പോളിയോയില്‍ ശോഷിച്ച് ചലനമറ്റ വലതുകൈ. അനുകമ്പ തോന്നി ആരെങ്കിലും നാലുരുള വാരിക്കൊടുത്താല്‍ വിശപ്പകറ്റാം. പരസഹായമില്ലാതെ ഒരു കാര്യവും ചെയ്യാനാവാത്ത പരിമിതികളുടെ ബാല്യം. മൂന്നര വയസ് തികയുന്നതിനു മുന്‍പ് എത്തി, അടുത്ത ദുരന്തം. റോഡ് കുറുകെ കടക്കുന്നതിനിടെ പാഞ്ഞുവന്ന ലോറി ഇടിച്ചുവീഴ്ത്തി. മുട്ടിനു താഴെ വലതുകാല്‍ മുറിച്ചാണ് ലോറി മുന്നോട്ടു പോയത്. ചലനം കുറഞ്ഞ കൈയും നഷ്ടപ്പെട്ട കാലുമായി ഇരുള്‍മുറിയില്‍ നീന്തിനിരങ്ങി നരകിച്ച ബാല്യം.
ആന്ധ്രപ്രദേശിൽ ഏതോ ഒരു ഗ്രാമത്തില്‍ താണ്ടിയ ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും ബാല്യത്തെക്കുറിച്ച് പ്രസാദിന് ഇപ്പോള്‍ മങ്ങിയ ഓര്‍മകളേയുള്ളൂ. അത് തീരെ ചെറിയൊരു മണ്ണുവീടായിരുന്നു. ഒരിക്കല്‍പ്പോലും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല അച്ഛനും അമ്മയും. അതുകൊണ്ടുതന്നെ വേര്‍പിരിഞ്ഞായിരുന്നു അവരുടെ കുടുംബജീവിതം. അമ്മയ്ക്കൊപ്പം തനിക്കൊരു അനുജത്തികൂടി ഉണ്ടായിരുന്നതായാണ് പ്രസാദിന്റെ ഓർമ.
അച്ഛന്റെ സംരക്ഷണത്തിലായിരുന്നു പ്രസാദ്. ലോറി കയറി ശേഷിച്ച കാല് പ്ലാസ്റ്ററില്‍ പൊതിഞ്ഞ് ആശുപത്രിയില്‍ പുളഞ്ഞു കഴിഞ്ഞ ദിവസങ്ങളിലാണ് അമ്മയെ അവസാനമായി കണ്ട ഓര്മ. അമ്മ യാത്ര പറയാതെ മടങ്ങി. ആശുപത്രിയില്‍നിന്ന് അച്ഛന് തോളില്‍ ചുമന്നാണ് വീട്ടിലേക്കു കൊണ്ടുപോയത്. പിന്നീട് ആരുടെയൊക്കെയോ വിരല്‍ത്തുമ്പിൽ തൂങ്ങി എങ്ങനെയൊക്കെയോ പിച്ചവച്ചു. രാവും പകലും ഇരുൾ മുറിയില്‍ ഒരേ കിടപ്പു കിടന്നു. കളിക്കൂട്ടുകാരോ കരുതലാളോ ഉണ്ടായിരുന്നില്ല. കണ്ണീരു തുടയ്ക്കാനും ആരും വന്നില്ല. അങ്ങനെ അച്ഛനും അയല്‍ക്കാര്‍ക്കുമൊക്കെ അധികപ്പറ്റായി ഒന്നര വര്‍ഷം തള്ളിനീക്കി.
