കുറിച്ചിത്താനംകാരായ എഴുപതു സഹായികളാണ് പഴയിടത്തിനൊപ്പമുള്ളത്. ഇവരിൽ എട്ടു പേർ പാചകക്കാരാണ്. വിളന്പിന് കുറിച്ചിത്താനം ഡെവലപ്മെന്റ് സൊസൈറ്റി എന്ന പേരിൽ യുവാക്കളുടെ കൂട്ടമുണ്ട്. ഇരുപത്തിമൂന്ന് ഇനം കറികളും രണ്ടു പായസവുമാണ് പ്രധാനമായി സദ്യയിലുണ്ടാവുക. അൻപതു കൂട്ടം കറികൾവരെയുളള സദ്യയും വിളന്പാറുണ്ട്.
തൂശനിലയിട്ട് സദ്യയുണ്ണുന്നവരുടെ നാവിൽ പതിഞ്ഞ പേരാണു പഴയിടം മോഹനൻ നന്പൂതിരി. പരിപ്പും നെയ്യും സാന്പാറും കാളനും ഓലനും എരിശേരിയും പച്ചടിയും അച്ചാറും പാൽപായസവും അടപ്രഥമനും ക്രമംചേർന്നുള്ള കേരളീയ സദ്യ തയാറാക്കാൻ ഏറെപ്പേരാണ് ദിവസേന കുറിച്ചിത്താനം പഴയിടത്ത് ഇല്ലത്തെ മോഹനൻ നന്പൂതിരിയെ അന്വേഷിച്ചെത്തുക.
മുപ്പത്തിയെട്ടു വർഷമായി ആൾക്കൂട്ടത്തിനു മുന്നിൽ ഇലയിടുന്ന മോഹനൻ നന്പൂതിരി എല്ലാ സംസ്ഥാനങ്ങളും കടന്ന് ഇരുപത്തിരണ്ടു വിദേശ രാജ്യങ്ങളിൽവരെ രുചിപുണ്യം അറിയിച്ചിരിക്കുന്നു.
കോവിഡിലൊഴികെ പതിനാറു വർഷം സംസ്ഥാന സ്കൂൾ കലോത്സവങ്ങളുടെ കലവറ പഴയിടത്തിന്റെ കരുതലിലായിരുന്നു. കൂടാതെ കായികോത്സവങ്ങൾ, ശാസ്ത്രമേളകൾ, ദേശീയ ഗെയിംസ്, സിബിഎസ്ഇ മേളകൾ, പാർട്ടിസമ്മേളനങ്ങൾ, ക്ഷേത്രസദ്യകൾ എന്നിങ്ങനെ ഇലയിട്ടത് ലക്ഷക്കണക്കിനു ജനങ്ങൾക്കു മുന്‍പിലാണ്.
ഈയിടെ കോഴിക്കോട്ട് സമാപിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണക്കാര്യത്തിൽ പൊട്ടിപ്പുറപ്പെട്ട വിവാദത്തോടെ ഇനി കലോത്സവ അടുക്കളയിലേക്കില്ലെന്ന പ്രഖ്യാപനം പഴയിടം നടത്തി. കളിക്കൂട്ടങ്ങളെ ഊട്ടാനില്ലെങ്കിലും പഴയിടം ബ്രാൻഡിൽ രുചിഭേദം തുടരുമെന്ന ഉറപ്പ് ഇദ്ദേഹം നൽകിയിട്ടുണ്ട്.
കോട്ടയം ജില്ലയിലെ കുറിച്ചിത്താനം പഴയിടത്ത് ദാമോദരൻ നന്പൂതിരിയുടെയും പാർവതി അന്തർജനത്തിന്റെയും ഏഴാമത്തെ മകനാണ് മോഹനൻ നന്പൂതിരി.
ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിലും മൊറോദാബാദ് സെന്റ് ജോണ്‍സ് കോളജിലുംനിന്നായി ഫിസിക്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ മോഹനൻ ചെറുപ്പം മുതലേ കുറിച്ചിത്താനം പുതൃക്കോവിൽ ക്ഷേത്രത്തിൽ ശാന്തികാര്യങ്ങളിൽ സഹായിച്ചിരുന്നു.
