മെൽബണിൽ സെന്‍റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രലിന്‍റെ ശിലാസ്ഥാപനം നിർവഹിച്ചു
Saturday, July 11, 2020 5:41 PM IST
മെൽബണ്‍: സെന്‍റ് അൽഫോൻസ സീറോ മലബാർ കത്തീഡ്രൽ ദേവാലയത്തിന്‍റെ ശിലാസ്ഥാപനകർമ്മം മെൽബണ്‍ സെന്‍റ് തോമസ് സീറോ മലബാർ രൂപതാധ്യക്ഷൻ ബിഷപ് മാർ ബോസ്കോ പുത്തൂർ നിർവഹിച്ചു. മാർ തോമാശ്ലീഹായുടെ ദുക്റാന തിരുന്നാൾ ദിനമായ ജൂലൈ മൂന്നിനു നടന്ന ലളിതമായ ചടങ്ങിൽ, ഇടവകയിലെ കുടുംബങ്ങൾ പ്രാർഥനപൂർവം നല്കിയ ചെറിയ കല്ലുകളും മാർ ബോസ്കോ പുത്തൂർ വെഞ്ചിരിച്ച് അടിസ്ഥാനശിലയോടൊപ്പം നിക്ഷേപിച്ചു.

വികാരി ജനറാൾ മോണ്‍. ഫ്രാൻസീസ് കോലഞ്ചേരി, രൂപത ചാൻസിലറും കത്തീഡ്രൽ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കത്തീഡ്രൽ നിർമാണ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കൊപ്പം നിരവധി വൈദികരും ചടങ്ങിൽ പങ്കെടുത്തു. കത്തീഡ്രലിന്‍റെ ശിലാസ്ഥാപനത്തോടനുബന്ധിച്ചു തയാറാക്കിയ സുവനീറിന്‍റെ പ്രകാശനം വിക്ടോറിയൻ പാർലമെന്‍റ് എംപിയും ഗവണ്‍മെന്‍റ് വിപ്പുമായ ബ്രോണ്‍വിൻ ഹാഫ്പെന്നി എംപി നിർവഹിച്ചു. പ്രിന്‍റ് ചെയ്ത സുവനീറിന്‍റെ കോപ്പികൾ, ഇടവക ഭവനങ്ങളിൽ വിതരണത്തിനായി പാരീഷ് കൗണ്‍സിലേഴ്സിനു കൈമാറി. കത്തീഡ്രൽ ഇടവക വെബ്സൈറ്റിൽ സുവനീറിന്‍റെ സോഫ്റ്റ് കോപ്പി ലഭ്യമാണ്.

കത്തീഡ്രലിന്‍റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കുവാൻ ഇടവകസമൂഹത്തിന്‍റെ പ്രാർഥനയും സാന്പത്തിക സഹായകവും വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ആന്‍റോ തോമസ്, ക്ലീറ്റസ് ചാക്കോ എന്നിവർ അഭ്യർഥിച്ചു.

റിപ്പോർട്ട് : പോൾ സെബാസ്റ്റ്യൻ