചേർന്നുള്ള സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളും കൂട്ടിച്ചേർത്ത് ജാർഖണ്ഡ് എന്ന സംസ്ഥാനം നിലവിൽവന്നത്. റാഞ്ചിയാണ് തലസ്ഥാനം. ഖനി വ്യവസായങ്ങൾക്കു പേരു കേട്ട സംസ്ഥാനം. ഇരുന്പിനും കൽക്കരിക്കും പേരുകേട്ട നിരവധി കന്പനികൾ ഇവിടെയുണ്ട്. പല കാലഘട്ടങ്ങളിലായി നിരവധി മലയാളികളും ഈ മേഖലകളിൽ ജോലി ചെയ്തിരുന്നു. ഭൂമിക്കടിയിലെ കറുത്ത മുത്ത് എന്നാണ് കൽക്കരി അറിയപ്പെടുന്നത്.
മലിനീകരണത്തിന്റെയും ആഗോളതാപനത്തിന്റെയുമൊക്കെ പേരിൽ ഫോസിൽ ഇന്ധനങ്ങളിൽനിന്നു വിടപറയണമെന്ന ആഹ്വാനം ആഗോളതലത്തിൽ ഉണ്ടെങ്കിലും ഇന്നും ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ കൽക്കരിയുടെ പ്രാധാന്യവും ഉപയോഗവും കാര്യമായി കുറഞ്ഞിട്ടില്ല. പ്രത്യേകിച്ച് വൈദ്യുതി ഉത്പാദനരംഗത്ത്. കേരളത്തിൽ ജലവൈദ്യുതി പദ്ധതികളിൽനിന്നാണ് കൂടുതലും വൈദ്യുതിയെങ്കിലും കേന്ദ്രവൈദ്യുതിയായി കേരളത്തിലേക്ക് എത്തുന്നതു കൽക്കരി വൈദ്യുതിയാണ്. ഇന്ത്യയിൽ 60 ശതമാനത്തോളം വൈദ്യുതിയും കൽക്കരി ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്നതാണെന്നാണ് കണക്ക്.
ഖനിജീവിതം
1825ൽ ബ്രിട്ടീഷുകാർ കൽക്കരി ഖനനം ആരംഭിച്ചപ്പോൾ മുതൽതന്നെ തൊഴിലാളികളുടെ കാര്യം വലിയ ദുരിതത്തിലായിരുന്നു. കനത്ത ഇരുട്ടിലായിരുന്നു പലരുടെയും ജോലി. അതുപോലെ അതീവ സാഹസികമായിരുന്നു ഖനികളിലെ ജോലി. വിഷവായു ശ്വസിച്ചും സ്ഫോടനത്തിലും ഖനികളിൽ മണ്ണിടിഞ്ഞുമൊക്കെ ദുരന്തങ്ങളും തുടർക്കഥയായി. കനത്ത മഴയിൽ ഖനികളിൽ വെള്ളം നിറഞ്ഞു പലർക്കും ജീവൻ നഷ്ടപ്പെട്ടു.
ഏതാണ്ട് 1973വരെ ഇതൊക്കെത്തന്നെയായിരുന്നു സ്ഥിതി. ഭൂമിക്കടിയിലെ ജോലി ദുഷ്കരവും സാഹസികവും അരക്ഷിതവുമായി തുടർന്നു. ലോകത്തിലെതന്നെ ഏറ്റവും ആയുർദൈർഘ്യം കുറഞ്ഞവർ ഖനിത്തൊഴിലാളികളായിരുന്നു. എന്നാൽ, 1971 മുതൽ 73 വരെ രണ്ടു ഘട്ടമായി കൽക്കരിഖനനം ദേശസാത്കരിച്ചു. 1975ൽ ഇതിനെ കോൾ ഇന്ത്യ ലിമിറ്റഡ് എന്ന മന്ത്രാലയത്തിനു കീഴിലാക്കി. ഒരു പരിധിവരെ സ്വകാര്യ കന്പനികളുടെ ചൂഷണത്തിൽനിന്നു തൊഴിലാളികൾക്കു സംരക്ഷണമുണ്ടായി. അവർക്ക് ഇൻഷ്വറൻസ് പരിരക്ഷ കൊണ്ടുവന്നു. ഖനി ജോലികൾക്കു പല നിബന്ധനകളും നിലവിൽവന്നു.