1982. രാവും പകലും തണുപ്പുകാറ്റു വീശിയ ഒരു മഞ്ഞുകാലം. അന്നൊരു ദിവസം അച്ഛന് പറഞ്ഞു. നമുക്ക് നഗരത്തിലേക്കൊന്നു പോകാം. അവിടെ നിന്നെ ഞാന്‍ തീവണ്ടി കാണിക്കാം. ചായയും പലഹാരവും വാങ്ങിത്തരാം. തെലുങ്കുനാട്ടിലെ ആ ഗ്രാമവും അവിടത്തെ പാടങ്ങളും പരുത്തിയും ചോളവുമൊക്കെയല്ലാതെ പുറത്തൊരിടവും കണ്ടിട്ടില്ലാത്ത ആ അഞ്ചുവയസുകാരന് അച്ഛന്റെ വാക്കുകള്‍ വലിയ സന്തോഷമായി. പിറ്റേന്നു രാവിലെ അച്ഛന്റെ കൈപിടിച്ച് ഒറ്റക്കാലില്‍ തുള്ളിനടന്നും തോളിലേറിയും ട്രെയിന്‍ കാണാന്‍ ഒരുങ്ങിയിറങ്ങി.
കൂകിപ്പാഞ്ഞു വരുന്ന തീവണ്ടി അടുത്തൊന്നു കാണാം. വണ്ടി നിർത്തുമ്പോള്‍ അതിനുള്ളില്‍ കയറ്റി ഇരുപ്പിടങ്ങള്‍ കാണിച്ചുതന്നാല്‍ ഭാഗ്യം. പിന്നെ ഒരു ചായയും എന്തെങ്കിലും പലഹാരവും. വീട്ടില്‍നിന്ന് അകലെ ബസ് കയറി വിജയവാഡയിലെത്തിയ ഓര്‍മയുണ്ട്. റെയില്‍വേ സ്റ്റേഷനിൽ ആദ്യമായൊരു തീവണ്ടി കണ്ടു. ഏറെ അതിശയത്തോടെ അതു നോക്കിനിന്നു.
ഇനിയും പല ട്രെയിനുകള്‍ വന്നുകൊണ്ടിരിക്കും. അതൊക്കെ കണ്ട് നീ ഇവിടെയിരുന്നോളൂ. അച്ഛന് അപ്പുറത്തെവിടെയെങ്കിലും കാത്തുനിന്നോളാം. റെയില്‍വേ സ്റ്റേഷന്റെ അതിരിലെ സിമന്റ് ചാരുബഞ്ചില്‍ പ്രസാദിനെ ഇരുത്തിയശേഷം തിരിഞ്ഞുനോക്കാതെ അച്ഛൻ നടന്നുപോയത് ഇന്നും മനസിലെ നീറുന്ന ഓര്‍മച്ചിത്രമാണ്.
കാത്തുനിൽക്കാമെന്നു പറഞ്ഞുപോയ അച്ഛന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും വന്നില്ല. വിജയവാഡ റെയില്‍വേ സ്റ്റേഷന്റെ കോണില്‍ മണിക്കൂറുകളോളം തണുത്തു വിറച്ചിരിക്കുമ്പോള്‍ മനസ് വല്ലാതെ പിടച്ചു. അച്ഛന് എന്തേ മടങ്ങിവരാത്തത്. അപകടം വല്ലതും സംഭവിച്ചുകാണുമോ. അതോ വഴിതെറ്റിപ്പോയോ.
നേരം ഇരുട്ടിത്തുടങ്ങിയതോടെ വല്ലാത്ത ഭയമായി. അറിയുന്നവരായി ആരുമില്ല. എവിടേക്കോ പോകാന്‍ പെട്ടികളും സഞ്ചികളുമായി വരുന്ന യാത്രക്കാര്‍. എവിടെനിന്നൊക്കെയോ ട്രെയിനില്‍ വന്നിറങ്ങുന്നവര്‍. ആ തിരക്കിനിടയില്‍ കണ്ണുകള്‍ അച്ഛനെ പരതിക്കൊണ്ടിരുന്നു. രാത്രി എത്തിയിട്ടും അച്ഛന് വന്നില്ല. വിശപ്പും ദാഹവുമുണ്ട്. ചുറ്റും അപരിചിതരായ മനുഷ്യരും ആള്‍ക്കൂട്ടത്തിനിടയിലൂടെ അലയുന്ന കുറെ നായകളും.
