എല്ലാ ദിവസങ്ങളിലും പകൽ മൂവായിരത്തിലധികം തുണിക്കടകൾ പ്രവർത്തിക്കും.രാത്രിച്ചന്തദിവസമായ തിങ്കളാഴ്ച വൈകുന്നേരം ഏഴു മുതൽ ചൊവ്വാഴ്ച രാവിലെ ആറുവരെ ആയിരത്തിലധികം കടകൾ തുറന്നിരിക്കും. കേരളത്തിൽനിന്നുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വ്യാപാരികൾ ഈറോഡിൽ സംഗമിക്കുന്നു.
പൊന്നോണത്തിന് മലയാളികൾക്ക് അണിയാനുള്ള ഉടയാടകൾ ഈറോഡിൽനിന്ന് പുറപ്പെടുകയാണ്. പൂക്കളത്തിനുള്ള പൂക്കൾ തോവാളയിൽനിന്നും സദ്യക്കുള്ള കറിക്കൂട്ടുകൾ കന്പത്തുനിന്നും വരുന്നതുപോലെ, കസവുമുണ്ടും സെറ്റ്സാരിയുമൊക്കെ മലയാളികൾക്കായി ഒരുക്കിയിരിക്കുകയാണ് തമിഴ്നാട്ടിലെ ഈറോഡ്.
ഓണമെന്നല്ല ദീപാവലിയും ആടിയും ദസറയും ഹോളിയുമൊക്കെ കെങ്കേമമാക്കാനുള്ള ഉടയാടകളുടെ നെയ്ത്തും തുന്നലും വിൽപനയുമൊക്കെയായി ഈറോഡിലെ തിരക്കൊഴിയുന്നില്ല. ഏഷ്യയിലെതന്നെ ഏറ്റവും വലിയ തുണിക്കന്പോളം എന്നതു മാത്രമല്ല ഈറോഡിന്റെ പെരുമ. തിങ്കളാഴ്ച രാത്രികളിൽ ഈറോഡിന് ഉറക്കമില്ല. ഇവിടത്തെ ഹോൾസെയിൽ തുണിക്കടകളിൽ വ്യാപാരം പൊടിപൊടിക്കുന്നത് തിങ്കൾ രാത്രിയിലാണ്.
ഈറോഡ് നഗരത്തിലും ഇവിടേക്കുള്ള പാതയോരങ്ങളിലും ഈ ദിവസങ്ങളിൽ കേരളത്തിൽനിന്നെത്തുന്നവരുടെ വാഹനങ്ങളുടെ നീണ്ട നിര കാണാം. തുണിത്തരങ്ങളുടെ വിലപേശൽ വർത്തമാനങ്ങൾ കേട്ടാൽ കേരളത്തിന്റെ പ്രതീതി. ഇവരൊക്കെ ഈറോഡിലെ വലുതും ചെറുതുമായ തുണിക്കടകളിൽനിന്ന് ഓണം ഉടയാടകളുടെ സ്റ്റോക്കെടുക്കാൻ തന്പടിച്ചിരിക്കുകയാണ്.
ആദ്യമായി എത്തുന്നവർക്ക് ഇതൊരു വിശേഷാൽ കാഴ്ചയാണെങ്കിലും വ്യാപാരികൾക്ക് ഇത് പുതുമയല്ല. കാരണം, ഓണവും വിഷുമൊക്കെ അടുത്തുവരുന്പോഴേ ഇവിടെയിങ്ങനെയാണ്. ഓണമെന്നല്ല എല്ലാ സീസണുകളിലേക്കും കേരളീയർക്കുള്ള വസ്ത്രങ്ങളേറെയും ഇവിടെനിന്നാണ് കയറിപ്പോരുന്നത്.