കറുത്ത മുത്ത്
കൽക്കരി ഖനികളോടനുബന്ധിച്ചു പല ടൗണുകളും നഗരങ്ങളുമൊക്കെ വികാസം പ്രാപിച്ചിരുന്നു. ജാര്‍ഖണ്ഡിലെ പ്രസിദ്ധമായ ഒരു വ്യവസായ കേന്ദ്രവും രണ്ടാമത്തെ വലിയ നഗരവുമാണ് ബൊക്കാറോ. അവിടെനിന്ന് 50 കിലോമീറ്റർ സഞ്ചരിച്ചാൽ ധോരിയിലെത്താം. റാഞ്ചിയിൽനിന്നാണെങ്കിൽ 115 കിലോമീറ്റർ. ധോരിയുടെ ഏറ്റവുമടുത്ത റെയിൽവേ സ്റ്റേഷൻ ചന്ദ്രപുരയാണ്.
ക്രിസ്ത്യാനികൾ പേരിനു പോലും ഇല്ലാത്ത ഒരു മേഖലയിലെ ഖനിപ്രദേശത്തിന്റെ പേര് എങ്ങനെ കന്യാമറിയത്തിന്റെ പേരുമായി കൂട്ടിച്ചേർക്കപ്പെട്ടു എന്നതായിരിക്കും ഇപ്പോൾ നിങ്ങളുടെ ആലോചന. ആ സംഭവത്തെയാണ് കന്യാമറിയത്തിന്റെ അദ്ഭുതം എന്നു ജാർഖണ്ഡുകാർ വിളിക്കുന്നത്. 1956ൽ ആണ് സംഭവം. ക്രിസ്തുവിനെക്കുറിച്ചോ മാതാവിനെക്കുറിച്ചോ യാതൊന്നും അറിയാൻ പാടില്ലാതിരുന്ന ഒരു നാട്. ക്രൈസ്തവ വിശ്വാസികളുടെ സാന്നിധ്യം തീരെയില്ല. ആ ധോരിയിലെ കന്യാമറിയമാണ് ഇപ്പോൾ ജാർഖണ്ഡിന്റെ മുഴുവൻ കറുത്ത മുത്ത് എന്നറിയപ്പെടുന്ന ധോരി മാതാവ്.
വഴിത്തിരിവ്
രൂപാ സത്മാനിക്കു കൽക്കരി ഖനിയിൽനിന്നു കിട്ടിയ സ്ത്രീശില്പത്തെ ഇതിനകം ഖനിത്തൊഴിലാളികൾ തങ്ങളുടെ അമ്മയായും മൂർത്തിയായും സ്വീകരിച്ചുകഴിഞ്ഞിരുന്നു. ഈ വാർത്ത ഖനികളിൽനിന്നു ഖനികളിലേക്കു വ്യാപിച്ചു. പല ഭാഗങ്ങളിൽനിന്നും ആളുകൾ പൂജയ്ക്കായും ഭജൻ അർപ്പിക്കാനും എത്തിക്കൊണ്ടിരുന്നു. ഇതിനിടെ, രൂപാ സത്മാനിയുടെ രോഗിണിയായ അമ്മ ഒരു സ്വപ്നം കണ്ടു. തനിക്ക് ഒരു ആലയം നിർമിക്കണമെന്നും തന്നെ വന്നു കാണുന്നവർക്ക് ഉദ്ദിഷ്ടകാര്യങ്ങൾ സാധിക്കുമെന്നും താൻ സകലരുടെയും അമ്മയാണെന്നും ഈ നാടിനു പുരോഗതിയുണ്ടാകുമെന്നും ഒരു സ്ത്രീ സ്വപ്നത്തിൽ വന്നു പറഞ്ഞതായി അവർ വെളിപ്പെടുത്തി.
