ജനിച്ച് മാസങ്ങൾക്കുള്ളിൽ അനാഥാലയത്തിൽ ഉപേക്ഷിക്കപ്പെട്ട ഇരട്ടപ്പെണ്കുട്ടികൾ. പിന്നീട്, രണ്ടു കുടുംബങ്ങളിലേക്കു ദത്തെടുക്കപ്പെട്ടു. ഒരാൾ താൻ ദത്തുപുത്രിയാണെന്നും തനിക്ക് എവിടെയോ ഒരു സഹോദരിയുണ്ടെന്നറിഞ്ഞും വളർന്നു. രണ്ടാമത്തെയാൾ താൻ അനാഥയാണെന്നുപോലും അറിഞ്ഞില്ല. എല്ലാം അറിഞ്ഞു വളർന്നയാളുടെ വർഷങ്ങൾ നീണ്ട അന്വേഷണം ഫലം കണ്ടു. 2022 ഡിസംബറിൽ ഇരുവരും കണ്ടുമുട്ടി. അവിശ്വസനീയമായ പുനർസമാഗമം...
പിറന്നുവീണു മൂന്നാം മാസം അനാഥാലയ ത്തിൽ ഉപേക്ഷിക്കപ്പെട്ട ഇരട്ട പെണ്കുഞ്ഞുങ്ങൾ. അവിടെനിന്ന്് ഒരാളെ മൂന്നാം മാസവും മറ്റൊരാളെ ആറാം മാസവും മക്കളില്ലാത്ത രണ്ടു ദന്പതിമാർ ദത്തെടുത്തു. ഒരാളെത്തിയത് തിരുവനന്തപുരത്തും മറ്റൊരാൾ കണ്ണൂരും. പരസ്പരം കാണാതെയും അറിയാതെയും രണ്ടു കുടുംബങ്ങളിലെ സ്നേഹത്തണലിൽ ആ പെണ്കുഞ്ഞുങ്ങൾ വളർന്നു. മുപ്പതു വർഷത്തിനുശേഷം അതായത് ഇക്കഴിഞ്ഞ ഡിസംബർ മാസം ഇരുവരും ആദ്യമായി കണ്ടുമുട്ടി. പുനർസമാഗമത്തിന്റെ അതിരറ്റ സന്തോഷത്തിലാണ് ഈ പുതുവർഷത്തിൽ ഇരുവരും.
രണ്ടു കുടുംബങ്ങളിലെത്തിയ ദിവ്യശ്രീയും വിജയലക്ഷ്മിയും അവിടെ ഓമനകളായി വളർന്നു. ബാല്യത്തിൽ ഇരുവർക്കും അറിവില്ലായിരുന്നു തങ്ങൾ ദത്തുപുത്രിമാരാണെന്ന്. തിരിച്ചറിവെത്തിയപ്പോൾ വിജയലക്ഷ്മി അറിഞ്ഞു താൻ അനാഥാലയത്തിൽനിന്നെത്തിയതാണെന്ന്. ഈ തിരിച്ചറിവിൽ ശൈശവത്തിൽ പുതുജീവൻ സമ്മാനിച്ച എറണാകുളത്തെ ശിശുഭവനം ഇടയ്ക്കിടെ അവൾ സന്ദർശിച്ചിരുന്നു.
അങ്ങനെയൊരു വേളയിൽ അവിചാരിതമായി ലഭിച്ച അറിവാണ് തനിക്കൊരു ഇരട്ടസഹോദരിയുണ്ടെന്നും അവളെയും ആരോ ദത്തെടുത്തുവെന്നും. അന്നു തുടങ്ങിയതാണ് കൂടെപ്പിറപ്പിനായുള്ള വിജയലക്ഷ്മിയുടെ അന്വേഷണം. നിരന്തരമായ ആ തെരച്ചിലിനൊടുവിൽ കോട്ടയത്തെ ഒരു കോളജിൽ അധ്യാപികയായ ഇരട്ടസഹോദരി ദിവ്യശ്രീയെ വിജയലക്ഷ്മി കണ്ടെത്തി. എറണാകുളത്ത് സൗത്ത് ഇന്ത്യൻ ബാങ്കിൽ ഉദ്യോഗസ്ഥയാണ് വിജയലക്ഷ്മി. കേൾക്കുന്പോൾ ഇതൊരു സസ്പെൻസ് സിനിമാക്കഥയാണെന്നു തോന്നിയേക്കാം. ഇരുവരുടെയും സംഗമം ദിവ്യശ്രീ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു.
