ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും വിസ്മയമായ സച്ചിൻ തെണ്ടുൽക്കറിന് നാളെ 50 വയസ്. കളിയിലും കളത്തിലും വ്യക്തിജീവിതത്തിലും മാന്യതയുടെ പ്രതീകമാണ് സച്ചിൻ. രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള വ്യക്തികൂടിയാണ് ഈ ഭാരതരത്ന ജേതാവ്.
‘ജനം നിങ്ങൾക്കു നേരേ കല്ലെറിയുന്പോൾ നിങ്ങൾ അവയെ നാഴികക്കല്ലുകളാക്കി മാറ്റണം’. പറഞ്ഞത് മറ്റാരുമല്ല, ബാറ്റിലും ബോളിലും മൈതാനങ്ങളിൽ ഇതിഹാസം രചിച്ച വിസ്മയതാരം സച്ചിൻ രമേഷ് തെണ്ടുൽക്കർ.
കാറ്റു പിടിച്ചാൽ ചലിക്കാത്ത ചുരുളൻ മുടിയും ഗാംഭീര്യം തെല്ലുമില്ലാത്ത ശബ്ദവും അഞ്ചടി അഞ്ചിഞ്ച് മാത്രം ഉയരവുമുള്ള ഈ താരത്തെ ആദരിക്കുകയും ആരാധിക്കുകയും ചെയ്യാത്തവർ വിരളം.
തെരുവോരങ്ങളിലെ നിലയ്ക്കാത്ത ക്രിക്കറ്റ് ജ്വരം അന്താരാഷ്ട്രസ്റ്റേഡിയങ്ങളിൽ വരെ ഇത്രമേൽ പടർത്താൻ മറ്റൊരു താരത്തിനും ഇന്നേവരെ സാധിച്ചിട്ടില്ലെന്നതു സത്യം. അതുകൊണ്ടുതന്നെ ആരാധകർ ആൾപ്പൊക്കവും തലക്കനവുമില്ലാത്ത ഇദ്ദേഹത്തിന്റെ കളി ആക്ഷനുകൾ അഭ്രപാളിയിലെ മെഗാസ്റ്റാറുകളുടേതിനേക്കാൾ ഉയരത്തിൽ പതിപ്പിച്ചു, ദീപം തെളിയിച്ചു, പുഷ്പങ്ങൾ സമർപ്പിച്ചു.
അതിലേറെപ്പേർ മനസിന്റെ ശ്രീകോവിലിൽ ആരാധനാവിഗ്രഹമെന്നോണം സച്ചിനെ പ്രതിഷ്ഠിച്ചു.
കളിയുടെ ഭൂഗോളത്തിൽ ഇടിനാദമായിരുന്നു സച്ചിൻൻൻൻ... സച്ചിൻ... എന്ന നാമം. ഇന്ത്യയിൽ ക്രിക്കറ്റ് എന്നൊരു മതമുണ്ടെന്നും അതിലെ ആരാധനാമൂർത്തിയാണ് സച്ചിനെന്നുമൊക്കെ അക്ഷരത്താളുകളിൽ പലരും എഴുതി.
ഓസ്ട്രേലിയൻ ഇതിഹാസം സർ ഡൊണാൾഡ് ബ്രാഡ്മാനുപോലും കളിക്കളത്തിൽ എത്തിപ്പെടാൻ സാധിക്കാത്ത മാസ്മരികത. 145 കോടി ഇന്ത്യക്കാരുടെയും സ്വകാര്യ അഹങ്കാരം എന്നു വിശേഷിപ്പിക്കാവുന്ന സച്ചിൻ തെണ്ടുൽക്കറിന് നാളെ അന്‍പതാം പിറന്നാൾ മധുരം. ക്രിക്കറ്റ് ഭാഷയിൽ ജീവിത ഓവറിലെ അർധസെഞ്ചുറി.