ഈ സ്വപ്നത്തിനു പിന്നാലെ രൂപാ സത്മാനിയുടെ അമ്മയുടെ രോഗം ഭേദമാവുകയും ചെയ്തു. ഇതോടെ ആളുകളുടെ ഭക്തി വർധിച്ചു. ഖനിത്തൊഴിലാളികളുടെ ദേവിയെ കാണാൻ മറ്റു നാടുകളിൽനിന്നു പോലും ആളുകൾ എത്തിത്തുടങ്ങി. അങ്ങനെയിരിക്കെ ആന്ധ്രയിൽനിന്ന് ക്രൈസ്തവനായ ഒരു ഉദ്യോഗസ്ഥൻ ധോരിഖനിയിൽ ജോലിക്കെത്തി. കാളിമയ്യയെക്കുറിച്ചു മറ്റുള്ളവർ പറയുന്ന വിശേഷങ്ങൾ കേട്ടപ്പോൾ അവിടം സന്ദർശിക്കണമെന്ന് ഈ ഉദ്യോഗസ്ഥനു തോന്നി. അങ്ങനെ അദ്ദേഹം കാളിമയ്യയെ പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലത്തെത്തി. അപ്പോഴാണ് ദേവിയുടെ കൈയിൽ ഒരു കുട്ടിയുള്ളതായി അദ്ദേഹം ശ്രദ്ധിച്ചത്.
ധോരി മാതാവ്
ഹിന്ദുദേവതകളുടെ കൂട്ടത്തിൽ കൈയിൽ കുട്ടിയുമായി നിൽക്കുന്ന ദേവിയെ ആർക്കും പരിചയമില്ല. പ്രത്യേകിച്ചു കാളിദേവിയുടെ കൈയിൽ കുട്ടിയുമായി ആരും ചിത്രീകരിക്കാറില്ല. കാരണം അവർ ബ്രഹ്മചാരിണിയാണ്. ഈ ഉദ്യോഗസ്ഥൻ പറഞ്ഞപ്പോഴാണ് ഇക്കാര്യം സ്ഥലവാസികളും ശ്രദ്ധിക്കുന്നത്. ഇത് യേശുവിന്റെ അമ്മയായ കന്യാമറിയമാണെന്നും കൈയിലിരിക്കുന്നത് ഉണ്ണിയേശു ആണെന്നും ഈ ഉദ്യോഗസ്ഥൻ അവരെ പറഞ്ഞു മനസിലാക്കി.
തുടർന്ന് അദ്ദേഹം ഈ വിവരം ബൊക്കാറോയിലുള്ള പള്ളി വികാരിയെ അറിയിച്ചു. അവിടെ വികാരിയായിരുന്ന ഫാ.ആൽബർട്ട് വർബ്രാക്കൻ എസ്ജെ തന്റെ ഇടവകയിലെ ചിലരോടൊപ്പം അവിടെയെത്തി. രൂപം കണ്ടപ്പോഴേ അതു കന്യാമറിയമാണെന്ന് അച്ചനും തിരിച്ചറിഞ്ഞു. തുടർന്ന് നാട്ടുകാർ അവരുടെ കമ്മിറ്റി വിളിച്ചുകൂട്ടി. ഈ രൂപം കന്യാമറിയത്തിന്റേതാണെന്നും ഇതു പള്ളിയിൽ കൊണ്ടുപോയി സ്ഥാപിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം അവരുടെ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. യാഥാർഥ്യം ബോധ്യപ്പെട്ട നല്ലവരായ ആ ഹിന്ദു സഹോദരങ്ങൾ അത് അംഗീകരിച്ചു. അങ്ങനെ ധോരിയിൽനിന്ന് അല്പം അകലെയുള്ള ജറണ്ടിയിൽ ഒരു ചെറിയ മുറിയിൽ മാതാവിന്റെ രൂപം സ്ഥാപിച്ചു. ഇവിടെ തിരികത്തിച്ചു പ്രാർഥിക്കാൻ നിരവധിപ്പേർ എത്തി.