ഉത്സവവേളകൾക്കുമുൻപേ കേരളത്തിലെ തുണിവ്യാപാരികൾ ഇവിടെയെത്തി ഏറ്റവും പുതിയ മോഡൽ തുണിത്തരങ്ങൾ കണ്ട് ഓർഡർ നൽകും. ഈറോഡിലെ പ്രശസ്തമായ രാത്രിമാർക്കറ്റുകളിലും മില്ലുകളിലും ഗ്രാമങ്ങളിലെ തറികളിൽനിന്നുമൊക്കെ ഓർഡർ നൽകും. അവയൊക്കെ കേരളത്തിലെ വസ്ത്രാലയങ്ങളിലേക്കു കയറ്റിവിടാൻ പാഴ്സൽ സർവീസുകാരും ഏറെയുണ്ട്.
ഏറ്റവും വലിയ തുണിമാർക്കറ്റ്
ആഗോള പ്രശസ്തമായ ഈ തുണിവിപണി മുൻകാലത്ത് സുഗന്ധവ്യഞ്ജന വ്യാപാരികളും ആയുർവേദ മരുന്നുകന്പനിക്കാരുമൊക്കെ മഞ്ഞൾ വാങ്ങാൻ തന്പടിക്കുന്ന സ്ഥലമായിരുന്നു. മഞ്ഞൾ സിറ്റി എന്നായിരുന്നു അന്നൊക്കെ ഈറോഡ് അറിയപ്പെട്ടിരുന്നത്. ഇപ്പോഴാവട്ടെ വസ്ത്രവ്യാപാരത്തിന്റെ മൊത്തവിപണിയാണ് ഈ നഗരം.
എല്ലാ ദിവസങ്ങളിലും പകൽ മൂവായിരത്തിലധികം തുണിക്കടകൾ പ്രവർത്തിക്കും. രാത്രിച്ചന്തദിവസമായ തിങ്കളാഴ്ച വൈകുന്നേരം ഏഴു മുതൽ ചൊവ്വാഴ്ച രാവിലെ ആറുവരെ ആയിരത്തിലധികം കടകൾ തുറന്നിരിക്കും.
കേരളത്തിൽനിന്നുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വ്യാപാരികൾ ഈറോഡിൽ സംഗമിക്കുന്നു. സമീപഗ്രാമങ്ങളിലെ നെയ്ത്തുകാർ നിർമിക്കുന്ന കൈത്തറി തുണിത്തരങ്ങളുടെ വിൽപനയും മാർക്കറ്റിലുടനീളമുണ്ട്. കൂടാതെ വൻകിട മില്ലുകളുടെ ഷോറൂമുകളുമുണ്ട്. ഇവിടെനിന്നും ഗൾഫ് ഉൾപ്പെടെ വിദേശരാജ്യങ്ങളിലേക്കും തുണി കയറ്റി അയയ്ക്കുന്നുണ്ട്. ഓണ്‍ലൈനിൽ തുണിത്തരങ്ങൾ നോക്കിക്കണ്ടാണ് വിദേശത്തുനിന്നുള്ള ഓർഡറുകൾ വരിക. കുറഞ്ഞ വിലയിലും മികച്ച ഗുണനിലവാരത്തിലും മാത്രമല്ല ഓർഡർ ചെയ്യുന്ന സ്റ്റോക്ക് അതിവേഗം വിതരണം ചെയ്യുന്നതിലും ഇവിടത്തെ കൃത്യത പ്രസിദ്ധമാണ്.
ഈറോഡ് ജില്ലയിൽ അൻപതിനായിരത്തിലധികം പവർ ലൂമുകൾ പ്രവർത്തിക്കുന്നുണ്ട്. നഗരത്തോടു ചേർന്നുള്ള കലിംഗരായൻപാളയം, അശോകപുരം, മാണിക്യംപാളയം, വീരപ്പസത്രം, ശൂളൈ, വിജയമംഗലം പ്രദേശങ്ങളിൽ മാത്രം മുപ്പതിനായിരം മില്ലുകളുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്നതിൽ 24 ലക്ഷം മീറ്റർ തുണിയാണു രാജ്യത്തെ വസ്ത്രനിർമാണ കേന്ദ്രങ്ങളിലേക്കു ദിവസേന അയയ്ക്കുന്നത്. മേഖലയിൽ 60,000 തൊഴിലാളികൾ ജോലിചെയ്യുന്നതിൽ 30 ശതമാനവും മലയാളികളാണ്.