സപ്താഹത്തിനും നാമജപത്തിനും ചെറിയ സദ്യകളൊരുക്കുന്നതിൽ പൂജാരിക്കൊപ്പം കൂടിയകാലത്ത് ശാന്തിക്കാരനാകുക, അല്ലെങ്കിൽ പാചകക്കാരനാകുക എന്നതായിരുന്നു ആഗ്രഹം. പുസ്തകങ്ങളോടും അക്ഷരങ്ങളോടും ചെറുപ്പം മുതലേ അടുപ്പം തോന്നിയിരുന്ന മോഹനൻ നന്പൂതിരി കുറിച്ചിത്താനം പീപ്പിൾസ് ലൈബ്രറിയിലെ പുസ്തകങ്ങൾ മുഴുവൻ വായിച്ചിട്ടുണ്ട്.
എംടിയുടെ രണ്ടാമൂഴമാണ് ജീവിത തകർച്ചകളുടെ വേളയിൽ ജീവിതത്തിനു കരുത്തും ധൈര്യവും പകർന്നത്. കുറിച്ചിത്താനം ക്ഷേത്രത്തിലെ പാചകപ്പുരയിലാണ് ഇദ്ദേഹം രുചിക്കൂട്ടുകളുടെ രഹസ്യം പഠിച്ചത്. ഇപ്പോഴും പാചകത്തിലെ പുത്തൻ ശൈലികളും രുചികളും പരീക്ഷിക്കുകയാണ് കേരളത്തിന്റെ നളൻ.
ഒരേ സമയം നാലു മുതൽ അഞ്ചു വരെ ഇടങ്ങളിൽ സദ്യയൊരുക്കാറുണ്ട്. മുപ്പത് കിലോ മീറ്ററിനുള്ളിലാണെങ്കിൽ പത്തു സദ്യകൾ വരെ നടത്താൻ കൈമെരുക്കവും ആൾബലവുമുണ്ട്. പതിനായിരം പേർക്കുവരെ വിളന്പാനുള്ള സംവിധാനവും അതിനുവേണ്ട പാത്രങ്ങളുമുണ്ട്. കുറിച്ചിത്താനത്തെ ഇല്ലത്തോടു ചേർന്നാണു പ്രധാന കലവറ.
പാചകപ്പുരയിൽ സദ്യയൊരുക്കങ്ങൾ ഉച്ചകഴിഞ്ഞു രണ്ടോടെ തുടങ്ങി അരിയലും ഒരുക്കലും രാത്രി പത്തോടെ അവസാനിക്കും. പുലർച്ചെ രണ്ടിന് അവ അടുപ്പിൽ കയറ്റിയാൽ ഏഴു മണിയോടെ സദ്യ റെഡി. പപ്പടം കാച്ചൽ സദ്യപ്പന്തലിൽ എത്തിയിട്ടു മാത്രം.
കുറിച്ചിത്താനംകാരായ എഴുപതു സഹായികളാണ് ഒപ്പമുള്ളത്. ഇവരിൽ എട്ടു പേർ പാചകക്കാരാണ്. വിളന്പിന് കുറിച്ചിത്താനം ഡെവലപ്മെന്റ് സൊസൈറ്റി എന്ന പേരിൽ യുവാക്കളുടെ കൂട്ടവും. ഇരുപത്തിമൂന്ന് ഇനം കറികളും രണ്ടു പായസവുമാണ് പ്രധാനമായി സദ്യയിലുണ്ടാവുക. അൻപതു കൂട്ടം കറികൾ വരെയുളള സദ്യയും വിളന്പാറുണ്ട്.
