നാടിന്റെ അഭിമാനവും ഭാഷയുടെ പുണ്യവുമായ എം.ടി. വാസുദേവൻനായർക്ക് നവതി. സാഹിത്യത്തിലും സിനിമയിലും എംടിയോളം സംഭാവനകൾ നൽകിയവരില്ല. കൈവച്ച മേഖലകളിലൊക്കെ വിസ്മയം കാഴ്ചവച്ച മഹാപ്രതിഭയ്ക്ക് സാംസ്കാരിക കേരളത്തിന്റെ ആദരം.
മകളുടെ എസ്എസ്എൽസി പരീക്ഷ കഴിഞ്ഞുള്ള ഒഴിവുകാലത്ത് ഒരു ചെറുയാത്ര പോകാം എന്നവളെ അറിയിച്ചെങ്കിലും അതെവിടെയെന്നു കൃത്യമായി ഞാൻ പറഞ്ഞിരുന്നില്ല. വായനയോട് വലിയ താത്പര്യമുള്ള അവൾക്കത് ഒരല്പം സർപ്രൈസ് ആകട്ടെയെന്നു കരുതി. കോഴിക്കോട് നഗരത്തിൽ ബസിറങ്ങിയപ്പോൾ എഴുത്തുകാരി കെ.പി. സുധീരയുടെ ഫോണ് വന്നു.
“നിങ്ങൾ എവിടെയെത്തി. അധികം വൈകിയാൽ ആ കൂടിക്കാഴ്ച നടന്നെന്നു വരില്ല. ചില കാര്യത്തിൽ അദ്ദേഹം വളരെ സ്ട്രിക്ട് ആണെന്ന് അറിയാമല്ലോ!”
ഓട്ടോയിൽ കയറി സുധീര നിൽക്കുന്ന സ്ഥലത്തെത്തുംവരെ എന്നിൽ ആശങ്ക തുടർന്നു. പറഞ്ഞതിലും ഒരല്പം വൈകിയതിൽ സുധീരയുടെ മുഖത്ത് ചെറിയ കാർമേഘമുണ്ടെങ്കിലും മകളെ കണ്ടതിലുള്ള സന്തോഷത്തിൽ അവരതു പ്രകടിപ്പിച്ചില്ലെന്ന് തോന്നി. അവരുടെ കാറിൽ ഇനി കൊട്ടാരം റോഡിലെ സിത്താരയിലേക്കാണു യാത്ര. തൊട്ടതെല്ലാം പൊന്നാക്കിയെന്നു പലരും പലവട്ടം പറഞ്ഞിട്ടുള്ള വിശ്രുത എഴുത്തുകാരന്റെ വീട്ടിലേക്ക്.
കാർ വന്നുനിന്നതു സിത്താരയിൽ ആയിരുന്നില്ല. തൊട്ടടുത്തുള്ള ഫ്ളാറ്റിൽ. ആ ഫ്ളാറ്റ് എഴുത്തുകാരന്റെ മറ്റൊരു തട്ടകമാണ്. ഒരുപക്ഷേ വീട്ടിൽനിന്നും ഒരല്പം മാറിനിന്നു വേറിട്ടെഴുതാനും വായിക്കാനുമുള്ള ഇടം. ചുമരിൽ നിറയെ ഫോട്ടോകൾ. പുസ്തകങ്ങൾ അടുക്കിവച്ച ഷെൽഫുകൾ. ഒരു മുറിയിൽ വലിയ മേശയും ചുറ്റും കസേരകളും. മേശയുടെ അപ്പുറമുള്ള പ്രൗഢിയാർന്ന ആംചെയറിൽ മലയാള സാഹിത്യത്തിലെ പ്രശോഭിത നക്ഷത്രം. എംടി എന്ന ചുരുക്കപ്പേരിൽ മലയാളികളുടെ വായനാലോകത്തെ വിസ്തൃതമാക്കിയ എഴുത്തുകാരൻ. വള്ളുവനാടൻ ചാരുതയിൽ ചാലിച്ച കാവ്യഗുണമുള്ള ഗദ്യഭാഷ.
