തലസ്ഥാന നഗരത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും തെരുവുകളിൽ ബാല്യത്തിന്റെ മധുരമെന്തെന്നറിയാതെ അതിജീവനത്തിനായി അധ്വാനിക്കാൻ വിധിക്കപ്പെട്ട കുട്ടികളുടെ വാർത്തകൾക്കുമാത്രമായി ഒരു പത്രമുണ്ട്. ‘ബാലക് നാമ’ എന്ന ആ പത്രത്തെയും അതൊരുക്കുന്നവരുടെ ജീവിതത്തെയും കുറിച്ച്...
എല്ലാ റിപ്പോർട്ടർമാരും തന്റെ വാർത്ത ഒന്നാം പേജിൽ വരണമെന്നു വാശിപിടിക്കുന്ന ഒരു പത്രം. ഈ ആഗ്രഹം നടക്കാതെവന്നാൽ ചിലർ കരയും. ചിലർ മുഖം കറുപ്പിക്കും. മറ്റു ചിലർ പിണക്കം നടിച്ചു മാറിയിരിക്കും. ഇന്നുതന്നെ പത്രപ്രവർത്തനം അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കാനും ചിലരെങ്കിലും മടിക്കില്ല.
അടുത്ത ലക്കത്തെക്കുറിച്ച് ആലോചന മുറുകുന്പോൾ പരിഭവമൊക്കെ മറന്ന് ഇവരൊക്കെ ചൂടുവാർത്ത കണ്ടെത്താൻ ഫീൽഡിലേക്ക് ഇറങ്ങും. വാർത്തയുടെ അന്വേഷണ വഴികളിലെല്ലാം തങ്ങളുടെ ഒന്നാം പേജിൽ വാർത്ത വരണമെന്ന ആഗ്രഹത്തിലാണ് ഇവരെല്ലാം. ജേർണലിസത്തിന്റെ അക്ഷരഭൂമികയിൽ ഇതുപോലൊരു പത്രം ലോകത്തൊരിടത്തും കാണില്ല; ഇത്തരത്തിൽ ഒരുനിര പത്രപ്രവർത്തകരും.
കിഷൻ എന്ന പതിനേഴുകാരൻ പത്രാധിപരെയോ ഇദ്ദേഹത്തേക്കാൾ പ്രായം കുറഞ്ഞ സ്വന്തം ലേഖകരെയോ അധികമാരും കണ്ടിട്ടുണ്ടാകില്ല. പതിനായിരക്കണക്കിന് വായനക്കാരുള്ളതും മാസംതോറും മുടക്കമില്ലാതെ പ്രസിദ്ധീകരിക്കുന്നതുമായ ഈ പത്രത്തിന്റെ പേരാണ് ബാലക് നാമ. ഇതിൽ വായിക്കാനുണ്ടാവുക അതിജീവനത്തിനായി പൊരുതുന്ന കുട്ടികളുടെ തെരുവുജീവിത വാർത്തകളും ചിത്രങ്ങളുമാണ്.
ചേർത്തുപിടിക്കാൻ ഉറ്റവരോ വീടിന്റെ തണലോ ഇല്ലാത്ത ബാല്യങ്ങളുടെ ജീവിതാനുഭവങ്ങളും അവരുടെ ചെറിയ സന്തോഷങ്ങളുമെല്ലാം ഉള്ളടക്കമായ ഒരേയൊരു പത്രം. തെരുവുകുട്ടികളുടേതായി ബാലക് നാമ അല്ലാതെ മറ്റൊരു പത്രം ഉണ്ടാകാനിടയില്ല. ഡൽഹിയിലെ ചൈൽഡ്ഹുഡ് എൻഹാൻസ്മെന്റ് ത്രൂ ട്രെയ്നിംഗ് ആന്ഡ് ആക്ഷന്റെ (ചേതന) പിന്തുണയോടെ 2003 സെപ്റ്റംബറിൽ തുടക്കമിട്ടതാണ് ബാലക് നാമ. ചേതനയുടെ കീഴിലുള്ള ബദ്തേ കദം ആണ് ഇങ്ങനെയൊരു പ്രസിദ്ധീകരണത്തിന് മുൻകൈയെടുത്തത്. തെരുവുകുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെ ലക്ഷ്യമാാക്കി രൂപീകരിച്ച പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റാണ് ചേതന.