കഥയല്ലിതു ജീവിതം
"കഥയല്ലിതു ജീവിതം’ എന്ന കുറിപ്പ് ഇങ്ങനെ വായിക്കാം.
എന്റെ പേര് ദിവ്യശ്രീ. ഏറെ കഷ്ടപ്പെട്ടു പഠിച്ച് കോട്ടയത്ത് ഒരു കോളജിൽ അധ്യാപികയായി. ഇപ്പോൾ അവധിയെടുത്ത് എറണാകുളത്ത് ഗവേഷണം നടത്തുന്നു. മറ്റു പലരെയും പോലെ അപൂർമായ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോയ എനിക്ക് ഏറെ സന്തോഷത്തിന്റെയും നഷ്ടങ്ങളുടെയും നിരാശകളുടെയും അനുഭവങ്ങൾ പറയാനുണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തിലുണ്ടായ അവിശ്വസനീയവും അത്യപൂർവവുമായ ഒരു കൂടിക്കാഴ്ചയെക്കുറിച്ച് പറയട്ടെ. ഇത്രയും കാലം മാതാപിതാക്കളുടെ ഏക മകളാണെന്നു വിശ്വസിച്ച എനിക്ക് ഒരു ഇരട്ട സഹോദരി കൂടിയുണ്ടെന്നറിഞ്ഞ വർഷമായിരുന്നു 2022. എന്റെ ഇരട്ട സഹോദരി എന്നിലേക്കെത്തിയ വഴി അറിഞ്ഞാൽ നിങ്ങൾ അദ്ഭുതപ്പെടും.
റിയൽ ഹീറോസ്
അതിനു മുന്പ് എന്റെ ജീവിതത്തിലെ ഹീറോകളെ ഞാൻ പരിചയപ്പെടുത്താം. അച്ഛൻ ശ്രീകുമാർ, അമ്മ രുഗ്മിണി ദേവി. ഇരുവരും ഇല്ലായിരുന്നെങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമോ എന്നുപോലും അറിയില്ല. ഇവരെന്നെ പഠിപ്പിച്ചു വലുതാക്കി, സന്തോഷത്തിലും ദുഃഖത്തിലും ഒപ്പംനിന്നു. നല്ലൊരു അച്ഛനാകാൻ തന്റെ രക്തത്തിൽ കുഞ്ഞ് പിറക്കണമെന്നില്ലെന്നും നല്ല അമ്മയാകാൻ നൊന്തു പ്രസവിക്കേണ്ടതില്ലെന്നും ജീവിതം കൊണ്ടു തെളിയിച്ചവർ.
അനാഥാലയത്തിൽ ഞങ്ങളെ ഉപേക്ഷിച്ചു പോയ പെറ്റമ്മ. അവിടെ അവസാനിക്കാമായിരുന്ന ജീവിതത്തിലേക്ക് പൊൻകിരണം പോലെ ദൈവം അയച്ച രണ്ടു ദന്പതികൾ. ആദ്യത്തേത് ഞാൻ പറഞ്ഞ എന്റെ വളർത്തച്ഛനും അമ്മയും. രണ്ടാമത്തേത് എന്റെ ഇരട്ടസഹോദരിയെ സ്വന്തം മകളായി വളർത്തിയ വാമദേവൻ-ആനന്ദവല്ലി. പരസ്പരം അറിയാത്ത അവരെന്നെ കണ്ണൂരിലേക്കും സഹോദരിയെ തിരുവനന്തപുരത്തേക്കും കൊണ്ടുപോയി. അങ്ങനെ ഞങ്ങൾ ഞങ്ങളറിയാതെ വേർപിരിഞ്ഞു. കണ്ണൂരിൽനിന്ന് ഞങ്ങൾ ഇടയ്ക്കു മലപ്പുറത്തേക്കു താമസം മാറിയിരുന്നു.
