‘ജയേമ സം യുധി സ്പൃധ:’
‘എന്നോടു യുദ്ധം ചെയ്യാൻ വരുന്നവരെ ഞാൻ പരാജയപ്പെടുത്തും’ എന്നാണ് ഋഗ്വേദത്തിലെ ഈ സൂക്തത്തിന്റെ പൊരുൾ.
ഇന്ത്യൻ നാവികസേനയുടെ ഏറ്റവും വലുതും രാജ്യം തദ്ദേശീയമായി നിർമിച്ച ആദ്യത്തേതുമായ ഐഎൻഎസ് വിക്രാന്ത് വിമാനവാഹിനി യുദ്ധക്കപ്പലിന്റെ ആപ്തവാക്യവും ഇതുതന്നെ.
യുദ്ധമുന്നണിയിലെ കരുത്തുറ്റ പേരാളിയായി അഴകിന്റെ ബഹുനില തലയെടുപ്പോടെ സെപ്റ്റംബർ രണ്ടിന് ഈ പടക്കപ്പൽ രാജ്യത്തിനായി സമർപ്പിക്കപ്പെടുകയാണ്. ലോകരാജ്യങ്ങൾക്കു മുന്പിൽ ഇന്ത്യൻ നാവികസേനയ്ക്കും കേരളത്തിനും അഭിമാന നിമിഷം. വിശാലമായ സമുദ്രാതിർത്തിയുടെ കരുത്തും കാവലാളുമായി മാറുന്ന അതിനൂതന സംവിധാനങ്ങളുള്ള വിമാനവാഹിനി രൂപകല്പന ചെയ്തു നിർമിക്കാൻ ശേഷി തെളിയിച്ച ലോ കത്തിലെ ആറാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നു. വിമാനവാഹിനിക്കപ്പൽ നിർമിക്കുന്ന ആദ്യ കപ്പൽശാലയെന്ന അതുല്യനേട്ടത്തിലേക്കാണ് കൊച്ചിൻ ഷിപ്പ് യാർഡ് ഇടം നേടുന്നത്.
വിശാലം വിക്രാന്ത്
ഐഎൻഎസ് വിക്രാന്തിലെ ഓരോ കാഴ്ചയും സംവിധാനങ്ങളെക്കുറിച്ചുള്ള അറിവുകളും അക്ഷരാർഥത്തിൽ വിസ്മയംതന്നെ. 262.5 മീറ്റർ നീളവും 63 മീറ്റർ വീതിയും 59 മീറ്റർ ഉയരവുമുണ്ട് ഈ പടക്കപ്പലിന്. അതായത് 333 നീലത്തിമിംഗലങ്ങൾ ഒരുമിച്ചുകൂടുന്ന വലിപ്പം. ആകെ ഭാരം നാലര കോടി കിലോഗ്രാം എന്നതാണ് വിലയിരുത്തൽ.
വിവിധ നിലകളിലായി ആകെ എട്ടു കിലോമീറ്ററോളം നടക്കേണ്ടിവരും വിക്രാന്തിലെ വിസ്മയങ്ങൾ ഒരുവട്ടം കണ്ടുതീർക്കാൻ. ഇതിലുള്ള പതിനഞ്ചു ഡെക്കുകളുടെ വലിപ്പം രണ്ടു ഫുട്ബോൾ മൈതാനങ്ങളുടെ വിസ്തൃതിക്കു സമാനം. 2300 കംപാർട്ട്മെന്റുകൾ. യുദ്ധവിമാനങ്ങൾക്കു പറന്നുയരാനും ലാൻഡ് ചെയ്യാനുമായി മൂന്നു റണ്വേകൾ. 204 മീറ്ററും 141 മീറ്ററും നീളത്തിൽ ഒരുക്കിയിരിക്കുന്ന രണ്ടു റണ്വേകളാണ് ടേക്ക് ഓഫിനായുള്ളത്. ലാൻഡിംഗ് റണ്വേയുടെ നീളം 190 മീറ്റർ. പാചകക്കാരും ഇതര ജോലിക്കാരും ഉൾപ്പെടെ 1600 നാവികർ ഒരേ സമയം വിക്രാന്തിലുണ്ടാകും. 53 കിലോമീറ്റർ വരെ വേഗത്തിൽ ഈ പടക്കപ്പലിനു കുതിക്കാനാകും.
