കൃത്രിമ ബുദ്ധിയിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകൾ നിർമിക്കാനുള്ള ശ്രമമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. അതായത് വൻതോതിൽ വിവരങ്ങൾ സമാഹരിച്ച് ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വന്തമായി തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള സംവിധാനം വികസിപ്പിക്കൽ.
തനിച്ചു തീരുമാനമെടുത്തു പ്രവർത്തിക്കാൻ കഴിയുന്ന യന്ത്രങ്ങളും സംവിധാനങ്ങളും വികസിപ്പിക്കുന്നതിൽ ഇക്കാലത്ത് വലിയ പുരോഗതിയാണുള്ളത്. ഒട്ടേറെ മേഖലകളിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗത്തിലുണ്ടെങ്കിലും ചാറ്റ്ജിപിറ്റി പോലുള്ളവ നിത്യജീവിതത്തിന്റെ ഭാഗമാകുന്പോഴാണ് നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എഐ)യെക്കുറിച്ചുള്ള ചിന്തകളും ചർച്ചകളും സാധാരണമായിത്തീരുന്നത്. ചിലരുടെ മനസിലെങ്കിലും ഈ സാങ്കേതികവിദ്യ ഒട്ടേറെ ഭയവും ആശങ്കയും സൃഷ്ടിക്കുന്നുണ്ട്.
ഈ ആശങ്ക പുതിയതല്ലെന്നതാണ് യാഥാർഥ്യം. പൂർണതോതിലുള്ള നിർമിത ബുദ്ധിയുടെ വികസനം മനുഷ്യകുലത്തിന്റെ അന്ത്യത്തിനു തുടക്കമായിരിക്കുമെന്ന് അന്തരിച്ച വിഖ്യാത ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ്സ് മുൻപ് പറഞ്ഞിട്ടുള്ളതാണ്. നിർമിത ബുദ്ധി വ്യാപകമാകുന്നതോടെ പ്രവചിക്കാൻ പറ്റാത്തവിധം ജീവിതം മാറ്റിമറിക്കപ്പെടാം. വ്യാപകതോതിലുള്ള തൊഴിൽ നഷ്ടത്തിനും സാന്പത്തിക, സാമൂഹിക അസമത്വങ്ങൾക്കും കാരണമായേക്കാം.
കൃത്രിമ ബുദ്ധിയിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടറുകൾ നിർമിക്കാനുള്ള ശ്രമമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. അതായത് വൻതോതിൽ വിവരങ്ങൾ സമാഹരിച്ച് ആ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വന്തമായി തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള സംവിധാനം വികസിപ്പിക്കൽ. പ്രത്യേക ലക്ഷ്യത്തോടെ തയാറാക്കുന്ന അൽഗോരിതങ്ങളെന്ന പ്രോഗ്രാമുകളും കാര്യശേഷി കൂടിയ ഹാർഡ്വെയറുകളും ഇതിന്റെ ഭാഗമാണ്.
വിവിധ വിഷയങ്ങളിൽ ലേഖനങ്ങളെഴുതാനും സംഗീതം ചിട്ടപ്പെടുത്താനുമൊക്കെ നിർമിതബുദ്ധിക്കു കഴിയും. ഗൂഗിളിൽ സെർച്ച് ചെയ്യുന്പോൾ എന്ത് ഉത്തരം നല്കണമെന്നും ഫേസ്ബുക്ക് ന്യൂസ്ഫീഡിൽ എന്തൊക്കെ പ്രത്യക്ഷപ്പെടണമെന്നും തീരുമാനിക്കുന്നത് നിർമിത ബുദ്ധിയാണ്. യൂട്യൂബിൽ ഇഷ്ടപ്പെട്ട വീഡിയോകൾ പ്രത്യക്ഷപ്പെടുന്നതിനു പിന്നിലും ഇതുതന്നെ.
