സോഷ്യൽ ഡിസ്റ്റൻസിംഗ് അവഗണിച്ചാൽ കൊറോണ ഇൻഫക്ഷൻ നിരക്ക് ഉയരുമെന്ന് മുന്നറിയിപ്പ്
Friday, June 26, 2020 6:36 PM IST
ലണ്ടൻ: സോഷ്യൽ ഡിസ്റ്റൻസിംഗ് നിയമങ്ങൾ അവഗണിച്ചാൽ രാജ്യത്ത് കൊറോണ ഇൻഫക്ഷൻ നിരക്ക് ഉയരുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ പ്രഫ. ക്രിസ് വിറ്റി മുന്നറിയിപ്പ് നല്കി. ബോൺമൗത്തിൽ ഇന്നലെ ആയിരങ്ങൾ ബീച്ചിൽ സമയം ചെലവഴിക്കാൻ എത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് ക്രിസ് വിറ്റി ഗൗരവകരമായ ഇടപെടൽ നടത്തിയത്.

കൊറോണ ഇൻഫക്ഷൻ നിരക്കിൽ കാര്യമായ കുറവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അലർട്ട് ലെവൽ ബ്രിട്ടനിൽ നാലിൽ നിന്ന് മൂന്നിലേയ്ക്ക് താഴ്ത്തിയിരുന്നു. ബോൺമൗത്ത് - ഡോർസെറ്റ് ബീച്ചിൽ ഇതേത്തുടർന്ന് പോലീസ് മേജർ ഇൻസിഡൻറ് പ്രഖ്യാപിച്ചിരുന്നു. ബീച്ചിലുള്ളവരോട് വീടുകളിലേയ്ക്ക് മടങ്ങാൻ പോലീസ് നിർദ്ദേശിച്ചു. ജനബാഹുല്യം നിമിത്തം സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാൻ എമർജൻസി വിഭാഗങ്ങൾക്ക് സാധിക്കാതെ വന്നതിനേത്തുടർന്നാണ് പോലീസ് നടപടി.

കോവിഡ് കേസുകളുടെ എണ്ണം രാജ്യത്ത് നിയന്ത്രണ വിധേയമാണെങ്കിലും ഇതുമൂലമുള്ള റിസ്ക് ഇപ്പോഴും നിലവിലുണ്ടെന്ന് ട്വിറ്ററിലെ പോസ്റ്റിൽ പ്രഫ. ക്രിസ് വിറ്റി അഭിപ്രായപ്പെട്ടു. യുകെയിൽ അന്തരീക്ഷ താപനില 32 ഡിഗ്രിയിലേയ്ക്ക് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഉയർന്നതിനാൽ ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.

ബ്രിട്ടനിൽ ഇതുവരെ 43,230 പേർ കൊറോണ മൂലം മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. വ്യാഴാഴ്ച 149 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സോഷ്യൽ ഡിസ്റ്റൻസിംഗ് റൂളുകൾ പാലിച്ചില്ലെങ്കിൽ ബീച്ചുകൾ അടച്ചുപൂട്ടാൻ ഗവൺമെന്‍റിന് അധികാരമുണ്ടെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് വ്യക്തമാക്കിയിട്ടുണ്ട്.

റിപ്പോർട്ട്:ബിനോയ് ജോസഫ്