കേളി പ്രതിഷേധിച്ചു
Friday, April 9, 2021 4:54 PM IST
റിയാദ് : കവിയും ഗാന രചയിതാവുമായ മുരുകന്‍ കാട്ടാക്കടക്ക് നേരെയുണ്ടായ വധഭീഷണിയെ ശക്തമായി അപലപിക്കുന്നതായി റിയാദ് കേളി കലാസാംസ്‌കാരിക വേദി. തെരഞ്ഞെടുപ്പ് വേളയിൽ ഇടതുപക്ഷ പ്രവർത്തകർ വ്യാപകമായി പങ്കുവച്ച 'മനുഷ്യനാകണം' എന്ന ഗാനം രചിച്ചതിനും അതിന് ദൃശ്യവിഷ്കാരം നൽകിയതിനുമാണ് സംഘപരിവാർ ശക്തികൾ വധഭീഷണി മുഴക്കിയിരിക്കുന്നത്. 'ജ് നല്ല മനുശനാകാന്‍ നോക്ക് ' എന്ന നാടകത്തിന്‍റെ രചയിതാവ് ഇ.കെ. അയമുവിന്‍റെ ജീവിതം ചിത്രീകരിക്കുന്ന 'ചോപ്പ്' എന്ന ചലച്ചിത്രത്തിനു വേണ്ടി എഴുതിയതാണ് 'മനുഷ്യനാകണം' എന്ന ഗാനം.

മാനവികത ഉയർത്തിപ്പിടിച്ച് സമൂഹത്തിലെ തിന്മകൾക്കെതിരെ ശബ്ദമുയർത്തുന്ന കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും എതിരെ ഉയരുന്ന ഇത്തരം ഭീഷണികൾ ഒരു വിധത്തിലും വെച്ചുപൊറുപ്പിക്കാൻ അനുവദിക്കരുതെന്നും അതിനെതിരെ കേരളത്തിലെ മുഴുവൻ കലാ-സാഹിത്യ സമൂഹവും ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്നും കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രതിഷേധ കുറിപ്പിൽ പറഞ്ഞു.