നിരവധി കഥാപാത്രങ്ങളെ നോവലുകളിലും കഥകളിലും അഭ്രപാളികളും സൃഷ്ടിച്ച പകരക്കാരനില്ലാത്ത മഹാപ്രതിഭ. മഞ്ഞിലെ വിമല, അസുരവിത്തിലെ ഗോവിന്ദൻകുട്ടി, കാലത്തിലെ സേതു, സുമിത്ര, രണ്ടാമൂഴത്തിലെ ഭീമൻ, നാലുകെട്ടിലെ അപ്പുണ്ണി തുടങ്ങി എത്രയെത്ര കരുത്തുറ്റ സ്ത്രീ- പുരുഷ കഥാപാത്രങ്ങളാണ് എംടിയെന്ന രണ്ടക്ഷരം കേൾക്കുന്പോൾ മനസിൽ തെളിയുക. ഉള്ളിൽ ഇടം നേടിയതും ആവാഹിച്ചമർത്തിവച്ചതുമായ എത്രയെത്ര കഥാസന്ദർഭങ്ങളാണ്, മുഹൂർത്തങ്ങളാണ് ശരവേഗത്തിൽ നമ്മളിൽ തുളുന്പിയെത്തുക.
നിർമാല്യത്തിലെ വെളിച്ചപ്പാടും ഒരു വടക്കൻ വീരഗാഥയിലെ ചന്തുവും ഉണ്ണിയാർച്ചയും ഇരുട്ടിന്റെ ആത്മാവിലെ വേലായുധനും ആരണ്യകത്തിലെ ഇത്തിരി പ്രാന്തുള്ള കൗമാരക്കാരിയും എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ ജാനകിക്കുട്ടിയും പഞ്ചാഗ്നിയിലെ ഇന്ദിരയും റഷീദും തുടങ്ങി മറ്റൊരു നിര അഭ്രലോകത്തുനിന്നാണ്. വാശിയും പ്രതികാരവും പ്രണയവും പ്രണയഭംഗവും ജീവിതത്തിലെ തോൽവിയും ചെറിയ ജയങ്ങളും നിരാശയും പ്രതീക്ഷയും തുടങ്ങി ജീവിതത്തിന്റെ അതിഗൂഢവിസ്മയങ്ങളോരോന്നും ആ കഥാപാത്രങ്ങളിലൂടെ നമ്മളിലേക്ക് ഇപ്പോഴും നിരന്തരം പ്രവഹിക്കുന്നു.
അതിനപ്പുറം പഴയ നാലുകെട്ടിന്റെ ഇരുട്ടുവീണ ഇടനാഴികളിൽ പടർന്നേറിയ നോവിന്റെ, നഷ്ടസ്വപ്നങ്ങളുടെ, പരാജിതന്റെ തേങ്ങലുകൾ എംടിയുടെ രചനകളിൽ മിക്കതിലും പലയിടങ്ങളിലായി വീണുകിടപ്പുണ്ട്. അധികം ജയങ്ങൾ നേടാത്ത ഒരു പരാജിതൻ നമ്മളിലെപ്പോഴും ബാക്കിയുണ്ടല്ലോ! അതാകാം എംടിയുടെ കഥാപാത്രങ്ങൾ നമ്മളിൽ അമൂർത്തമായ ഒന്നിന്റെ തുളച്ചിറങ്ങലായി പരിണമിക്കുന്നത്! അപ്പുണ്ണിയിലും സേതുവിലും ഗോവിന്ദൻകുട്ടിയിലും ഭീമനിലും കുടികൊള്ളുന്ന മനുഷ്യ ഗതിവിഗതികളുടെ ദുരിതങ്ങൾ വായനയിൽ വേറിട്ട അനുപാതത്തിൽ നമ്മളും അനുഭവിക്കുന്നത്!
പ്രീഡിഗ്രിക്കു പഠിക്കുന്പോഴാണ് കാലം എന്ന നോവൽ വായിക്കുന്നത്. അക്കാലത്തു നാലുകെട്ട് ഞങ്ങൾക്കു പഠിക്കാനുമുണ്ട്. നാലുകെട്ടിലെ അപ്പുണ്ണി ഞങ്ങളുടെ കൗമാരത്തെ സ്വാധീനിച്ച കാലം. തുറന്നുപറയാൻ വയ്യാത്ത ഏതോ നേർത്ത വിഷാദം നിറഞ്ഞ കൗമാരത്തിന്റെ അടരുകളിൽ അപ്പുണ്ണിയുടെ പരാജയവും നോവും ഈർഷ്യയും ഇല്ലായ്മയും പല തലത്തിൽ ഉൾച്ചേർന്നുകിടന്നിരുന്നു. ആ നിരാലംബ ഭാവത്തിൽ കാലം എന്ന നോവൽ വായിച്ചപ്പോൾ സേതുവിനെക്കാളും മനസിൽ പതിഞ്ഞതു സുമിത്രയാണ്.
