ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി സൗദി മാറും: കിരീടാവകാശി
Saturday, September 23, 2023 10:00 AM IST
റിയാദ്: 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയ​ഗാഥ സൗദി അറേബ്യയുടേതാകും എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി സൗദി മാറുമെന്നും സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

"രണ്ടു വർഷത്തിനിടെ ജി 20 രാജ്യങ്ങളുടെ ഇടയിൽ ജിഡിപിയിൽ അതിവേഗ വളർച്ച നേടാൻ സൗദിക്ക് സാധിച്ചു. രാജ്യത്തിന്‍റെ സമ​ഗ്ര പുരോ​ഗതി ലക്ഷ്യമിട്ട് അവതരിപ്പിച്ച വിഷൻ 2030 പദ്ധതി ഞങ്ങളുടെ വലിയ ആ​ഗ്രഹം വെളിവാക്കുന്ന ഒന്നാണ്.

പദ്ധതിയുടെ ലക്ഷ്യങ്ങൾ വേ​ഗത്തിൽ കൈവരിക്കാനും പുതിയ ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യാനും സാധിച്ചു. വെല്ലുവിളികളെ അവസരമാക്കി മാറ്റുന്ന രീതിയാണ് ഞങ്ങളുടേത്. സൗദിയുടെ പുരോ​ഗതിയുടെ വേ​ഗത ഉയരത്തിൽ തന്നെ നിൽക്കും'.

ഒരു ദിവസം പോലും ഞങ്ങൾ അലസരാകില്ലെന്നും വിഷൻ 2040 പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദി ടൂറിസം ഇതുവരെ നാല് കോ ടി വിദേശ സന്ദർശകരെയാണ് സൗദി ടൂറിസത്തിലൂടെ ആകർഷിച്ചതെന്നും, 2030-ൽ 10 കോടി മുതൽ 15 കോടി സന്ദർശകരെയാണ് ലക്ഷ്യമിടുന്നതെന്നും കിരീടാവകാശി വ്യക്തമാക്കി.