2400 കിലോമീറ്റർ അതായത് കൊച്ചിയിൽ നിന്നു ന്യൂഡൽഹി വരെ നീളം വരുന്ന കേബിളുകൾ വിക്രാന്തിൽ വിവിധ സംവിധാനങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. വിക്രാന്തിനുള്ളിൽ എയർക്രാഫ്റ്റുകൾ നിർത്തിയിടാനും അറ്റകുറ്റപ്പണികൾക്കുമുള്ള ഹാംഗറിന് 118 മീറ്റർ നീളമുണ്ട്. ഒരേ സമയം 34 എയർ ക്രാഫ്റ്റുകൾക്ക് ഇവിടെ പാർക്ക് ചെയ്യാനാകും. കാഴ്ചയുടെ വിസ്മയവും കടലിന്റെ കാവലാളുമായി മാറുന്ന വിക്രാന്തിന്റെ നിർമിതിയുടെ ചെലവ് എത്രയെന്നോ; 23,000 കോടി രൂപ.
2005ൽ തുടക്കം
ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് 1997 ലാണു ഡീകമ്മീഷൻ ചെയ്തത്. തദ്ദേശീയമായി യുദ്ധക്കപ്പൽ നിർമിക്കാനുള്ള നാവികസേനയുടെയും സർക്കാരിന്റെയും പരിശ്രമങ്ങൾക്ക് 2005 ൽ തുടക്കമായി. അതേ വർഷം ഏപ്രിലിൽ പുതിയ കപ്പലിനായി പ്ലേറ്റ് കട്ടിംഗ് ആരംഭിച്ചു. 2006 നംവംബറിൽ ഫാബ്രിക്കേഷൻ ജോലികൾ തുടങ്ങിയ കപ്പലിന് 2009 ഫെബ്രുവരിയിൽ അന്നത്തെ പ്രതിരോധ മന്ത്രി എ.കെ.ആന്റണി കീലിട്ടു. 2013 ഓഗസ്റ്റിൽ കപ്പൽ നീറ്റിലിറക്കിയതോടെ സ്വപ്നസാക്ഷാത്കാരത്തിലേക്കു രാജ്യം കൂടുതൽ അടുത്തു.
പുതിയതായി നിർമിക്കുന്ന യുദ്ധക്കപ്പലുകൾക്ക് വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ആവശ്യമാണ്. 2020 മുതൽ വിവിധ കാലാവസ്ഥകളിൽ വിവിധ പ്രദേശങ്ങളിലൂടെയുള്ള സമുദ്രയാത്രാ പരീക്ഷണം ഉൾപ്പെടെ പരിശോധനകൾ നടത്തി. കഴിഞ്ഞ ജൂലൈയിൽ വിക്രാന്തിന്റെ അവസാനഘട്ട സമുദ്രപരീക്ഷണം പൂർത്തിയാക്കിയശേഷം കൊച്ചിൻ കപ്പൽശാല വിക്രാന്തിനെ നാവികസേനയ്ക്കു കൈമാറി. അന്തിമ സജ്ജീകരണങ്ങൾ കൂടി പൂർത്തിയാക്കിയാണു സെപ്റ്റംബർ രണ്ടിനു കപ്പൽ രാഷ്ട്രത്തിനു സമർപ്പിക്കുന്നത്.
കൈകോർത്തു രാജ്യം
ഓളപ്പരപ്പുകളെ പിളർന്ന് വിക്രാന്ത് ആഴക്കടലിലേക്ക് കുതിച്ചിറങ്ങുന്പോൾ നാവികസേനയുടെ കരുത്തിനൊപ്പം വിവിധ പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തവും തദ്ദേശീയരായ ഒട്ടേറെ സാങ്കേതിക വിദഗ്ധരുടെ കഠിനാധ്വാനവും അലയടിക്കുന്നുണ്ട്. സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യയാണു കപ്പലിനാവശ്യമായ ഉരുക്ക് നിർമിച്ചു നൽകിയത്.
വിവിധ എൻജിനിയറിംഗ് ഉപകരണങ്ങൾ, ആയുധങ്ങൾ, സെൻസറുകൾ, ഡെക്കുകൾ, ഇലക്ട്രിക- ഇലക്ട്രോണിക് സാമഗ്രികൾ, വൈദ്യുതീകരണം, ആശയ വിനിമയ സംവിധാനങ്ങൾ, ഇലക്ട്രോണിക് വാർഫെയർ സിസ്റ്റം (ഇഡബ്ല്യുഎസ്), നെറ്റ് വർക്കിംഗ് സാമഗ്രികൾ എന്നിവയെല്ലാം നിർമിച്ചത് തദ്ദേശീയമായാണ്. സാറ്റലൈറ്റ് ഫോണുകളും മിലിട്ടറി ഉപഗ്രഹങ്ങളും വഴി ലോകത്തിലെവിടെയുമുള്ളവരുമായി ബന്ധപ്പെടാനാകുന്ന അത്യാധുനിക ആശയവിനിമയ സംവിധാനം കപ്പലിലുണ്ട്.
