കർണാടക ആർടിസിയുടെ 220 ബയോഡീസൽ ബസുകൾ‌ നിരത്തിലേക്ക്
Monday, September 24, 2018 11:47 PM IST
ബംഗളൂരു: ഇന്ധനവില മാനംമുട്ടിയ സാഹചര്യത്തിൽ ബയോ ഡീസൽ ബസുകൾ പ്രോത്സാഹിപ്പിച്ച് കർണാടക ആർടിസി. നിലവിലെ ബസുകൾ പൂർണമായോ ഭാഗികമായോ ജൈവ ഇന്ധനത്തിലേക്ക് മാറ്റാനാണ് ആർടിസി ഒരുങ്ങുന്നത്. ഉടൻ തന്നെ 220 ബയോഡീസൽ ബസുകൾ നിരത്തിലിറക്കാനാണ് തീരുമാനം. ഇതിൽ 20 ബസുകൾ പൂർണമായും 200 ബസുകൾ ഭാഗികമായും ജൈവ ഇന്ധനം ഉപയോഗിച്ചാണ് ഓടുന്നത്.

നേരത്തെ, ബസുകൾ ബയോഡീസലിലേക്ക് മാറ്റാൻ കർണാടക ആർടിസി പദ്ധതിയിട്ടിരുന്നു. എന്നാൽ, ബയോഡീസൽ ആവശ്യത്തിന് ലഭ്യമല്ലാതിരുന്നതിനാൽ ഇത് നീണ്ടുപോകുകയായിരുന്നു. ഇപ്പോൾ ന്യായമായ വിലയ്ക്ക് ബയോഡീസൽ വാഗ്ദാനം ചെയ്ത് മൂന്നു കമ്പനികൾ രംഗത്തെത്തിയിട്ടുണ്ട്.

ബസുകൾ ജൈവ ഇന്ധനത്തിലേക്ക് മാറ്റുന്നത് ഇപ്പോഴത്തെ ഇന്ധനവിലവർധന മൂലമുള്ള നഷ്ടം നികത്താൻ സഹായകമാകുമെന്നാണ് ആർടിസിയുടെ കണക്കുകൂട്ടൽ. കർണാടക ആർടിസിയുടെ വിവിധ ബസുകളിലായി ദിവസേന ഏഴുലക്ഷത്തോളം ലിറ്റർ ഡീസൽ വേണ്ടിവരുന്നുണ്ട്. ബയോഡീസൽ ലിറ്ററിന് വില 60 രൂപയിൽ താഴെയായതിനാൽ ഇന്ധനച്ചെലവ് ഒരു പരിധിയോളം പിടിച്ചുനിർത്താനാകും.