പൊള്ളുന്ന ഉച്ചവെയിലിൽ തൃക്കാക്കര പൊതുശ്മശാനത്തിലെത്തുന്പോൾ തീനാളങ്ങളിൽ അമരുന്ന രണ്ടു മൃതദേഹങ്ങൾക്ക് അരികിലായിരുന്നു സെലീന മൈക്കിൾ. വിയർപ്പുപൊതിഞ്ഞ മുഖം തുടച്ച് കൈയിൽ നീളമുള്ള ഇരുന്പുവടിയുമായി അവർ പുറത്തേക്കു വന്നു.
‘ഇന്ന് നല്ല തിരക്കുള്ള ദിവസമാണ്. ദഹിപ്പിക്കാൻ മൂന്ന് മൃതദേഹങ്ങളുണ്ടായിരുന്നു. പുലർച്ചെ ഒരെണ്ണം കഴിഞ്ഞു. ഇനി രണ്ടെണ്ണംകൂടി കത്തിത്തീരാനുണ്ട്. ഒരെണ്ണം ഏതാണ്ട് കത്തിത്തീരാറായി. ഞാൻ ചിത ഒന്നുകൂടി ഇളക്കിയിട്ടു വരാം...’ ആൾപ്പൊക്കത്തിൽ ഉയർന്നുകത്തുന്ന പട്ടടയുടെ അരികിലേക്ക് അവർ നടന്നുനീങ്ങി.
കാക്കനാട് അത്താണി മുല്ലപ്പറന്പ് വീട്ടിൽ സെലീന മൈക്കിൾ. നിറം മങ്ങിയ നാൾവഴികളിൽ ജീവിതം കരുപ്പിടിപ്പിക്കാൻ പൊതുശ്മശാനത്തിന്റെ ചുമതല വഹിക്കുകയാണ് സെലീന.
പതിനഞ്ചു വർഷമായി തൃക്കാക്കര നഗരസഭാ ശ്മശാനത്തിൽ മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത് സെലീനയാണ്. ഏറെപ്പേരും നിർവഹിക്കാൻ മടിക്കുന്ന ജോലി ഏറ്റെടുക്കാൻ ഇവർ നിർബന്ധിതയായത് കരിപുരണ്ട ജീവിതത്തിലെ തിക്താനുഭവങ്ങളും വീട്ടിലെ ദുരിതപൂർണമായ സാഹചര്യങ്ങളാണ്.
തീനാളങ്ങൾ വലയം ചെയ്ത ശവദാഹമുറിയിൽനിന്ന് വിയർപ്പുകണങ്ങൾ തുടച്ചുകൊണ്ട് സെലീന പുറത്തേക്കുവന്നു. ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷം. ദിവസവും നഗരസഭയോ കുടുംബങ്ങളോ എത്തിക്കുന്ന മൃതദേഹങ്ങൾ. ഇവർക്കായി വിറകടുക്കി ഒരുക്കുന്ന ചിത. എല്ലാ ദിവസങ്ങളിലും കേൾക്കുന്നത് ഏറെപ്പേരുടെ ദീനരോദനങ്ങൾ. അവരുടെ കരച്ചിലും കണ്ണീരും തോരുംമുൻപേ ചിതയ്ക്കു തീകൊളുത്തൽ. അത് ചാന്പലാകും വരെ വിറകും ശരീരവും കന്പിവടിയിൽ ഇളക്കിമറിക്കണം. വെന്തെരിയുന്ന മൃതദേഹങ്ങളുടെ രൂക്ഷഗന്ധം. കൊടുംചൂട്. ചിതകൾക്കു നടുവിലെ ജീവിതം സെലീനയുടെ മുഖത്തും മനസിലും ഭാവമാറ്റമൊന്നും വരുത്തിയിട്ടില്ല. ഇതോടകം അയ്യായിരത്തിലധികം മൃതദേഹങ്ങൾ അഗ്നിക്കു സമർപ്പിച്ച സെലീന മൈക്കിൾ സ്വന്തം ജീവിതകഥ പറഞ്ഞുതുടങ്ങി, ചിതകളെയും ചാരത്തെയും സാക്ഷി നിർത്തി.