ചെറുകിട തുണിവ്യവസായത്തിലെ യന്ത്രവത്കരണത്തിനു തുടക്കമിട്ടത് ഈറോഡിലെ ആദ്യ പവർ ലൂം ഉടമകളിൽ ഒരാളും മലയാളിയുമായ എംസിആർ ഗ്രൂപ്പ് സ്ഥാപക ചെയർമാൻ പരേതനായ എം.എ. ചാക്കോയാണ്. ഈറോഡ് മാർക്കറ്റിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടിയത് ഈ മലയാളിയുടെ സാന്നിധ്യമാണ്.
നഗരത്തിലെ നിറപ്പകിട്ട്
തിങ്കളാഴ്ച രാത്രിയെങ്കിൽ അത് ഈറോഡിലായിരിക്കണമെന്നാണ് തമിഴ്നാട്ടിലെ നെയ്ത്തുകാരുടെയും വസ്ത്രവ്യാപാരികളുടെയും ഇടയിലെ ചൊല്ല്. വർഷം മുഴുവൻ എല്ലാ തിങ്കളാഴ്ചകളിലും കോയന്പത്തൂരിനും സേലത്തിനും ഇടയിലുള്ള ഈ പട്ടണത്തിൽ ഇവർ ഒത്തുചേരുന്നു. കോടികളുടെ ഇടപാടുകളാണ് തിങ്കളും ചൊവ്വയുമായി നടക്കുന്നത്.
വിവിധയിനം വസ്ത്രങ്ങളുടെ നിറഭേദം വശ്യമായ കാഴ്ചയാണ്. നോക്കെത്താദൂരത്തോളം കടകളിലും വഴിയോരങ്ങളിലും തുണിത്തരങ്ങൾ മൊത്തമായും ചില്ലറയായും വിൽക്കുന്ന വ്യാപാരികൾ. തിങ്കളാഴ്ച രാവിലെ ചെറുപറ്റമായി എത്തിത്തുടങ്ങുന്ന ജനം സൂര്യാസ്തമയത്തിനുശേഷം കന്പോളം നിറഞ്ഞ് ജനസാഗരമായി മാറുന്നു.
ഗ്രാമങ്ങളിലും പട്ടണങ്ങളിലുംനിന്ന് നിറയെ തുണിത്തരങ്ങളുമായി കച്ചവടക്കാരും നെയ്ത്തുകാരും ഇടംപിടിക്കും. ലോറിയിലും വാനിലും ഉന്തുവണ്ടികളിലുമൊക്കെയായി വൈവിധ്യമാർന്ന വസ്ത്രങ്ങളുടെ ശേഖരം. രാത്രി ഏഴോടെ നഗരം ശബ്ദകോലാഹലത്തിൽ മുങ്ങും. വിലപേശലിന്റെ കലപിലയും ഒച്ചപ്പാടുമൊക്കെ കണ്ടും കേട്ടും നിൽക്കുക രസംതന്നെ.
ഈറോഡിലെ വസ്ത്രവിൽപ്പനക്കാർക്ക് മലയാളം, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളെല്ലാം വശമാണ്. അതുകൊണ്ടുതന്നെ അവരവരുടെ മാതൃഭാഷയിൽ വിലപേശാനാകും. 15 രൂപ വിലയുള്ള തൂവാല ഒരു രൂപ മുതൽക്കും 2500 രൂപ വിലയുള്ള സാരി 700 രൂപ മുതൽക്കും ഹോൾസെയിൽ നിരക്കിൽ വാങ്ങാം. ലുങ്കി, മുണ്ട്, ബെഡ്ഷീറ്റ്, ടവ്വൽ, ഉൾവസ്ത്രങ്ങൾ, ഷർട്ട് മെറ്റീരിയൽസ്, ചുരിദാർ, നൈറ്റി തുടങ്ങി വിവിധ തുണിത്തരങ്ങൾക്ക് അതിശയിപ്പിക്കുന്ന വിലക്കുറവ്.