വായ്പയെടുക്കാൻ വരുന്നയാളുടെ ഡിജിറ്റൽ ഇടപാടു ചരിത്രം പരിശോധിച്ച് വായ്പ നല്കണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കാൻ നിർമിത ബുദ്ധി ഉപയോഗപ്പെടുത്താം. രോഗനിർണയത്തിലും ചികിത്സയിലും ഉൾപ്പെടെ വൈദ്യശാസ്ത്ര മേഖലയിൽ നിർമിതബുദ്ധി ഇക്കാലത്ത് പ്രയോജനപ്പെടുത്തുന്നുണ്ട്.
ഇതു തുടക്കം മാത്രം
നിലവിൽ ഈ സാങ്കേതികവിദ്യ അതിന്റെ പ്രാഥമിക ഘട്ടത്തിലാണെന്നു പറയാം. ‘നാരോ എഐ’, ‘ജനറൽ എഐ’ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്. ഏതെങ്കിലുമൊരു പ്രത്യേക മേഖലയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നവയാണ് നാരോ എഐ. ചെസ് കളിക്കാനുള്ള സോഫ്റ്റ്വെയറുകളും ആപ്പുകളും ഉദാഹരണം.
കുറച്ചു വർഷങ്ങളായി നാരോ എഐ വികസനത്തിൽ വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. ലക്ഷ്യമിടുന്ന മേഖലകളിൽ മനുഷ്യന്റെ കഴിവിനെ കടത്തിവെട്ടാൻ നാരോ എഐക്കു കഴിയുന്നു. മനുഷ്യൻ ഉന്നയിക്കുന്ന ചോദ്യങ്ങൾ യുക്തിസഹമാണോയെന്നു തിരിച്ചറിഞ്ഞ് ഉത്തരങ്ങൾ നല്കാൻ കഴിയുന്ന ചാറ്റ്ജിപിറ്റി ഇതിൽപ്പെടുന്നതാണ്.
ഒന്നിലധികം മേഖലകളിൽ മനുഷ്യനെ നിഷ്പ്രഭമാക്കാൻ കഴിയുന്ന ‘ജനറൽ എഐ’ വികസിപ്പിക്കുന്നതിൽ കാര്യമായ മുന്നേറ്റമുണ്ടായിട്ടില്ല. പക്ഷേ, മനുഷ്യതുല്യമായ നിർമിതബുദ്ധി ഭാവിയിൽ വികസിപ്പിക്കുമെന്നുതന്നെയാണ് കരുതുന്നത്. വലിയ തോതിലുള്ള ഓർമയും അതിവേഗം കണക്കുകൂട്ടാനുള്ള കഴിവും തീരുമാനമെടുക്കാനുള്ള ശേഷിയും സമന്വയിക്കുന്ന നിർമിത ബുദ്ധി സംവിധാനം ഭാവിയിൽ ഒട്ടുമിക്ക മേഖലകളിലും സാധാരണ മനുഷ്യനെ കവച്ചുവയ്ക്കും.
വ്യവസായ മേഖലയിൽ നിർമിത ബുദ്ധിയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങളെത്തിയാൽ ദശലക്ഷങ്ങൾക്കു തൊഴിൽ നഷ്ടമാകുമെന്നാണ് ആശങ്ക. കൃത്യതയും കഴിവും കൂടിയ റോബോട്ടുകൾ മനുഷ്യത്തൊഴിലാളിയെക്കാൾ നല്ലതും കൃത്യവുമായ ഫലം നല്കുമെന്നതിൽ തർക്കമില്ല. വൈദ്യശാസ്ത്രമേഖലയിലെ പരീക്ഷണ, ഗവേഷണങ്ങളിൽ നിർമിത ബുദ്ധി വലിയ തോതിൽ പ്രയോജനപ്പെടുത്തുന്നുണ്ട്.
