ബ്രിട്ടനിൽ ഷോപ്പിംഗ്‌ വൗച്ചറുകൾ നൽകാനുള്ള സ്കീം പരിഗണനയിൽ
Monday, July 6, 2020 7:51 PM IST
ലണ്ടൻ: രാജ്യത്ത് മുതിർന്നവർക്ക് 500 പൗണ്ടിന്‍റേയും കുട്ടികൾക്ക് 250 പൗണ്ടിന്‍റേയും ഷോപ്പിംഗ് വൗച്ചറുകൾ നല്കാനുള്ള സ്കീം ദി റെസല്യൂഷൻ ഫൗണ്ടേഷൻ മുന്നോട്ട് വച്ചു. കൊറോണ മൂലം പ്രതിസന്ധിയിൽ അകപ്പെട്ട ഹൈ സ്ട്രീറ്റ് ബിസിനസുകളെ സഹായിക്കുന്നതിനാണ് നടപടി.

വൗച്ചറുകൾക്ക് ഒരു വർഷത്തെ കാലാവധിയുണ്ടാവും. റീട്ടെയിൽ, ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ നേരിട്ട് ചെലവഴിക്കാവുന്ന രീതിയിലാണ് സ്കീം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. 30 ബില്യൺ പൗണ്ടാണ് ഇതിന് ആവശ്യമായി വരും. ദി റെസല്യൂഷൻ ഫൗണ്ടേഷന്‍റെ നിർദ്ദേശം നടപ്പാക്കുന്ന കാര്യം ചാൻസലർ റിഷി സുനാക്കിന്‍റെ പരിഗണനയിലാണ്.

ബുധനാഴ്ച പാർലമെന്‍റിൽ ചാൻസലർ ഫിനാൻഷ്യൽ സ്റ്റേറ്റ്മെൻറ് അവതരിപ്പിക്കും. ബ്രിട്ടന്‍റെ പോസ്റ്റ് കോവിഡ് ഇക്കണോമിക് റിക്കവറി പ്ളാൻ ഇതിൽ പ്രഖ്യാപിക്കും. ലോക്ക് ഡൗണും സോഷ്യൽ ഡിസ്റ്റൻസിംഗും മൂലം നിരവധി ബിസിനസുകൾ തകർച്ചയെ നേരിടുകയും വർക്കേഴ്സിന് ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയിൽ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്കാൻ ഷോപ്പിംഗ് വൗച്ചർ സ്കീം പ്രയോജനപ്പെടുമെന്ന് തിങ്ക് ടാങ്ക് കരുതുന്നു.

ചൈന, തയ് വാൻ, മാൾട്ടാ എന്നീ രാജ്യങ്ങളിൽ ഇത് വിജയകരമായി പരീക്ഷിച്ചിരുന്നു.

റിപ്പോർട്ട്: ബിനോയ് ജോസഫ്