“എനിക്ക് നിന്നെ ഇഷ്ടമായിരുന്നു.”
സുമിത്ര വീണ്ടും വികൃതമായി ചിരിച്ചു.
“ഇഷ്ടം”
അയാൾ തിണ്ണയിലെ ചാണകമടർന്ന പാടുകളിലേക്ക് കണ്ണുകൾ താഴ്ത്തിയപ്പോൾ സുമിത്ര പറയുന്നത് കേട്ടു.
“സേതൂന് എന്നും ഒരാളോടെ ഇഷ്ടംണ്ടായിരുന്നുള്ളൂ. സേതൂനോട് മാത്രം”
(കാലം എന്ന നോവലിൽ നിന്ന്)
വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും സുമിത്രയുടെ ഈറൻ മുഖം മാഞ്ഞിരുന്നില്ല. ഇതാ തൊട്ടുമുന്നിൽ ആ ദുഃഖപുത്രിയുടെ സ്രഷ്ടാവ്. കാലം വായിക്കുന്ന കാലത്ത് ഒരിക്കലും അതിന്റെ സ്രഷ്ടാവിന്റെ മുന്നിൽ എന്നെങ്കിലും എത്തിച്ചേർന്നേക്കുമെന്നു കരുതിയിരുന്നില്ല. ഇപ്പോൾ അതു നിറയെ സാധിച്ചിരിക്കുന്നു. അതും ഈ എഴുത്തുകാരന്റെ രചനകൾ മിക്കതും വായിച്ച മകൾക്കൊപ്പം. അദ്ദേഹം കൈമുട്ട് മേശയിലൂന്നി ഞങ്ങളെ താത്പര്യപൂർവം ശ്രദ്ധിക്കുകയാണ്.
എഴുത്തുകാരനെ കാണുന്നതോടൊപ്പം ആദ്യപുസ്തകം ‘തക്കിജ്ജ- എന്റെ ജയിൽ ജീവിതം’ അദ്ദേഹത്തിന് സമ്മാനിക്കണമെന്നതും ഈ കൂടിക്കാഴ്ചയുടെ ലക്ഷ്യമാണ്. ആദരവോടെ എം.ടി സാറിന് എന്ന് ആദ്യപേജിൽ എഴുതി ഒപ്പിട്ടു കൂടിക്കാഴ്ചയുടെ ഒരു ഭാഗം നിറവേറ്റി. അദ്ദേഹം പുസ്തകം കയ്യിലെടുക്കുന്നതും കളിപ്പാട്ടം കിട്ടിയ കുട്ടിയുടെ കൗതുകത്തോടെ തിരിച്ചും മറിച്ചും നോക്കുന്നതും പേജുകൾ മറിച്ചിടുന്നതും ഞാൻ അതീവ താല്പര്യത്തോടെ നോക്കിനിന്നു. പുസ്തകങ്ങൾ കാണുന്നതും വായിക്കുന്നതും സൂക്ഷിക്കുന്നതും തുടങ്ങി പലതും പലവട്ടം അദ്ദേഹം പറഞ്ഞതും എഴുതിയതും എന്റെ ഓർമയിലുള്ളതാണ് ആ കൗതുകനോട്ടത്തിന് കാരണം.
എംടി ആരോടും അധികം മിണ്ടാറില്ലെന്നും പെട്ടെന്നു ദേഷ്യം വരുന്ന ആളാണെന്നും പലരും പറഞ്ഞത് ഓർമയിലുണ്ട്. അതിപ്രശസ്തരായവർപോലും എന്തെങ്കിലും അദ്ദേഹം പറയുന്നത് കേൾക്കാൻ കാത്തിരുന്നിട്ടും നിരാശരായി മടങ്ങിയതും കേട്ടിട്ടുണ്ട്. വർഷങ്ങൾക്കുമുൻപ് എംടിയെ ഒരു ചടങ്ങിനു ക്ഷണിക്കാൻ പോകുന്നതിനു മുൻപ് സുഹൃത്തായ എഴുത്തുകാരൻ കെ.പി. രാമനുണ്ണിയോട് ഈ വിഷയത്തിൽ ഉണ്ണിയേട്ടന് ഒന്നിടപെടാമോ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.