ഇവിടെ പ്രാർഥിക്കാൻ എത്തുന്നവർക്കു സൗഖ്യവും ആശ്വാസവും കിട്ടുന്നതായുള്ള സാക്ഷ്യങ്ങൾ പലരും രേഖപ്പെടുത്തിയതോടെ നാനാജാതി മതസ്ഥർ ഇവിടേക്ക് ഒഴുകിയെത്താൻ തുടങ്ങി. വൈകാതെ ജറണ്ടിയിൽ റോഡിനോടു ചേർന്ന് ഒരു ആലയം നിർമിച്ച് മാതാവിന്റെ രൂപം അവിടേക്കു മാറ്റി. അവിടെ വിശുദ്ധ കുർബാനയും നൊവേനയുമൊക്കെ ആരംഭിച്ചു. രൂപം ധോരിയിൽനിന്നു ലഭിച്ചതുകൊണ്ട് ധോരിമാതാവ് എന്നു വിളിക്കപ്പെട്ടു.
ഇതിനിടെ, ഈ രൂപത്തിന്റെ കാലപ്പഴക്കം ശാസ്ത്രീയമായി നിർണയിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടായിരുന്നു. മുംബൈയിലും പൂനയിലും പിന്നീട് ബെൽജിയത്തിലും അയച്ചു നടത്തിയ പരിശോധനയിൽ ഈ രൂപം പ്ലാവിൻതടിയിൽ തീർത്തതാണെന്നും നാനൂറു വർഷത്തിലേറെ പഴക്കമുണ്ടെന്നും കണ്ടെത്തി.
ഇതാണ് അദ്ഭുതം
കാലപ്പഴക്കംകൊണ്ട് ഭൂമിയിലാണ്ടു കിടന്ന മറ്റു വസ്തുക്കളെല്ലാം കൽക്കരിയായി മാറിയപ്പോഴും ഈ രൂപം മാത്രം കേടുകൂടാതെ അവിടെ കിടന്നത് അദ്ഭുതമാണെന്നു നാട്ടുകാർ പറയുന്നു. കൽക്കരിക്കുള്ളിൽ കിടന്നതിനാൽ കറുത്ത നിറത്തിലായി എന്ന മാറ്റം മാത്രമാണ് ഇതിനു സംഭവിച്ചത്. രൂപാ സത്മാനിയുടെ അമ്മ സ്വപ്നത്തിൽ കേട്ടതുപോലെ ഒരു ഖനി മാത്രമായിരുന്ന ധോരി ജറണ്ടി പ്രദേശം ഒരു ഗ്രാമമായി മാറുകയും പിന്നീട് ഒരു പട്ടണമായി വളരുകയും ചെയ്തു. എങ്കിലും കൽക്കരിയുടെ പൊടിയും കൂറ്റൻ ട്രക്കുകളുടെ രാപകലില്ലാതെയുള്ള ഒാട്ടവും മൂലം റോഡിനോടു ചേർന്നുള്ള ആലയം വേണ്ട രീതിയിൽ സംരക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഖനിത്തൊഴിലാളികളും കന്പനി ഉദ്യോഗസ്ഥരും മുൻകൈയെടുത്ത് ഈ ആലയത്തിന് അല്പംമാറി ഒരു മനോഹരമായ കപ്പേള പണി തീർത്തു.
തിരുനാൾ ഒക്ടോബറിൽ
1983 ഒക്ടോബർ 30നാണ് കപ്പേള ആശീർവദിച്ചത്. ഇപ്പോൾ ഇവിടെയാണ് വിശുദ്ധ കുർബാനയും മറ്റ് ആഘോഷങ്ങളും. അതേസമയം, ഇപ്പോൾ കപ്പേളയുടെ 10 മീറ്റർ അടുത്തു വരെ ഖനനം എത്തിക്കഴിഞ്ഞു. അതിനാൽ ദാമോദർ നദിയുടെ തീരത്തു പുതിയ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ധോരിമാതാവിന്റെ ദേവാലയവും ഇവിടെ പ്രവർത്തിക്കുന്ന സ്കൂളുമെല്ലാം അവിടേക്കു മാറ്റി സ്ഥാപിക്കാനാണ് തീരുമാനം. അതിനുള്ള ശ്രമങ്ങൾ ഹസാരിബാഗ് മെത്രാൻ ഡോ.ആനന്ദ് ജോജോയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. സമീപകാലത്തുതന്നെ കൂടുതൽ സൗകര്യപ്രദമായ പുതിയ സ്ഥലത്തേക്കു ധോരിമാതാവ് പ്രതിഷ്ഠിക്കപ്പെടും.
