കാര്‍ലോ അക്കൂത്തിസിനെ കുറിച്ച് പുതിയ ഗ്രന്ഥവുമായി ഡോ. ജോണ്‍ പുതുവ
പോള്‍ സെബാസ്റ്റ്യന്‍
Tuesday, July 30, 2024 12:08 PM IST
സിഡ്നി: വാഴ്ത്തപ്പെട്ട കാര്‍ലോ അക്കൂത്തിസിനെ കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുള്ള ഡോ. ജോണ്‍ പുതുവ ഓസ്ട്രേലിയയിലെ കുട്ടികള്‍ക്കായി ബഹുവർണ ചിത്രങ്ങളോടു കൂടിയ ഒരു പുതിയ ഗ്രന്ഥം കൂടി പുറത്തിറക്കുന്നു.
2025ല്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കുന്ന കാര്‍ലോ അക്കൂത്തിസിന്റെ കബറിടത്തിലും ഭവനത്തിലും പോയി വിവരങ്ങള്‍ ശേഖരിച്ചാണ് ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായി മലയാളത്തില്‍ വിശുദ്ധനെ കുറിച്ച് ഫാ. ജോണ്‍ പുതുവ പുസ്തകം പ്രസിദ്ധീകരിച്ചത്.
കാര്‍ലോ അക്കൂത്തിസിന്റെ അമ്മ ആന്റോണിയോ സല്‍സാനോയുടെ ആശംസയോടു കൂടിതന്നെയാണ് ഓസ്ട്രേലിയായിലെ കുട്ടികള്‍ക്കായുള്ള പുതിയ പുസ്തകവും തയാറാക്കുന്നത്. ഓസ്ട്രേലിയായിലെ കുട്ടികള്‍ക്കിടയില്‍ ഇതിനോടകം അംഗീകാരം നേടിയ "കാര്‍ലോസ് ഫ്രണ്ട്സ്' എന്ന സംഘടനയുടെ സ്ഥാപകനും കൂടിയാണ് ഫാ.ഡോ. ജോണ്‍ പുതുവ.
വിവിധ ഭാഷകളിലായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള പുതുവയച്ചന്‍, 2025ല്‍ കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വച്ച് പുസ്തകം പ്രകാശനം ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. മെല്‍ബണ്‍ സീറോമലബാര്‍ രൂപതയിലെ ന്യൂകാസില്‍ സെന്റ് മേരീസ് ഇടവക വികാരിയാണ് ഫാ.ഡോ. ജോണ്‍ പുതുവ.