മറക്കാത്ത പരിഭവങ്ങൾ
കണ്ണീരും വിലാപവും ഭയവും ഒറ്റപ്പെടലും അപൂർവമായി ചെറുചിരികളുമുള്ള ജീവിതകഥകൾ പലരോടും പലതവണ പറയാൻ ശ്രമിച്ചിട്ടും കേൾക്കാൻ ആരും കാതുകൊടുക്കാതെ വന്നതോടെയാണ് തങ്ങൾക്കും പറയാനൊരിടം വേണമെന്ന് കുട്ടികൾ ആഗ്രഹിച്ചത്. തങ്ങളെക്കുറിച്ചുള്ള വാർത്തകൾ തങ്ങളെപ്പോലെ തന്നെ ദുരിതങ്ങളിൽ ജീവിക്കുന്നവരുമായി പങ്കുവയ്ക്കുക, ഒപ്പം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കുട്ടികളുടെ ശബ്ദം എന്നർഥമുളള ബാലക് നാമയുടെ ആരംഭിച്ചത്. രണ്ടുപേജുകളിൽ ഹിന്ദി എഡിഷൻ
തുടക്കത്തിൽ മൂന്നു മാസത്തിലൊരിക്കൽ മാത്രമായിരുന്നു അച്ചടി. പിന്നീട് നാലുപേജിലേക്കും എട്ടു പേജിലേക്കും വളർന്നു. ഇപ്പോൾ 16 പേജുകളോടെ എല്ലാ മാസവും പ്രസിദ്ധീകരിക്കുന്നു. 2014ൽ ബാലക് നാമ ഇംഗ്ലീഷ് എഡിഷനും ആരംഭിച്ചു.
ബാലക് നാമയുടെ മുൻ എഡിറ്റർ ശംഭുവിനെ പരിചയപ്പെടാം. ഒൻപതാം വയസിൽ ബിഹാറിൽനിന്ന് ജീവിതമാർഗം തേടി അച്ഛനൊപ്പം ഡൽഹിയിലെത്തിയതാണ് ശംഭു. നിസാമുദീൻ റെയിൽവേ സ്റ്റേഷനുസമീപം സരായ് കാലാനിലെ ഒരു തെരുവ് കൂടാരത്തിലായിരുന്നു അഭയം. റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചെറിയ ജോലികൾ എടുത്ത് അവൻ വളർന്നു.
പിന്നീട് ചേതനയിലൂടെ എഴുത്തും വായനയും പഠിച്ചാണ് ബാലക് നാമയുടെ റിപ്പോർട്ടറായി മാറുന്നത്. പതിനേഴാം വയസിൽ ശംഭു പത്രത്തിന്റെ എഡിറ്ററായി. രാവിലെ അഞ്ചിനുണർന്ന് ജംഗ്പുര എക്റ്റൻഷനിലെ ഫ്ളാറ്റുകളിൽ കാറുകൾ കഴുകാൻ പോകും. തിരിച്ചെത്തിയാൽ പത്രം ഓഫീസിൽ എഡിറ്ററുടെ ജോലി. തെരുവുകുട്ടികളുടെ ശബ്ദം അധികൃതരിലേക്കെത്തിക്കുന്നതിൽ ബാലക് നാമ വലിയ വിജയം തന്നെയാണെന്ന് ശംഭു പറയുന്നു.
ചാന്ദ്നിയുടെ ജീവിതം
ബാലക് നാമയുടെ മുൻ എഡിറ്റർ ഇൻ ചീഫ് ചാന്ദ്നിയുടെ ജീവിതം വ്യത്യസ്തമാണ്. ബാല്യത്തിൽ ഒരുവിധ വാത്സല്യവും തണലും കിട്ടാതെപോയ ഒരു പെണ്കുട്ടി. പന്ത്രണ്ടു വയസുവരെ തെരുവിൽ ചെറിയ സർക്കസും നൃത്തവും പാട്ടുമൊക്കെയായി അതിജീവനം. ഉത്തർപ്രദേശിലെ ബറേലിയിൽനിന്നു ഡൽഹിയിലേക്ക് ജീവിതമാർഗം തേടിയെത്തിയതാണ് ചാന്ദ്നിയുടെ കുടുംബം.
