നോട്രഡാമില്‍ താത്കാലിക പള്ളി നിർമാണം പരിഗണനയില്‍
Saturday, April 20, 2019 8:26 PM IST
പാരീസ്: നോട്രഡാമിലെ കത്തിപ്പോയ പള്ളി പുനര്‍നിര്‍മിക്കുന്നതുവരെ ആരാധന നടത്താന്‍ താത്കാലികമായി മരംകൊണ്ട് പള്ളി പണിയുന്നത് പരിഗണനയില്‍. വിശ്വാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കുമായാണ് ഇവിടത്തെ റെക്റ്റര്‍ മോണ്‍. പാട്രിക് ഷോവെ ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

850 വര്‍ഷം പഴക്കമുള്ള പള്ളി തീപിടിത്തത്തെത്തുടര്‍ന്ന് അടച്ചിരിക്കുകയാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ പുനര്‍നിര്‍മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും, ആറു വര്‍ഷത്തേക്കെങ്കിലും ഇനി ഇവിടെ ആരാധന നടത്താന്‍ സാധിക്കില്ലെന്നാണ് എന്‍ജിനിയറിംഗ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

അഞ്ചോ ആറോ വര്‍ഷം പള്ളി പൂര്‍ണമായി അടച്ചിടാന്‍ സാധിക്കില്ലെന്നാണ് മോണ്‍. ഷോവെയുടെ അഭിപ്രായം. പകരം സംവിധാനം താത്കാലികമായി നിര്‍മിക്കണം. നിലവിലുള്ള പള്ളിയുടെ മുന്‍വശത്തായി വേണം ഇതു നിര്‍മിക്കാന്‍. ഇതു മനോഹരവും പ്രതീകാത്മകവും ആകര്‍ഷകവുമായിരിക്കണമെന്നും അദ്ദേഹം പറയുന്നു.

പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോയും ഈ ആശയത്തോടു യോജിക്കുന്നു എന്നാണ് സൂചന. ന്യൂസിലന്‍ഡിലെ ക്‌റൈസ്റ്റ് ചര്‍ച്ചിലുള്ള പള്ളി 2011ല്‍ ഭൂകമ്പത്തില്‍ തകര്‍ന്നതിനെത്തുടര്‍ന്ന് അവിടെ ഇതേ രീതിയില്‍ താത്കാലിക പള്ളി നിര്‍മിച്ചിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