ഗുണ്ടർട്ട് പോർട്ടൽ യാഥാർഥ്യമായി
Wednesday, November 21, 2018 9:58 PM IST
ബർലിൻ: മലയാള ഭാഷയുടെ വികാസ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ഡോ. ഹെർമൻ ഗുണ്ടർട്ടിനെക്കുറിച്ചുള്ള വെബ് പോർട്ടൽ ചൊവ്വാഴ്ച വൈകുന്നേരം 4.15ന് ഉദ്ഘാടനം ചെയ്തു. ചരിത്രപ്രസിദ്ധമായ ട്യൂബിൻഗൻ സർവകലാശാലയിലെ റീഡിങ് റൂമിലായിരുന്നു ചടങ്ങ്.

ട്യൂബിൻഗൻ സർവകലാശാലയിലെ ഇൻഡോളജി പ്രഫസറും ഗുണ്ടർട്ട് ചെയറിന്‍റെ താൽക്കാലിക ചുമതലക്കാരിയുമായ പ്രഫ.ഡോ.ഹൈക്കെ ഓബർലിൻ, പ്രശസ്ത ഇൻഡോളജിസ്റ്റും കേരള പഠനമേഖലയിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ മുതിർന്ന ഗവേഷകൻ ആൽബ്രഷ്ട് ഫ്രാൻസ്, തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ പ്രഫ. എം. ശ്രീനാഥൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഗുണ്ടർട്ട് ലെഗസി പദ്ധതിയിൽ അന്പതിനായിരത്തോളം പേജുകൾ വരുന്ന അതിവിപുലമായ രേഖാശേഖരമാണ് ഡിജിറ്റലൈസ് ചെയ്തിട്ടുള്ളത്. 25 വർഷത്തോളം കേരളത്തിൽ താമസിച്ച് മലയാളം പഠിച്ച്, മലയാളത്തിന് നിഘണ്ടുവും വ്യാകരണവുമൊക്കെ രചിച്ച ഡോ. ഹെർമൻ ഗുണ്ട ർട്ട് 1859 ൽ ജർമനിയിലേക്ക് മടങ്ങുന്പോൾ നിരവധി താളിയോലകളും പുസ്തകങ്ങളും കൈയെഴുത്ത് രേഖകളും ഒപ്പം കൊണ്ടുപോയിരുന്നു. ഗുണ്ടർട്ടിന്‍റെ കാലശേഷം ഇവ ടൂബിൻഗൻ സർവകലാശാലയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. മലയാളഭാഷയുടെയും കേരള ചരിത്രത്തിന്‍റെയും ഇരുളടഞ്ഞ മേഖലയിലേക്ക് വെളിച്ചം വിതറുന്ന വിജ്ഞാനശേഖരമാണിത്.


1980 കളിൽ ഡോ. സ്കറിയ സക്കറിയയാണ് ടൂബിൻഗൻ സർവകലാശാലയിൽ ഗുണ്ടർട്ടിന്‍റെ രേഖാശേഖരം കണ്ടെത്തിയത്. പിന്നീട് ഹെർമൻ ഗുണ്ടർട്ട് മലയാളം മാനുസ്ക്രിപ്റ്റ് സീരീസ് എന്ന പേരിൽ പയ്യന്നൂർ പാട്ട്, തച്ചോളിപ്പാട്ടുകൾ, ജ്ഞാനപ്പാന, അഞ്ചടി, ഓണപ്പാട്ടുകൾ, പഴശിരേഖകൾ, തലശേരി രേഖകൾ തുടങ്ങി ഏതാനും കൃതികൾ ഡോ. സ്കറിയ സക്കറിയ മുൻകൈയെടുത്ത് പ്രസിദ്ധീകരിച്ചു.

പ്രാചീന മലയാളഗ്രന്ഥങ്ങൾ ഡിജിറ്റലൈസ് ചെയ്ത് പൊതുസഞ്ചയത്തിലാക്കി
പ്രസിദ്ധീകരിക്കുന്ന ഭാഷാസ്നേഹിയായ ഷിജു അലക്സ് (ബംഗളുരു)ടൂബിൻഗൻ സർവകലാശാലാ ലൈബ്രറി അധികൃതരുമായി നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിലാണ്
ഈ രേഖാശേഖരം ടൂബിൻഗൻ സർവകലാശാല തന്നെ ഡിജിറ്റൈസ് ചെയ്ത് പ്രസിദ്ധീകരിക്കുന്ന ഗുണ്ട ർട്ട് ലെഗസി പദ്ധതി യാഥാർഥ്യമാക്കിയത്.

ലിങ്ക്: വേേു://ഴൗിറലൃേുീൃമേഹ.റല/?ളയരഹശറ=കംഅഞ05ഒരജശു2സടണഃവദഴറ4ുവഒകഥഏൂ്ൂഝുമ3ഞരഖൗശടഢഴബെ2്യഞിീഹെണജ1ൗ4ഴഉടഴ

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