വിവാഹമോചനം തേടിയ ഭാര്യയുടെ വീടിനു മുന്നിൽ യുവാവ് ജീവനൊടുക്കി
Friday, January 24, 2025 5:15 PM IST
ബംഗളൂരു: കർണാടകയിൽ വിവാഹമോചന ഹർജി പിൻവലിക്കാൻ ഭാര്യ വിസമ്മതിച്ചതിനെത്തുടർന്നു യുവാവ് ഭാര്യയുടെ വീടിനു മുന്നിലെത്തി തീകൊളുത്തി ജീവനൊടുക്കി. 39 വയസുകാരനായ മഞ്ജുനാഥ് ആണു മരിച്ചത്.
ബംഗളൂരുവിലെ നാഗർഭവിയിലാണു സംഭവം. ഭാര്യയുടെ വസതിക്കു മുന്നിലെത്തിയ മഞ്ജുനാഥ് ദേഹത്തു പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
2013ൽ ആണ് മഞ്ജുനാഥ് വിവാഹിതനായത്. വിവാഹശേഷം ദന്പതികൾ ബംഗളൂരുവിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. ഇവർക്ക് ഒന്പതു വയസുള്ള ആൺകുട്ടിയുണ്ട്. ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസമുണ്ടായതോടെ മഞ്ജുനാഥ് രണ്ടുവർഷമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.
പിന്നീട് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചു. എന്നാൽ, ഹർജി പിൻവലിക്കണമെന്നും തന്റെ കൂടെ ജീവിക്കണമെന്നും മഞ്ജുനാഥ് നിരന്തരം യുവതിയോട് അഭ്യർഥിച്ചു.
പക്ഷേ, ഭാര്യ അഭ്യർഥന നിരസിച്ചു. യുവതിയുടെ മാനസികപീഡനത്തെത്തുടർന്നാണ് ജീവനൊടുക്കിയതെന്ന് മഞ്ജുനാഥിന്റെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ബന്ധുക്കൾ പോലീസിൽ പരാതി നൽകി.