ഒരു നോട്ടം കൊണ്ടോ വാക്കുകൊണ്ടോ പോലും ഞാൻ അനാഥയാണെന്ന് അറിയിക്കാതെയാണ് എന്നെ വളർത്തിയതെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ എന്റെ ജന്മരഹസ്യം എനിക്കു വെളിവായി. വളരെ പക്വതയോടെ ഞാനത് ഉൾക്കൊള്ളുക മാത്രമല്ല, എന്നെ ഓമനിച്ചു വളർത്തിയ അച്ഛനെയും അമ്മയെയും ഞാൻ കൂടുതൽ സ്നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങി. ഇങ്ങനെയൊക്കെയെങ്കിലും എനിക്കൊരു സഹോദരിയുണ്ടെന്ന തിരിച്ചറിവ് അന്നുമില്ലായിരുന്നു.
വഴിത്തിരിവായ ഒരു സന്ദേശം
2022 തുടക്കത്തിൽ വന്ന ഒരു ഇൻസ്റ്റഗ്രാം സന്ദേശം എന്റെ ജീവിതത്തിലെ വഴിത്തിരിവായി. വിലാസം വെളിപ്പെടുത്താതെ എന്നോടു കാലങ്ങളായി ചാറ്റ് ചെയ്തുകൊണ്ടിരുന്ന ആ യുവതി എന്നിൽനിന്നു വേർപെടുത്തിയ സ്വന്തം സഹോദരിയാണെന്നത് ഞാൻ അദ്ഭുതത്തോടെ തിരിച്ചറിയുകയായിരുന്നു.
ഇനി വിജയലക്ഷ്മിയെക്കുറിച്ച്, പഠനത്തിലും മറ്റും മിടുക്കിയായ അവൾ തിരുവനന്തപുരത്താണ് വളർന്നത്. അവൾ ദത്തെടുക്കപ്പെട്ട കുട്ടിയാണെന്നും ഇരട്ടക്കുട്ടികളിൽ ഒരാളാണെന്നും അറിഞ്ഞുതന്നെയാണ് വളർന്നത്. 2017 മുതൽ അവൾ എന്നിലേക്കെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും അതത്ര എളുപ്പമായിരുന്നില്ല. ഇരട്ട സഹോദരി ലോകത്തെവിടെയോ ഉണ്ടെന്നു മാത്രമറിയാം.
പേരോ നാടോ ഒന്നും അറിയില്ല. അഞ്ചു വർഷത്തെ ശ്രമത്തിൽ അവൾ എന്നെപ്പറ്റി കൃത്യമായി പഠിച്ചു, എന്റെ എല്ലാ കാര്യങ്ങളും എന്നേക്കാൾ നന്നായി അന്വേഷിച്ചറിഞ്ഞു. പഴുതടച്ച രീതിയിൽ എല്ലാവിധ രേഖകളോടുംകൂടി അവസാനം അവൾ വന്നു. എന്നെ കണ്ടെത്താനായി അവൾ ഉപയോഗിച്ച വഴികൾ, അവളെ സഹായിച്ചവർ, നേരിട്ട വെല്ലുവിളികൾ എല്ലാറ്റിലും ദൈവത്തിന്റെ കൈയൊപ്പുണ്ട്. തീക്ഷ്ണമായ അന്വേഷണത്തിലും യാത്രയിലും അവൾക്കൊപ്പം അവളുടെ ഭർത്താവുമുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ ആദ്യമായി കണ്ടുമുട്ടി.
