സെഡ്രിക് മോറിസിന് ജീവകാരുണ്യ അവാർഡ്
Friday, August 16, 2019 11:08 PM IST
ബംഗളൂരു; ബാംഗളൂർ ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം വർഷംതോറും നല്കിവരുന്ന എ.പി. കുഞ്ഞുകുഞ്ഞ് ആറാട്ടുകുളം ജീവകാരുണ്യ അവാർഡിന് സെഡ്രിക് മോറിസ് അർഹനായി. ബംഗളൂരു നഗരത്തിലെ നിരാലംബരായ കാൻസർ രോഗികൾക്കിടയിൽ നടത്തിവരുന്ന ജീവകാരുണ്യപ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്.

കാൻസർ രോഗത്തിന്‍റെ പിടിയിൽ നിന്ന് മുക്തനായ ശേഷം തന്‍റെ സ്വന്തം ഫാക്ടറിയിലെ വരുമാനത്തിന്‍റെ സിംഹഭാഗവും പാവപ്പെട്ട കാൻസർ രോഗികൾക്കായി ചിലവഴിക്കുകയാണ് കൊല്ലം പട്ടത്താനം സ്വദേശിയായ സെഡ്രിക്. കൂടാതെ ആശുപത്രികളിൽ രോഗികൾക്കായി ബോധവത്കരണ ക്ലാസുകളും നടത്തുന്നു.

ഇന്ന് രാവിലെ 11ന് ക്രൈസ്റ്റ് യൂണിവേഴ്സിറ്റിക്കു സമീപമുള്ള ഹോട്ടൽ മെക്കാഫിൽ നടക്കുന്ന ചടങ്ങിൽ സെഡ്രിക്കിന് അവാർഡും ഫലകവും സമ്മാനിക്കുമെന്ന് ഫോറം ജനറൽ സെക്രട്ടറി സി.ഡി. ഗബ്രിയേൽ അറിയിച്ചു.