കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയം-ടീ യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു
Thursday, June 23, 2022 11:09 PM IST
അനിൽ സി. ഇടിക്കുള
അബുദാബി : കേരള സർക്കാർ ഉൽപന്നമായ ശബരി പ്രീമിയം-ടീ , യുഎഇയിൽ വിപണിയിൽ അവതരിപ്പിച്ചു . കേരളത്തിന്‍റെ ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി അഡ്വ. ജിആർ അനിലാണ് നാടിന്‍റെ തനിമ നിറഞ്ഞ ശബരി ടീ യുഎഇയിൽ ആദ്യമായി അവതരിപ്പിച്ചത്.

ശബരി പ്രീമിയം ടീയുടെ ജിസിസിയിലെ അംഗീകൃത വിതരണക്കാരായ ബി ഫ്രഷ് ഫുഡ്സ് ജനറൽ ട്രേഡിംഗ് കന്പനിയാണ് ശബരി - ടീ യുഎഇ വിപണിയിൽ എത്തിക്കുന്നത്. യുഎഇയിലെ ബിസിനസ്, മാധ്യമ പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ കേരളത്തിന്‍റെ ഭക്ഷ്യ- സിവിൽ സപ്ലൈസ് മന്ത്രി അഡ്വ. ജി ആർ അനിൽ, ഉൽപന്ന അവതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്‍റെ തനതായ ഉൽപന്നങ്ങളെ അതിന്‍റെ തനിമയോടെ പ്രവാസി മലയാളികളുടെ അടുത്തേക്ക് എത്തിക്കുന്ന ശ്രമങ്ങൾക്ക് സപ്ലൈകോ തുടക്കം കുറിച്ചിരിക്കുകയാണെന്നു മന്ത്രി അറിയിച്ചു. 20 ടണ്‍ തേയിലയാണ് പ്രതിമാസം കേരളത്തിൽ നിന്നും സപ്ലൈകോ യുഎഇയിൽ ഏൽക്കുന്നത്. ഇത് ക്രമാനുഗതമായി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ ചെയർമാനും മാനേജിംഗ് ഡയറക്റ്ററുമായ ഡോ. സഞ്ജീബ് പട് ജോഷി ഐ പി എസ് , ലുലു ഗ്രൂപ്പ് സി ഇ ഒ സെയ്ഫി രൂപവാല, ചീഫ് കമ്യുണിക്കേഷൻ ഓഫീസർ സലിം വി ഐ , റീജിണൽ ഡയറക്ടർ അബൂബക്കർ ടി പി , മലബാർ ഗോൾഡ് കോർപറേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എ കെ ഫൈസൽ, നെല്ലറ ഷംസുദീൻ , മുസ്തഫ എ.എ.കെ , ഷഹബാൻ പി .കെ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ബി - ഫ്രഷ് മാനേജിങ് ഡയറക്ടർ പി.വി. അബ്ദുൾ നിസ്‌സാർ , ജനറൽ മാനേജർ നഷീം എ.എൻ , മാർക്കറ്റിംഗ് മാനേജർ സലിം ഹിലാൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കേരളത്തിൽ നിന്നുള്ള ഭക്ഷ്യോൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന പ്രമുഖ സ്ഥാപനമാണ് ബി ഫ്രഷ് . കേരളത്തിൽ മാത്രം ലഭ്യമാവുന്ന മറയൂർ ശർക്കര, കോയിൻ ബിസ്ക്കറ്റ്സ് , കുട്ടനാട് അരി എന്നിവ ബി ഫ്രഷിന്േ‍റത് മാത്രമായ ഉൽപന്നങ്ങളാണ്.