പൊള്ളുന്ന ജീവിതാനുഭവം
ബോൾഗാട്ടിയിലാണ് സെലീന ജനിച്ചത്. രണ്ടു വയസുള്ളപ്പോൾ അമ്മ മരിച്ചതോടെ അച്ഛന്റെ സംരക്ഷണയിലായിരുന്നു ബാല്യത്തിലെ ജീവിതം. സെലീനയ്ക്ക് പന്ത്രണ്ട് വയസുള്ളപ്പോൾ അച്ഛന്റെ രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. വീട്ടിൽ വറുതിയുടെ ഇരുൾ പരന്നതോടെ സ്കൂൾപഠനം ഉപേക്ഷിക്കേണ്ടിവന്നു. വിശപ്പിന് ഉത്തരംതേടി പതിനാലാം വയസുമുതൽ സെലീന കൂലിവേലയ്ക്കു പോയിത്തുടങ്ങി. ചായക്കടയിലെയും വീട്ടുജോലിയിലെയും തുച്ഛവരുമാനം കൊണ്ട് ജീവിതം കൂട്ടിമുട്ടിക്കാൻ വല്ലാതെ പെടാപ്പാടുപെട്ടു. കടം പെരുകിയതോടെ വീടും കിടപ്പാടവും വിറ്റ് പലയിടങ്ങളിൽ വാടകയ്ക്കു താമസമായി. ഇരുപത്തിരണ്ടാം വയസിൽ കൂലിവേലക്കാരനായ മൈക്കിളുമായി വിവാഹം. പ്രതീക്ഷകളുടെ മാരിവില്ല് സ്വപ്നം കണ്ടാണ് കുടുംബജീവിതത്തിലേക്ക് കടന്നതെങ്കിലും കനംവച്ച കരിമേഘഘങ്ങൾക്കു മീതെയുള്ള ഇടിമിന്നൽപോലെയായിരുന്നു പിന്നീടുള്ള ദിനരാത്രങ്ങൾ. മദ്യാസക്തനായ ഭർത്താവിന്റെ പരുഷമായ വാക്കുകളും ക്രൂരമായ മർദനവും. വേദനയും മുറിവും വിശപ്പും നൈരാശ്യവും ഇരുൾപരത്തിയ ദാന്പത്യത്തിൽ സെലീന രണ്ടു പെണ്മക്കളുടെ അമ്മയായി. കുഞ്ഞുങ്ങൾ പിച്ചവച്ചുതുടങ്ങും മുൻപേ ഭർത്താവ് മൈക്കിൾ 21 വർഷം മുന്പ് നാടുവിട്ടുപോയി. പീന്നീടിന്നേവരെ മൈക്കിൾ എവിടെയുണ്ടെന്ന് വിവരമില്ല.
അക്കാലത്ത് കൂലിവേലയും വാർക്കപ്പണിയും ചെയ്താണ് സെലീന മക്കളെ വളർത്തിയത്. അല്ലലറിഞ്ഞും അലസത വെടിഞ്ഞും കഷ്ടനഷ്ടങ്ങളുടെ ദുരിതവട്ടത്തിൽ മക്കളെ ബിരുദംവരെ പഠിപ്പിച്ചു. കടം വാങ്ങിയും വിറ്റും മൂത്ത മകളെ വിവാഹം ചെയ്തയച്ചു.
വാർക്കപ്പണി ചെയ്തിരുന്ന കാലത്ത്, അതായത് പതിനഞ്ചു വർഷം മുന്പാണ് സെലീന തൃക്കാക്കര ശ്മശാനത്തിൽ സഹായിയായി എത്തുന്നത്. പൊതുശ്മശാനത്തിലെ നടത്തിപ്പുകാരനും ചുമതലക്കാരനുമായിരുന്നു അയൽവാസിയായ രാമദാസ്. അദ്ദേഹത്തിന്റെ വീടുപണിക്ക് പോയിരുന്ന കാലത്താണ് അസുഖത്തെ തുടർന്ന് തനിക്ക് ചിത കത്തിക്കാൻ പോകാൻ പറ്റുന്നില്ലെന്ന കാര്യം രാമദാസ് പറഞ്ഞത്. മറ്റൊന്നും ആലോചിക്കാതെ ശ്മശാനത്തിലെ ജോലികളിൽ സഹായിയായി താൻ വന്നുകൊള്ളാമെന്ന് സെലീന പറഞ്ഞു.