കലോത്സവത്തിലേക്ക്
രണ്ടായിരാമാണ്ടിൽ കോട്ടയം റവന്യു ജില്ലാ കലോത്സവത്തിലാണ് ആദ്യമായി വന്പൻ സദ്യയൊരുക്കിയത്. ഇതിനായി അവസരം ചോദിച്ചു വാങ്ങിയതാണ്. 2006 മുതൽ ഇക്കഴിഞ്ഞ കോഴിക്കോട് കലോത്സവം വരെ ഉൗട്ടുപുര ഈ ഒരാളുടെ കൈകളിലായിരുന്നു. സ്കൂൾ കലോത്സവ ഊട്ടുപുരയിൽ ഇതേവരെ രണ്ടേകാൽ കോടി കുട്ടികൾ മോഹനൻ നന്പൂതിരിയുടെ ഭക്ഷണം കഴിച്ചിട്ടുണ്ട്.
കോട്ടയം സംസ്ഥാന സ്കൂൾ കലോത്സവത്തിലാണ് പായസങ്ങളിൽ വെറൈറ്റി തുടങ്ങിയത്. കൃത്യമായ കൂട്ട് പറയുന്നവർക്ക് സമ്മാനവുമുണ്ടായിരുന്നു. കുന്പളങ്ങാ പായസവും പൈനാപ്പിൾ പായസവും അന്നാണ് വിളന്പിയത്.
ഇക്കഴിഞ്ഞ കോഴിക്കോട് കലോത്സവത്തിൽ ചേന, കാച്ചിൽ പായസങ്ങൾ തയാറാക്കി. വെജിറ്റേറിയൻ ഭക്ഷണം കുട്ടികൾക്ക് ഏറെ ഇഷ്ടമാണ്. മത്സരങ്ങൾക്കുമുൻപും ശേഷവും കുട്ടികൾ സദ്യയും ഭക്ഷണവും കഴിച്ച് സംതൃപ്തരായാണ് മടങ്ങുന്നത്. ഒരു കുട്ടിക്കും രക്ഷിതാവിനും അധ്യപകർക്കും ഇന്നേവരെ പരാതിയുണ്ടായിട്ടില്ല.
കലോത്സവം കഴിഞ്ഞാൽ അന്പലങ്ങളിലെ പ്രധാന പരിപാടികളാണുള്ളത്. ചെട്ടികുളങ്ങര അന്പലത്തിൽ അറുപതിനായിരം പേർക്കും മണ്ണാറശാല ആയില്യത്തിന് നാൽപതിനായിരം പേർക്കും സദ്യയൊരുക്കാനുണ്ട്. ഉൗട്ടുനേർച്ച, പായസം, പാച്ചോർ, സപ്താഹസദ്യ തുടങ്ങി സദ്യയൊരുക്കാൻ പോകാത്ത സ്ഥലങ്ങളില്ല.
ഓണത്തിനും മറ്റ് വിശേഷങ്ങൾക്കും വിദേശ രാജ്യങ്ങളിലെ മലയാളസമാജങ്ങൾ ക്ഷണിക്കും. ജോലിക്കാർക്കൊപ്പം പാചകവിഭവങ്ങൾ ഇവിടെനിന്നാണ് വാങ്ങിപ്പോകുന്നത്. ഓസ്ട്രേലിയയിലും മറ്റും ചേന കിട്ടില്ല. അതിനു പകരം വാഴവിത്തുപോലെയുള്ള ഒരിനമാണ് ഉപയോഗിക്കുന്നത്.
പായസങ്ങളിലെ വൈവിധ്യമാണ് പഴയിടം രുചിയുടെ പെരുമ. അടപ്രഥമനും പാൽപായസത്തിനനും പുറമേ നൂറിനം പായസങ്ങളാണ് തയാറാക്കിയിട്ടുള്ളത്.
കോഴിക്കോട് കലോത്സവത്തിൽ മറക്കാനാവത്ത അനുഭവമുണ്ടായി. എല്ലാവരും ചേന, കാച്ചിൽ പായസം ആസ്വദിക്കുന്പോൾ മലപ്പുറത്തു നിന്നു രണ്ടു മത്സരാർഥികളും അവരുടെ രക്ഷിതാക്കളും അരികിലെത്തി.