ഇനി വിജയലക്ഷ്മിയുടെ വാക്കുകളിലേക്ക്...
എന്റെ സഹോദരി ദിവ്യശ്രീയാണ് ഇരട്ടകളായ ഞങ്ങൾ പരസ്പരം കണ്ടെത്തിയെന്ന വിവരം ഫേസ്ബുക്കിലൂടെ പുറംലോകത്തെഅറിയിച്ചത്. എന്നെ വളർത്തിയ മാതാപിതാക്കൾക്ക് ഒരു മകൾ ജനിക്കുകയുണ്ടായി. എന്നാൽ, രണ്ടാം വയസിൽ കോളറ ബാധിച്ചു മരിച്ചുപോയി. പിന്നീടുണ്ടായ രണ്ടു ഗർഭങ്ങളും ഫലപ്രാപ്തിയിലെത്താതെ വന്നപ്പോൾ വന്ധ്യതാചികിത്സയുടെ ഭാഗമായാണ് അവർ എറണാകുളത്തു വന്നത്.
ചികിത്സ ഫലപ്രാപ്തിയിലെത്തില്ല എന്ന തിരിച്ചറിവിനൊടുവിലാണ് അമ്മയുടെ ഒരു സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും വഴി ഓർഫനേജിൽനിന്ന് എന്നെ ദത്തെടുത്തത്. ഞങ്ങളെ പ്രസവിച്ച അമ്മ ഉപേക്ഷിച്ചതോടെ കലൂർ നിർമല ശിശുഭവനിലെ കന്യാസ്ത്രീകളുടെ സംരക്ഷണത്തിലായിരിക്കെയാണ് ദത്തെടുക്കപ്പെട്ടത്.
അടുത്ത ബന്ധുക്കൾ വീട്ടിൽ വരുന്പോഴും തൊട്ടടുത്ത വീടുകളിലുള്ളവരുടെയും സ്വകാര്യ സംഭാഷണങ്ങളിലൂടെയുമാണ് ഞാൻ ദത്തുപുത്രിയാണെന്നു തിരിച്ചറിഞ്ഞത്. എന്നാൽ, അതിന്റെ വസ്തുതകൾ മനസിലാക്കാനുള്ള അറിവ് അക്കാലത്തൊന്നും ഉണ്ടായിരുന്നില്ല. എട്ടാം ക്ലാസിൽ പഠിക്കുന്പോൾ മാമിയിൽനിന്നാണ് ദത്തെടുക്കപ്പെട്ട കുട്ടിയാണ് ഞാനെന്ന് അറിഞ്ഞത്. ഏക മകളായി വളർന്ന എനിക്കൊരു സഹോദരനോ സഹോദരിയോ ഇല്ലാത്തതിന്റെ ദുഃഖം ചെറുപ്പം മുതലേയുണ്ടായിരുന്നു.
ആദ്യ തിരിച്ചറിവ്
ബിരുദം കഴിഞ്ഞ് സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി ലഭിച്ച ഞാൻ അസിസ്റ്റന്റ് മാനേജരായി എറണാകുളത്തെത്തിയ വേളയിൽ കുഞ്ഞായിരിക്കെ എന്നെ ദത്തെടുക്കാൻ എന്റെ മാതാപിതാക്കളെ സഹായിച്ച മാമനും മാമിയുമായി കൂടുതൽ അടുക്കാൻ സാഹചര്യമുണ്ടായി. അങ്ങനെ 2017 ഡിസംബർ 13ന് എന്റെ പിറന്നാൾ ദിനത്തിൽ ഞാനും മാമിയും എന്നെ സനാഥയാക്കിയ ആ പഴയ ശിശുഭവനത്തിലേക്കു പോയി. എന്നെ ഇവിടെനിന്നാണ് ദത്തെടുത്തതെന്നും എനിക്കൊരു ഇരട്ടസഹോദരിയുണ്ടെന്നും ശിശുഭവനിലെ കന്യാസ്ത്രീയോട് മാമി പറയുന്നതു കേട്ടു.
