ലോകത്ത് കാലാവസ്ഥാ അടിയന്തരാവസ്ഥ
Friday, November 8, 2019 9:58 PM IST
ബര്‍ലിന്‍: ലോകം ഇന്നു കാലാവസ്ഥാ അടിയന്തരാവസ്ഥയിലാണെന്ന് ബയോസയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ വിശേഷണം.

കാലാവസ്ഥാവ്യതിയാനം ലോകത്തിനുണ്ടാക്കുക ഇതുവരെ കാണാത്ത തരത്തിലുള്ള പ്രത്യാഘാതങ്ങളായിരിക്കുമെന്നും ശാസ്ത്രലോകം മുന്നറിയിപ്പുനല്‍കുന്നു. 153 രാജ്യങ്ങളില്‍നിന്നുള്ള 11,000 ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് പ്രബന്ധം തയാറാക്കിയിരിക്കുന്നത്.

""ലോകം ഇന്ന് കാലാവസ്ഥാ അടിയന്തരാവസ്ഥയിലാണ്. കാലാവസ്ഥാപ്രതിസന്ധി എത്തിക്കഴിഞ്ഞു. ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ അത് വഷളാകുകയാണ്. വിചാരിച്ചതിലും ഗുരുതരമാണ് കാര്യങ്ങള്‍. സ്വാഭാവിക ആവാസവ്യവസ്ഥയും മനുഷ്യകുലവും വലിയ ഭീഷണിയാണ് നേരിടുന്നത്. സുസ്ഥിരഭാവി ഉറപ്പുവരുത്താന്‍ ജീവിതശൈലി മാറ്റിയേ മതിയാവൂ. ആഗോളസമൂഹം പ്രവര്‍ത്തിക്കുന്നതിലും അത് സ്വാഭാവിക ആവാസവ്യവസ്ഥയുമായി ഇടപെടുന്ന രീതിയിലും വലിയ മാറ്റമുണ്ടാവണം'' - റിപ്പോര്‍ട്ട് പറയുന്നു.

കൂടുതല്‍ കാര്യക്ഷമമായ ഊര്‍ജ ഉപഭോഗവും ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം കുറയ്ക്കാന്‍ കാര്‍ബണ്‍ നികുതി ചുമത്തുന്നതും അടക്കമുള്ള പരിഹാരം നിര്‍ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടു വയ്ക്കുന്നു.

ജനസംഖ്യ കുറയ്ക്കണമെന്നും പ്രകൃതിയെ നശിപ്പിക്കുന്നത് തടയണമെന്നും സ്വാഭാവികവനം വെച്ചുപിടിപ്പിക്കണമെന്നുമുള്ള ശിപാര്‍ശകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാംസഉപഭോഗം കുറച്ച് സസ്യാഹാരികളാകാനും ഭക്ഷ്യമാലിന്യം കുറയ്ക്കാനും റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