ബാറ്റുകൊണ്ടൊരു കവിത
അന്തരീക്ഷത്തിലൊരു വൃത്തം തീർത്ത് ബൗളർ പന്തിനെ പായിച്ചു വിടുന്നിടത്തുനിന്ന് സച്ചിന്റെ റണ്കവിതയുടെ ആദ്യാക്ഷരം കുറിക്കപ്പെടും. പിച്ചിനെ ആചാരം ചെയ്ത് ഞൊടിയിടയിൽ ബാറ്റിലേക്കും പാഞ്ഞുവരുന്ന പന്തിലേക്കും ഒരു നോട്ടം. അടുത്ത നിമിഷം ബാറ്റിൽ ഇടിച്ചുതെറിക്കുന്ന പന്തിന്റെ ചിരിനാദം.
അളന്നുകുറിച്ചതുപോലെ ബോൾ സ്റ്റേഡിയത്തിന്റെ അതിർവരന്പിലേക്ക്, ചിലപ്പോൾ ആർത്തലയ്ക്കുന്ന ഗാലറിയിലേക്ക്. പഞ്ച്, പുൾ, ഫ്ളിക്ക്, കട്ട്, ഡ്രൈവ്, സ്വീപ്പ്... ഷോട്ടേതായാലും അതിനുണ്ടൊരു മനോഹാരിതയും ലാളിത്യവും.
2013 നവംബർ 14 നുശേഷം ഇന്നേവരെ ആരാധകർ അത്തരമൊരു സച്ചിൻ മാന്ത്രികതയ്ക്കു സാക്ഷ്യം വഹിച്ചിട്ടില്ല. അന്നായിരുന്നു 24 വർഷത്തെ രാജ്യാന്തര ക്രിക്കറ്റ് കളിയരങ്ങിൽനിന്ന് എക്കാലത്തെയും അതിശയതാരം മടങ്ങിയത്.
റണ്‍സ്, സെഞ്ചുറി, പ്ലെയർ ഓഫ് ദ മാച്ച്, ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ചുറി എന്നിങ്ങനെ ഒട്ടനവധി ക്രിക്കറ്റ് റിക്കാർഡുകളും സച്ചിൻ എന്ന പേരിനൊപ്പം പൊൻതൂവൽ ചാർത്തിയിരിക്കുന്നു. ഗോഡ് ഓഫ് ക്രിക്കറ്റ്, മാസ്റ്റർ ബ്ലാസ്റ്റർ, ലിറ്റിൽ മാസ്റ്റർ എന്നെല്ലാം ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നതിന് മറ്റെന്തുവേണം. അതെ,സച്ചിന്റെ ബാറ്റിനോടു പന്തിനുള്ള ആകർഷണമാണ് ആരാധകർക്ക് സച്ചിന്റെ താരപ്രഭയോടുള്ളത്.
കവിയുടെ മകൻ
സച്ചിന്റെ ബാറ്റിംഗ് ക്രിക്കറ്റ് പ്രേമികൾക്ക് കവിതപോലെ അനുഭവപ്പെടുന്നെങ്കിൽ കാരണം ഒന്നുമാത്രം, തെണ്ടുൽക്കർ കുടുംബത്തിന്റെ കവിഭാവന. 1973 ഏപ്രിൽ 24ന് മുംബൈയിലെ ബാന്ദ്രയിൽ സച്ചിൻ ജനിച്ച കാലത്ത് അച്ഛൻ രമേഷ് തെണ്ടുൽക്കറിന്റെ ഭാവനയിലും തുലികയിലും കവിതകൾ ഏറെ വിരിഞ്ഞിരുന്നു.
മറാത്തിയിലൊരു കവിതാ സമാഹാരം രമേഷ് തെണ്ടുൽക്കർ പുറത്തിറക്കുകയും ചെയ്തു. കവിയും നോവലിസ്റ്റുമായിരുന്ന പ്രഫസർ രമേഷ് തെണ്ടുൽക്കറിന്റെയും ഇൻഷ്വറൻസ് ഉദ്യോഗസ്ഥ രജ്നിയുടെയും മകനായാണ് സച്ചിന്റെ ജനനം.