അതിരുവിട്ട ആകാംക്ഷയിൽ അവിടുത്തെ മദറിനോട് എന്റെ ഇരട്ടസഹോദരിയെ ഒരിക്കലെങ്കിലും കാണാൻ കഴിയുമോ എന്നു ഞാൻ തിരക്കി. വിശദാംശങ്ങൾ എഴുതിത്തരാൻ മദർ പറഞ്ഞനുസരിച്ച് എല്ലാ വിവരങ്ങളും നൽകി മടങ്ങി. അപ്പോഴും സഹോദരിയെ കണ്ടെത്താനാകുമെന്ന് പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. കാരണം ദത്തെടുക്കപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിടാൻ പാടില്ലെന്നത് കർശന നിയമമാണ്. സഹോദരിയുടെ പേര് വിദ്യ എന്നാണെന്നും ദത്തെടുത്തത് ശ്രീകുമാർ-രുഗ്മിണിദേവി ദന്പതികളാണെന്നും സ്ഥലം കണ്ണൂർ ജില്ലയിലെ എരമം- മാതമംഗലം ആണെന്നും വിവരം ലഭിച്ചു.
ഊർജിതമായ അന്വേഷണം
സോഷ്യൽ മീഡിയയിലൂടെയും മറ്റും ഏറെ അന്വേഷണങ്ങൾ നടത്തി. 2018 ഫെബ്രുവരിയിൽ എന്റെ വിവാഹശേഷം ഭർത്താവ് ജിതിന്റെയും അദ്ദേഹത്തിന്റെ പരിചയക്കാരുടെയും സഹായത്തോടെ വീണ്ടും സഹോദരിക്കായി തെരച്ചിൽ തുടർന്നു. സഹോദരിയെ കണ്ടെത്തണമെന്ന ലക്ഷ്യത്തോടെ വീണ്ടും ഓർഫനേജിലെത്തി അന്നു ചുമതല വഹിച്ചിരുന്ന മദറിനോട് കാര്യങ്ങളൊക്ക പറഞ്ഞു.
രണ്ടാഴ്ച കഴിഞ്ഞു മദർ വിളിച്ച് അങ്ങനെയൊരു ദത്തെടുക്കൽ നടന്നതായുള്ള രേഖകളൊന്നും കാണുന്നില്ലെന്ന് അറിയിച്ചു. ദത്തെടുക്കൽ നിയമത്തിൽ രഹസ്യം സൂക്ഷിക്കേണ്ടതുണ്ടെന്നും ബയോളജിക്കൽ പേരന്റിനെ അന്വേഷിക്കുന്നതു പിന്നീട് നിയമ പ്രശ്നങ്ങൾക്കു കാരണമായിട്ടുണ്ടെന്നും അറിയാമായിരുന്നു.
ഡിറ്റക്ടീവിന്റെ സഹായവും
സഹായം തേടി ഞങ്ങൾ എറണാകുളത്തുള്ള ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസിയെയും സമീപിച്ചു. അവർ കണ്ണൂർ മാതമംഗലത്ത് പോയി സാധ്യമായ എല്ലാ സാഹചര്യങ്ങളിലും അന്വേഷിച്ചെങ്കിലും ഫലം കണ്ടില്ല. അവർ നിർദേശിച്ചതനുസരിച്ചു വീണ്ടും ഞാൻ ശിശുഭവനിലെത്തിയപ്പോൾ അഡോപ്ഷൻ കേസുകൾ കൈകാര്യം ചെയ്യുന്നത് അഭിഭാഷകരുടെ പാനൽ ആണെന്നും അവരോടു ചോദിച്ചാൽ എന്തെങ്കിലും നിയമസാധുത ഉണ്ടാകുമോ എന്നറിയാൻ പറ്റുമെന്നും വിശദീകരണം ലഭിച്ചു.