മനസും ശരീരവും ആകെ തളര്‍ന്നതോടെ സിമന്റ് ബെഞ്ചില്‍നിന്ന് ഊര്‍ന്നിറങ്ങി മുന്നോട്ടു നീങ്ങി പ്ലാറ്റ് ഫോമില്‍ നിറുത്തിയിരുന്ന ഒരു ട്രെയിനിലേക്ക് നിരങ്ങിക്കയറി. അല്പം കഴിഞ്ഞപ്പോൾ ട്രെയിന്‍ നീങ്ങി. ആരുടെയും കണ്ണില്‍പ്പെടാതെ ടോയ്ലറ്റിനു സമീപം പാത്തുകിടന്നു.
പിറ്റേന്ന് ട്രെയിന്‍ എത്തിനിന്നത് ചെന്നൈ റെയില്‍വേ സ്റ്റേഷനിലാണ്. പ്ലാറ്റ്ഫോമിലേക്ക് നിരങ്ങിയിറങ്ങി ചുറ്റുപാടും നോക്കുമ്പോള്‍ അറിയാത്ത ഭാഷ, ഭിക്ഷക്കാരനെ എന്നപോലെ തുറിച്ചുനോക്കുന്ന യാത്രക്കാര്‍. ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ കുറേനേരം ഇരുന്നെങ്കിലും പരിചിതരായ ആരെയും കാണാനായില്ല.
തീവണ്ടി സ്റ്റേഷനിലെ ഒച്ചപ്പാടും അപരിചിതരുടെ നോട്ടവുമൊക്കെ ഭയന്ന് മറ്റൊരു ട്രെയിനിലേക്ക് തൂങ്ങിക്കയറി. ആ യാത്ര അവസാനിച്ചത് പിറ്റേന്ന് രാവിലെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലാണ്. എവിടേക്കോ പോയിരുന്ന ആ തീവണ്ടി കോഴിക്കോട്ട് എത്തിയപ്പോള്‍ ഇറങ്ങാന്‍ തോന്നിപ്പിക്കുകയായിരുന്നു.
കേട്ടറിവില്ലാത്ത സ്ഥലവും ഭാഷയും. എല്ലാവരും അപരിചിതര്‍. രണ്ടു ദിവസം പിന്നിട്ടിരിക്കുന്നു എന്തെങ്കിലും കഴിച്ചിട്ട്. ട്രെയിനിൽ ആരോ ഉപേക്ഷിച്ചുപോയ കുപ്പിയില്‍ ശേഷിച്ചിരുന്ന വെള്ളം കുടിച്ചായിരുന്നു ഇത്രയും ദിവസങ്ങൾ പിന്നിട്ടത്. റെയില്‍വേ സ്റ്റേഷനിലൂടെ നിരങ്ങി നീങ്ങിയപ്പോള്‍ കൈകാലുകളില്‍ മുറിവുകളുണ്ടായി ചോര പൊടിയുന്നുണ്ട്. വല്ലാത്ത നീറ്റലും വേദനയുമുണ്ട്...
താന്‍ പിന്നിട്ട ദുരിതവഴികളുടെയും പില്ക്കാലത്ത് കൈത്താങ്ങായവരുടെയും ജീവിതാനുഭവങ്ങള്‍ പങ്കിടുകയായിരുന്നു കണ്ണൂര്‍ ഗവ. കൃഷ്ണമേനോന് മെമ്മോറിയല്‍ കോളജിലെ സാമ്പത്തികശാസ്ത്രം വിഭാഗം അസി. പ്രഫസറും നാഷണല്‍ സര്‍വീസ് സ്കീം പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ എസ്.ബി.പ്രസാദ്. പ്രസാദ് തന്റെ ജീവിതകഥ തുടരുകയാണ്.