നാലാം വയസുമുതൽ വലിച്ചുകെട്ടിയ വടത്തിലൂടെ ബാലൻസ് ചെയ്തു നടന്നും ഡാൻസ് കളിച്ചും വിശപ്പകറ്റാൻ തെരുവിൽ വിയർത്ത ബാല്യം. 2008ൽ അച്ഛൻ മരിച്ചതോടെ ചാന്ദ്നിയുടെ കുടുംബം കൂടുതൽ കഷ്ടതകളിലാണ്ടുപോയി. ജീവിക്കാൻ ഇവൾ പ്ലാസ്റ്റിക് പെറുക്കിവിൽക്കുന്ന പണിയിലേക്ക് മാറി. 2009ൽ ചേതനയുടെ വോളന്റിയർമാരെ കണ്ടുമുട്ടിയതോടെയാണ് ചാന്ദ്നിയുടെ ജീവിതത്തിൽ അതുവരെയില്ലാത്ത ഒരു വെളിച്ചം പരന്നുതുടങ്ങിയത്.
2010ൽ ചേതനയുടെ ഓപ്പണ് സ്കൂളിൽ അവർ ചാന്ദ്നിയെ ചേർത്തു. ഒപ്പം ബാലക് നാമയുടെ പ്രവർത്തനങ്ങളിലും പങ്കാളിയാക്കി. 2014ലാണ് ചാന്ദ്നി ബാലക് നാമയുടെ എഡിറ്റർ ഇൻ ചീഫ് ആയി ചുമതലയേൽക്കുന്നത്. താൻ എഡിറ്ററായിരുന്ന കാലത്ത് 1500 കോപ്പികളുടെ വർധനവുണ്ടാക്കാൻ കഴിഞ്ഞുവെന്നാണ് ചാന്ദ്നി അഭിമാനത്തോടെ പറഞ്ഞത്. അതേ കാലത്തുതന്നെയാണ് നാലു പേജിൽനിന്നും പത്രം എട്ടു പേജിലെത്തിച്ചതും.
പത്താംക്ലാസ് പൂർത്തിയാക്കി പതിനെട്ട് വയസ് തികഞ്ഞപ്പോൾ എഡിറ്റർ സ്ഥാനം കിഷന് കൈമാറി ചാന്ദ്നി പദവിയൊഴിഞ്ഞു. ഒരു പത്രത്തിന്റെ എഡിറ്റർ എന്ന നിലയിൽ ബംഗളുരുവിൽ ടെഡ്എക്സ് ടോക്കിൽ ചാന്ദ്നി തന്റെ ജീവിതാനുഭവങ്ങൾ വിവരിച്ചിരുന്നു. 18 മിനിറ്റ് നീണ്ടുനിന്ന ആ സാക്ഷ്യം പറച്ചിൽ വലിയ കൈയടിയോടെ അവസാനിപ്പിക്കുന്പോൾ ശ്രോതാക്കളേറെപ്പേരുടെയും കണ്ണുകൾ നനഞ്ഞിരുന്നു.
ബാലക് നാമ പത്രത്തിന് 70 വോക്കൽ റിപ്പോർട്ടർമാരും 14 റൈറ്റർ റിപ്പോർട്ടർമാരുമുണ്ട്. അക്ഷരാഭ്യാസമില്ലാത്തവരാണ് ബദൂനി റിപ്പോർട്ടർമാർ അഥവാ വോക്കൽ റിപ്പോർട്ടർമാർ. അവർ തങ്ങളുടെ കണ്ണിലും മനസിലും കേൾവിയിലും പതിയുന്ന കാര്യങ്ങൾ എഴുതാനറിയാവുന്ന റൈറ്റർ റിപ്പോർട്ടർമാർക്ക് പറഞ്ഞുകൊടുക്കും. അവർ അതു വാർത്തകളും ഫീച്ചറുകളുമാക്കി മാറ്റും.
ദൂരെ സ്ഥലങ്ങളിലുള്ള ബദൂനി റിപ്പോർട്ടർമാർ ഇപ്പോൾ മൊബൈൽ ഫോണുകളിലൂടെയും വാർത്തകൾ കൈമാറുന്നുണ്ട്. പല വോക്കൽ റിപ്പോർട്ടർമാരും പിൽക്കാലത്ത് എഴുത്തും വായനയും പഠിച്ച് സ്വന്തമായി വാർത്തകളെഴുതുന്ന തലത്തിലേക്ക് വളർന്നിട്ടുണ്ട്. റിപ്പോർട്ടർമാർ എഴുതുന്ന വാർത്തകൾ കംപ്യൂട്ടർ പരിജ്ഞാനം നേടിയ കുട്ടികൾ ടൈപ്പ് ചെയ്ത് പ്രത്യേക ഫയലുകളാക്കും.