വഴിത്തിരിവ്
അക്കാലത്താണ് 17 വർഷം മുന്പ് ഇന്ത്യയിൽനിന്നൊരു കുട്ടിയെ ദന്പതികൾ ദത്തെടുത്ത് വിദേശത്തേക്കു കൊണ്ടുപോയതും മാതാപിതാക്കളുടെ മരണശേഷം തന്റെ സ്വന്തം അച്ഛനമ്മമാരെത്തേടി ഇന്ത്യയിലെത്തി നടത്തിയ നിയമപോരാട്ടത്തെക്കുറിച്ചും ഒരു പത്രത്തിൽ വായിക്കാനിടയായത്. ആ കേസിൽ ദത്തെടുക്കപ്പെട്ടയാൾക്ക് അഡോപ്ഷൻ ഏജൻസി ലഭ്യമായ വിവരം കൈമാറണമെന്നായിരുന്നു സുപ്രീം കോടതി വിധിയെന്നും മനസിലാക്കി.
ഒരു കുട്ടിയെ ദത്തു നൽകുന്പോൾ അതിനായി കോടതിയുടെ അനുമതി വേണമെന്ന വിവരം അറിയാനിടയായി. പിന്നീട് ഒരഭിഭാഷകൻ കോടതിയിൽനിന്ന് ഇത്തരത്തിലുള്ള കുറെയേറെ പ്രൊഫൈൽസ് എടുത്തുതന്നു. കേസ് നന്പരും സംഘടിപ്പിച്ചു തന്നു. അതു വലിയ വഴിത്തിരിവായി. അതിൽ അമ്മയുടെയും അച്ഛന്റെയും പേരുകൾ മാച്ചായതോടെ 90 ശതമാനവും അതെന്റെ സഹോദരിയാണെന്ന് ഉറപ്പിച്ചു.
അതിന്റെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയയിൽ എന്റെ മകൻ ഇഷാന്റെ ഫോട്ടോ വച്ചുള്ള ഇൻസ്റ്റഗ്രാമിലൂടെ കുറേ തെരച്ചിൽ നടത്തി. അതിൽ എന്നെക്കുറിച്ചോ എന്റെ കുടുബത്തെക്കുറിച്ചോ ഒരു വിശദാംശവും ഉണ്ടായിരുന്നില്ല. ആ അന്വേഷണത്തിൽ വിദ്യ എന്നു പേരുള്ള ഒരുപാട് പേരെ കാണാനിടയായി. പിന്നീട് അമ്മയുടെ പേരായ രുഗ്മിണി എന്നു തെരഞ്ഞപ്പോൾ അവർക്ക് ഒരേയൊരു ഫ്രണ്ട് മാത്രം.
പേര് ദിവ്യശ്രീ. അതിൽ തെരഞ്ഞപ്പോൾ എന്നോടു രൂപസാദ്യശ്യമുള്ള ഒരു യുവതിയെ കാണാനിടയായത്. പേര് ദിവ്യശ്രീ! അച്ഛന്റെ പേര് ശ്രീകുമാർ, അമ്മ രുഗ്മിണി ദേവി. (അതുവരെ വരെ ഒാർഫനേജിൽ നിന്നു ലഭിച്ച വിദ്യ എന്ന പേരുവച്ചാണ് തെരച്ചിൽ നടത്തിയിരുന്നത്) പിന്നീടു ദിവ്യശ്രീയെ ഞാൻ ഫോളോ ചെയ്തപ്പോൾ എന്റെ ഇഷ്ടങ്ങളോടു സമാനതകളുള്ളയാണ് അവളെന്നു ചാറ്റിംഗിലൂടെ തിരിച്ചറിഞ്ഞു.