വിൽപ്പനയിലെ ഏറ്റവും ജനപ്രീതിയുള്ള ഉത്പന്നം ലുങ്കിയാണ്. ലുങ്കിക്ക് 45 രൂപയാണ് രാത്രിമാർക്കറ്റിലെ വില. കൈലിക്കും മുണ്ടിനുമൊക്കെ നിസാരവില. ഇവിടത്തെ നിരക്കിൽ രാജ്യത്തൊരിടത്തുംതന്നെ കോട്ടണ്‍ സാരികൾ ലഭിക്കില്ല.
ഗ്രാമച്ചന്തയായി തുടക്കം
പതിനെട്ടാം നൂറ്റാണ്ടു മുതലേ ഇന്ത്യയിൽ വസ്ത്രനിർമാണവും വിൽപനയും കരുത്തുറ്റതായിരുന്നു. സ്വാതന്ത്ര്യലബ്ദിക്കു മുന്‍പ് ഈറോഡ് കന്നുകാലി, മിഠായി, മഞ്ഞൾ തുടങ്ങിയവയുടെ വാങ്ങൽ, വിൽപന കേന്ദ്രമായിരുന്നു. പിന്നീടാണ് തുണിവ്യാപാരത്തിന്റെ പ്രതാപകേന്ദ്രമായത്.
അയൽഗ്രാമങ്ങളിലും നഗരങ്ങളിലുംനിന്നുള്ള അനേകം നെയ്ത്തുകാർ, അവർ നെയ്യുന്ന തുണിത്തരങ്ങൾ വിൽക്കാൻ ഇവിടെയെത്തിയിരുന്നു. തുണി വിറ്റു കിട്ടിയിരുന്ന പണത്തിന് വീണ്ടും നെയ്യാനാവശ്യമായ പരുത്തിനൂൽ വാങ്ങിയായിരുന്നു മടക്കം. വിലകുറച്ച് പരുത്തി കിട്ടിയിരുന്നതുകൊണ്ട് വിലകുറച്ച് തുണി വിൽക്കാൻ സാധിച്ചതോടെ ഈറോഡിൽ നിലവാരമുള്ള തുണിത്തരങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന വാർത്ത പ്രചരിച്ചു.
ഇതോടെ വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും എണ്ണം വർധിച്ചു. ഒപ്പം വസ്ത്രനിർമാണത്തൊഴിലാളികളുടെയും. അങ്ങനെ ഈ മാർക്കറ്റ് വലിപ്പത്തിലും ആളനക്കത്തിലും പെരുമനേടി.
ഈറോഡിന്റെ വികസനത്തിന് റെയിൽവേയ്ക്കും വലിയ പങ്കുണ്ട്. തുണിത്തരങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കാൻ കൂടുതലും ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്.
പ്രശസ്തമായ കോവൈ കോറ കോട്ടണ്‍ സാരികൾ നെയ്യുന്നതിൽ മുൻനിരക്കാരാണ് ഈറോഡിലെ ദേവാംഗ സമുദായം. കോയന്പത്തൂർ, തിരുപ്പൂർ, ഈറോഡ് എന്നിവിടങ്ങളിലെ 82 നെയ്ത്തുകാരുടെ സഹകരണ സംഘങ്ങൾക്കാണ് കോവൈ കോറ കോട്ടണ്‍ സാരികൾ വിൽക്കാൻ അധികാരമുള്ളത്. കോവൈ കോട്ടണ്‍ പരുത്തിയും പട്ടും ചേർത്താണ് കോറ കോട്ടണ്‍ നിർമിക്കുന്നത്. ഓരോ സാരിയും നെയ്തെടുക്കാൻ മൂന്നു ദിവസംവരെ സമയമെടുക്കും.
