ആറ്റുകാലമ്മക്ക് പൊങ്കാല അർപ്പിക്കാൻ കെനിയയില്‍ നിന്നും ഭക്തര്‍
Wednesday, February 20, 2019 11:23 PM IST
നയ്റോബി : ആഫ്രിക്കൻ രാജ്യമായ കെനിയയിലെ അയ്യപ്പ ക്ഷേത്രത്തെ പ്രതിനിധീകരിച്ച് ആറ്റുകാലമ്മക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തർ ഇത്തവണയും വന്നു.

ആഫ്രിക്കയിലെ ആദ്യത്തെ അയ്യപ്പ ക്ഷേത്രമായ നയ്റോബി അയ്യപ്പ ക്ഷേത്രത്തിന്‍റെ ട്രസ്റ്റിയായ ജയശ്രീ പ്രതാപിന്‍റേയും വിജി ഗോപകുമാറിന്‍റെയും നേതൃത്വത്തിൽ വർഷങ്ങളായി തുടരുന്ന പതിവു ഇത്തവണയും തെറ്റിച്ചില്ല. തങ്ങളെ പ്രാപ്തരാക്കാൻ അനുഗ്രഹിച്ച ആറ്റുകാലമ്മയുടെ മുന്നിൽ അവർ പൊങ്കാല അർപ്പിക്കുമ്പോൾ നൂറു കണക്കിന് മലയാളികൾ കെനിയയിൽ പ്രാർഥനയോടെ ഇരിക്കുന്നു.

ജാതവേദൻ തിരുമേനി പ്രതിഷ്ഠിച്ച ക്ഷേത്രത്തിൽ അദ്ദേഹത്തിന്‍റെ ഉപദേശപ്രകാരം നിത്യം ലളിതാ സഹസ്രനാമം പാരായണവും എല്ലാ മാസവും ഭഗവതി സേവയും നടന്നു വരുന്നു. നിത്യപൂജയുള്ള ക്ഷേത്രത്തിലെ മേൽശാന്തി ആണ് ഇതിനു നേതൃത്വം നൽകുന്നത്. ഒരു വർഷം നീളുന്ന ഒരുക്കങ്ങളും കാത്തിരിപ്പും സമ്മാനിച്ച സന്തോഷത്തിന്‍റെ അശ്രുകണങ്ങളെ അമ്മയുടെ പാദാരവിന്ദങ്ങളിൽ അർപ്പിച്ചു പൊങ്കാല അടുപ്പിൽ തീ പകരുമ്പോൾ ഭൂമിയിലെ മറ്റൊരു ഭൂഖണ്ഡത്തിൽ അനവധി കണ്ഠങ്ങളിലുയരുന്നു അമ്മേ നാരായണ മന്ത്രം.