കോഴിക്കോട്ട് സംഭവിച്ചത്
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ മുഷിഞ്ഞു കീറിയ നിക്കറുമുടുപ്പും വിളറിയ മുഖവുമായി ക്ഷീണിച്ചിരുന്നു വിതുമ്പുകയായിരുന്നു. അവിടെ ഇങ്ങനെയൊരു ബാലനെ കാണാനിടയായ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ. ലത്തീഫ് അടുത്തെത്തി സ്നേഹത്തോടെ ചേര്‍ത്തുപിടിച്ചു. ദേഹമാസകലം മുറിവുകളുമായി ആകെ ഭയന്നുനിന്നിരുന്ന തെലുങ്കു ബാലന് അവിചാരിതമായി ഡോ. ലത്തീഫിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
കുട്ടി എവിടുന്നു വരുന്നു, എവിടേക്കു പോകുന്നു, കൂടെ ആരുമില്ലേ എന്നിങ്ങനെ വാത്സല്യത്തോടെയുള്ള ഡോക്ടറുടെ അവര്‍ത്തിച്ച ചോദ്യങ്ങള്‍ക്ക് മൗനം മാത്രമായിരുന്നു മറുപടി. ആ ചോദ്യങ്ങളുടെ അര്‍ഥമൊന്നും പ്രസാദിന് മനസിലാകുമായിരുന്നില്ല. നിസഹായതയോടെ വിതുമ്പാന്‍ കാത്തുനില്ക്കുന്ന കുട്ടിയുടെ ഭീതിയും മുറിവുകളിലൂടെ പൊടിയുന്ന ചോരയും കണ്ടാകണം ഡോ. ലത്തീഫ് അവനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. മുറിവുകളില്‍ മരുന്നു വച്ചുകെട്ടി.
ആശുപത്രിയില്‍ ചികിത്സയും ഭക്ഷണവും വസ്ത്രവും നല്കി. ദിവസങ്ങള്‍ക്കുള്ളില്‍ വാര്‍ഡിലെ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയുമൊക്കെ പ്രിയപ്പെട്ടവനായി പ്രസാദ് മാറിയിരുന്നു. അവിടെ കരുണയോടെ പരിചരിച്ച നഴ്സ് ഖദീജയുടെ മുഖം ഇന്നും പ്രസാദിന്റെ മനസില്‍ മായാതെ നില്ക്കുന്നു. ആന്ധ്രപ്രദേശിലെ ജീവിതസാഹചര്യമൊക്കെ തെലുങ്കിലും മറ്റ് വിധത്തിലുമായി ചോദിച്ചറിഞ്ഞതോടെ പ്രസാദിന്റെ ദയനീയാവസ്ഥ ഖദീജ, ഡോ.ലത്തീഫിനെ അറിയിച്ചു.
ആറു മാസംകൂടി പ്രസാദ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടർമാരുടേയും നഴ്സുമാരുടേയും പരിചരണത്തില്‍ കഴിഞ്ഞു. പിന്നീടുള്ള ജീവിതത്തില്‍ പ്രസാദിന് താങ്ങും തണലുമായി നിന്നത് ഡോ. ലത്തീഫും ഭാര്യ ഡോ. ലില്ലിയുമായിരുന്നു. അവരുടെ സംരക്ഷണയിലായിരിക്കെ ഒന്‍പതാം വയസില്‍ പ്രസാദിനെ ജയ്പുരില്‍ കൊണ്ടുപോയി കൃത്രിമകാല് വച്ച് നടക്കാനും പരിശീലിപ്പിച്ചു.