കച്ചവടം വിപുലമായതോടെ നെയ്ത്തുകാരിൽ പലരും ഇപ്പോൾ മാർക്കറ്റിൽ നേരിട്ടെത്തുന്നതിനു പകരം കമ്മീഷൻ ഏജൻസികളെ നിയമിച്ചിരിക്കുകയാണ്. മാത്രവുമല്ല സമാന താത്പര്യങ്ങളുള്ളവർ ചേർന്ന് സഹകരണസംഘങ്ങളും രൂപീകരിച്ചിട്ടുണ്ട്. തുണിനിർമാണവും വിൽപനയുമുൾപ്പെടെ വിവിധ പ്രവർത്തനങ്ങൾ സംഘങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്.
ആഴ്ചയിലൊരിക്കൽ ഈറോഡിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു വേണ്ടിവരുന്ന സമയവും പണവും ലാഭിക്കാനാണ് നെയ്ത്തുകാർ ഈ മാർഗം അവലംബിച്ചിരിക്കുന്നത്. ഏജന്റുമാർ തുണി വാങ്ങുകയും മാർക്കറ്റിൽ ചെറിയ കമ്മീഷനിൽ വിൽക്കുകയും ചെയ്യുന്നു.
മറ്റു സംസ്ഥാനങ്ങളിലെ കോട്ടണ്‍ തുണി കയറ്റുമതിക്കാരിൽ പലരും ഇപ്പോൾ തങ്ങളുടെ ബിസിനസ് ഈറോഡ് കേന്ദ്രീകരിച്ചാണ് നടത്തുന്നത്. കുറഞ്ഞ ചെലവിൽ പരുത്തിയും തറിയും തൊഴിലാളികളും ഇവിടെ ലഭ്യമാണെന്നതാണ് കാരണം. പ്രതിമാസം 900 കോടിയിലധികം രൂപയുടെ കൈത്തറി, പവർ ലൂം ഉത്പന്നങ്ങളാണ് ഈറോഡിൽ ഉത്പാദിപ്പിക്കപ്പെടുന്നത്.
രാത്രിച്ചന്ത വ്യാപാരികളും തുണിക്കട വ്യാപാരികളും തമ്മിലുള്ള പ്രധാന വ്യത്യാസം, തുണിക്കടക്കാർ മൊത്തവ്യാപാരികൾക്ക് കടം കൊടുക്കുന്നു എന്നതാണ്. രാത്രിച്ചന്ത വ്യാപാരികൾക്ക് പണം രൊക്കം നൽകിയാൽ മാത്രമേ ചരക്ക് തരികയുള്ളൂ. തുണിയുടെ പണം നൽകി ഓർഡർ നൽകേണ്ട താമസം നൊടിയിടെ ചരക്ക് പറയുന്ന വിലാസത്തിൽ പാഴ്സൽ ചെയ്യും. പലപ്പോഴും വാങ്ങുന്നയാളും അവരുടെ പാഴ്സലും ഒരേ ട്രെയിനിൽ തന്നെയാകും യാത്രയാകുക. അത്രവേഗത്തിലാണ് ഇടപാടുകൾ.
എല്ലാ ആഴ്ചയും ഒരു ലക്ഷം പാഴ്സലുകൾ ഇത്തരത്തിൽ ഈറോഡു കടന്നുപോകുന്നു. ഈറോഡിൽ വ്യാപാരം നേട്ടമായില്ലെങ്കിൽ ഒരിക്കലും ഒരിടത്തും വ്യാപാരം നേട്ടമാകില്ല എന്നൊരു നാട്ടുചൊല്ലുണ്ട്. കാരണം, ഇവിടെ കച്ചവടം ചെയ്യുന്നവരും വാങ്ങുന്നവരും ഒരുപോലെ ലാഭം കൊയ്യുന്നു. നഷ്ടം എന്നത് ഒരാൾക്കുമില്ല.