യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 6,000 വിദ്യാര്‍ഥി വീസകള്‍ റദ്ദാക്കി
പി.പി. ചെറിയാന്
Friday, August 22, 2025 5:44 PM IST
ന്യൂയോര്‍ക്ക്: യുഎസ് നിയമങ്ങള്‍ ലംഘിച്ചതിനും വീസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയതിനും 6,000-ത്തിലധികം അന്താരാഷ്ട്ര വിദ്യാര്‍ഥി വീസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു.
ആക്രമണം, മദ്യപിച്ച് വാഹനമോടിക്കല്‍, മോഷണം, തീവ്രവാദത്തിന് പിന്തുണ നല്കല് എന്നിവയാണ് ഇതില്‍ ഭൂരിഭാഗം നിയമലംഘനങ്ങളെന്നും ഏജന്‍സി വ്യക്തമാക്കി.
പലസ്തിനെ പിന്തുണച്ച് പ്രതിഷേധിച്ച ചില വിദ്യാര്‍ഥികളെ ട്രംപ് ഭരണകൂടം ലക്ഷ്യമിട്ടിരുന്നു. റദ്ദാക്കിയ 6,000 വിസകളില്‍, ഏകദേശം 4,000 എണ്ണം നിയമലംഘനങ്ങള്‍ നടത്തിയതിനാണ്.
"INA 3B' അനുസരിച്ച് "തീവ്രവാദം' നടത്തിയതിന് 200-300 വീസകളും റദ്ദാക്കിയതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. മനുഷ്യജീവന് അപകടമുണ്ടാക്കുന്നതോ യുഎസ് നിയമങ്ങള്‍ ലംഘിക്കുന്നതോ ആയ പ്രവര്‍ത്തനങ്ങളെ "തീവ്രവാദ പ്രവര്‍ത്തനം' എന്ന് ഈ കോഡ് വിശാലമായി നിര്‍വചിക്കുന്നു.
ഈ വര്‍ഷം ആദ്യം, അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായുള്ള വിസ അപ്പോയിന്റ്മെന്റുകള്‍ ട്രംപ് ഭരണകൂടം താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. ജൂണില്‍ അപ്പോയിന്റുമെന്റുകള്‍ പുനരാരംഭിച്ചപ്പോള്‍, കൂടുതല്‍ സൂക്ഷ്മപരിശോധനക്കായി എല്ലാ അപേക്ഷകരോടും അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൊതുവാക്കാനും ആവശ്യപ്പെട്ടിരുന്നു.
"അന്താരാഷ്ട്ര ഭീകരര്‍ക്കും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായവര്‍ക്കും വേണ്ടി വാദിക്കുന്നവര്‍, അവരെ സഹായിക്കുന്നവര്‍, പിന്തുണയ്ക്കുന്നവര്‍; അല്ലെങ്കില്‍ നിയമവിരുദ്ധമായ യഹൂദ വിരുദ്ധ പീഡനങ്ങളോ അക്രമങ്ങളോ നടത്തുന്നവര്‍' എന്നിവരെയും പരിശോധിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
മേയ് മാസത്തില്‍, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ ജനുവരി മുതല്‍ "ആയിരക്കണക്കിന്' വിദ്യാര്‍ഥി വീസകള്‍ റദ്ദാക്കിയിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. "ഏറ്റവും പുതിയ കണക്ക് എനിക്കറിയില്ല, പക്ഷെ ഇനിയും കൂടുതല്‍ ചെയ്യാനുണ്ട്'.
മേയ് 20ന് റൂബിയോ യുഎസ് നിയമനിര്‍മാതാക്കളോട് പറഞ്ഞു. "അതിഥികളായി ഇവിടെയുള്ളവരും നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ തടസപ്പെടുത്തുന്നവരുമായ ആളുകളുടെ വിസകള്‍ റദ്ദാക്കുന്നത് ഞങ്ങള്‍ തുടരും'.
ഡെമോക്രാറ്റുകള്‍ ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കത്തെ എതിര്‍ക്കുകയും ഇത് നിയമപരമായ നടപടികള്‍ക്ക് നേരെയുള്ള ആക്രമണമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.
വിദേശ വിദ്യാര്‍ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന "ഓപ്പണ്‍ ഡോര്‍സ്' എന്ന സംഘടനയുടെ കണക്കനുസരിച്ച്, 2023-24 അധ്യയന വര്‍ഷത്തില്‍ 210-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 1.1 ദശലക്ഷത്തിലധികം അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ യുഎസ് കോളജുകളില്‍ പഠനം നടത്തിയിരുന്നു.