രമേഷ് തെണ്ടുൽക്കറിന്റെ ആദ്യ ഭാര്യയിലെ രണ്ട് സഹോദരൻമാരുടെയും മുതിർന്ന സഹോദരിയുടെയും കൊച്ചനുജനായി സച്ചിന്റെ ബാല്യം. മൂന്നാമത്തെ കുട്ടിയുടെ ജനനവേളയിൽ ആദ്യ ഭാര്യ മരിച്ചതോടെയാണ് രമേഷ് തെണ്ടുൽക്കർ രജ്നിയെ വിവാഹം കഴിച്ചത്.
രമേഷ് തെണ്ടുൽക്കറിന് പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ സച്ചിൻ ദേവ് ബർമനോടുണ്ടായിരുന്ന ആരാധനയാണ് സച്ചിൻ എന്നു മകനു പേരിടാൻ കാരണം. സച്ചിന്റെ ബാറ്റിംഗ് കാവ്യത്തിന് ഇതിൽപരം പശ്ചാത്തല സംഗീതത്തിന്റെ ആവശ്യമില്ലല്ലോ. ഈ സച്ചിനോടുള്ള ആരാധനയിൽ കേരളത്തിലടക്കം വീടുകളിൽ പിൽക്കാലത്ത് നിരവധി സച്ചിൻമാരുണ്ടായതും ചരിത്രം.
1999 ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ സച്ചിൻ പങ്കെടുക്കുന്നതിനിടെയായിരുന്നു രമേഷ് തെണ്ടുൽക്കറിന്റെ മരണം. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ ഇന്ത്യ തോറ്റു. സിംബാബ്വെക്ക് എതിരായ രണ്ടാം മത്സരത്തിന് ഇന്ത്യൻ ടീം തയാറെടുക്കുന്നതിനിടെ മേയ് 19 നായിരുന്നു രമേഷിന്റെ മരണം.
പിതാവുമായി അത്രമേൽ വൈകാരിക അടുപ്പമുണ്ടായിരുന്ന സച്ചിന് അച്ഛന്റെ വേർപാട് താങ്ങാനായില്ല. തുടർന്ന് നേരേ മുംബൈയിലേക്ക്. അച്ഛനോടുള്ള കടമയും കർമവും നിറവേറ്റിയശേഷം മാതൃരാജ്യത്തോടുള്ള കർത്തവ്യപൂർത്തീകരണത്തിനായി ലോകകപ്പ് വേദിയിലേക്ക് മടക്കം.
അന്നേ ദിവസം സിംബാബ് വെയ്ക്കെതിരേ നടന്ന മത്സരത്തിലും പരാജയപ്പെട്ട ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടക്കുമോ എന്ന ത്രിശങ്കുവിലായിരുന്നു. മേയ് 23ന് കെനിയയ്ക്കെതിരായ പോരാട്ടത്തിൽ 101 പന്തിൽ 140 റണ്‍സുമായി സച്ചിൻ പുറത്താകാതെ നിന്നു.
ജീവിതത്തിലെ ഏറ്റവും വികാരനിർഭരമായ ഇന്നിംഗ്സായിരുന്നു അത്... മത്സരത്തിൽ ഇന്ത്യ 94 റണ്‍സ് ജയം നേടി, ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തോടെ സൂപ്പർ സിക്സിൽ ഇടംപിടിച്ചു.
ടെന്നീസ് ഇഷ്ടപ്പെട്ട നാണംകുണുങ്ങി
കുഞ്ഞു സച്ചിൻ ക്രിക്കറ്റ് ബാറ്റുമായി നിൽക്കുന്ന ചിത്രങ്ങൾ സുപരിചിതമാണെങ്കിലും മറ്റൊരു ചരിത്രം അതിനു പിന്നിലുണ്ട്. ക്രിക്കറ്റിനേക്കാൾ ടെന്നീസ് ഇഷ്ടപ്പെട്ട, അമേരിക്കൻ ഇതിഹാസ ടെന്നീസ് താരം ജോണ്‍ മക്കെൻറൊയെ അനുകരിച്ച് തലമുടി നീട്ടിവളർത്തിയ സച്ചിന്റെ ബാല്യം.