തന്റെ രൂപസാദ്യശ്യത്തോടു യോജിക്കുന്നതിനാൽ എന്റെയൊരു ഫോട്ടോ അയച്ചുതരാൻ ദിവ്യ പറഞ്ഞു. ഞാൻ ഫോട്ടോ അയച്ചുകൊടുത്തു. കണ്ടപ്പോൾ സാദ്യശ്യം അവൾക്കും തോന്നി. പിന്നീടവൾ ഈ ഫോട്ടോ കൂട്ടുകാർക്ക് അയച്ചുകൊടുത്തപ്പോൾ അവർ പോലും എന്റെ ഫോട്ടോ തിരിച്ചറിഞ്ഞില്ല.
ദിവ്യ കുറേ മോഡേണ് വസ്ത്രങ്ങൾ ധരിച്ച ഫോട്ടോ ആണെന്നാണ് അവർ അഭിപ്രായപ്പെട്ടത്. പിന്നീട് സംസാരിച്ച വേളയിൽ ഞാൻ അഡോപ്റ്റഡ് ആണെന്നും നമ്മൾ ഇരട്ടസഹോദരിമാർ ആണെന്നും വെളിപ്പെടുത്തി. ഇതുകേട്ട് അവൾ വളരെ എക്സൈറ്റഡായി. തുടർന്ന് എങ്ങനെയാണ് ദിവ്യ എന്റെ സഹോദരിയാണെന്നു ഞാൻ കണ്ടെത്തിയതെന്നുള്ള വിവരങ്ങളും പങ്കുവച്ചു. അങ്ങനെ രണ്ടു പേരും ഞങ്ങൾ ഇരട്ട സഹോദരിമാരാണെന്ന് ഉറപ്പിച്ചു.
പിന്നെ ഞങ്ങൾ രണ്ടു പേരും ഞങ്ങളുടെ മാതാപിതാക്കളെ ഈ കണ്ടെത്തലിന്റെ നാൾവഴികൾ അറിയിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ വർഷങ്ങളായി കൂടെപ്പിറപ്പിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അതുകൊണ്ടുതന്നെ പരസ്പരമുള്ള കണ്ടുമുട്ടലിൽ ഞാൻ ദിവ്യശ്രീയുടെ അത്രയും എക്സൈറ്റഡ് ആയിരുന്നില്ല. അങ്ങനെ ഞങ്ങൾ നേരിൽ കണ്ടുമുട്ടി.
ഇപ്പോൾ ഞങ്ങൾ കുറച്ചു നാളായി ഒന്നിച്ചാണ് താമസം. ഉപരിപഠനത്തിനായി ദിവ്യശ്രീയിപ്പോൾ എറണാകുളത്താണ്. സഹോദരിയെ കണ്ടെത്തുന്നതിൽ എന്റെ ഭർത്താവ് ജിതിന്റെ സഹായത്തെക്കുറിച്ച് പറയാതിരിക്കാനാകില്ല. അദ്ദേഹത്തിന്റെ സപ്പോർട്ടില്ലായിരുന്നെങ്കിൽ എനിക്കൊരിക്കലും സഹോദരിയെ കണ്ടെത്താനാകുമായിരുന്നില്ല.
വീണ്ടും ദിവ്യശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അവസാനവാക്കുകളിലേക്ക്... ഇതുവരെ മാർച്ച് പത്തായിരുന്നു എന്റെ ജന്മദിനം. 2022 ഡിസംബർ 13 ന് ഞങ്ങൾ ഒരുമിച്ചു യഥാർഥ പിറന്നാൾ ആഘോഷിച്ചു. ഒരു വർഷം എനിക്ക് രണ്ടു ജന്മദിനമെന്ന അസുലഭ ഭാഗ്യം.. മൂന്നാം മാസം വേർപിരിഞ്ഞ ഞങ്ങൾ മുപ്പതാം പിറന്നാൾ ഒന്നിച്ച് ആഘോഷിച്ചു.
എനിക്കു കിട്ടിയ എന്റെ ഇരട്ട സഹോദരി വിജയലക്ഷ്മിക്കും അവളെ എനിക്കു സമ്മാനിച്ച അച്ഛനും അമ്മയ്ക്കും ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി.
പ്രദീപ് ഗോപി