മെൽബണിൽ എന്‍റെ കേരളം ഓണാഘോഷം 14 ന്
Tuesday, September 10, 2019 6:53 PM IST
മെൽബൺ: എന്‍റെ കേരളം ഓസ്ട്രേലിയയുടെ ഈ വർഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സെപ്റ്റംബർ 14 ന് (ശനി) ആഘോഷിക്കുന്നു. ഗ്രീൻവൈയിൽ കോൽബി കാത്തോലിക് കോളജ് സ്റ്റേഡിയത്തിൽ രാവിലെ 10 മുതലാണ് പരിപാടി. വിറ്റ്‌ലെസീ ഡെപ്യൂട്ടി മേയർ ടോം ജോസഫ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും.

ചെണ്ടമേളം , തിരുവാതിര, കളരിപ്പയറ്റ് തുടങ്ങിയ പരമ്പരാഗത ശൈലിയിൽ ഉള്ള കലാ കായിക പരിപാടികൾ ഉൾപ്പെടുത്തി വിപുലമായ കലാവിരുന്ന് ഒരുക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. മാവേലി മന്നനെ ആനയിച്ചു തിരുവാതിര തീയേറ്റേഴ്സ് ഒരുക്കുന്ന പ്രത്യേക പരിപാടി പിന്നണിയിൽ ഒരുങ്ങുന്നു. രാവിലെ 9 ന് പ്രഭാത ഭക്ഷണത്തോടെ തുടങ്ങുന്ന ഓണാഘോഷ പരിപാടികൾ ഓണസദ്യയോടെ സമാപിക്കും .

മികച്ച മലയാളി സംഘടനക്കുള്ള ഈ വർഷത്തെ ഗർഷോം അവാർഡ് നേടിയ "എന്‍റെ കേരള'ത്തിന്‍റെ പുരസ്‌കാര നേട്ടത്തനോടനുബന്ധിച്ചുള്ള പരിപാടിയും ഓണത്തിന്‍റെ ഭാഗമായി നടത്തിയ ഫുട്ബോൾ ടൂർണമെന്‍റിലെ വിജയികൾക്കുള്ള സമ്മാനദാനവും ആഘോഷത്തിന്‍റെ ഭാഗമായിരിക്കുമെന്ന് സംഘടകർ അറിയിച്ചു.