അക്കാലത്ത് സച്ചിൻ ടെന്നീസ് റിസ്റ്റ് ബാൻഡും ഹെഡ്ബാൻഡും സ്ഥിരമായി അണിഞ്ഞിരുന്നു. എന്നാൽ, ജ്യേഷ്ഠൻ അജിത്താണ് സച്ചിനിലെ ക്രിക്കറ്ററെ തിരിച്ചറിഞ്ഞത്. 1984ൽ ആയിരുന്നു തികച്ചും ശരിയെന്നു കാലം അടയാളപ്പെടുത്തിയ തീരുമാനം അജിത് കൈക്കൊണ്ടത്. ദാദറിലെ ശിവജി പാർക്കില്‍ ക്രിക്കറ്റ് പരിശീലകൻ രമാകാന്ത് അചരേക്കറിന്റെ അടുത്ത് അജിത് അനുജനെ എത്തിച്ചു.
സച്ചിന്റെ ആദ്യ പരിശീലന സെഷൻ രമാകാന്തിനെ ആകർഷിച്ചില്ല. എന്നാൽ, അജിത്തിന്റെ അഭ്യർഥന മാനിച്ച് വീണ്ടും സച്ചിന് അവസരം നൽകാൻ അദ്ദേഹം തയാറായി. കോച്ച് കളിക്കിടെ തന്നെ നിരീക്ഷിക്കുന്നുണ്ടെന്നറിഞ്ഞ കുഞ്ഞു സച്ചിൻ നാണത്താലും ഭയത്താലുമാണ് നല്ല രീതിയിൽ ബാറ്റ് ചെയ്യാത്തതെന്നായിരുന്നു അജിത്ത് രമാകാന്തിനെ ധരിപ്പിച്ചത്.
രമാകാന്ത് ഒരു മരത്തിനു മറഞ്ഞുനിന്ന് സച്ചിന്റെ ബാറ്റിംഗ് നിരീക്ഷിച്ചു. അദ്ദേഹത്തിനു സച്ചിന്റെ പ്രകടനം ഇഷ്ടമായി. അതോടെ ദാദറിലെ ശാരദാശ്രം വിദ്യാമന്ദിർ ഇംഗ്ലീഷ് ഹൈസ്കൂളിലേക്ക് പഠനം മാറാൻ രമാകാന്ത് നിർദേശിച്ചു. അങ്ങനെ സ്കൂളിനടുത്തുള്ള ആന്റിയുടെ വീട്ടിലേക്ക് സച്ചിൻ താമസം മാറി.
സഭാകന്പവും നാണവുംകൊണ്ട് കോച്ചിനു മുന്നിൽ ബാറ്റ് ചെയ്യാൻ വിഷമിച്ച സച്ചിനാണ് പിൽക്കാലത്ത് ക്രിക്കറ്റിന്റെ ഇന്ത്യൻമുഖമായി ലോകത്തിനു മുന്നിലേക്കു പരുവപ്പെട്ടത്.
മണിക്കൂറുകൾ നീളുന്ന ബാറ്റിംഗ് പരിശീലനത്തിനിടെ സച്ചിൻ ക്ഷീണിക്കുന്പോൾ വിക്കറ്റിനു മുകളിൽ ഒരു രൂപ നാണയം വച്ചശേഷം പുറത്താകാതെ നിന്നാൽ അത് സച്ചിന് സ്വന്തമാക്കാം എന്നുള്ള അചരേക്കറുടെ തന്ത്രവും മന്ത്രവും പിൽക്കാലത്താണ് ലോകം അറിഞ്ഞത്. അങ്ങനെ സ്വന്തമാക്കിയ 13 ഒരു രൂപാ നാണയങ്ങൾ അമൂല്യനിധിയായി സച്ചിൻ ഇക്കാലത്തും സൂക്ഷിക്കുന്നു, ഗുരുത്വത്തിന്റെ അടയാളമായി.
അചരേക്കർ ഇല്ലായിരുന്നെങ്കിൽ സച്ചിൻ എന്ന ക്രിക്കറ്റ് ഇതിഹാസം രൂപപ്പെടില്ലായിരുന്നു. അതുപോലെ ജ്യേഷ്ഠൻ അജിത്തിന്റെ അർപ്പണവും നിർണായകമായി. അചരേക്കറിനെയും അജിത്തിനെയും അത്രമേൽ ഹൃദയത്തോടെ ചേർത്തുവച്ചാണ് സച്ചിന്റെ ജീവിതയാത്ര.