വരുംഭാവിയിൽ നിയമം, അക്കൗണ്ടിംഗ് മേഖലകളിൽ ഈ സംവിധാനം വ്യാപകമായി ഉപയോഗിക്കപ്പെടുമെന്നാണ് കരുതുന്നത്. സങ്കീർണമായ നിയമവശങ്ങളെല്ലാം പരിഗണിച്ച് ഏറ്റവും നല്ല കരാർ എഴുതിയുണ്ടാക്കാനും കണക്കുകൾ കൈകാര്യം ചെയ്യാനും കുറിപ്പുകൾ തയാറാക്കാനും ഗവേഷണം നടത്താനും നിരവധി മനുഷ്യ അധ്വാനത്തിനു പകരം ഒരു കംപ്യൂട്ടർ മതിയാകുന്ന അവസ്ഥയുണ്ടാകും. നിർമിത ബുദ്ധി പുതിയ തൊഴിലവസരങ്ങൾ തുറക്കുമെന്നു കരുതപ്പെടുന്നുണ്ടെങ്കിലും ഈ തൊഴിലുകളിൽ ഏർപ്പെടാനുള്ള സാങ്കേതികപരിജ്ഞാനം ആർജിക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരും.
സോഷ്യൽ മീഡിയയുടെ ദുരുപയോഗവും നിർമിതബുദ്ധിയുടെ മറ്റൊരു അപകടവശമാണ്. പ്രത്യേക ലക്ഷ്യത്തോടെ സോഷ്യൽ മീഡിയയിൽ വ്യാജവാർത്തകൾ പടർത്താൻ നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ അൽഗോരിതങ്ങൾ ഉപയോഗപ്പെടുത്താം. വ്യക്തികളുടെ സ്വകാര്യ താത്പര്യങ്ങൾ ചോർത്തി തങ്ങൾക്ക് ഇഷ്ടമുള്ള വിവരങ്ങൾ പ്രചരിപ്പിക്കാം. ഇപ്പോൾതന്നെ സോഷ്യൽ മീഡിയയിലെ ഫോട്ടോകളിലും വീഡിയോകളിലും കൃത്രിമത്വം വ്യാപകമായി നടക്കുന്നുണ്ട്. സത്യമേത്, നുണയേത് എന്നു തിരിച്ചറിയാൻ കഴിയാത്ത സാഹചര്യം സോഷ്യൽ മീഡിയയിൽ സൃഷ്ടിക്കപ്പെടാം.
കൈവിടുമോ കടിഞ്ഞാണ്
ഏകാധിപത്യ പ്രവണതയുള്ള സർക്കാരുകളും സാമൂഹിക സുസ്ഥിരത ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന സംഘടനകളും നിർമിത ബുദ്ധിയെ ദുരുപയോഗിക്കാം. ഭരണകൂടങ്ങൾക്ക് ജനങ്ങളുടെ ദൈനംദിന ജീവിതവും നിലപാടുകളും നിരീക്ഷിച്ച് അവരുടെ രാഷ്്ട്രീയ വീക്ഷണങ്ങൾ ചോർത്താനാകും. ചൈനീസ് സർക്കാർ വ്യാപകമായി ഉപയോഗിക്കുന്ന ‘മുഖം തിരിച്ചറിയൽ’ സാങ്കേതികവിദ്യ ഇതിന് ഉദാഹരണമാണ്.
കുറ്റകൃത്യങ്ങൾക്കു സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്താൻ അമേരിക്കയിലെ പോലീസ് വകുപ്പുകൾ ഉപയോഗിക്കുന്ന അൽഗോരിതങ്ങൾ വംശീയ വിവേചനം സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്. മുൻകാല കുറ്റകൃത്യനിരക്ക്, അറസ്റ്റ് തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ അൽഗോരിതങ്ങൾ ചില വംശീയവിഭാഗങ്ങൾ കൂടുതലായി വസിക്കുന്ന മേഖലകളിൽ പോലീസിംഗ് വർധിക്കാൻ ഇടയാക്കുന്നു.
