കുടിയേറി താമസിക്കാൻ ദുഷ്കരമായ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇറ്റലിയും
Wednesday, September 18, 2019 10:58 PM IST
റോം: കുടിയേറി ജോലി ചെയ്യാനും ജീവിക്കാനും ഏറ്റവും ദുഷ്കരമായ രാജ്യങ്ങളിലൊന്നായി ഇറ്റലിയെയും ഉൾപ്പെടുത്തി സർവേ റിപ്പോർട്ട്. ജീവിത നിലവാരം, ജീവിതച്ചെലവ്, തൊഴിലവസരങ്ങൾ, കുടുംബ ജീവിതം, വാസമുറപ്പിക്കാനുള്ള സൗകര്യങ്ങൾ എന്നീ ഘടകങ്ങൾ കണക്കിലെടുത്ത് തയാറാക്കിയ 64 രാജ്യങ്ങളുടെ പട്ടികയിൽ ഇറ്റലിക്കു കിട്ടിയിരിക്കുന്ന റാങ്ക് 63 ആണ്. കഴിഞ്ഞ വർഷം ഇത് 61 ആയിരുന്നു.

ജോലിയുടെ കാര്യത്തിലാണ് രാജ്യം ഏറ്റവുമധികം പിന്നിലേക്കു പോയിരിക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 58 ശതമാനം പേരും ഇറ്റാലിയൻ സന്പദ് വ്യവസ്ഥയെക്കുറിച്ച് മോശം അഭിപ്രായമാണ് പ്രകടിപ്പിച്ചത്. തൊഴിൽ സുരക്ഷയുടെയും തൊഴിൽ സമയത്തിന്‍റെയും കാര്യത്തിൽ സന്തുഷ്ടി പ്രകടിപ്പിച്ചത് അന്പതു ശതമാനത്തിൽ താഴെ ആളുകൾ.

മറ്റേതു രാജ്യത്തെക്കാളും കുറവാണ് വിദേശികൾക്ക് ഇറ്റലിയിൽ ലഭിക്കുന്ന വരുമാനമെന്നും സർവേയിൽ വ്യക്തമാകുന്നു. ഇതിൽ 31 ശതമാനം പേർക്കും മാസ വരുമാനം ചെലവുകൾ നേരിടാൻ പോലും തികയുന്നില്ല. സ്വന്തം രാജ്യത്ത് ഇതേ ജോലിക്കു ലഭിക്കാവുന്നതിലും കുറവാണ് ഇവിടെ കിട്ടുന്ന വരുമാനമെന്ന് 46 ശതമാനം പേർ പറയുന്നു.

ജീവിത നിലവാരത്തിന്‍റെ കാര്യത്തിൽ മാത്രമാണ് രാജ്യം അൽപ്പം മുന്നിൽ നിൽക്കുന്നത്, റാങ്ക് 49. എന്നാൽ, ഇതും കഴിഞ്ഞ വർഷത്തെ 43ൽ നിന്നു താഴേക്കു പോയിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