ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനസഹായ പദ്ധതികളും സ്കോളർഷിപ്പുകളും വിതരണം ചെയ്തു
പി .പി. ചെറിയാൻ
Wednesday, August 20, 2025 6:13 AM IST
ഡാളസ് /കോട്ടയം ∙ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ധനസഹായ പദ്ധതികളും സ്കോളർഷിപ്പുകളും കോട്ടയം സിഎംഎസ് കോളജിൽ വച്ച് ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ട്രസ്റ്റിയായ ജോസഫ് ചാണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നിർധനരായവർക്ക് ഭവനനിർമാണം, ഭവന പുനർനിർമാണം, ചികിത്സ, പെൺകുട്ടികളുടെ വിവാഹം എന്നിവയ്ക്ക് സാമ്പത്തിക സഹായങ്ങൾ നൽകി.
ഈശ്വര പ്രാർഥനയ്ക്ക് ശേഷം ട്രസ്റ്റിന്റെ അഖിലേന്ത്യാ കോഓർഡിനേറ്ററായ കേണൽ പ്രഫസർ ഡോ.കാവുമ്പായി ജനാർദ്ദനൻ അധ്യക്ഷനേയും മുഖ്യാതിഥിയേയും വിശിഷ്ടാതിഥികളേയും സ്വാഗതം ചെയ്തു.
കോട്ടയം മുനിസിപ്പാലിറ്റി കൗൺസിലർ സാബു മാത്യു അധ്യക്ഷത വഹിച്ചു. ഉമ്മൻചാണ്ടി മെമ്മോറിയൽ ഭവന പുനരുദ്ധാരണ പദ്ധതി മുഖ്യാതിഥി ഡോ. മറിയം ഉമ്മൻ ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി മെമ്മോറിയൽ ഭവന നിർമാണ പദ്ധതി വിശിഷ്ടാതിഥി അഡ്വ. സണ്ണി പാമ്പാടി ഉദ്ഘാടനം ചെയ്തു.