കൊച്ചിൻ കപ്പൽശാലയ്ക്കു പുറമേ, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ഭെൽ), ഭാരത് ഇല്ക്ടോണിക്സ് ലിമിറ്റഡ് (ബെൽ), ഹിന്ദുസ്ഥാൻ എയർനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ), കേരള സ്റ്റേറ്റ് ഇലക്ടോണിക്സ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് (കെൽട്രോണ്) എന്നിവയെല്ലാം വിക്രാന്ത് സ്വപ്ന പദ്ധതിയിൽ കൈകോർത്തു.
ടാറ്റ പവർ, എൽആൻഡ്ടി തുടങ്ങിയ വൻകിട സ്വകാര്യ കന്പനികളും വിവിധ സംസ്ഥാനങ്ങളിലെ അഞ്ഞൂറിലധികം ചെറുകിട വ്യവസായ സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും നിർമാണത്തിൽ പങ്കാളികളായെന്ന് കൊച്ചിൻ ഷിപ്പ് യാർഡ് സിഎംഡി മധു എസ്. നായർ വ്യക്തമാക്കി. ഒരേസമയം രണ്ടായിരത്തോളം വിദഗ്ധർ പേർ നേരിട്ടും നാൽപതിനായിരം വിവിധ തലങ്ങളിൽ കപ്പലിന്റെ നിർമാണത്തിനായി അധ്വാനിച്ചു.
തദ്ദേശീയ മികവ്
തദ്ദേശീയ യുദ്ധക്കപ്പൽ നിർമാണം രാജ്യ പ്രതിരോധത്തിന്റെയും സ്വയം പര്യാപ്തതയുടെയും അഭിമാനസ്തംഭമാണ്. ഒപ്പം ആത്മനിർഭർ ഭാരതിലേക്കുള്ള ശ്രദ്ധേയ ചുവടുവയ്പ്പും. വികസിത രാജ്യങ്ങളുടെ നിർമിതിയുടെ നിലവാരം പുലർത്തുന്ന കപ്പൽ തദ്ദേശീയമായി ഉത്പാദിപ്പിച്ചു എന്നത് ആത്മനിർഭർ ഭാരതിന്റെ വലിയ അടയാളം തന്നെ.
കപ്പലിനെ പ്രധാനമായും നിയന്ത്രിക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റവും (ഐപിഎംഎസ്്) ഓപ്പറേഷൻസ് റൂമും രൂപകല്പന ചെയ്തതും നിർമിച്ചതും ഇന്ത്യൻ നിർമിത സാമഗ്രികളിലാണ്. പൊതുമേഖലാ സ്ഥാപനം ഭെൽ ആണ് ഇതിനുള്ള സോഫ്റ്റ് വെയർ തയാറാക്കിയത്. സുപ്രധാനമായ ഷിപ്സ് കണ്ട്രോൾ സെന്ററും (എസ്സിസി) പൂർണമായി തദ്ദേശീയ നിർമിതി തന്നെ.
ദിവസേന 23 മെഗാവാട്ട് അതായത് കൊച്ചി നഗരത്തിനാകെ ഒരേ സമയം വെളിച്ചം നൽകാനാവുന്ന വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്ന എട്ടു ഡീസൽ ഓൾട്ടർനേറ്ററുകൾ കപ്പലിലുണ്ട്. ഇതിന്റെ നിർമാണം എൽആൻഡ്ടിയാണു നിർവഹിച്ചത്. ഭക്ഷണശാലയിലുമുണ്ട് ഇന്ത്യൻ ടച്ച്. എല്ലാത്തരം ഇന്ത്യൻ ഭക്ഷ്യവിഭവങ്ങളും പാചകം ചെയ്യാൻ സൗകര്യമുള്ള നൂതന അടുക്കളകൾ. 8000 ചപ്പാത്തി ഒരേ സമയം പാകപ്പെടുത്താനാകും. ചോറും കറികളും പാകം ചെയ്യാൻ വലിയ ബോയിലറുകൾ, വിശാലമായ മുന്ന് അടുക്കളകൾ. ഇവിടെല്ലാം പരിചയസന്പന്നരായ ഷെഫുമാർ. കമ്മഡോർ വിദ്യാധർ ഹാർകെയാണു വിക്രാന്തിന്റെ കമാൻഡിംഗ് ഓഫീസറും ക്യാപ്റ്റനും.