എല്ലാ വര്‍ഷവും ഒക്ടോബര്‍ അവസാന ശനിയും ഞായറുമാണ് പ്രധാന തിരുനാള്‍ ദിനങ്ങള്‍. അതിനു മുന്നോടിയായി ഒമ്പതു ദിവസത്തെ നവനാള്‍ പ്രാര്‍ഥന നടക്കും. ശനിയാഴ്ച നടക്കുന്ന പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പ്രദക്ഷിണവും വിശുദ്ധ കുർബാനയുമാണ് തിരുനാളിന്റെ ഏറ്റവും വലിയ പ്രത്യേകത. ഞായറാഴ്ച 10നു വിശുദ്ധ കുര്‍ബാനയോടെ തിരുനാള്‍ അവസാനിക്കും. ശനിയാഴ്ച നടക്കുന്ന പ്രദക്ഷിണം കാണേണ്ട കാഴ്ചയാണ്. കൃത്യമായ ഒരുക്കവും ചിട്ടയും ആരുടെയും മനംകവരും.
ജാർഖണ്ഡിന്റെ മധ്യസ്ഥ
ധോരി മാതാവിന്റെ രൂപത്തിന് ഏതാണ്ട് ഒന്നര അടി ഉയരമാണ് കഷ്ടിച്ചുള്ളത്. കറുത്ത നിറമാണ് എന്നതൊഴിച്ചാൽ 400 വര്‍ഷക്കാലം ഭൂമിക്കടിയില്‍ കിടന്നാലുണ്ടാകാവുന്ന അവസ്ഥാ മാറ്റങ്ങളൊന്നും ഈ രൂപത്തിൽ കാണുന്നില്ല. എന്നാൽ, ഖനിയിൽ എങ്ങനെ മാതാവിന്റെ രൂപം കാണപ്പെട്ടു എന്നതിനെ വിശദീകരിക്കാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. അതാണ് അദ്ഭുതമെന്നു നാട്ടുകാർ പറയുന്നു.
തിരുനാൾ ദിനങ്ങളിൽ മാതാവിനെ വണങ്ങാനും ചിത്രം പകർത്താനുമൊക്കെ വൻ തിരക്കാണിവിടെ. 1964ലെ ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ സംബന്ധിക്കാന്‍ ഇന്ത്യയിൽ എത്തിയ പോള്‍ ആറാമന്‍ മാര്‍പാപ്പ ഈ രൂപത്തെ ആശിര്‍വദിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തിരുന്നു.
1970ല്‍ ഡാള്ട്ടണ്ഗഞ്ച് രൂപത സ്ഥാപിതമായപ്പോള്‍ ബിഷപ് ഡോ. ജോര്‍ജ് സൗപിന്‍ ധോരി മാതാവിനെ രൂപതയുടെ സ്വർഗീയ മധ്യസ്ഥയായി പ്രഖ്യാപിച്ചു. 1995ല്‍ ഹസാരിബാഗ് പുതിയ രൂപത ആയപ്പോള്‍ ബിഷപ് ഡോ.ചാള്‍സ് സൊറോംഗ് ധോരി മാതാവിനെ ഹസാരിബാഗ് രൂപതയുടെ മധ്യസ്ഥയായും പ്രഖ്യാപിച്ചു.
ജാതിമതഭേദമെന്യേ എല്ലാവരും ഇവിടെവന്നു പ്രാര്‍ഥിച്ച് അനുഗ്രഹം തേടുന്നതിനാൽ ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ മധ്യസ്ഥയാണ് ധോരിമാതാവെന്നാണ് ജനങ്ങൾ പറയുന്നത്. കേരളത്തില്‍നിന്ന് ആലപ്പുഴ ധന്‍ബാദ് ട്രെയിനില്‍ (ട്രെയിന്‍ നമ്പര്‍:13352) ചന്ദ്രപുര റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി അവിടെനിന്നു ധോരിമാതാവിന്റെ പുണ്യസ്ഥലമായ ജറണ്ടിയില് എത്താം.
സണ്ണി പാത്തിക്കൽ