ജയചന്ദ്രൻ നേരിട്ടുചെന്നു കാര്യം പറയുക. അദ്ദേഹം ഒരൊറ്റ നോട്ടത്തിൽ നിങ്ങളെ പഠിക്കും. ആ നോട്ടം രണ്ടുമാവാം. ഇഷ്ടപ്പെട്ടാൽ അദ്ദേഹം നിങ്ങളുടെ വിഷയത്തിന് പച്ചക്കൊടി കാട്ടും. കെ.പി.രാമനുണ്ണി പറഞ്ഞതു ശരിയാണെന്ന് അന്നു ബോധ്യമായി. അന്നത്തെ ആദ്യ കൂടിക്കാഴ്ചയിൽ ഒരല്പനേരം അദ്ദേഹം സംസാരിച്ചു. അന്നു പത്രാധിപർ എന്ന നിലയ്ക്കും എഴുത്തുകാരൻ എന്ന നിലയ്ക്കുമുള്ള തിരക്കുകൾ എന്നോടു പറഞ്ഞു. തിരക്ക് അല്പം കുറഞ്ഞാൽ വരാമെന്നും സമ്മതിച്ചു. ആ ഓർമ മനസിലുണ്ട്.
ഇനി ഈ കൂടിക്കാഴ്ചയിൽ ബാക്കിയുള്ളത് വർഷങ്ങളായി മനസിൽ നോവായി കിടന്ന സുമിത്രയെക്കുറിച്ചറിയാനുള്ള ചോദ്യമാണ്. ആ ചോദ്യം എങ്ങനെ ചോദിക്കണം? ചോദ്യം അദ്ദേഹത്തെ മുഷിപ്പിക്കരുതല്ലോ. വലിയ അലങ്കാരങ്ങളില്ലാതെ നേരിട്ടു ഞാൻ ആ ചോദ്യം ഉന്നയിച്ചു.
“സാർ, കാലം എന്ന നോവൽ രണ്ടു തവണ മുൻപു വായിച്ചതാണ്.അതിലെ സുമിത്ര എന്നെ അങ്ങേയറ്റം ദുഃഖിപ്പിച്ച കഥാപാത്രവും. സുമിത്ര യഥാർഥത്തിൽ ജീവിച്ചിരുന്ന ആളാണോ?”
ചോദ്യം കേട്ട് എംടിയുടെ മുഖം അല്പംകൂടി പ്രസന്നമായി. അദ്ദേഹം മുഖം ഒരു വശത്തേക്ക് തിരിച്ച് ആരോടെന്നില്ലാതെ പറഞ്ഞു.
“ഫ്ളോബേർ പറയാറുണ്ട്. അയാം മദാം ബോവറി... അയാം മദാം ബോവറി ..”
ആ മറുപടി ശരിക്കും കൃത്യമായി. ഫ്ളോബേർ എന്ന വിഖ്യാത ഫ്രഞ്ച് എഴുത്തുകാരൻ എംടിക്ക് ഏറെ പ്രിയങ്കരനാണ്. മദാം ബോവറി ഫ്ളോബേറിന്റെ അതിപ്രശസ്ത നോവലും. നോവലിലെ മുഖ്യ കഥാപാത്രമാണ് മദാം ബോവറി. ഫ്ളോബേർതന്നെ മദാം ബോവറി എന്നുപറയുന്പോൾ അത് എഴുത്തുകാരന്റെ ആത്മാശം തന്നെ. സുമിത്ര എംടിയുടെ ജീവിതത്തിൽ എവിടെയൊക്കയോ പരിചിതയായവൾ.
ഞങ്ങളുടെ സംഭാഷണം തുടരുന്പോൾ സുധീര എംടിയെ ചൂണ്ടി ഇങ്ങനെ പറഞ്ഞു.
“ഇതാ സേതു ഇവിടെ ഇരിക്കുന്നു.”