ബാലഭവനിലേക്ക്
തലശേരി അതിരൂപതയുടെ കീഴിലുള്ള ബാലഭവനിലേക്ക് പ്രസാദിനെ അയച്ചതും ഡോക്ടര്‍ ദമ്പതികളുടെ ഇടപെടലില്‍ ആയിരുന്നു. അവിടെ പ്രസാദിന് സ്നേഹവും സാന്ത്വനവും പ്രത്യാശയും പകര്‍ന്നത് ബാലഭവനിലെ വൈദികരും സന്യസ്തരുമാണ്. തലശേരി അതിരൂപതയുടെ കാരുണ്യസ്ഥാപനമായ കുന്നോത്ത് സാവിയോ ബോയ്സ് ടൗണിലായിരുന്നു 18 വയസു വരെ പ്രസാദ് വളര്‍ന്നത്. ശാരിരികന്യൂനതകൾ പരിമിതിയല്ലെന്ന ആശ്വാസം പകര്‍ന്ന് ആശ്വസിപ്പിച്ചതും പഠിപ്പിച്ചതും പരിശീലിപ്പിച്ചതുമാക്കെ ബോയ്സ് ടൗണിലെ വൈദികരും സന്യസ്തരും അധ്യാപകരുമാണ്. അവധിക്കാലങ്ങളിൽ ഡോ. ലത്തീഫും ഡോ. ലില്ലിയും അവരുടെ വീട്ടിലേക്ക് പ്രസാദിനെ കൊണ്ടുപോയി ഇഷ്ടഭക്ഷണവും വസ്ത്രങ്ങളും പഠനസാമഗ്രികളുമൊക്കെ വാങ്ങിക്കൊടുത്തിരുന്നു.
ജീവിതത്തിലാദ്യമായി അച്ഛന്റെയും അമ്മയുടെയും സ്നേഹം അറിഞ്ഞത് അവരിരുവരിലും നിന്നാണെന്ന് പ്രസാദ് ഓര്‍മിക്കുന്നു. തലശേരി അതിരൂപതയുടെയും ഡോ. ലത്തീഫിന്റെയും കാരുണ്യത്തില്‍ പ്രസാദ് പഠനത്തില്‍ മുന്നേറി. 2010 സെപ്റ്റംബർ 13നുണ്ടായ ഡോ. ലത്തീഫിന്റെ മരണം പ്രസാദിന് താങ്ങാനാവാത്ത വേദനയായി. ശ്രീകണ്ഠപുരത്തുള്ള ഡോ. ലില്ലി മാതൃസഹജമായ വാത്സല്യത്തോടെ ഇപ്പോഴും പ്രസാദിന് കൂട്ടായുണ്ട്.
ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ്സ് സ്കൂളില്‍ പത്താം ക്ലാസ് കഴിഞ്ഞതോടെ കുന്നോത്ത് പള്ളിമേടയില്‍ വികാരിയച്ചന്മാരുടെ മേൽനോട്ട ത്തിലായിരുന്നു പ്രസാദിന്റെ താമസം. ഇത്തരത്തില്‍ ഫാ. ജോസഫ് കൊരട്ടിപ്പറമ്പില്‍, ഫാ. തോമസ് നീണ്ടൂര്‍, പരേതരായ ഫാ. മാത്യു വില്ലന്താനം, ഫാ. തോമസ് അരീക്കാട്ട്, ഫാ. ജോസഫ് കച്ചിറമറ്റം തുടങ്ങിയ വികാരിമാര്‍ നല്കിയ പ്രോത്സാഹനങ്ങളും സഹായങ്ങളും പ്രസാദ് നിറഞ്ഞ ഹൃയത്തോടെയാണ് ഓര്‍മിക്കുന്നത്.
കൂത്തുപറമ്പ് നിര്‍മലഗിരി കോളജിലും കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലുമൊക്കെയായി ഉന്നത വിദ്യാഭ്യാസം നേടിയ പ്രസാദ് പിന്നീട് വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഗസ്റ്റ് അധ്യാപകനായി. 2004ല്‍ നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് സ്കൂളിലും 2006ല്‍ ആറളം സ്കൂളിലും അധ്യാപകനായി സ്ഥിരം നിയമനം ലഭിച്ചു. തുടർന്ന് ബിരുദാനന്തര ബിരുദവും സെറ്റും നെറ്റും നേടി 2014ല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകനും 2016ല്‍ കൃഷ്ണമേനോന് കോളജില്‍ അസി. പ്രഫസറുമായി. പരിമിതികളുടെ കടമ്പകളെ മറികടക്കാനും പ്രതിസന്ധികളില്‍ കരുതലായി നിലകൊള്ളാനും തലശേരി അതിരൂപതയും മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റവും കാണിച്ച നന്മകള്‍ക്ക് ഹൃദയനിറവോടെ നന്ദി പറയുകയാണ് പ്രസാദ്.