ഞങ്ങളെല്ലാവരും പ്രമേഹബാധിതരാണെന്നും മധുരമുള്ള പായസം കുടിക്കാൻ സാധിക്കില്ലെന്നും അവർ പരിഭവം പറഞ്ഞു. അവർക്കു കുടിക്കാവുന്ന പായസമുണ്ടോയെന്ന ചോദ്യം വ ല്ലാതെ വിഷമിപ്പിച്ചു. ഉടൻ തന്നെ പാവയ്ക്ക ഉപയോഗിച്ച് മധുരമില്ലാത്തതും എന്നാൽ മധുരം തോന്നിക്കുന്നതുമായ പായസം തയാറാക്കി കൊടുത്തു. ഈ പായസം തയാറാക്കുന്ന രുചിക്കൂട്ടും അവർക്ക് നൽകി.
പ്രാർഥനയോടെ പാചകം
അന്നം വിളന്പുന്നവന് ഉണ്ണുന്നവരുടെ മനസിൽ ദൈവത്തിന്റെ സ്ഥാനമാണെന്നാണ് പാചക ജീവിതം മോഹനൻ നന്പൂതിരിയെ പഠിപ്പിച്ചത്. അൻപതോ നൂറോ പേർക്ക് സദ്യവച്ചു തുടങ്ങി ഇപ്പോൾ ആയിരങ്ങൾക്കു മുന്നിൽ വിളന്പുന്ന നിലയിലേക്കു വളർന്നു വരാൻ കഴിഞ്ഞതു ദൈവാനുഗ്രഹം കൊണ്ടുമാത്രമാണെന്നു നന്പൂതിരി പറയുന്നു.
കലോത്സവങ്ങളിൽ ലക്ഷക്കണക്കിനു പേരാണ് ദിവസവും ഭക്ഷണം കഴിക്കുന്നത്. ഒന്നും സംഭവിക്കരുതേ, പരാതിക്ക് ഇട വരുത്തരുതേ എന്നു പ്രാർഥിച്ചാണ് ഓരോ ദിവസവും തുടങ്ങുന്നത്.
രുചിക്കൊപ്പംതന്നെ വൃത്തിയുടെ കാര്യത്തിലും ഇദ്ദേഹം കണിശക്കാരനാണ്. പാത്രങ്ങൾ, പാചകക്കാർ എല്ലാം വൃത്തിയുള്ള അന്തരീക്ഷത്തിൽ തന്നെ വേണം. എങ്കിലേ രുചികരമായി വിളന്പാൻ പറ്റു. ചേരുവകളും പച്ചക്കറികളും തെരഞ്ഞെടുക്കുന്നതിലും ഇദ്ദേഹം അതീവ ശ്രദ്ധാലുവാണ്.
പച്ചക്കറികൾ നുറുക്കിയതിനു ശേഷം വൃത്തിയായി കഴുകും. പാചകത്തിന് വെളിച്ചെണ്ണ മാത്രമേ ഉപയോഗിക്കൂ. ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കില്ല. ഓരോ വിഭവവും വേവുന്നതിന് ഒാരോ സമയമുണ്ട്. എങ്കിലേ യഥാർഥ രുചി ലഭിക്കുകയുള്ളു.
ഭക്ഷണം ഒൗഷധമാണ്. നല്ല ഭക്ഷണം നൽകിയാൽ നമ്മുടെ ഭക്ഷണവും രുചിയും തേടി ആളുകൾ തനിയെ എത്തും. വിശപ്പാണ് സ്വാദുണ്ടാക്കുന്നത്. വിശക്കാതെ ഭക്ഷണം കഴിച്ചാൽ രുചിയുണ്ടാവില്ല. ഇക്കാലത്ത് നോണ്‍ വെജ് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായി ആളുകൾ മരിക്കുന്നു.
ശരിയായ രീതിയിൽ പാചകം ചെയ്യാത്തതാണ് കാരണം. വിദേശ ഭക്ഷണങ്ങൾ കേരളത്തിലെ കാലാവസ്ഥയിൽ ശരിയായി പാകപ്പെടുത്താനോ സൂക്ഷിക്കാനോ സാധിക്കില്ല. ഇതനുസരിച്ചു വേണം ഭക്ഷണം തയാറാക്കാൻ.