സംഭാഷണം ഒരു ചിരിയിൽ തുടരുന്പോൾ എംടിയുടെ തുറന്നു ചിരിക്കാത്ത മുഖത്തു കൂടുതൽ പ്രസന്നത കൈവന്നു. അദ്ദേഹം തൊട്ടടുത്ത മുറിയിലേക്കു പോയി ഒരു പുസ്തകവുമായി തിരിച്ചുവന്നു. അതിൽ അദ്ദേഹം കൈയൊപ്പിട്ട് മകൾ അമ്മുവിനെ അടുത്തേക്ക് വിളിച്ചു. അവൾക്ക് ആ പുസ്തകം അദ്ദേഹം സമ്മാനിച്ചു. അമ്മു അവൾക്ക് ഏറെ ഇഷ്ടമുള്ള എഴുത്തിന്റെ തന്പുരാന്റെ കാൽതൊട്ടു വന്ദിച്ചു. ഒരു മണിക്കൂർ നീണ്ട ആ കൂടിക്കാഴ്ച ഇന്നും എനിക്ക് പ്രിയങ്കരമാണ്. അമ്മുവിന് ഒഴിവുകാലം സമ്മാനിച്ച ചില സമ്മോഹന നിമിഷങ്ങളും.
വീണ്ടും എംടിയെ കാണുന്നത് എന്റെ രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്യാൻ പോയപ്പോഴാണ്. അന്നു കോവിഡ് കാലം. പലരും കൂടിക്കാഴ്ചകൾ കോവിഡ് ഭീതിമൂലം അനുവദിക്കാത്ത കാലം. രണ്ടാമത്തെ പുസ്തകം കടൽനീലം എംടി പ്രകാശനം ചെയ്യണമെന്ന എന്റെ ആഗ്രഹം നടക്കുമെന്നു തോന്നാത്ത ചുറ്റുപാട്. പക്ഷേ, അദ്ദേഹം വരാൻ സമ്മതം മൂളി.
ശരിക്കും സന്തോഷവും അത്ഭുതവും തോന്നി. ഞാനും ഭാര്യ ജ്യോതിയും കൂട്ടുകാരായ മണിക്കുട്ടനും കെ. പ്രേമനും പ്രേമന്റെ മകൻ ഗോവിന്ദും അടങ്ങുന്ന കൂട്ട് സിത്താരയിലേക്ക് യാത്രയായി. അദ്ദേഹത്തിന് ഒരു വേറിട്ട സമ്മാനമാകാം. കൂട്ടത്തിൽ ആരോ അഭിപ്രായപ്പെട്ടു. കോവിഡ്കാലത്തെ കൃഷിയിൽ കിട്ടിയ വലിയ ചേന സമ്മാനമാക്കിയതും കൂട്ടുകാരുടെ ചിന്ത. പണ്ട് തകഴി എഴുത്തുകാരായ കൂട്ടുകാർക്ക് തന്റെ കൃഷിയുത്പന്നങ്ങൾ കൊടുത്ത ചരിത്രവും കൂട്ടത്തിലാരോ വിളന്പി.
സിത്താരയിൽ എംടി മാസ്ക് ധരിച്ച് ഇരിപ്പുണ്ട്. കടൽനീലം എംടി ഞങ്ങളുടെ മുൻപിൽ പ്രകാശിപ്പിച്ചു. പതിഞ്ഞ സ്വരത്തിൽ അദ്ദേഹം പറഞ്ഞു.
“നിങ്ങളുടെ ആദ്യ പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. ഇതും വായിക്കാം. വായിക്കാൻ വളരെ ബുദ്ധിമുട്ടുണ്ട്. കണ്ണു പഴയതുപോലെ വഴങ്ങുന്നില്ല. മുൻപ് ഒരു ദിവസം ഇരുനൂറു പേജുകൾവരെ വായിക്കുമായിരുന്നു. ഇപ്പോൾ അത്രയും സാധിക്കുന്നില്ല. എങ്കിലും വായന നിർത്താറില്ല. വായനയില്ലെങ്കിൽ പിന്നെ എന്ത് ജീവിതം...”
