ബ്ളാക്ക് ആൻഡ് ഏഷ്യൻ മൈനോറിറ്റി എത്നിക് സ്റ്റാഫിനു റിസ്ക് അസസ്മെന്‍റ് നിർദ്ദേശം നടപ്പാക്കിയത് 23 ശതമാനം ട്രസ്റ്റുകൾ മാത്രമെന്ന്
Saturday, June 27, 2020 9:26 PM IST
ലണ്ടൻ: നാഷണൽ ഹെൽത്ത് സർവീസിലുള്ള ബ്ളാക്ക് ആൻഡ് ഏഷ്യൻ മൈനോറിറ്റി എത്നിക് സ്റ്റാഫിനു മുഴുവൻ റിസ്ക് അസസ്മെന്‍റ് നടത്തണമെന്ന നിർദ്ദേശം നടപ്പാക്കിയത് 23 ശതമാനം ട്രസ്റ്റുകൾ മാത്രമാണെന്ന് വെളിപ്പെടുത്തൽ.

കൊറോണ ഇൻഫക്ഷൻ കൂടുതലായും ഈ വിഭാഗത്തിലുള്ളവരെ ബാധിക്കുന്നതായി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ രണ്ടു മാസം മുൻപാണ് എൻഎച്ച്എസിന്‍റെ ചീഫ് എക്സിക്യൂട്ടീവ് സൈമൺ സ്റ്റീവൻസ് ഇതിനുള്ള നിർദ്ദേശം നല്കിയത്.

ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് അനുസരിച്ച് ലഭിച്ച വിവരങ്ങൾ പ്രകാരം ഇംഗ്ലണ്ടിലെ 221 ഹോസ്പിറ്റൽ ട്രസ്റ്റുകളിൽ 34 ട്രസ്റ്റുകൾ മാത്രമാണ് റിസ്ക് അസസ്മെന്‍റ് ഇതുവരെ നടത്തിയിട്ടുള്ളത്. 149 ട്രസ്റ്റുകൾ റിസ്ക് അസസ്മെന്‍റ് സംബന്ധമായി പ്രതികരിച്ചിട്ടുണ്ട്. ഇവയിൽ 91 ട്രസ്റ്റുകളിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുരോഗമിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്.

എൻഎച്ച്എസ് ഫ്രണ്ട് ലൈനിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ 75 ശതമാനവും ബ്ലാക്ക് ആൻഡ് ഏഷ്യൻ മൈനോറിറ്റി എത്നിക് സ്റ്റാഫുകളായിരുന്നു. ഇതേത്തുടർന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിലെ കണ്ടെത്തലുകൾ നിരാശാജനകമായിരുന്നെന്ന് ചീഫ് പീപ്പിൾ ഓഫീസർ ഫോർ എൻഎച്ച്എസ് ഇംഗ്ലണ്ട് പ്രേരണ ഇസാർ പറഞ്ഞു.

എന്നാൽ ബ്ലാക്ക് ആൻഡ് ഏഷ്യൻ മൈനോറിറ്റി എത്നിക് സ്റ്റാഫിന്‍റെ റിസ്ക് അസസ്മെന്‍റുകൾ നാലാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് എല്ലാ ട്രസ്റ്റുകൾക്കും വ്യാഴാഴ്ച വീണ്ടും നിർദ്ദേശം നൽകിയിട്ടുണ്ട്. സ്റ്റാഫിന്‍റെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ട്രസ്റ്റുകളുടെ നിയമപരമായ ഉത്തരവാദിത്വമാണെന്ന് സർക്കുലറിൽ പറയുന്നു.

റിപ്പോർട്ട്: ബിനോയ് ജോസഫ്