സൗദി ദേശീയ ദിനത്തിൽ കോവിഡ് യോദ്ധാക്കളെ ആദരിക്കുന്നു
Monday, September 21, 2020 8:16 PM IST
ജിദ്ദ :തൊണ്ണൂറാമത് സൗദി ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് കോവിഡ് കാലഘട്ടത്തിൽ സേവന രംഗത്ത് സജീവമായവരെ ആദരിക്കാൻ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ജിദ്ദ കമ്മിറ്റി തീരുമാനിച്ചു. "കോവിഡ് യോദ്ധാക്കളെ ആദരിക്കുക' എന്ന തലക്കെട്ടിൽ ആരോഗ്യ സേവന സുരക്ഷാ രംഗങ്ങളിൽ സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുകയും സൗദി അധികാരികളുടെയും സമൂഹത്തിന്‍റേയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത വ്യക്തികളെയും സ്ഥാപനങ്ങളെയും അനുമോദിക്കുന്നതിന് വിവിധ പരിപാടികൾ ഫോറം ആസൂത്രണം ചെയ്തു.

കോവിഡ് മഹാമാരിയുടെ കാലത്ത് രോഗ സാധ്യത നിലനിൽക്കെ തന്നെ സ്വന്തം ജീവൻ തൃണവത്കരിച്ച് സാമൂഹ്യ സേവന രംഗത്ത് സജീവമായവരെ സൗദി ദേശീയ ദിനത്തിൽ അനുമോദിക്കുന്നത് ഒരു പ്രവാസി കൂട്ടായ്മയെന്ന നിലക്ക് ഈ നാടിനോടുള്ള കൃതജ്ഞത രേഖപ്പെടുത്തലാണെന്ന് കമ്മിറ്റി വിലയിരുത്തി.
‌‌‌
പരിപാടിയുടെ ഭാഗമായി പടിഞ്ഞാറൻ പ്രവിശ്യയിൽ തായിഫ്, ഖുന്ഫുദ, അൽബാഹ, മക്ക, ജിദ്ദ, റാബിഖ്, മദീന, തബൂക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ഈ രംഗത്ത് ശ്രദ്ധേയരായവർക്ക് പ്രശംസ പത്രങ്ങളും ഉപഹാരങ്ങളും കൈമാറും. ദേശീയ ദിനത്തിൽ പ്രശസ്തരെയും ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം ഏറ്റു വാങ്ങിയവരെയും പങ്കെടുപ്പിച്ച് കൊണ്ട് വെബ് മീറ്റിംഗും സംഘടിപ്പിക്കും.

യോഗത്തിൽ ജിദ്ദ റീജണൽ പ്രസിഡന്‍റ് ഫയാസുദ്ദിൻ അധ്യക്ഷത വഹിച്ചു. ഇഖ്‌ബാൽ ചെമ്പൻ, സയ്യിദലി കൊൽക്കത്ത, മെഹ്ബൂബ് ഷെരീഫ് ചെന്നൈ, ആരിഫ് ജോക്കട്ടെ, മുഹമ്മദ് സാദിഖ് വഴിപ്പാറ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