ആ സംഭാഷണം എന്നിൽ വലിയ സന്തോഷമേകി. മികച്ച ക്ലാസിക്കുകൾ വായിക്കുന്നൊരാൾ തക്കിജ്ജ വായിച്ചെന്നറിയുന്നതിലെ അതിരറ്റ സന്തോഷം. അതോടൊപ്പം ഏറ്റവും മികച്ച വായനക്കാരനു പഴയതുപോലെ വായിക്കാൻ കഴിയാതെ പോകുന്നതിലെ വിമ്മിട്ടം വലിയ വേദനയായും അനുഭവപ്പെട്ടു. കൂട്ടത്തിൽ രണ്ടാമൂഴത്തിന്റെ തിരക്കഥ തിരിച്ചുമേടിച്ചതും അതു സിനിമയായി കാണാൻ ആഗ്രഹിക്കുന്നതും അദ്ദേഹം ഞങ്ങളോട് പങ്കുവച്ചു. എംടിയുമായി നാലു തവണ സംസാരിക്കാനായി.
ഓരോ തവണയും അദ്ദേഹത്തെ സന്ദർശിക്കാൻ അവസരം കിട്ടിയത് എന്നിൽ മികവാർന്ന അനുഭവം നിറച്ചുവച്ചു. കഥകൾ, നോവലുകൾ, തിരക്കഥകൾ, പ്രഭാഷണങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണങ്ങൾ, നാടകം... തുടങ്ങി എഴുത്തിന്റെ ലോകത്തിൽ അദ്ദേഹം മിക്കതിലും സഞ്ചരിച്ചിട്ടുണ്ട്. ഒരു സിനിമക്കു പിന്നണി ഗാനവുമെഴുതി.സംവിധായകൻ, എഡിറ്റർ, അധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ജീവിതത്തിലെ ഒരു നിമിഷവും അദ്ദേഹം പാഴാക്കിയില്ലെന്നതാണു നേര്.
ഒരിക്കൽ സുഹൃത്ത് അക്ബർ കക്കട്ടിലിനോട് ഒരാൾ ചോദിച്ചു. നിങ്ങൾ എന്തുകൊണ്ടാണ് എംടിയെ ഇത്ര കൂടുതൽ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നത്?
അക്ബർ കക്കട്ടിൽ പറഞ്ഞ മറുപടി ഇങ്ങനെയാണ്.
“ഒരിക്കൽ സഫ്ദർ ഹാഷ്മി ദിനത്തിൽ ഹാഷ്മിയെപ്പറ്റി ഒരാൾ വാസുവേട്ടനോട് (എംടി) ചോദിച്ചു. അദ്ദേഹം ഹാഷ്മിയെക്കുറിച്ച് വാതോരാതെ പറയുന്നതുകേട്ട ഞാൻ വിസ്മയിച്ചു. ലോകത്തെ മിക്ക മികച്ച എഴുത്തുകാരെയും അവരുടെ കൃതികളേയും ഇത്രമേൽ വായിക്കുകയും അറിയുകയും ചെയ്ത മറ്റൊരെഴുത്തുകാരൻ ഇന്നു മലയാളത്തിലില്ല.”
ഇതാണ് എംടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻനായർ എന്ന വലിയ എഴുത്തുകാരന്റെ വിസ്താരം . ജൂലൈ 15ന് (നാൾപ്രകാരം കർക്കിടകത്തിലെ ഉത്രട്ടാതിയിലാണ് എംടിയുടെ പിറന്നാൾ) മലയാളത്തിലെ എഴുത്തിന്റെ, വായനയുടെ, ചിന്തയുടെ നിറസാന്നിധ്യം നവതിയിലേക്കു പ്രവേശിക്കുന്നു.
കവികൾ പൂങ്കോഴികളെന്ന് ഒരു ആഫ്രിക്കൻ പഴമൊഴിയുണ്ട്. കവികൾ മാത്രമല്ല എല്ലാ മികച്ച എഴുത്തുകാരും കലാകാരൻമാരും ആ ഗണത്തിൽപ്പെട്ടതുതന്നെ. അവരാണല്ലോ ലോകത്തെ കൂവി ഉണർത്തുന്നത്. മലയാളസാഹിത്യത്തിന്റെ മഹത്തായ വരദാനത്തിന്, മലയാളക്കരയെ സ്വതസിദ്ധമായി വിളിച്ചുണത്തുന്ന പുങ്കോഴിക്ക് ആദരം. പ്രണാമം.
ജയചന്ദ്രൻ മൊകേരി