2019 ജനുവരി രണ്ടിന് അചരേക്കർ അന്ത്യയാത്ര പറഞ്ഞപ്പോൾ സച്ചിൻ വിങ്ങിപ്പൊട്ടി. നിറകണ്ണുകളോടെ അചരേക്കറിന്റെ ശവമഞ്ചമായി നീങ്ങുന്ന സച്ചിനെ ലോകം ദുഃഖഭാരത്തോടെ കണ്ടു.
ആഗ്രഹിച്ചത് പേസ് ബൗളറാകാൻ
1987ൽ സച്ചിൻ ഒരു തീരുമാനമെടുത്തു. ബാറ്റിംഗിനൊപ്പം പേസ് ബൗളിംഗും പഠിക്കണം. അങ്ങനെ ഓസ്ട്രേലിയൻ മുൻ പേസർ ഡെന്നിസ് ലിലിയുടെ ശിക്ഷണം തേടാനായി എംആർഎഫ് പേസ് ഫൗണ്ടേഷനിലെത്തി. സച്ചിനു കൂടുതൽ അനുയോജ്യം ബാറ്റിംഗ് ആണെന്ന് പറഞ്ഞ് ഡെന്നിസ് ലിലി തിരിച്ചയച്ചു.
അതേ വർഷം സച്ചിനിലെ ബാറ്റർക്ക് സുനിൽ ഗാവസ്കറിൽനിന്നൊരു സമ്മാനം ലഭിച്ചു. തന്റെ ലൈറ്റ് വെയ്റ്റ് പാഡ് നൽകിയശേഷം സച്ചിനോട് സുനിൽ ഗാവസ്കർ പറഞ്ഞു, ബോംബെ ക്രിക്കറ്റ് അസോസിയേഷന്റെ മികച്ച ജൂണിയർ ക്രിക്കറ്ററിനുള്ള അവാർഡ് ലഭിച്ചില്ലെങ്കിൽ സങ്കടപ്പെടരുതെന്ന്. ലഭിച്ച ഏറ്റവും വലിയ പ്രോത്സാഹനമായിരുന്നു അതെന്ന് പിന്നീട് സച്ചിൻ തുറന്നുപറഞ്ഞു.
1987 നവംബർ 14ന് പതിന്നാലാം വയസിൽ ബോംബെയുടെ രഞ്ജി ട്രോഫി ടീമിലേക്ക് സച്ചിനു വിളിയെത്തി. സീസണിൽ ആദ്യ ഇലവനിൽ ഉൾപ്പെടാൻ സാധിച്ചില്ലെങ്കിലും പകരക്കാരൻ ഫീൽഡറായി കളത്തിലിറങ്ങി.
1988 ഡിസംബർ 11ന് രഞ്ജി ട്രോഫിയിൽ ഗുജറാത്തിനെതിരേ അരങ്ങേറ്റം. 100 നോട്ടൗട്ടുമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റിക്കാർഡ് സ്വന്തമാക്കി. അതേവർഷം ശാരദാശ്രം സ്കൂളിനായി വിനോദ് കാംബ്ലിക്കൊപ്പം 664 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചും ചരിത്രം കുറിച്ചു.
1989 നവംബർ 15ന് പതിനാറാം വയസിൽ കറാച്ചിയിൽ പാക്കിസ്ഥാനെതിരേ ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം. അതേവർഷം ഡിസംബർ 18ന് പാക്കിസ്ഥാനെതിരേ ഏകദിനത്തിലും രാജ്യാന്തര അരങ്ങേറ്റം.
