ട്രാന്‍സ് അറ്റ്ലാന്‍റിക് സൗഹൃദത്തിന് ഉലച്ചില്‍
Friday, July 10, 2020 9:03 PM IST
ബ്രസല്‍സ്: ചരിത്രപരമായ സൗഹൃദമാണ് അറ്റ്ലാന്‍റിക് മഹാസമുദ്രത്തിന്‍റെ ഇരുകരകളിലുമായുള്ള യൂറോപ്പും അമേരിക്കയും തമ്മിലുള്ളത്. എഴുനൂറു വര്‍ഷത്തിലധികം പാരമ്പര്യമുള്ള ബന്ധം. എന്നാല്‍, ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തതു മുതല്‍ ഈ ബന്ധത്തിന് ഇടിവു തട്ടിത്തുടങ്ങി. ഇപ്പോഴിതാ ഉലച്ചില്‍ പാരമ്യത്തിലേക്കെത്തുന്നതിന്‍റെ സൂചനകളാണ് ലഭ്യമായി വരുന്നത്. അതിനു കാരണം കൊറോണവൈറസും!

ട്രംപ് അധികാരത്തിലേറിയതു മുതല്‍ നാറ്റോയുമായി ബന്ധപ്പെട്ടും പിന്നീട് കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നടപടികളുടെ കാര്യത്തിലും വ്യാപാര വിഷയങ്ങളിലുമെല്ലാം ശക്തമായ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തിരുന്നു. ഇപ്പോള്‍ യൂറോപ്പിലേക്ക് യാത്ര അനുവദിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് അമേരിക്കയെ ഒഴിവാക്കിയതിനൊപ്പം കോവിഡ് ആദ്യമായി കണ്ടെത്തിയ ചൈനയെ "സുരക്ഷിത രാജ്യ' പട്ടികയില്‍ ഉള്‍ക്കൊള്ളിച്ച് യാത്ര അനുവദിക്കുക കൂടി ചെയ്തതോടെ ട്രംപ് ഉള്‍പ്പെടെയുള്ളവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടി.

പുതിയ ലോകക്രമത്തില്‍ എല്ലാവരോടും തുറന്ന നിലപാട് സ്വീകരിക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍റെ ലക്ഷ്യം. അമേരിക്കന്‍ നിയന്ത്രണത്തില്‍നിന്ന് മാറി സ്വതന്ത്രമായി നില്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് യൂറോപ്യന്‍ യൂണയന്‍ തീരുമാനം കൈക്കൊണ്ടതെന്ന് പേര് വെളിപ്പെടുത്താതെ നയതന്ത്ര ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയെ സന്തോഷിപ്പിക്കാന്‍ ചൈനയെ സുരക്ഷിത രാജ്യ പട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ട ആവശ്യമില്ലെന്ന് യൂറോപ്യന്‍ യൂനിയന്‍ നയതന്ത്ര പ്രതിനിധികളില്‍ ഒരാള്‍ പറഞ്ഞു.

അതേസമയം, അമേരിക്കയെ ഒഴിവാക്കിയതും ചൈനയെ ഉള്‍പ്പെടുത്തിയതും പൂര്‍ണമായും ആരോഗ്യസുരക്ഷ നടപടിയുടെ ഭാഗം മാത്രമാണെന്നും രാഷ്ട്രീയം ഘടകമായിട്ടില്ലെന്നുമാണ് യൂറോപ്യന്‍ യൂണിയന്‍റെ ഔദ്യോഗിക നിലപാട്. പ്രസിഡന്‍റ് സ്ഥാനമേറ്റ ശേഷം നിരവധി തവണ ട്രംപ്, യൂറോപ്യന്‍ യൂനിയനെതിരെ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. ഒടുവിലായി ജര്‍മനിയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിച്ചു. പാരീസ് പരിസ്ഥിതി ഉടമ്പടി, ഇറാന്‍ ആണവ കരാര്‍, 5 ജി തുടങ്ങിയ വിഷയങ്ങളിലെല്ലാം രണ്ടു വിഭാഗവും വ്യത്യസ്ത നിലപാടാണ് എടുത്തത്.

യൂറോപ്പില്‍ കോവിഡ് ദുരിതം വിതച്ചപ്പോള്‍ അമേരിക്കയിലേക്ക് യൂറോപ്യന്‍ പാസ്പോര്‍ട്ടുള്ളവര്‍ക്ക് പ്രവേശനം വിലക്കിയതിനുള്ള തിരിച്ചടിയാണ് യൂറോപ്യന്‍ യൂണിയന്‍റെ തീരുമാനമെന്നും വിലയിരുത്തുന്നവരുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