ഉംറ്റാറ്റയിൽ സംയുക്ത തിരുനാൾ ആഘോഷിച്ചു
Tuesday, July 31, 2018 8:40 PM IST
ഉംറ്റാറ്റാ: സൗത്ത് ആഫ്രിക്കയിലെ ഉംറ്റാറ്റയിൽ ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍റേയും മദർ തെരേസയുടെയും എവുപ്രാസ്യമ്മയുടെയും സംയുക്ത തിരുനാൾ വിശ്വാസസമൂഹം ജൂലൈ 28, 29 തീയതികളിൽ ഭക്ത്യാദരപൂർവം ആഘോഷിച്ചു.

ഉംറ്റാറ്റാ സൗത്ത്റിഡ്ജ് അസൻഷൻ ദേവാലയത്തിൽ നടന്ന തിരുനാൾ ആഘോഷങ്ങൾക്ക് ഫാ.സുബീഷ് കളപ്പുരക്കൽ പ്രധാന കാർമികത്വം വഹിച്ചു. 28 നു വൈകുന്നേരം അഞ്ചിന് ഫാ.സുബീഷ് കളപ്പുരക്കൽ നയിച്ച ധ്യാനചിന്തകളെ തുടർന്നു ആഘോഷമായ ദിവ്യബലിയും തുടർന്നു പ്രത്യേക പ്രാർഥനകളും നടന്നു. 29 നു രാവിലെ 10.30നു നടന്ന വിശുദ്ധ കുർബാനയോടും ആശിർവാദത്തോടും സ്നേഹവിരുന്നോടും കൂടെ തിരുനാളിനു കൊടിയിറങ്ങി.

ഉംറ്റാറ്റായിലെ വിവിധ മേഖലകളിൽ പ്രേഷിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന, വിശുദ്ധ അൽഫോൻസാമ്മ ജീവിച്ച ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷൻ അംഗങ്ങളുടെയും ഇവിടുത്തെ വിശ്വാസ സമൂഹത്തിന്‍റേയും നേതൃത്വത്തിൽ ആയിരുന്ന തിരുനാൾ ചടങ്ങുകൾ സംഘടിപ്പിച്ചത്. സൗത്ത് ആഫ്രിക്കയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും വിശുദ്ധരുടെ അനുഗ്രഹങ്ങൾ തേടി നിരവധിയാളുകൾ തിരുനാളിൽ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ജെ.ജോണ്‍