ഗർഷോം പുരസ്കാരങ്ങൾ സമ്മാനിച്ചു
Saturday, December 2, 2017 4:01 PM IST
ദുബായ്: ഗർഷോം പുരസ്കാരങ്ങൾ സമ്മാനിച്ചു. ഡിസംബർ ഒന്നിന് അറ്റ്ലാന്‍റിസ് ദി പാമിൽ നടന്ന ചടങ്ങിൽ യുഎഇ ഫെഡറൽ നാഷണൽ കൗണ്‍സിൽ അംഗം ബ്രിഗേഡിയർ മുഹമ്മദ് അഹമദ് അൽ യംമാഹി, പോണ്ടിച്ചേരി നിയമസഭാ സ്പീക്കർ വി. വൈത്തിലിംഗം, കർണാടക പൊതുവിതരണ വകുപ്പ് മന്ത്രി യു.ടി. ഖാദർ എന്നിവർ ചേർന്നാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.

ഡോ. പി എ ഇബ്രാഹിം, അബ്ദുൽ മജീദ് (സൗദി അറേബ്യ), ജാനറ്റ് മാത്യൂസ് (സ്വിറ്റ്സർലൻഡ്), അനിൽകുമാർ വാസു (ദുബായ്), ടിനോ തോമസ് (ബംഗളൂരു), അനന്യ വിനയ് (അമേരിക്ക) പ്രമോദ് മംഗത്ത്, പ്രശാന്ത് മംഗത്ത് (അബുദാബി) എൻ.കെ. കുര്യൻ (കോട്ടയം) എന്നിവരാണ് പന്ത്രണ്ടാമത് ഗർഷോം പുരസ്കാരങ്ങൾ സ്വീകരിച്ചത്. 2017 ലെ മികച്ച പ്രവാസി മലയാളി സംഘടനയായ ജപ്പാനിലെ നിഹോൻകൈരളിക്കുവേണ്ടി സുരേഷ് ലാലും ബംഗളൂരൂവിലെ ഗാർഡൻ സിറ്റി യൂണിവേഴ്സിറ്റിക്കുവേണ്ടി ഡയറക്ടർ ക്രിസ്റ്റോ ജോസഫും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.


സ്വപ്രയത്നം കൊണ്ട് ജീവിതവിജയം നേടുകയും മറുനാട്ടിൽ മലയാളിയുടെ യെശസ് ഉയർത്തുകയും ചെയ്ത മലയാളികളെ ആദരിക്കുവാൻ ബംഗളൂരു ആസ്ഥാനമായ ഗർഷോം 2002 മുതലാണ് ഗർഷോം പുരസ്കാരങ്ങൾ ഏർപ്പെടുത്തിയത്.

തുംബൈ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ തുംബൈ മൊയ്തീൻ, ക്ലിഫ്ടണ്‍ ഇന്‍റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ്, കർണാടക മുൻ എംഎൽഎ ഐവാൻ നിഗളി, അവാർഡ് ജൂറി ചെയർമാൻ ജോസഫ് സ്കറിയ ജൂണിയർ (ഫിലിപ്പീൻസ്), ഗർഷോം മാനേജിംഗ് എഡിറ്റർ ജിൻസ് പോൾ, എക്സിക്യൂട്ടീവ് ഡയറക്ടർ ജൈജോ ജോസഫ് എന്നിവർ സംസാരിച്ചു. ലിജു മാത്യു, സനൽ പിള്ള, ഷിജു ഏബ്രഹാം എന്നിവരടങ്ങിയ സംഘാടക സമിതി അവാർഡുദാന ചടങ്ങുകൾക്ക് നേതൃത്വം നൽകി.