"ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറി'ൽ ഓഗസ്റ്റ് 11 ന് മാഞ്ചസ്റ്ററിൽ നിന്നുള്ള ആരൺ ജയൻ, അലൻ ജയൻ സഹോദരങ്ങൾ
Monday, August 10, 2020 7:22 PM IST
ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ടുള്ള ലൈവ് ടാലന്‍റ് ഷോ "ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതറി'ൽ ഓഗസ്റ്റ് 11ന് (ചൊവ്വ) എത്തുന്നത് മാഞ്ചസ്റ്ററിൽ നിന്നുള്ള ആരൺ ജയൻ, അലൻ ജയൻ സഹോദരങ്ങളാണ്.

ആഗസ്റ്റ് 11 ചൊവ്വ 5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) ആസ്വാദകർക്ക് മുന്നിലെത്തുന്നത്

സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന ആരൺ മാഞ്ചസ്റ്റർ ഭാരത് വിദ്യാ ഭവനിൽ നിന്നും വയലിനിൽ പരിശീലനം നേടുന്നു. മാഞ്ചസ്റ്റർ ട്രിനിറ്റി ചർച്ച് ഓഫ് ഇംഗ്ലണ്ട് ഹൈസ്കൂൾ ഇയർ 10 വിദ്യാർഥിയായ ഈ പതിനഞ്ചുകാരൻ സംഗീതത്തോടൊപ്പം ഡാൻസും ക്രിക്കറ്റും ബാഡ്മിന്‍റണും ഏറെ ഇഷ്ടപ്പെടുന്നു. യുക്മ നോർത്ത് വെസ്റ്റ് റീജൺ കലാമേളയിൽ ഡാൻസ് ഇനത്തിൽ വിജയിയായ ആരൺ, യുക്മ നാഷണൽ കലാമേളയിലും ഡാൻസിൽ സമ്മാനാർഹനായിട്ടുണ്ട്. സ്കൂൾ ക്രിക്കറ്റ് ടീമിലെ സജീവാംഗമായ ആരൺ പ്ളെയർ ഓഫ് ദ ഇയർ അവാർഡ് നേടിയാണ് തന്‍റെ മികവ് തെളിയിച്ചത്. റീജിയണൽ തല ക്രിക്കറ്റ്, ബാഡ്മിന്‍റൺ മത്സരങ്ങളിൽ വിജയികളായ സ്കൂൾ ടീമിലെ അംഗമാണ് ആരൺ. കലാ കായിക മേഖലകളിൽ വളരെ സജീവമായി പങ്കെടുക്കുന്നതോടൊപ്പം എയർ കേഡറ്റ്സ് ട്രെയിനിംഗിലും ആരൺ പങ്കെടുക്കുന്നുണ്ട്.

സംഗീത വഴികളിൽ ജ്യേഷ്ഠനോടൊപ്പം നടന്ന് തുടങ്ങിയ അലൻ, കീബോർഡിൽ തന്റെ മികവ് പ്രേക്ഷകർക്ക് മുന്നിൽ പ്രകടിപ്പിക്കാനെത്തുകയാണ്. മാഞ്ചസ്റ്റർ ഭാരത് വിദ്യാ ഭവനിൽ നിന്നും കീബോർഡിൽ പരിശീലനം നേടുന്ന ഈ പതിമൂന്നുകാരൻ ഡാൻസിലും ഏറെ തല്പരനാണ്. മാഞ്ചസ്റ്ററിലെ ട്രിനിറ്റി ചർച്ച് ഓഫ് ഇംഗ്ളണ്ട് ഹൈസ്കൂളിൽ ഇയർ 8 വിദ്യാർഥിയാണ് അലൻ. യുക്മ നോർത്ത് വെസ്റ്റ് റീജൺ കലാമേളയിൽ ഡാൻസിൽ വിജയിയായ അലൻ യുക്മ ദേശീയ കലാമേളയിലും സമ്മാനാർഹനായിട്ടുണ്ട്. സംഗീതം, നൃത്തം തുടങ്ങിയ കലാ ഇനങ്ങളിൽ പരിശീലനം തുടരുന്നതോടൊപ്പം എയർ കേഡറ്റ് ട്രെയിനിംഗിലും അലൻ സജീവമായി പങ്കെടുക്കുന്നുണ്ട്.

മാഞ്ചസ്റ്ററിൽ താമസിക്കുന്ന തട്ടാരുപറമ്പിൽ ജയൻ - നിഷ പുല്ലർകാട്ട് ദമ്പതികളുടെ മക്കളാണ് ആരണും അലനും. യുക്മ നോർത്ത് വെസ്റ്റ് റീജണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ മാഞ്ചസ്റ്റർ മലയാളി അസോസിയേഷനിലെ സജീവാംഗങ്ങളാണ് ഈ കുടുംബം.

ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ വൈകുന്നേരം അഞ്ചിന് (ഇന്ത്യൻ സമയം രാത്രി 9.30ന്) യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.

എട്ടു വയസു മുതൽ 21 വയസുവരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാർന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്നിന് സാങ്കേതിക സഹായങ്ങൾ നൽകുന്നത് യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും ജെ ജെ ഓഡിയോസിന്‍റെ ജോജോ തോമസും ചേർന്നാണ്.

യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി.എ. ജോസഫ് ദേശീയ കോഓർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.

വിവരങ്ങൾക്ക് : സി.എ ജോസഫ് 07846747602 , കുര്യൻ ജോർജ് 07877348602.

റിപ്പോർട്ട്: കുര്യൻ ജോർജ്