ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം; മലയാളി യുവാവ് മരിച്ചു
Tuesday, April 15, 2025 1:17 PM IST
ബംഗളൂരു: ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മലയാളി യുവാവ് മരിച്ചു. കണ്ണൂർ മുണ്ടേരി വാരം സ്വദേശി മുഹമ്മദ് ഷമൽ(25) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗൗരീഷിന് പരിക്കേറ്റു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഞായറാഴ്ച രാവിലെ ബിടദിയിൽ വച്ചാണ് അപകടം.
ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് സ്പീഡ് ബ്രെയ്ക്കറിൽ നിന്ന് തെന്നി വീണ് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മടിവാളയിലെ ഒരു ബേക്കറി കടയിൽ ജോലിക്കാരനാണ് ഷമൽ.
പോസ്റ്റ്മോർട്ടം ചെയ്തതിനുശേഷം ബംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ കെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ത്യ കർമങ്ങൾ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോകും.
മാതാവ് ഷെറീന. സഹോദരി ഷംല ബാനു.