ചിതയൊരുക്കാൻ വിറകുകൾ അടുക്കി വയ്ക്കുക, ഷട്ടർ തുറക്കുകയും അടയ്ക്കുകയും ചെയ്യുക എന്നിവയായിരുന്നു ആദ്യകാലങ്ങളിൽ ചെയ്തത്. അക്കാലത്തും പലയിടങ്ങളിൽപോയി വാർക്കപ്പണിയും തുടർന്നു. ഒരു ദിവസം രാമദാസ് ഇല്ലാതെ വന്നപ്പോൾ പ്രായമായ ഒരു സ്ത്രീയുടെ മൃതദേഹം കത്തിക്കേണ്ടിവന്നതോടെയാണ് തനിക്കും ചിതയിലെ ജോലി ചെയ്യാൻ കഴിയുമെന്ന ധൈര്യം കിട്ടിയെന്ന് സെലീന പറയുന്നു. അക്കാലത്ത് ഒരു മൃതദേഹം കത്തിച്ചാൽ എഴുപത്തിയഞ്ചു രൂപയായിരുന്നു കൂലി. പിന്നീടത് നൂറു രൂപയായി. മൂന്നു വർഷം രാമദാസിന്റെ സഹായിയായി പ്രവർത്തിച്ചു.
ഇപ്പോൾ തനിച്ച്
രാമദാസ് വിരമിച്ചതിനുശേഷം പതിമൂന്നുവർഷമായി തൃക്കാക്കര നഗരസഭാ ശ്മശാനത്തിന്റെ ടെണ്ടർ പിടിക്കുന്നത് സെലീനയാണ്. അവർക്ക് സഹായികളാരുമില്ല. മൃതദേഹവുമായി വരുന്നവർ അവർക്ക് സാധിക്കുന്ന ഒരു തുക നൽകും. ഒരു ചിത എരിക്കുന്പോൾ മുനിസിപ്പാലിറ്റിയിൽ 880 രൂപ അടയ്ക്കണം. ചിരട്ടയും വിറകുംമറ്റും വാങ്ങണം. ദഹനം നടത്താൻ വരുന്ന ചിലർക്ക് മാവിന്റെ വിറകുതന്നെ വേണമെന്ന് താൽപര്യപ്പെടും. അതിനു ചെലവ് കൂടുതലാണ്. അല്ലെങ്കിൽ പുളിമരമാണ് ചിത കത്തിക്കാൻ ഉപയോഗിക്കുന്നത്. ചില മൃതദേഹങ്ങൾ ചാന്പലാകാൻ കൂടുതൽ മണിക്കൂറുകൾ വേണ്ടിവരും. അതനുസരിച്ച് വിറകും കൂടുതൽ വേണ്ടിവരും. സാധാരണ ഒരു ശരീരം കത്തിത്തീരാൻ അഞ്ചു മണിക്കൂർ എടുക്കും. ചില സാഹചര്യങ്ങളിൽ നയാപൈസപോലും പ്രതിഫലം ലഭിക്കില്ല. എന്നിരിക്കെയും തനിക്കും കുടുംബത്തിനും ജീവിക്കാനുള്ളത് ഈ തൊഴിലിൽനിന്ന് ലഭിക്കുന്നതായി സെലീന പറഞ്ഞു.