ഹോട്ടൽ മാനേജ്മെന്റിൽ ബിര ുദം നേടിയ മകൻ യദുകൃഷ്ണനും അച്ഛനൊപ്പം പാചകപ്പുരയിലുണ്ട്. ഇല്ലത്തെ സെൻട്രൽ കിച്ചണിന്റെ ചുമതല യദുവിനാണ്. പഴയിടം മോഹനൻ നന്പൂതിരി രുചി എന്ന പേരിൽ സാന്പാർ പൗഡർ ഇറക്കിയിട്ടുണ്ട്.
മസാലകൾ ഉടൻ മാര്‍ക്കറ്റില്‍ വരും. കൂടാതെ പഴയിടം രുചി എന്ന യു ട്യൂബ് ചാനലുമുണ്ട്. ഭാര്യ ശാലിനി, മരുമകൾ അമൃത എന്നിവരുടെ നേതൃത്വത്തിൽ പഴയിടം പിക്കിൾസ് എന്ന അച്ചാറുകളുടെ വിപണനവുമുണ്ട്. എംസി റോഡിൽ ഇടിഞ്ഞില്ലത്ത് പഴയിടം രുചി എന്ന വെജിറ്റേറിയൻ ഹോട്ടൽ നടത്തുന്നതും യദുവാണ്.
ലോക് ഡൗണ്‍ വിശ്രമവേളയിൽ ആരംഭിച്ചതാണ് പാചക പുസ്തകം തയാറാക്കൽ. കേരളത്തിന്റെ തനതു ഭക്ഷണത്തെയും രുചിയേയും പ്രോത്സാഹിപ്പിക്കുന്നതിനായാണു പാചക പുസ്തകം തയാറാക്കുന്നത്.100 പായസ ക്കൂട്ടുകൾ ഉൾപ്പെടെ 650 റെസിപ്പികളാണ് പുസ്തകത്തിലുള്ളത്.
ചിങ്ങത്തിൽ കോഫി ടേബിൾ മാതൃകയിലുള്ള രുചി പുസ്തകം പുറത്തിറങ്ങും. മലബാർ, മധ്യതിരുവിതാംകൂർ, തിരുവിതാംകൂർ എന്നിങ്ങനെ തരംതിരിച്ചുള്ള വിഭവങ്ങളാണ് ഉള്ളടക്കം.
സദ്യവട്ടമൊരുക്കലും ദേഹണ്ണവും കഴിഞ്ഞാൽ യാത്രയും വായനയുമാണ് ഇഷ്്ടം. തിരക്കൊഴിയുന്പോൾ ക്ഷീണം തീർക്കാൻ നല്ലതുപോലെ ഉറങ്ങും. പിന്നെ യാത്രകൾ പോകും. തനിച്ചാണു യാത്രകൾ. വെറും യാത്രയല്ല. കണ്ണും കാതും മനസും കൂർപ്പിച്ചുള്ള യാത്രയാണ്.
എല്ലാ സംസ്ഥാനങ്ങളിലും സഞ്ചരിച്ച് ഭാഷ, സംസ്കാരം, രുചിവൈവിധ്യങ്ങൾ എല്ലാം മനസിലാക്കും. മണ്ണിനെയും അവിടങ്ങളിലെ കൃഷികളെയും അടുത്തറിയും. പാചകത്തിലും വായനയിലും യാത്രയിലും താൻ ഇപ്പോഴും ഒരു വിദ്യാർഥിയാണെന്നാണ് പഴയിടത്തിന്റെ പക്ഷം.
സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ല. അടുക്കള വിഭവ വിവാദങ്ങൾ ഏറെ ആശങ്കയുളവാക്കി. അടുക്കളയിലും അന്നത്തിലും വരെ ജാതിയുടെയും മതത്തിന്റെയും വിത്തുകൾ പാകിയിരിക്കുന്നത് മനസിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു.
