മുടങ്ങില്ല പഠനം; ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിക്കാൻ ഓസ്ട്രേലിയൻ മമ്മൂട്ടി ഫാൻസ്
Saturday, August 3, 2024 11:06 AM IST
വയനാട്: നാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകാനായി മമ്മൂട്ടി ആരാധകർ.
ഓസ്ട്രേലിയയിൽ നിന്നുള്ള സംഘമാണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഉരുൾപൊട്ടലിൽ വയനാട് ജില്ലയിൽ ഏറെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ പലയിടങ്ങളിലായി പ്രവർത്തിക്കുന്നുണ്ട്.
ഈ ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകാനായി മുന്നോട്ടു വന്നിരിക്കുകയാണ് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ ഘടകം.
മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് സഹായം എത്തിക്കുന്നത്. നേരത്തെ തന്നെ കെയർ ആൻഡ് ഷെയർ ദുരന്ത സ്ഥലത്തു ആവശ്യമായ സഹായങ്ങൾ എത്തിച്ചു തുടങ്ങിയിരുന്നു.
വലപ്പാട് സിപി ട്രസ്റ്റും കെയർ ആൻഡ് ഷെയറിനൊപ്പം രംഗത്തുണ്ട്. മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഉരുൾപൊട്ടലിൽ ഇരയായവർക്ക് സഹായധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി നൽകിയിരുന്നു.
മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ ദുരന്ത സ്ഥലവും ക്യാമ്പുകളും ഉടൻ തന്നെ സന്ദർശിച്ച് ജില്ലാ അധികാരികൾ മുഖാന്തിരം ആദ്യ ഘട്ടത്തിലുള്ള പഠനോപകരണങ്ങൾ കൈമാറും.
തുടർന്ന് അവശ്യസാധനങ്ങളും മറ്റ് സഹായങ്ങളും ആവർത്തിക്കുമെന്ന് മമ്മൂട്ടി ഫാൻസ് ഓസ്ട്രേലിയ ഘടകം ട്രഷറർ വിനോദ് കൊല്ലംകുളം പറഞ്ഞു.
സംഘടനയുടെ ഓസ്ട്രേലിയ വൈസ് പ്രസിഡന്റ് സജി പഴയാറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ സഹായ പദ്ധതികൾ നടത്തുമെന്നും പ്രസിഡന്റ് മദനൻ ചെല്ലപ്പൻ പറഞ്ഞു.
മറ്റു രാജ്യങ്ങളിലെ മമ്മൂട്ടി ഫാൻസ് പ്രവർത്തകരും നിരവധി സഹായ പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്.