കൂടുതൽ വിദ്യാഭ്യാസമുള്ള കുട്ടികൾ പ്രൂഫ് വായിച്ചു കംപ്യൂട്ടറിൽ പേജ് ചെയ്യും. വാർത്തകൾക്കൊപ്പം ഫോട്ടോകൾ മൊബൈൽ ക്യാമറകളിലാണ് എടുക്കുന്നതെങ്കിലും പത്രത്തിന് ഇപ്പോൾ ഒരു ഡിജിറ്റൽ ക്യാമറ സ്വന്തമായുണ്ട്. കുട്ടികൾക്ക് നേരേയുണ്ടാകുന്ന അക്രമങ്ങളും സാമൂഹ്യവിരുദ്ധരുടെ ഉപദ്രവങ്ങളും അവരുടെ കൊച്ചുകൊച്ചു സന്തോഷങ്ങളും വാർത്തകളും ചിത്രങ്ങളുമായി പേജുകളിൽ പതിയുന്നു.
എല്ലാ മാസവും 25ന് പത്രത്തിന്റെ അണിയറ ശിൽപികളെല്ലാം ചേതനയുടെ കെട്ടിടത്തിൽ ബാലക് നാമ ഓഫീസിൽ ഒത്തുകൂടിയാണ് പുതിയ എഡിഷനിലേക്കു വേണ്ട വാർത്തകളെയും ഫീച്ചറുകളെയും ചിത്രങ്ങളെയുംകുറിച്ചു ചർച്ച ചെയ്യുന്നത്. പത്രത്തിന്റെ കോപ്പികൾ ഡൽഹി നഗരത്തിലെ തെരുവ് കുട്ടികൾക്കിടയിലും സാധാരണക്കാർക്കിടയിലുമാണ് പ്രചാരത്തിലുള്ളത്. ഇപ്പോൾ ഓണ്ലൈൻ എഡിഷനുമുണ്ട്. ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകൾകൂടി പതിനായിരം കോപ്പികൾ നിലവിൽ അച്ചടിക്കുന്നുണ്ട്. ചെറിയൊരു സഹായം എന്ന നിലയിൽ അഞ്ചു രൂപയാണ് പൊതുജനങ്ങളിൽ നിന്ന് പത്രത്തിന് ഈടാക്കുന്നത്.
കുട്ടികളുടെ പത്രം എന്നു പറയാമെങ്കിലും രൂപകൽപനയിലും ഉള്ളടക്കത്തിലും ഒരു ഘട്ടത്തിലും തരിപോലും കുട്ടിക്കളിയില്ല. രാവിലെ ട്യൂഷനോ സ്കൂളിലോ പോകുന്ന കുട്ടികൾ പകൽ രണ്ടുമണിക്കുശേഷം ബാലക് നാമക്കുവേണ്ടി പ്രവർത്തിക്കും. ഒരാൾക്കും ഈ ജോലിയിൽ പ്രതിഫലമില്ല. പതിനാറു വയസുള്ള കിഷൻ ആണ് ഇപ്പോൾ എഡിറ്റർ.
പതിനെട്ടു വയസ് തികയുന്പോൾ എഡിറ്റർ സ്ഥാനമൊഴിഞ്ഞ് മറ്റൊരാൾക്ക് പദവി കൈമാറുകയാണ് പതിവ്. 2003ൽ 35 കുട്ടി റിപ്പോർട്ടർമാരുമായാണ് ബാലക് നാമയുടെ തുടക്കം. ഇപ്പോൾ നൂറുകണക്കിന് കുട്ടി റിപ്പോർട്ടർമാരാണ് ഈ പത്രത്തിനുളളത്. എട്ടു പേജുകളിൽ ഡൽഹി, നോയിഡ, മധുര, ഝാൻസി, ഗ്വാളിയർ, ആഗ്ര തുടങ്ങിയ നഗരങ്ങളിലെ വാർത്തകൾ ഉൾപ്പെടുത്തിയാണ് പത്രം പ്രസിദ്ധീകരിക്കുന്നത്.
