ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ഒഇസിഡി മുന്നറിയിപ്പ്
Friday, November 22, 2019 10:01 PM IST
ബ്രസല്‍സ്: ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് പുതിയ മുന്നറിയിപ്പുമായി പ്രമുഖ അന്താരാഷ്ട്ര സാമ്പത്തിക സംഘടനയായ ഒഇസിഡി. മാന്ദ്യം ഒഴിവാകാനുള്ള സാധ്യതകള്‍ വലിയ തോതില്‍ ഇല്ലാതായിരിക്കുകയാണെന്ന് ഒഇസിഡി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മൂന്നു ശതമാനം വളര്‍ച്ച പ്രതീക്ഷിക്കാമെങ്കിലും ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന ഭീഷണികള്‍ വര്‍ധിച്ചിരിക്കുകയാണ്. കാലാവസ്ഥാ നയം സംബന്ധിച്ച വ്യക്തതകുറവ് വ്യവസായ നിക്ഷേപങ്ങള്‍ക്കു തടസമാകുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാന്ദ്യം സംഭവിക്കുമെന്ന് റിപ്പോര്‍ട്ട് ഉറപ്പിച്ചു പറയുന്നില്ലെങ്കിലും സ്ഥിതിഗതികള്‍ ആശങ്കാജനകം തന്നെ എന്നാണ് വ്യക്തമാക്കുന്നത്.

മുന്നറിയിപ്പുമായി ബുണ്ടസ് ബാങ്കും

ഒഇസിഡിക്കു പിന്നാലെ സാമ്പത്തിക മാന്ദ്യം സംബന്ധിച്ച മുന്നറിയിപ്പുകളുമായി ജര്‍മന്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ റിപ്പോര്‍ട്ടും പുറത്തുവന്നു. സാമ്പത്തിക സുസ്ഥിരതാ റിപ്പോര്‍ട്ടിലാണ് ബുണ്ടസ് ബാങ്ക് ഗുരുതരമായ ഭീഷണികള്‍ ചൂണ്ടിക്കാട്ടുന്നത്.

കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള ഘടകങ്ങള്‍ റിപ്പോര്‍ട്ടില്‍ പരിഗണിച്ചിട്ടുണ്ട്. ജര്‍മന്‍ സമ്പദ് വ്യവസ്ഥ സമീപ ഭാവിയില്‍ ഗുരുതരമായ പ്രതിസന്ധി നേരിടുമെന്നാണ് റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്.

മുന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ സാമ്പത്തിക നില ഏറെ പരിതാപകരമായിട്ടുണ്ട്. വായ്പാ തിരിച്ചടവുകള്‍ ക്രമാതീതമായി മുടങ്ങുന്നത് ബാങ്കുകളെയും പ്രതിസന്ധിയിലാക്കുന്നു.

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് തുടരുന്ന കുറഞ്ഞ പലിശയുടെയും നെഗറ്റീവ് പലിശയുടെയും രീതികള്‍ ഭാവിയില്‍ തിരിച്ചടിയാകുമെന്നും മുന്നറിയിപ്പ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