മാക്രോണിന്‍റെ പാർട്ടിക്ക് ഫ്രഞ്ച് പാർലമെന്‍റിൽ ഭൂരിപക്ഷം നഷ്ടമായി
Wednesday, May 20, 2020 9:26 PM IST
പാരീസ്: പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ ലാ റിപ്പബ്ലിക് എൻ മാർച്ചെയ്ക്ക് ഫ്രഞ്ച് പാർലമെന്‍റിൽ കേവല ഭൂരിപക്ഷം നഷ്ടമായി. ഇടതുപക്ഷ ചായ് വുള്ള 17 എംപിമാർ ചേർന്ന് പുതിയ രാഷ്ട്രീയ സംഘടന രൂപീകരിച്ചതോടെയാണിത്.

ഇക്കോളജി, ഡെമോക്രസി, സോളിഡാരിറ്റി (ഇഡിഎസ്) എന്ന പേരിൽ ഹരിത നയങ്ങൾക്കായാണ് തങ്ങൾ പ്രവർത്തിക്കുക എന്ന് വിമത എംപിമാർ വ്യക്തമാക്കി.

എന്നാൽ, തത്കാലം പ്രതീകാത്മകം മാത്രമായ ഇവരുടെ നീക്കം സർക്കാരിന്‍റെ നിലനിൽപ്പിന് പ്രത്യക്ഷത്തിൽ ഭീഷണിയല്ല. രാഷ്ട്രീയ സംവിധാനത്തെ ആധുനികീകരിക്കുകയും സാമൂഹിക അസമത്വം കുറയ്ക്കുകയും തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്നും ഇവർ വ്യക്തമാക്കുന്നു.

577 അംഗ പാർലമെന്‍റിൽ മാക്രോണിന്‍റെ എൽആർഇഎമ്മിന് 308 സീറ്റാണ് ഉണ്ടായിരുന്നത്. പലപ്പോഴായുള്ള കൊഴിഞ്ഞു പോക്കുകളെ തുടർന്ന് ഇപ്പോഴത്തെ അംഗസംഖ്യ 289 ആണ്. കേവല ഭൂരിപക്ഷത്തിന് 289 സീറ്റാണ് ആവശ്യം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