മനുഷ്യൻ പക്ഷപാതിയാണെന്നും മനുഷ്യൻ വികസിപ്പിക്കുന്ന നിർമിത ബുദ്ധിയുടെ പ്രവർത്തനത്തിലും പക്ഷപാതമുണ്ടാകാമെന്നതും മറ്റൊരു വലിയ പരിമിതിതന്നെ. നിർമിത ബുദ്ധിയിൽ ഗവേഷണം നടത്തുന്നവരിൽ ഭൂരിഭാഗവും ചില പ്രത്യേക വംശങ്ങളിൽപ്പെടുന്നവരും സാമൂഹികമായും സാന്പത്തികമായും ഉന്നതനിലയിൽപ്പെടുന്നവരും ഭിന്നശേഷിയില്ലാത്തവരുമായ പുരുഷന്മാരാണ്.
ഇവരുണ്ടാക്കുന്ന അൽഗോരിതങ്ങൾ എല്ലാവിഭാഗം ജനങ്ങളിലും ഒരേസമയം വേണ്ടവിധം ഒരേ ഫലം നല്കണമെന്നില്ല. ശബ്ദനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന അൽഗോരിതങ്ങൾ ചില ഭാഷാ വകഭേദങ്ങളും ഉച്ചാരണങ്ങളും തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്നത് ഇതിനുദാഹരണമാണ്. കന്പനികൾ ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കാൻ അൽഗോരിതങ്ങൾ പ്രയോജനപ്പെടുത്തിയാൽ ചില വംശങ്ങളിൽനിന്നുള്ളവർ തഴയപ്പെടാനുള്ള സാധ്യതയുമുണ്ടാകാം.
ദാരിദ്ര്യ നിർമാർജനത്തിനോ എല്ലാവർക്കും എല്ലാം തുല്യമായി വിഭജിക്കപ്പെടുന്ന സമത്വസുന്ദര ലോകത്തിനോ വേണ്ടി നിർമിത ബുദ്ധിയെ പ്രയോജനപ്പെടുത്തുമെന്ന് ആരും കരുതുന്നില്ല.
വരാനിരിക്കുന്ന സാധ്യതകൾ
വൻകിട സ്ഥാപനങ്ങൾ വലിയ പണച്ചെലവുള്ള ഗവേഷണ പരീക്ഷണങ്ങളിലൂടെയാണ് നിർമിത ബുദ്ധി വികസിപ്പിക്കുന്നത്. തീർച്ചയായും അവരുടെ ലക്ഷ്യം കുറച്ചു വിഭവങ്ങൾ ചെലവഴിച്ച് കൂടുതൽ ലാഭം സൃഷ്ടിക്കലാണ്. കുറച്ചുപേരിൽ മാത്രം സന്പത്ത് കേന്ദ്രീകരിക്കാൻ ഇടയാക്കുന്ന ഇത്തരം നടപടികൾ സാമൂഹിക-സാന്പത്തിക അസമത്വമായിരിക്കും സൃഷ്ടിക്കുക.
ഓഹരി വിപണിയിലെ വ്യാപാരത്തിനായി നിർമിത ബുദ്ധി ഇപ്പോൾത്തന്നെ ഉപയോഗത്തിലുണ്ട്. ക്ഷണനേരത്തിൽ ഒട്ടനവധി വാങ്ങലുകളും വില്പനകളും നടത്തി ലാഭം കൊയ്യുന്ന കംപ്യൂട്ടറുകൾ വിപണിയിൽ ഇടപെടുന്പോൾ ചെറുകിട വ്യാപാരികൾക്കു നഷ്ടം മാത്രമാണുണ്ടാവുകയെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. സൂപ്പർ പവറുകൾ സ്വന്തമായി തീരുമാനമെടുത്തു പ്രതികരിക്കാൻ ശേഷിയുള്ള ആയുധസംവിധാനങ്ങൾ വികസിപ്പിച്ചാൽ അവ ഭാവിയിൽ മനുഷ്യനെ ഉന്മൂലം ചെയ്യില്ലേ എന്ന ആശങ്കയുമുണ്ട്.