ബാലവിവാഹം, ബാലപീഡനം, ലൈംഗികാതിക്രമങ്ങൾ തുടങ്ങി തങ്ങളുടെ എല്ലാ ദുരിതങ്ങളും ഇതിലെ പത്രപ്രവർത്തകർ ബാലക് നാമയിലൂടെ ജനമധ്യത്തിൽ എത്തിക്കുന്നു. വലയം ചെയ്തിരിക്കുന്ന പരിമിതികളോടു ധീരമായി പൊരുതി പത്രപ്രവർത്തനത്തിൽ സജീവമാവുകയാണ് ഈ കുട്ടിക്കൂട്ടം. തങ്ങൾ നേരിടുന്ന അതിക്രമങ്ങൾക്കും നീറുന്ന പ്രശ്നങ്ങൾക്കുമെതിരേയുള്ള ധീരവും ശക്തമായ പോരാട്ടമാണ് ബാലക് നാമയിലൂടെ ലക്ഷ്യമിടുന്നത്.
മയക്കുമരുന്നിനും മറ്റ് ലഹരികൾക്കും അടിമപ്പെട്ട് നേർവഴി നഷ്ടമായ നിരവധി കുട്ടികൾ വിമോചിതരായി ബാലക് നാമയിലെ റിപ്പോർട്ടർമാരായി മാറിയിട്ടുണ്ട്.
ഇന്നവർക്ക് ജീവിതത്തിന്റെ ശരിയും തെറ്റും തിരിച്ചറിയാം. ഉത്തരവാദിത്വം അറിഞ്ഞുകൊണ്ട് സാമൂഹികസേവകരെപ്പോലെ മുതിർന്ന മാധ്യമപ്രവർത്തകർക്കിടയിലും താരങ്ങളായി മാറിയിരിക്കുകയാണ് തെരുവിലെ കുട്ടിപ്പത്രക്കാർ.
ചെറിയ ലോകം വലിയ വാർത്ത
ബാലക് നാമയുടെ സെപ്റ്റംബർ ലക്കത്തിന്റെ കവർ സ്റ്റോറി സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാർഷികത്തിൽ തെരുവിൽ വിവിധ തൊഴിലുകൾ ചെയ്യുന്ന കുട്ടികൾ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നതാണ്. റിപ്പോർട്ടർമാരായ കിഷൻ, രവി, അഞ്ചൽ, സംഗീത എന്നിവർ ചേർന്നാണ് ഗൗരവപ്രധാന്യമുള്ള റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
പകലന്തിയോളം ഫാക്ടറികൾ, വഴിയോരക്കടകൾ, ഹോട്ടലുകൾ, ധാബകൾ തുടങ്ങിയ ഇടങ്ങളിൽ ചെറിയ കൂലിയിൽ ജോലിചെയ്യുന്ന കുട്ടികളെ നേരിൽ കണ്ടു തയാറാക്കിയ സ്റ്റോറി. സ്വാതന്ത്ര്യം എന്നാൽ എന്താണ് നിങ്ങൾ അർഥമാക്കുന്നതെന്ന ചോദ്യത്തിന് ഓരോ കുട്ടിയും പറഞ്ഞ ഹൃദ്യവും ദുഖഭരിതവുമായ വിവരണങ്ങളായിരുന്നു ഉള്ളടക്കം.
ഒന്നാം പേജ് സ്റ്റോറിയുടെ താഴെയുള്ള റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത് വോക്കൽ റിപ്പോർട്ടർ ഉഷാന്ത് ആണ്. ഉഷാന്ത് പറഞ്ഞു കൊടുത്ത വാർത്ത എഴുതിയിരിക്കുന്നത് എഡിറ്റർ കിഷൻതന്നെയാണ്. രണ്ടു നേരത്തെ ഭക്ഷണത്തിന് എന്തു സാഹസത്തിനും തെരുവുകുട്ടികൾ തയാറാണെന്ന തലക്കെട്ടിനുതാഴെ പ്രായപൂർത്തിയാകാത്ത കുട്ടികൾ തൊഴിലിടങ്ങളിലും മറ്റും നേരിടുന്ന അപകട സാധ്യതകളിലേക്കാണ് റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്.
