ബംഗളൂരുവിൽ കനത്ത മഴ തുടരുന്നു
Monday, October 21, 2024 2:58 PM IST
ബംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബംഗളൂരുവിൽ ഇന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തൊട്ടാകെ തുടരുന്ന കനത്ത മഴയെത്തുടർന്ന് ബംഗളൂരു ജില്ലാ കളക്ടർ നഗരത്തിലെ എല്ലാ സ്കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനജീവിതം ദുസഹമായിരിക്കുകയാണ്. പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടുണ്ട്. രാജരാജേശ്വരി നഗർ, കെങ്കേരി, ഹെബ്ബാള്‍ ജംഗ്ഷൻ, നാഗവാര, ഹൊറമാവ്, ഹെന്നൂർ, കസ്തൂരി നഗർ, രാമമൂർത്തി നഗർ, വിൻഡ്സർ മാനർ അണ്ടർപാസ്-മെഹ്ക്രി സർക്കിള്‍, ഔട്ടർ റിംഗ് റോഡ് എന്നീ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപെട്ടിട്ടുണ്ട്.
പലയിടങ്ങളിലും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കർണടകയിലും ഇന്ത്യയുടെ മറ്റ് തീരപ്രദേശങ്ങളിലും വരുംദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്.
ശനിയാഴ്ച വരെ ബംഗളൂരു നഗരത്തിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും ഇടയ്ക്കിടെയുള്ള മഴയുമുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ഇന്ന് ഇടിമിന്നലോടുകൂടിയ മഴയും പ്രതീക്ഷിക്കുന്നു.