മൈസൂരുവിൽ നിന്ന് കൊച്ചിയിലേക്കും വിമാനസർവീസ്
Monday, July 15, 2019 10:32 PM IST
മൈസൂരു: മൈസൂരു വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് വിമാനസർവീസ് ആരംഭിക്കുന്നു. ഈമാസം 19 മുതൽ അലയൻസ് എയർ ആണ് സർവീസ് നടത്തുന്നത്. മൈസൂരുവിൽ നിന്ന് രാവിലെ 8.15ന് പുറപ്പെടുന്ന വിമാനം 9.45ന് കൊച്ചിയിലെത്തും. തിരികെ രാവിലെ 10.10ന് പുറപ്പെടുന്ന വിമാനം 11.40ന് മൈസൂരുവിലെത്തും.

ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തി കൊച്ചിക്ക് പുറമേ ഹൈദരാബാദ്, ഗോവ എന്നിവിടങ്ങളിലേക്കും വിമാനസർവീസുകൾ ആരംഭിക്കുന്നുണ്ട്. നിലവിൽ മൈസൂരുവിൽ നിന്ന് ബംഗളൂരുവിലേക്കും ചെന്നൈയിലേക്കും മാത്രമാണ് ദിവസേന സർവീസുകളുള്ളത്. മൂന്നു നഗരങ്ങളിലേക്കു കൂടി സർവീസ് വ്യാപിപ്പിക്കുന്നത് മൈസൂരുവിലെ വിനോദസഞ്ചാരമേഖലയ്ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

മൈസൂരുവിൽ നിന്നു ഗോവയിലേക്ക് വൈകുന്നേരം 3.20നു പുറപ്പെടുന്ന വിമാനം 4.50ന് എത്തും. തിരികെ വൈകുന്നേരം 5.20ന് പുറപ്പെടുന്ന വിമാനം 6.50ന് മൈസൂരുവിലെത്തും. ഹൈദരാബാദിലേക്ക് രാത്രി 7.20നു പുറപ്പെടുന്ന വിമാനം 9.05ന് ലക്ഷ്യസ്ഥാനത്തെത്തും. തിരികെ രാവിലെ 6.05നു പുറപ്പെടുന്ന വിമാനം 7.50ന് മൈസൂരുവിലെത്തും.

യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യത്തിനൊടുവിൽ കഴിഞ്ഞ മാസമാണ് മൈസൂരുവിൽ നിന്ന് ബംഗളൂരുവിലേക്കുള്ള വിമാനസർവീസ് പുനരാരംഭിച്ചത്. ആഴ്ചയിൽ അഞ്ചു ദിവസമാണ് ബംഗളൂരുവിലേക്ക് വിമാനസർവീസുള്ളത്. അലയൻസ് എയർ വിമാനമാണ് സർവീസ് നടത്തുന്നത്. കേന്ദ്രസർക്കാരിന്‍റെ ഉഡാൻ പദ്ധതി പ്രകാരം മറ്റു നഗരങ്ങളിലേക്കും മൈസൂരുവിൽ നിന്ന് വിമാനസർവീസുകൾ ആരംഭിക്കും.

2015 നവംബറിലാണ് മൈസൂരുവിൽ നിന്ന് അവസാനമായി വിമാനസർവീസ് നടത്തിയത്. കിംഗ്ഫിഷർ എയർലൈൻസ്, സ്പൈസ് ജെറ്റ് എന്നിവ സർവീസ് നടത്തിയിരുന്നെങ്കിലും ഒടുവിൽ എയർ ഇന്ത്യ മാത്രമായി ചുരുങ്ങുകയായിരുന്നു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തിയിരുന്ന എയർ ഇന്ത്യ സർവീസ് നവംബറിൽ നിർത്തിവച്ചതോടെ വിമാനത്താവളം നിർജീവാവസ്ഥയിലായി. റണ്‍വേയുടെ നീളക്കുറവാണ് വിമാനക്കമ്പനികളെ മൈസൂരുവിൽ നിന്നു പിന്തിരിപ്പിക്കുന്നത്.