ടെസ്റ്റിൽ 200 മത്സരങ്ങളിൽനിന്ന് 51 സെഞ്ചുറിയും 68 അർധസെഞ്ചുറിയും ഉൾപ്പെടെ 54.78 ശരാശരിയിൽ 15,921 റണ്‍സ് സ്വന്തമാക്കി. ഏകദിനത്തിൽ 463 മത്സരങ്ങളിൽ ഇന്ത്യൻ ജഴ്സി അണിഞ്ഞ സച്ചിൻ, 49 സെഞ്ചുറിയും 96 അർധ സെഞ്ചുറിയും ഉൾപ്പെടെ 18,426 റണ്‍സ് നേടി. രാജ്യാന്തര ക്രിക്കറ്റിൽ 100 സെഞ്ചുറി തികച്ച ഏക ക്രിക്കറ്റർ, ഏകദിനത്തിൽ ആദ്യ ഇരട്ട സെഞ്ചുറി (200 നോട്ടൗട്ട്) തുടങ്ങിയ നേട്ടങ്ങൾ.
പേസ് ബൗളറാകാൻ സാധിച്ചില്ലെങ്കിലും സ്പിന്നറായി കാൽനൂറ്റാണ്ട് തിളങ്ങി. ടെസ്റ്റിൽ 46ഉം ഏകദിനത്തിൽ 154ഉം വിക്കറ്റ് വീഴ്ത്തി. ഏകദിനത്തിൽ രണ്ടു തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. രാജ്യാന്തര അരങ്ങേറ്റത്തിൽ പാക്കിസ്ഥാന്റെ പ്രതാപികളായ ബൗളർമാരെ നിലംപൊത്തിച്ച കൗമാരക്കാരൻ പിന്നീട് ലോകോത്തര സ്പിന്നർമാരായ ഓസ്ട്രേലിയയുടെ ഷെയ്ൻ വോണിനും ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനുമൊക്കെ പേടിസ്വപ്നമായി മാറിയെന്നതും ചരിത്രം...
ജെന്റിൽമാൻ
ക്രിക്കറ്റിലെ ജെന്റിൽമാൻ എന്ന് ആരാധകർ ആദരിച്ച് അംഗീകരിച്ച താരം. കളിക്കൂട്ടുകാരനായ വിനോദ് കാംബ്ലി വഴിതെറ്റിയപ്പോൾപോലും സച്ചിന്റെ ദിശാബോധത്തിനു ക്ഷതമേറ്റില്ല. കാംബ്ലിയെ നല്ലവനാക്കി കൊണ്ടുവരാൻ ശ്രമിച്ചു പരാജയപ്പെട്ട അനുഭവവും സച്ചിനുണ്ട്.
ലോകം ആവേശത്തിലും ആരാധനയിലും വാഴ്ത്തിയപ്പോഴും അതിരുവിട്ട അഹന്തയോ നിലവിട്ട പൊങ്ങച്ചമോ സച്ചിനിൽ കാണാനിടയായില്ല. പെരുമയുടെ ഹിമാലയം കയറിയപ്പോഴും പെരുമാറ്റത്തിൽ മാന്യനും പേരിൽ ബഹുമാന്യനുമായി താരം ഇന്ത്യയുടെ അഭിമാനമായി മാറി.
ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന തുറന്ന പുസ്തകമാണ് ഈ ജീവിതം. 1995ൽ ഡോക്ടർ അഞ്ജലിയെ വിവാഹം കഴിച്ചു. ഒരു വിമാനയാത്രയ്ക്കിടയിലെ സൗഹൃദമാണ് ഇരുവരെയും ജീവിതത്തിൽ ഒന്നിപ്പിച്ചത്. സാറ, അർജുൻ എന്നിങ്ങനെ രണ്ട് മക്കൾ.
2012 ഏപ്രിലിൽ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ സച്ചിനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തു. ജൂണ്‍ നാലിന് സത്യപ്രതിജ്ഞ ചെയ്ത് എംപി ആയി. ഡൽഹിയിൽ ബംഗ്ലാവ് തയാറാക്കിയെങ്കിലും സച്ചിൻ അത് ആദരവോടെ നിരസിച്ചു.
