ബ്രിട്ടനിൽ കൊറോണ ബാധിതരായ മലയാളികളുടെ എണ്ണം മൂന്നായി
Monday, March 23, 2020 7:03 PM IST
ലണ്ടൻ: രോഗബാധിതരുടെ എണ്ണവും മരണ നിരക്കും അനുനിമിഷം വർധിച്ചു വരുന്നതിനിടയിൽ ബ്രിട്ടനിൽ കൊറോണ ബാധിതരായ മലയാളികളുടെ എണ്ണം മൂന്നായി. ലണ്ടനു സമീപമുള്ള ഒരാശുപത്രിയിൽ രോഗിയെ പരിചരിച്ച മലയാളി നഴ്സ് ആണ് രോഗബാധിതയായി ഇപ്പോൾ വെന്‍റിലേറ്ററിൽ കഴിയുന്നത്. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങൾ നിലനിൽക്കുന്ന ബ്രിട്ടനിൽ കൊറോണ ഭീഷണി ഒരിക്കലും ബാധിക്കില്ല എന്നായിരുന്നു ഇതുവരെ എല്ലാവരും കരുതിയിരുന്നത്. എന്നാൽ അനുദിനമെന്നോണം ആശുപത്രിയിയിലേക്കെത്തുന്ന രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ് അക്ഷരാർഥത്തിൽ ആശുപത്രികളുടെ പ്രവർത്തനങ്ങളെ തന്നെ താളം തെറ്റിക്കുന്നു എന്നു വേണം പറയുവാൻ. പരിധിയില്ലാത്ത രീതിയിൽ വരും ദിവസങ്ങളിൽ രോഗികൾ എത്തിയാൽ പ്രതിരോധിക്കുവാൻ ഉള്ള മുന്നൊരുക്കങ്ങളിൽ ആണ് ഇവിടുത്തെ നാഷണൽ ഹെൽത്ത് സർവീസ് . പ്രൈവറ്റ് ആശുപത്രികൾ പൂർണമായും നഴ്സിംഗ് ഹോമുകളിലെ കാലിയായ ബെഡുകൾ ഒക്കെ ആശുപത്രി സംവിധാനത്തിലേക്ക് മാറ്റിയും പ്രതിസന്ധി മറികടക്കുവാനാകും എന്ന പ്രതീക്ഷയിലാണ് സർക്കാർ.

നിലവിൽ കൊറോണ ബാധിതരെക്കൊണ്ട് നിറഞ്ഞ ബ്രിട്ടനിലെ പല ആശുപത്രികളിലും ആവശ്യത്തിനുള്ള മാസ്ക് , ഏപ്രൺ മറ്റു പേഴ്സണൽ പ്രൊട്ടക്ടീവ് ഉപകരണങ്ങൾ എന്നിവയുടെ ദൗർലഭ്യം മലയാളികൾ ഉൾപ്പെടുന്ന ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന ജീവനക്കാരെ കൂടുതൽ ഭയചകിതർ ആക്കുന്നുണ്ട് . വീട്ടിൽ സെൽഫ് ഐസൊലേഷനിൽ കഴിയുന്നവർക്കും ആളുകൾക്ക് വീടിനു പുറത്തിറങ്ങാൻ കഴിയാത്ത രീതിയിലേക്ക് കാര്യങ്ങൾ പുരോഗമിക്കുകയും ചെയ്‌താൽ സൈന്യത്തെ ഉപയോഗിച്ച് ഭക്ഷണ സാധനകളും മരുന്നുകളും ഉൾപ്പടെ വിതരണം ചെയ്യുവാനുള്ള ക്രമീകരണങ്ങളും നടക്കുന്നുണ്ട് .

അതേസമയം ഇറ്റലിക്ക് സമാനമായ അവസ്ഥയിലേക്ക് ബ്രിട്ടനും നീങ്ങുമോ എന്ന ആശങ്കയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കർശനമാക്കാനും സാമൂഹിക അകലം പാലിക്കാനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസഠൺ രാജ്യത്തോട് ആവശ്യപ്പെട്ടു .

മദേഴ്‌സ് ഡേ ആയിരുന്ന ഇന്നലെ പ്രിയപ്പെട്ടവരെ സന്ദർശിക്കുവാൻ ആരും ശ്രമിക്കരുതെന്നും ഇത്തവണ അവർക്കു നൽകാവുന്ന ഏറ്റവും വലിയ സമ്മാനം അവരെ രോഗബാധിതരാവാൻ ശ്രമിക്കാതിരിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