പോർവിമാനങ്ങൾ അണിനിരക്കുന്ന എയ്റോ ഇന്ത്യക്കു തുടക്കം
Monday, February 10, 2025 12:57 PM IST
ബംഗളൂരു: ഏഷ്യയിലെതന്നെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രദർശനമായ ‘എയ്റോ ഇന്ത്യ’ യ്ക്ക് ബംഗളൂരുവിൽ തുടക്കമായി. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഷോ ഇന്നു രാവിലെ ഉദ്ഘാടനം ചെയ്തു. രണ്ടു വർഷത്തിലൊരിക്കിൽ നടക്കുന്ന എയ്റോ ഇന്ത്യ, വ്യോമയാന മേഖലയിലെ നൂതന സാങ്കേതികവിദ്യയുടെ പ്രദർശനത്തിനുള്ള വേദിയാണ്.
അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ റഷ്യയുടെ സു-57, യുഎസ് വ്യോമസേനയുടെ പോർമുനയായ ലൊക്കീഡ് മാർട്ടിന്റെ എഫ്-35, ലൈറ്റ്നിംഗ് 2 എന്നിവ പ്രദർശനത്തിനുണ്ട്. ഇതാദ്യമായാണ് ഈ രണ്ടു പോർവിമാനങ്ങൾ ഒരു വേദിയിൽ അണിനിരക്കുന്നത്.
ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ, റഫാൽ തുടങ്ങിയവയും മേളയുടെ കരുത്താകും. 9 ഹോക്ക് എംകെ-132 ട്രെയിനർ വിമാനങ്ങൾ ഉൾപ്പെട്ട സൂര്യകിരൺ എയറോബാറ്റിക്സ് ടീമും ആകാശത്ത് അഭ്യാസക്കാഴ്ചകൾ രചിക്കും.