വിക്രാന്തിലെ ആശുപത്രി
സൂപ്പർ സ്പെഷാലിറ്റി ആശുപത്രി സംവിധാനങ്ങൾ വിക്രാന്തിനുള്ളിലുണ്ട്. സിടി, അൾട്രാ സൗണ്ട് സ്കാനറുകൾ, ഓപ്പറേഷൻ തീയറ്ററുകൾ, ഐസിയു, മെഡിക്കൽ ലാബോറട്ടറി ഉൾപ്പെടുന്ന മെഡിക്കൽ കോംപ്ലക്സ്. ജനറൽ, മെയിൽ, ഫീമെയിൽ വാർഡുകളും അത്യാഹിതവിഭാഗവും ദന്തപരിചരണ വിഭാഗവുമുണ്ട്. സിടി സ്കാൻ സംവിധാനമുള്ള ഇന്ത്യൻ നാവികസേനയുടെ ആദ്യ കപ്പലാണിത്. ഓക്സിജൻ, നൈട്രജൻ, മാലിന്യ സംസ്കരണ പ്ലാന്റുകൾ എന്നിവയും സജ്ജം.
കമ്മീഷനിംഗിനു ശേഷമാകും വിക്രാന്തിൽ എയർക്രാഫ്റ്റുകൾ ഇറക്കിയുള്ള പരീക്ഷണങ്ങൾ പൂർത്തിയാക്കുക. ശേഷം നമ്മുടെ സമുദ്രാതിർത്തിയുടെ അജയ്യകാവൽക്കാരനായി വിക്രാന്ത് ഓളപ്പരപ്പിൽ നിതാന്ത ജാഗ്രതയിലുണ്ടാകും.
വിക്രാന്ത് ‘ഒന്ന്’
തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പലായി ഐഎൻഎസ് വിക്രാന്ത് കമ്മീഷനിംഗിന് ഒരുങ്ങുന്പോൾ, അതേ പേരിൽ യുദ്ധക്കപ്പൽ മുൻപുണ്ടായിരുന്നുവെന്നത് വിസ്മരിക്കരുത്. ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത്.
ഇന്ത്യ-പാക് യുദ്ധമുഖത്തുൾപ്പെടെ അഭിമാന പോരാളിയായിരുന്ന വിക്രാന്തിന്റെ പേരു തന്നെയാണ് പുതിയ തദ്ദേശീയ നിർമിത യുദ്ധക്കപ്പലിനും നൽകിയിട്ടുള്ളത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് റോയൽ നേവിയാണു വിക്രാന്തിന്റെ നിർമാണം തുടങ്ങിയത്. കപ്പലിന് ബ്രിട്ടീഷ് നേവി ആദ്യം നൽകിയ പേര് ഹെർക്കുലീസ് എന്നായിരുന്നു. നിർമാണം ഭാഗികമായി പൂർത്തിയായപ്പോൾ, 1957 ൽ ഹെർക്കുലീസിനെ ഇന്ത്യ വിലയ്ക്കു വാങ്ങി. 1961 ൽ നിർമാണം പൂർത്തിയാക്കി വിക്രാന്ത് എന്ന പേരിൽ നീറ്റിലിറക്കി.
1997 വരെ ഇന്ത്യയുടെ അഭിമാന പോരാളിയായിരുന്നു പ്രഥമ വിക്രാന്ത്. കാലപ്പഴക്കത്താൽ 1997ൽ വിക്രാന്ത് ഡീ കമ്മീഷൻ ചെയ്തു. 2012 വരെ സന്ദർശകർക്കു വിസ്മയം പകർന്നു മുംബൈയിലെ കപ്പൽ മ്യൂസിയത്തിൽ വിക്രാന്ത് ഉണ്ടായിരുന്നു. 2014 ൽ ഓണ്ലൈൻ ലേലത്തിലൂടെ സ്വകാര്യ കന്പനിക്കു കപ്പൽ വിറ്റു. 60 കോടിക്കു ഐബി കൊമേഴ്സ്യൽ കന്പിനിയാണ് വിക്രാന്ത് വാങ്ങിയത്.
ഇവർ കപ്പൽ പൊളിച്ചു സ്ക്രാപ്പിൽ വിറ്റഴിച്ചു. ഇരുനൂറിലധികം തൊഴിലാളികൾ എട്ടു മാസം കൊണ്ടാണു കപ്പൽ പൊളിച്ചത്. ഇതിനിടെ കപ്പലിനെ സ്ഥിരം മ്യസിയമാക്കി മാറ്റണമെന്ന പൊതുതാത്പര്യഹർജി സുപ്രീം കോടതിയിലെത്തിയെങ്കിലും പരിഗണിച്ചില്ല. ജയേമ സം യുധി സ്പൃധ: എന്നു തന്നെയായിരുന്നു പ്രഥമ വിക്രാന്തിന്റെ ആപ്തവാക്യം.
സിജോ പൈനാടത്ത്