മൃതദേഹങ്ങൾ ചിതയിലേക്കെടുക്കുന്പോൾ സങ്കടം തോന്നാറില്ലേയെന്നു ചോദിച്ചാൽ എന്റെ സങ്കടവും ജീവിതാനുഭവങ്ങളും ഓർത്താൽ അതും വേദനകളുടെയും യാതനകളുടേതുമല്ലേ എന്നാണ് സെലീനയുടെ മറുചോദ്യം. ചില ദിവസങ്ങളിൽ നാലു മൃതദേഹങ്ങൾവരെ ചാന്പലാക്കാറുണ്ട്. കൊറോണ മഹാമാരിയുടെ കാലത്ത് എട്ടു മൃതദേഹങ്ങൾ വരെ ദഹിപ്പിച്ച ദിവസങ്ങളുണ്ട്. അക്കാലത്തൊക്കെ രാപകൽ സ്മശാനത്തിനുള്ളിൽ തന്നെയായിരുന്നു. രാത്രി രണ്ടു മണിവരെ ഉണ്ണാതെയും ഉറങ്ങാതെയും മൃതദേഹങ്ങൾ ചാന്പലാക്കേണ്ടിവന്നിട്ടുണ്ട്. ഇക്കാലത്ത് വൈകുന്നേരം ആറു മണിവരെയേ മൃതദേഹങ്ങൾ ദഹിപ്പിക്കാറുള്ളൂ. അവസാന മൃതദേഹം കത്തിത്തീരുന്പോൾ രാത്രി പത്തു മണിയാകും. പ്രത്യേക സാഹചര്യങ്ങളിൽ പുലർച്ചെ മൂന്നു മണിക്കൊക്കെ എത്തി മൃതദേഹം കത്തിച്ചിട്ടുണ്ടെന്നും സെലീന പറഞ്ഞു. കുഞ്ഞുങ്ങളുടെ മൃതദേഹം ദഹിപ്പിക്കുന്പോഴും മണ്ണിൽ സംസ്കരിക്കുന്പോഴും തന്നിലെ അമ്മ മനസ് വേദനിക്കാറുണ്ടെന്ന് സെലീന പറഞ്ഞു.
മൃതദേഹങ്ങളുടെ ഭയപ്പെടുത്തുന്ന കാഴ്ചകളേക്കാൾ ജീവിതാനുഭവങ്ങളുടെ ചൂളയിലെ തീക്കാറ്റാണ് തന്നെ തളർത്തിയതെന്നാണ് സെലീന പറയുന്നത്. ‘ഞാൻ ഭയന്നു മാറി നിന്നിരുന്നെങ്കിൽ എന്റെ മക്കളുടെ വിശപ്പും അവരുടെ കണ്ണീരും കാണേണ്ടിവരുമായിരുന്നു. അവരെ വളർത്താനും തുടർന്നും ജീവിക്കാനും എന്തു ജോലിയും ചെയ്യാൻ തയാറായിരുന്നു. പൊരിവെയിലും പെരുമഴയും സഹിച്ചുചെയ്ത പല ജോലികൾക്കുശേഷമാണ് ചിതയെരിക്കാനായി തീനാളങ്ങൾ കൈയിലെടുത്തത്. വിറകും കരിയും ചാന്പലുമൊക്കെയായി ഇനിയുള്ള കാലവും ഇതിനുള്ളിൽ ജീവിക്കണം’ - കത്തിയമരുന്ന ചിതയിലെ ശരീരാവശിഷ്ടങ്ങൾ ഒന്നുകൂടി മറിച്ചിടാൻ സെലീന അകത്തേക്കു പോയി.
തന്റെ മൂത്തമകൾക്ക് ശ്മശാനഭൂമിയിലേക്കു വരാൻ ഭയമുണ്ട്. ഇളയമകൾ സിമിയുടെ മക്കളായ നന്ദനയും നയനയും കുട്ടിയായിരിക്കുന്പോൾ മുതൽ തന്നോടൊപ്പം ശ്മശാനത്തിലേക്കു വരുമായിരുന്നുവെന്നു സെലീന പറഞ്ഞു. ഇത്ര ദുഷ്കരമായ ജോലിയോട് മക്കൾക്കും മരുമക്കൾക്കും യാതൊരു വിയോജിപ്പുമില്ലെന്നും സെലീന പറഞ്ഞു. ഒരു ഇരുന്പുകന്പിയുടെ ബലത്തിൽ മൃതദേഹങ്ങളെ എരിച്ചുതീർത്ത് സെലീന കരുപ്പിടിപ്പിക്കുന്നത് സ്വന്തം ജീവിതത്തിന്റെ നെരിപ്പോടുകളാണ്.