പ്രത്യേകമായ ഒരു സാമൂഹ്യസാഹചര്യം കേരളത്തിൽ രൂപപ്പെടുന്നതിന്റെയും അതു വളർന്നുവരുന്നതിന്റെയും ഭാഗമായാണ് സംസ്ഥാന സ്കൂൾ കലോത്സവം തുടങ്ങിയ ദിവസം മുതൽ സമൂഹ മാധ്യമങ്ങളിലൂടെ വിവാദങ്ങൾ നുരപൊന്തിയത്.
കലോത്സവ സമയത്തുതന്നെയാണ് നോണ്‍ വെജ് വിഭവങ്ങൾ കഴിച്ച് കോട്ടയത്തും കാസർഗോഡും രണ്ടു പേർ മരിച്ച ദാരുണ സംഭവങ്ങളുണ്ടായത്. വെജിറ്റേറിയൻ ഭക്ഷണം കഴിച്ച് ആരും മരിച്ചതായി എന്റെ ഓർമയിലില്ല. ഈ രണ്ടു സംഭവത്തെയും ഒന്നു കൗണ്ടർ ചെയ്യാൻ കൂടിയാണ് കലോത്സവ വേദിയിലെ എന്റെ അടുക്കളയ്ക്കുനേരേ തിരിഞ്ഞത്.
ഒരു പ്രത്യാക്രമണം ഉണ്ടാകുമെന്നുവരെ ഞാൻ ഭയപ്പെട്ടിരുന്നതിനാൽ കലോത്സവ അടുക്കളയിൽ രാത്രി ഉറങ്ങാതെ കാവലിരിക്കുകയായിരുന്നു. ഒരു കൗണ്ടർ അറ്റാക്ക് ഞാൻ അടുക്കളയിൽ പ്രതീക്ഷിച്ചിരുന്നു.
ഞാൻ വെജിറ്റേറിയൻ
നോണ്‍ വെജ് ഭക്ഷണത്തോട് ഒരെതിർപ്പുമില്ലെങ്കിലും ഞാൻ സസ്യഭുക്കാണ്. വീട്ടിലെല്ലാവരും അങ്ങനെതന്നെ. കായികമേളയിൽ സസ്യേതര വിഭവം വിളന്പാറുണ്ട്. ഇത് കായിക മാന്വലിൽ ഉള്ളതാണ്.
ബീഫും മീനും മുട്ടയുമാണ് അവിടെ നൽകുന്നത്. ഇത് എനിക്കു പരിചയമുള്ള ഏജൻസിയെ ഉപയോഗിച്ച് ഞാൻ ചെയ്യുന്നതാണ്. ഇതിനുവേണ്ട സാധനങ്ങൾ വാങ്ങുന്നതും അവരാണ്.
പഴയിടം ഒരു വെജ് ബ്രാൻഡാണ്. വെജിറ്റേറിയൻ സദ്യ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഞങ്ങളുടെ തീരുമാനവും നയവും.
കലോത്സവസമയത്തുതന്നെ തിരുവനന്തപുരത്ത് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനം നടക്കുന്നുണ്ടായിരുന്നു. അവിടത്തെ അടുക്കളയും ഞങ്ങൾക്കായിരുന്നു. മകൻ യദുവാണ് അവിടെ അടുക്കള നിയന്ത്രിച്ചിരുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിനെത്തുന്നതിനാൽ നോണ്‍ വെജ് വിഭവങ്ങളും ചൈനീസ് വിഭവങ്ങളും വേണം. ഇതു ഞങ്ങൾക്ക് പരിചയമുളള പ്രത്യേക ടീമിനെ ഉപയോഗിച്ചാണ് ചെയ്തത്. വെജ് മാത്രമുള്ള ഭക്ഷണ പരിപാടികൾ മാത്രമേ ഇനി സ്വീകരിക്കുകയുള്ളുവെന്ന ഉറച്ച നിലപാട് പഴയിടം എടുത്തുകഴിഞ്ഞു.
ജിബിൻ കുര്യൻ