നോയിഡയിലെ ഫാക്ടറികളും മറ്റും ജോലി ചെയ്യുന്ന കുട്ടികളെ നേരിൽകണ്ട് അവരുടെ അനുഭവങ്ങളും ദുരിതങ്ങളും കേട്ടറിഞ്ഞത് ഉഷാന്ത് പറഞ്ഞു കൊടുത്തെഴുതിച്ച റിപ്പോർട്ടിൽ എല്ലാവർക്കും അറിയാവുന്നതും എന്നാൽ ഏറെപ്പേരും കണ്ടില്ലെന്നു നടിക്കുന്നതുമായ ഒരുപാട് സത്യങ്ങൾ തെളിഞ്ഞുകിടക്കുന്നു.
കവർ സ്റ്റോറിയുൾപ്പെടെ വിശദമായ മൂന്നു റിപ്പോർട്ടുകളുള്ള ഒന്നാം പേജിനു പിന്നാലെ സ്കൂളുകളിൽ നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതാകുന്ന കുട്ടികളെക്കുറിച്ചുള്ള വിവരങ്ങളാണ് രണ്ടാം പേജിലെ പ്രധാന വാർത്ത. കോർപറേഷൻ അധികൃതർ കുടിലുകൾ പൊളിച്ചുനീക്കിയതിനാൽ തെരുവിലേക്ക് തള്ളപ്പെട്ട ഇരുപതു കുട്ടികളെയും അവരുടെ കുടുംബങ്ങളെയും കുറിച്ചുള്ളതാണ് മൂന്നാം പേജ് വാർത്ത.
കുട്ടികൾക്കായി ചേതന നടത്തിയ ഒരു ബോധവത്കരണക്യാന്പിൽ ലൈംഗിക അതിക്രമങ്ങളിൽനിന്ന് എങ്ങനെ രക്ഷപ്പെടാമെന്നു തനിക്കു മനസിലായതിനെക്കുറിച്ചാണ് ഇതേ പേജിൽ വോക്കൽ റിപ്പോർട്ടർ മല്ലിക് അലി പറഞ്ഞുകൊടുത്ത് അഞ്ചൽ തയാറാക്കിയ മറ്റൊരു വാർത്ത. കുട്ടികൾക്കെല്ലാം ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്ന് തിരിച്ചറിയാനും അതനുസരിച്ചു പ്രതികരിക്കാനും ക്യാന്പ് സഹായിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എട്ടാം പേജിൽ ലഖ്നൗ നഗരത്തിലെ കുട്ടിക്കള്ളൻമാരെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് തയാറാക്കിയത് വോക്കൽ റിപ്പാർട്ടർ റോഷ്നിയാണ്. ചേരികളിലെ വെള്ളക്കെട്ട്, അധികൃതരുടെ അനാസ്ഥകൾ, നേരിടുന്ന അതിക്രമങ്ങൾ, വിവിധ ക്യാന്പുകൾ, സെമിനാറുകൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ തുടങ്ങി കുട്ടികളെ സ്പർശിച്ചുപോകുന്ന നിരവധി കാര്യങ്ങൾ ഇതിൽ വാർത്തയാകുന്നു.
ബാലക് നാമയിലെ വാർത്തകളും ഫീച്ചറുകളുമെല്ലാം ഹിന്ദിയിലാണ് തയാറാക്കുന്നത്. ഇംഗ്ലീഷ് പതിപ്പിനായി ചേതനയിലെ മുതിർന്നവരാണ് പരിഭാഷ നടത്തുന്നത്. സെപ്റ്റംബർ ലക്കത്തിലെ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ചിരിക്കുന്നത് വിഭ സാക്കിയയാണ്. ബാലക് നാമ ഇന്ത്യയിലെ തെരുവുകളിൽ മാത്രമല്ല, അന്താരാഷ്ട്ര മാധ്യമരംഗത്തും ശ്രദ്ധേയമായിക്കഴിഞ്ഞു. ബിബിസി, ദി ഗാർഡിയൻ, കാമറൂണ് മിറർ, അൽജസീറ തുടങ്ങി അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ കുട്ടിപ്പത്രത്തെ ഇതിനോടകം വലിയവരുടെ വലിയ വാർത്തയാക്കി മാറ്റിക്കഴിഞ്ഞു.
സെബി മാത്യു