ചെയ്യുന്നത് പുണ്യകർമം
കനലിനേക്കാൾ കഠിനമായ വഴികൾ താണ്ടിയാണ് സെലീന ഇവിടെവരെയെത്തിയത്. പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും എല്ലാ ജോലികളും ചെയ്യാമെന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒന്നിലും പേടിച്ചു മാറിനിൽക്കരുത്. എല്ലാ ജോലിയും ചെയ്യാൻ തന്റേടവും ധൈര്യവും കാണിക്കണം. ഞാൻ ചെയ്യുന്നത് ഒരു പുണ്യപ്രവൃത്തിയാണെന്നാണ് പലരും പറയുന്നത്. ശ്മശാനത്തോട ചേർന്നുള്ള പറന്പിൽ മരണപ്പെട്ട കുഞ്ഞുങ്ങളെ സംസ്കരിക്കുകയാണ് പതിവ്. ഇങ്ങനെ സംസ്കരിക്കപ്പെട്ട നവജാത ശിശുക്കളും നിരവധിയാണ്. ശ്മശാനത്തിൽ ജോലി ചെയ്യുന്നതുകൊണ്ടോ പുക ശ്വസിക്കുന്നതുകൊണ്ടോ ഇതുവരെ പറയത്തക്ക ശാരീരിക പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് സെലീന പറഞ്ഞു. പലരും ഭയപ്പെടുന്നതും ചെയ്യാൻ ആഗ്രഹിക്കാത്തതുമായ ജോലിയാണ്. ഇതിനുള്ളിൽ മരണമെന്ന ചിന്തയോ മൃതദേഹം എന്ന ഭയമോ ഇല്ല. ഇതുമൊരു തൊഴിലാണ്. മറ്റേതൊരു ജോലിയെയുംപോലെ എനിക്കും മക്കൾക്കും അന്നം മുടങ്ങാതിരിക്കാൻ ഞാൻ തെരെഞ്ഞെടുത്ത തൊഴിൽ. എങ്ങനെയും ജോലി ചെയ്ത് മാന്യമായി ജീവിക്കണം. അൻപത്തൊൻപതുകാരിയായ സെലീനയുടെ വാക്കുകളിൽ ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥതയുടെ നിഴൽവെട്ടം.
എപ്പോഴാണ് മൃതദേഹം എത്തിക്കുന്നതെന്ന് മുൻകൂട്ടി പറയാൻ കഴിയില്ല. എല്ലാ ദിവസവും ജോലി ഉണ്ടാകുമെന്ന ഉറപ്പും ഇല്ല. എന്നാൽ ജോലി ഇല്ലെന്നു കരുതി അകലേക്കൊന്നും യാത്ര പോകാനും കഴിയില്ല. മൃതദേഹം അഗ്നിയെ കാത്ത് ശ്മശാനത്തിൽ കിടക്കേണ്ട ഗതി വരുത്തുന്നത് പാപമാണെന്നാണ് സെലീനയുടെ പക്ഷം. അതിനാൽ ശ്മശാനത്തിന്റെ ലോകം വിട്ട് ദൂരത്തേക്കൊന്നും സെലീന പോകാറില്ല.
യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം സെലീനയുടെ മൊബൈൽ ഫോണ് ശബ്ദിച്ചു. ഫോണ് അറ്റൻഡ് ചെയ്തത ശേഷം അവർ പറഞ്ഞു. കാക്കനാട് വാഹനാപകടത്തിൽ മരിച്ച ചെറുപ്പക്കാരന്റെ സംസ്കാരത്തിനുള്ള സമയം ചോദിച്ചു ബന്ധുക്കൾ വിളിച്ചതാണ്. മുഖത്ത് ഭാവമാറ്റമൊന്നുമില്ലാതെ അടുത്ത ചിതയ്ക്കുള്ള വിറക് അടുക്കാൻ അവർ അകത്തേക്കു നടന്നു നീങ്ങി.
സീമ മോഹൻലാൽ