കൃത്രിമ അവയവദാനം
താന്‍ പിന്നിട്ട കനല്‍വഴികള്‍ തന്നെപ്പോലെയുള്ളവരുടെ ജീവിതത്തിനു തണലാകണമെന്ന ആഗ്രഹത്തിലാണ് കണ്ണൂര്‍ കൃഷ്ണമേനോന് കോളജില്‍ കൃത്രിമ അവയവങ്ങള്‍ സമ്മാനിക്കുന്ന സംരംഭത്തിനു പ്രസാദിന്റെ തുടക്കം. സഹ അധ്യാപകരും വിദ്യാര്‍ഥികളും ഒപ്പം ചേര്‍ന്നതോടെ ആ സ്വപ്നം പുതിയൊരു ചരിത്രമായി. നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ നടത്തുന്ന നിരവധിയായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും അമരക്കാരനാണ് പ്രഫ. പ്രസാദ്. എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിലുള്ള കൃത്രിമ അവയവ വിതരണ സംരംഭം ലിംപ്സ് ഓഫ് ലൈഫ് ഇന്ത്യയില്‍തന്നെ വേറിട്ട ഒരു സാമൂഹ്യ പ്രവര്‍ത്തനമാണ്. അപകടങ്ങളിലും രോഗങ്ങളിലും കൈകാലുകള്‍ നഷ്ടപ്പെട്ട കുട്ടികളുള്‍പ്പെടെ 137 പേരെ ജീവിതത്തിലേക്ക് ആനയിക്കാന്‍ ഈ സംരംഭത്തിനു കഴിഞ്ഞിരിക്കുന്നു.
വിദ്യാര്‍ഥികള്‍ അവരുടെ സങ്കടങ്ങളും സ്വകാര്യപ്രശ്നങ്ങളും പങ്കുവയ്ക്കുന്ന പ്രിയപ്പെട്ട അധ്യാപകനാണ് പ്രസാദ്. സൗജന്യ കൃത്രിമകാല് വിതരണത്തിന് പിന്നില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അക്ഷീണപ്രയത്നം ഇദ്ദേഹത്തിനു താങ്ങായുണ്ട്. തുണിസഞ്ചികള്‍ തുന്നി വീടുകള്‍ തോറും വിറ്റാണ് ആദ്യഘട്ടം ക്യാമ്പിനുള്ള പണം സ്വരൂപിച്ചത്. അധ്യാപകനായ പി.എച്ച്. ഷാനവാസും പ്രസാദിന് കരുത്ത് പകരുന്നു. ചെന്നൈയില്‍നിന്നു വിദഗ്ധര്‍ നേരിട്ടെത്തി ക്ലാസുകള്‍ നല്‍കിയാണ് കൃത്രിമ കാലുകള്‍ ഘടിപ്പിക്കുന്നത്.
പ്രസാദിന്റെ ശാരിരിക പരിമിതികൾ കുറവായി പരിഗണിക്കാതെ ഉരുപ്പുംകുറ്റി സ്വദേശിനി സലോമി ജീവിതപങ്കാളിയായി. ഇരിട്ടി എടൂരിലാണ് ഈ കുടുംബത്തിന്റെ താമസം. പ്ലസ്ടു വിദ്യാര്‍ഥി ലിയോ പ്രസാദും എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ലിയ പ്രസാദുമാണ് മക്കള്‍.
അനുമോള്‍ ജോയ്