ബുദ്ധിയും കഴിവുമെല്ലാം യന്ത്രങ്ങൾക്കു നല്കുന്പോൾ മനുഷ്യനുണ്ടാകുന്ന അപചയങ്ങളും പരിഗണിക്കണം. ചാറ്റ്ജിപിറ്റിയുടെ സഹായത്തോടെ അസൈൻമെന്റുകൾ പൂർത്തിയാക്കാൻ തുടങ്ങിയാൽ വിദ്യാർഥികൾക്ക്് സൃഷ്ടിപരമായ കഴിവുകൾ കുറഞ്ഞുവരും. ഇത്തരക്കാരുടെ സത്യസന്ധതയും ചോദ്യം ചെയ്യപ്പെടാം.
പക്ഷേ, ഇത്തരം ആശങ്കൾക്കിടയിലും നിർമിത ബുദ്ധിയുടെ വികസനപ്രവർത്തനങ്ങളിൽ തളർച്ചയോ അന്ത്യമോ സംഭവിക്കാൻ പോകുന്നില്ല എന്നതാണ് വസ്തുത.
പുതിയൊരു കണ്ടുപിടിത്തമുണ്ടാകുന്പോൾ മുഷ്യർക്കുണ്ടാകുന്ന സ്വാഭാവികഭയങ്ങൾ മാത്രമായിരിക്കാം ഇതുമായി ബന്ധപ്പെട്ടുമുള്ളത്. പേപ്പർ, ടെലിഗ്രാഫ്, എൻജിൻ, കംപ്യൂട്ടർ തുടങ്ങിയ കണ്ടുപിടിത്തങ്ങളുടെ പ്രത്യാഘാതങ്ങളെ അതത് കാലങ്ങളിൽ മനുഷ്യൻ ഭയപ്പെട്ടിരുന്നു. എന്നിട്ടും അവ മനുഷ്യജീവിതത്തിന്റെ ഭാഗമാകുകയും മനുഷ്യജീവിതാവസ്ഥയെ മെച്ചപ്പെടുത്തുകയുമാണുണ്ടായത്.
നിർമിത ബുദ്ധിയുടെ കാര്യത്തിലും കാര്യങ്ങൾ മറിച്ചാവാനിടയില്ല. ഡ്രൈവറില്ലാതെ ഓടുന്ന കാറുകൾ അടക്കം വാഗ്ദാനം ചെയ്യുന്ന നിർമിത ബുദ്ധിയും നിത്യജീവിതത്തിന്റെ ഭാഗമാകും. ഇതിന്റെ സാധ്യതകളും സാഹചര്യങ്ങളും ആ സാങ്കേതികവിദ്യയെ നാം എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. നിർമിത ബുദ്ധിയുടെ ഉപയോഗത്തിനായി വ്യക്തമായ ചട്ടങ്ങളും നിയമങ്ങളും മാനദണ്ഡങ്ങളും വേണമെന്ന പൊതുനിർദേശം ശക്തമാണ്.
ഈ സാങ്കേതിക സധ്യത പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങൾക്കായി മാർഗനിർദേശങ്ങളുണ്ടായേ തീരൂ. ചികിത്സ, വ്യവസായം, പ്രതിരോധം, വിദ്യാഭ്യാസം, കൃഷി തുടങ്ങി ഒട്ടേറെ തലങ്ങളിലാണ് നിർമിത ബുദ്ധിക്ക് സാധ്യതകൾ കൽപ്പിക്കുന്നത്. അതിനാൽ ഇതുമായി ബന്ധപ്പെട്ട് സുതാര്യമായ ചർച്ചകളും നിലപാടുകളും അനിവാര്യമായിരിക്കുന്നു.
സുരേഷ് വർഗീസ്