ആർഎംഐടി യൂണിയൻ തെരഞ്ഞെടുപ്പിൽ മലയാളി വിദ്യാർഥിക്ക് വിജയം
Wednesday, October 9, 2019 10:31 PM IST
മെൽബൺ: മെൽബണിലെ പ്രശസ്തമായ ആർഎംഐടി യൂണിവേഴ്സിറ്റിയിൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ മലയാളി വിദ്യാർഥിക്ക് വൻ വിജയം. വിവിധ യൂണിയൻ ഭാരവാഹിത്വത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എഡ്യൂക്കേഷൻ ഓഫീസറായാണ് മലയാളിയായ അക്ഷയ് ജോസ് തെരഞ്ഞെടുക്കപ്പെട്ടത്.

1023 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് അക്ഷയ് തെരഞ്ഞെടുക്കപ്പെട്ടത്. അക്ഷയ് ജോസിന് 2450 വോട്ടും എതിർ സ്ഥാനാർഥിക്ക് 1427 വോട്ടുമാണ് ലഭിച്ചത്.

ആർഎംഐടി യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് യൂണിയൻ ഭാരവാഹി ആയാണ് അക്ഷയ് ജോസ് മൽസരിച്ചത് . യൂണിയനിൽ ജനറൽ സെക്രട്ടറി, എഡ്യൂക്കേഷൻ ഓഫീസർ, വെൽഫയർ ഓഫീസർ, അസിസ്റ്റന്‍റ് ഓഫീസർ, സസ് റ്റെയിനബിൾ ഓഫീസർ , ക്ലബ് ഓഫീസർ തുടങ്ങി വിവിധ വകുപ്പുകളിലാണ് മൽസരം നടന്നത്.

അക്ഷയ് ബാച്ചിലർ ഓഫ് സോഷ്യൽ വർക്കിന്‍റെ ഹോണേർസ് ചെയ്യുന്നു. മലയാളികൾ അടക്കം ഇന്ത്യക്കാരുടെ പൂർണ പിന്തുണ തനിക്ക് ലഭിച്ചിരുന്നതായി അക്ഷയ് ജോസ് പറഞ്ഞു. കേസി മലയാളി യൂത്ത് വിംഗ് ഭാരവാഹി കൂടിയായ അക്ഷയ് ഒരു മികച്ച സംഘാടകൻ കൂടിയാണ്.

കോട്ടയം മാന്നാർ പൂഴിക്കൽ പടിഞാറേമൂർക്കോട്ടിൽ ജോസ് ജോസഫ് രൻജി ജോസ് ദമ്പതികളുടെ മകനാണ് അക്ഷയ്.

റിപ്പോർട്ട് : ജോസ് എം. ജോർജ്