യുക്രെയ്ന്‍റെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തില്‍ എതിര്‍പ്പില്ല: പുടിന്‍
Saturday, June 18, 2022 9:39 PM IST
ജോസ് കുമ്പിളുവേലില്‍
ബ്രസല്‍സ്: യുക്രെയ്ന്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരുന്നതില്‍ എതിര്‍പ്പില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. യുക്രെയ്നിലെ സൈനിക നടപടി പൂര്‍ത്തിയായാല്‍ ഉടന്‍ എല്ലാ രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

യുക്രെയ്ന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം ലഭിക്കുന്നതോടെ യൂറോപ്പിന്‍റെ രാഷ്ട്രീയ ഭൂപടവും മാറ്റേണ്ടിവരും. യുക്രെയ്ന്‍ അധിനിവേശം കൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍ ലക്ഷ്യമിട്ടതിനു വിപരീതമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള യുക്രെയ്നിന്റെയും മോള്‍ഡോവയുടെയും ശ്രമത്തെ സ്വാഗതം ചെയ്യുന്നതായി യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വാന്‍ഡെര്‍ലെയ്നും പ്രഖ്യാപിച്ചു. യൂറോപ്യന്‍ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള യുക്രെയ്ന്‍ ജനതയുടെ താല്‍പര്യം മേഖലയെക്കുറിച്ചുള്ള വീക്ഷണം മാറ്റിക്കുറിക്കുന്നതാണെന്നും യുക്രെയ്ന്‍ പതാകയുടെ നിറത്തിലുള്ള ബ്ളെയ്സര്‍ ധരിച്ചെത്തിയ അവര്‍ പറഞ്ഞു.

കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യന്‍ സേന അതിര്‍ത്തിയിലെത്തിയതിന്റെ നാലാം ദിവസമാണ് യുക്രെയ്ന്‍ യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ അപേക്ഷ നല്‍കിയത്. മോള്‍ഡോവയും ജോര്‍ജിയയും തുടര്‍ന്ന് അപേക്ഷ നല്‍കി. യൂറോപ്യന്‍ യൂണിയനില്‍ ഇപ്പോള്‍ അംഗമായിട്ടുള്ള രാജ്യങ്ങളില്‍ ഏറ്റവും ദരിദ്രം ബള്‍ഗേറിയയാണ്. ഈ 3 രാജ്യങ്ങളില്‍ സ്ഥിതി അതിലും മോശമാണ്. അംഗത്വം ലഭിച്ചാല്‍ വിസ്തൃതിയില്‍ യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ രാജ്യമാകും യുക്രെയ്ന്‍. ജനസംഖ്യയില്‍ മൂന്നാമത്തേതും.