ക്രിക്കറ്റിലെപോലെ രാജ്യസഭയിൽ ശോഭിക്കാൻ സാധിച്ചില്ലെന്നതും വസ്തുത. യുണിസെഫിനൊപ്പം വിവിധ പദ്ധതികളിൽ പങ്കാളിയായി. സച്ചിൻ തെണ്ടുൽക്കർ ഫൗണ്ടേഷനിലൂടെ നിരവധി സഹായങ്ങൾ ചെയ്യുന്നു.
പതിനാറാം വയസിൽ ആരംഭിച്ച രാജ്യാന്തര ക്രിക്കറ്റ് യാത്രയ്ക്കു നാൽപതാം വയസിൽ വിരാമമിട്ട സച്ചിൻ, രാജ്യാന്തര തലത്തിൽ 664 മത്സരങ്ങൾ കളിച്ചു, 34,357 റണ്‍സ് സ്വന്തമാക്കി. എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിൽ ഒരാളായി തന്റെ പേര് കായികഭൂപടത്തിൽ എഴുതിചേർത്തു.
സച്ചിൻ ക്രീസ് വിട്ടിട്ട് ഒരു പതിറ്റാണ്ട് ഈ വർഷം പൂർത്തിയാകും. എങ്കിലും സച്ചിനില്ലാത്ത ക്രിക്കറ്റ് ഇന്ത്യക്കില്ല. ഇന്ത്യൻ ക്രിക്കറ്റ് എന്നു പറഞ്ഞാൽ ആദ്യമെത്തുന്ന പേരും സച്ചിൻ രമേഷ് തെണ്ടുൽക്കർ എന്നുതന്നെ...
ഇതാണ് സച്ചിൻ
പേര്: സച്ചിൻ രമേഷ് തെണ്ടുൽക്കർ
ജനനം: 1973 ഏപ്രിൽ 24
ജനനസ്ഥലം: മുംബൈ
ചെല്ലപ്പേര്: ലിറ്റിൽ മാസ്റ്റർ, മാസ്റ്റർ ബ്ലാസ്റ്റർ
പിതാവ്: രമേഷ് തെണ്ടുൽക്കർ
അമ്മ: രജ്നി തെണ്ടുൽക്കർ
സഹോദരങ്ങൾ: നിതിൻ, അജിത്, സവിത
ഭാര്യ: അഞ്ജലി തെണ്ടുൽക്കർ
മക്കൾ: സാറ, അർജുൻ
ബാറ്റിംഗ്: വലത് കൈ
ബൗളിംഗ്: വലംകൈ മീഡിയം പേസർ, ലെഗ് സ്പിൻ, ഓഫ് സ്പിൻ
രാജ്യാന്തര ഏകദിന അരങ്ങേറ്റം: 1989 ഡിസംബർ 18ന് പാക്കിസ്ഥാന് എതിരേ
ടെസ്റ്റ് അരങ്ങേറ്റം: 1989 നവംബർ 15ന് പാക്കിസ്ഥാന് എതിരേ
ഇഷ്ട ഭക്ഷണം: ബോംബെ താറാവ്, കൊഞ്ച് കറി, ഞണ്ട് മസാല, കീമ പറാത്ത, ലസ്സി, ചിൻഗ്രി കൊഞ്ച്, മട്ടണ്‍ ബിരിയാണി, മട്ടണ്‍ കറി, ബൈഗാൻ ഭർത്ത
ഇഷ്ട നടൻ: അമിതാഭ് ബച്ചൻ, അമീർ ഖാൻ, നാന പടേക്കർ
ഇഷ്ട നടി: മാധുരി ദീക്ഷിത്
ഇഷ്ട നിറം: നീല
ആത്മകഥ: പ്ലേയിംഗ് ഇറ്റ് മൈ വെ
ഡോക്യുമെന്ററി സിനിമ: സച്ചിൻ: എ ബില്യണ്‍ ഡ്രീംസ്
ബഹുമതികൾ
അർജുന അവാർഡ്: 1994
ഖേൽ രത്ന: 1997-98
വിസ്ഡൻ ക്രിക്കറ്റർ: 1997
പദ്മശ്രീ: 1999
പദ്മവിഭൂഷൻ: 2008
ഭാരത് രത്ന: 2014
അനീഷ് ആലക്കോട്